Tuesday, October 6, 2015

കൊളസ്ട്രോള്‍???...

കൊളസ്ട്രോള്‍???...


       കൊളസ്ട്രോളിന്‍റെ പീഡനത്തില്‍ നിന്നും യാതൊരു ഭക്ഷണ നിയന്ത്രണവും മരുന്നുകളും കൂടാതെ നാലോ അഞ്ചോ ദിവസം കൊണ്ടു മുക്തി നേടൂ!!
ആള്‍ കൊണ്ടും അര്‍ത്ഥം കൊണ്ടും ഒരുപക്ഷേ ആരേയും സഹായിക്കാന്‍ ഈ ജന്മത്തില്‍ നമുക്കായെന്നു വരില്ലാ.. പക്ഷേ ഉപകാരപ്രദമായ അറിവുകളും ഉദ്ബോധനങ്ങളും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുക എന്നതു വഴി നമുക്കു സഹായിക്കാനായെന്നു വരും..
എവിടെയെങ്കിലും കാണുന്ന ഉപായങ്ങള്‍ അതേപടി ഫോര്‍വേഡ് ആന്‍ഡ്‌ ഷെയര്‍ ചെയ്യുന്നവരോടു ഒരപേക്ഷയുണ്ട്. കൊളസ്ട്രോളിന്റെ പീഡനത്തില്‍ നിന്നും യാതൊരു ഡയറ്റിങ്ങും മരുന്നുകളും കൂടാതെ നാലോ അഞ്ചോ ദിവസം കൊണ്ടു മുക്തിനേടാനുള്ള ഈ ഉപായം മറ്റുള്ളവര്‍ക്കു ഷെയര്‍ ചെയ്യുന്നതിനും മുമ്പായി പ്രസ്തുത അസുഖ ബാധിതര്‍ ആദ്യം സ്വയം പരീക്ഷിച്ചൊന്നു നോക്കണേ. ഇതെനിക്കു പറഞ്ഞു തന്നതു എന്‍റെയൊരു അടുത്ത സുഹൃത്താണ്. ഞാന്‍ അതു പരീക്ഷിച്ചു നോക്കി വിജയവും കണ്ടു. ഞാനിതു ഉപദേശിച്ചു കൊടുത്തവര്‍ക്കും ഫലമുണ്ടായി. പക്ഷേ വളരേ നാളുകളായി ആരുംതന്നെ ഇതു ഷെയര്‍ ചെയ്തതായി കണ്ടില്ല. അതില്‍ ഖേദവുമുണ്ട്.
കാര്യം വെറും ലളിതം.....
ആര്‍ക്കും വേണ്ടാത്തവണ്ണം നമ്മുടെ തൊടികളിലും മറ്റും നില്ക്കുന്ന പാവം മുരിങ്ങാ മരങ്ങള്‍.... ഇവിടെ മുരിങ്ങയാണു താരം!..
മുരിങ്ങയുടെ ഇല ഒന്നോ രണ്ടോ പിടി ഉരിഞ്ഞെടുത്തു അത്താഴത്തിനു (രാത്രി ഭക്ഷണം) ചോറു കഴിക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്റ്റീല്‍ പ്ലേറ്റില്‍ (കിണ്ണം) നിരത്തുക. അതിനു മുകളില്‍ നല്ല ചൂടുള്ള ചോറ് (തിളപ്പിച്ചൂറ്റിയ നേരത്തുള്ള ചൂടില്‍) വിളമ്പുക. ആ ചോറ് ചൂടാറിയ ശേഷം സാധാരണ കഴിക്കുംവിധം കഴിക്കുക. ചോറു കഴിക്കാന്‍ പച്ചക്കറിയോ ഇറച്ചിയോ മീനോ മുട്ടയോ എന്തു വേണമെങ്കിലും ഉപയോഗിക്കാം. ഇങ്ങനെ നാലോ അഞ്ചോ ദിവസത്തെ അത്താഴം കഴിക്കുക (രാത്രി ഭക്ഷണം മാത്രം). അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഇതുപോലെ കഴിക്കാനും പാടില്ല. പിന്നീട് ഏതെങ്കിലും ലാബില്‍പ്പോയി നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് പരിശോധിക്കുക. റിസള്‍ട്ട് കണ്ടു നിങ്ങള്‍ അറിയാതെ തലയില്‍ കൈവച്ചു പോകും! അതു നോര്‍മല്‍ ലെവലിലേക്കു വന്നിരിക്കും!! (ഈ പരിപാടി ചെയ്യുന്നതിനും മുമ്പായി നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോള്‍ ലെവല്‍ പരിശോധിച്ചു വയ്ക്കുന്നതു ഉചിതമാവും)
ഈ പ്രക്രിയ രണ്ടു മാസത്തിലൊരിക്കല്‍ മാത്രം ചെയ്യുക. കൊളസ്ട്രോള്‍ കുറയുമല്ലോ എന്നോര്‍ത്തു പരമാവധി അഞ്ചു ദിവസം എന്ന പരിധി പാലിക്കാതെ നിരന്തരമായി ആരും ഇതു തുടരാന്‍ ശ്രമിക്കരുത്. ജീവസന്ധാരണത്തിന് ശരീരത്തിനു ആവശ്യമായ കൊളസ്ട്രോളും കൂടി നഷ്ടപ്പെടുത്തി, വെളുക്കാന്‍ തേച്ചതു പാണ്ടായ അവസ്ഥ ആരും വരുത്തരുത് എന്നപേക്ഷിക്കുന്നു.
  • മലയാളിയുടെ അറിവില്‍ മുരിങ്ങയില നിരുപദ്രവകാരിയും പൊതുവേ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കാത്ത ഒരു കറിയിലയാണ്. അതുകൊണ്ടു തന്നെ ഈ പരീക്ഷണത്തില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവാന്‍ സാദ്ധ്യതയില്ല. ഇനി എന്തെങ്കിലും പാര്‍ശ്വഫലം ഇതുപയോഗിക്കുന്ന ആര്‍ക്കെങ്കിലും അവരുടെ ശരീരപ്രകൃതം കൊണ്ടു ഉണ്ടാവുകയാണെങ്കില്‍ ലേഖകന്‍ ഒരു കാരണവശാലും ഉത്തരവാദിയല്ലാ എന്നും ബോധിപ്പിക്കുന്നു. ഇങ്ങനെ കൊളസ്ട്രോള്‍ കുറഞ്ഞവര്‍ പത്തു ദിവസം കഴിഞ്ഞു വീണ്ടും ബ്ലഡ്‌ പരിശോധിച്ചു കൊളസ്ട്രോള്‍ ലെവല്‍ നിയന്ത്രണത്തിലാണ് എന്നുറപ്പു വരുത്തുകയും ചെയ്യുക. (ഒരു ഉറപ്പിനായി ആദ്യ തവണ മാത്രം... ).

നമ്മുടെ ശരീരരക്ഷയ്ക്കായുള്ള സകലതും നമ്മുടെ കണ്‍വെട്ടത്തുതന്നേ ദൈവം സൃഷ്ടിച്ചു വച്ചിട്ടുണ്ട് എന്നതിനൊരു തെളിവ്!! മുരിങ്ങയില കീ... ജയ്‌!
                                                                                                     കടപ്പാട്
                                                                                        ശുഭാശംസകളോടെ...
                                                                                           ജോയ് ഗുരുവായൂര്‍

Friday, September 5, 2014

കടലപ്രഥമൻ


കടലപ്രഥമൻ 
ചേരുവകൾ
കടലപ്പരിപ്പ്   150 ഗ്രാം
ശർക്കര    300 ഗ്രാം
തേങ്ങാപ്പാല് (ഒന്നാം പാല്) ഒരു കപ്പ്
(രണ്ടാം പാല്)   മൂന്നു കപ്പ്
(നേർത്ത മൂന്നാം പാല് )  രണ്ട് കപ്പ്
ഏലക്കപ്പൊടി   സ്വാദിന്
ചുക്കുപൊടി   ഒരുനുള്ള്
ചൗവ്വരി (കുതിർത്തത് )
തേങ്ങാക്കൊത്ത് (ചെറുതായി നുറുക്കിയത്)  ഒരു ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് (പൊട്ടിച്ചത്)  രണ്ട് ടേബിൾ സ്പൂൺ
നെയ്യ്  രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം: കടലപ്പരിപ്പ് വേവിച്ച് മിക്സിയിൽ അടിച്ചെടുക്കുക. ശർക്കര കുറച്ച് വെള്ളമൊഴിച്ച് പാനിയാക്കി അരിച്ചെടുത്ത് കടലപ്പരിപ്പും ചേർത്ത് ഒന്നര സ്പൂൺ നെയ്യും ഒഴിച്ച് വരട്ടുക. ഇതിലേക്ക് കുതിർത്ത ചൗവ്വരിയും മൂന്നാം പാലും ഒഴിച്ച് തിളപ്പിക്കുക. രണ്ടാം പാലിൽ ഏലക്കാപ്പൊടിയും ചുക്കുപൊടിയും കലക്കി ഒഴിച്ച് പായസം തിളച്ച് പാകമാകുമ്പോൾ വാങ്ങി ഒന്നാം പാല് ഒഴിക്കുക. തേങ്ങാക്കൊത്ത് അണ്ടിപ്പരിപ്പും നെയ്യിൽ വറുത്തിടുക.

അമ്മ പറഞ്ഞ നുണകള്‍...

അമ്മ പറഞ്ഞ നുണകള്‍...

1) ദാരിദ്ര്യം... നിറഞ്ഞുനിന്നിരുന്ന ആ വീട്ടില്‍ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ മകന്‍റെ പാത്രത്തിലേക്ക് തന്‍റെ പങ്കുകൂടി അമ്മ ഇട്ടുകൊടുക്കുമായിരുന്നു. അമ്മക്ക് വേണ്ടേ എന്ന മകന്‍റെ ചോദ്യത്തിന് എനിക്കു വിശപ്പില്ലെന്നായിരുന്നു അമ്മയുടെ സ്ഥിരമായ മറുപടി.
2) വളരെ അപൂര്‍വമായിട്ടായിരുന്നു വീട്ടില്‍ മീന്‍ വാങ്ങിയിരുന്നത്.കഷണങ്ങള്‍ മകന് നല്‍കിയിട്ട് മുള്ളുകള്‍ മാത്രമായിരുന്നു അമ്മ കഴിച്ചിരുന്നത്.മീന്‍ കഷണങ്ങള്‍ ഇഷ്ട്ടമല്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.....
3) മകന്‍റെ പഠനത്തിനായി അടുത്തുള്ള തീപ്പട്ടികംബനിയില്‍ അമ്മ ജോലിക്ക് പോയിരുന്നു. ഫാക്ടരിയില്‍നിന്നും സാധനങ്ങള്‍ കൊണ്ടുവന്നു രാത്രികളില്‍ വീട്ടിലിരുന്നും അമ്മ ജോലി ചെയ്യുമായിരുന്നു.ഒരു തണുപ്പുള്ള രാത്രിയില്‍ മകന്‍ ഉറക്കം തെളിഞ്ഞപ്പോള്‍ ജോലി ചെയ്യുന്ന അമ്മയെ ആണ് കണ്ടതു , അമ്മ എന്താണു കിടക്കാത്തതെന്നുള്ള ചൊദ്യത്തിനു ഉറക്കം വരുന്നില്ലെന്നായിരുന്നു ഉത്തരം.
4)പിതാവിന്‍റെ പെട്ടന്നുള്ള മരണം അമ്മയുടെയും മകന്‍റെയും ജീവിതം കൂടുതല്‍ ദുഷ്കരമാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് നഷ്ട്ടമായതുകൊണ്ട് വിവാഹം വേണ്ടാ എന്നാണ് അമ്മ എല്ലാവരോടും പറഞ്ഞതു...
5) മകന്‍ പത്താം ക്ലാസ് പരീക്ഷക്കായി അര്‍ദ്ധരാത്രി വരെ പഠിക്കുമ്പോള്‍ അമ്മയും അവനോടൊപ്പം ഉറങ്ങാതിരിക്കുമായിരുന്നു.രാത്രിയില്‍ മകനു ചായ കൊടുക്കുമ്പോള്‍ അമ്മ എന്താണ് ചായ കുടിക്കാത്തതെന്നു ചോദിക്കുമ്പോള്‍ രാത്രിയില്‍ ചായ ഇഷ്ട്ടമല്ലെന്നയിരുന്നു മറുപടി.
6) കോളേജ് വിദ്യാഭ്യാസത്തിനായി മകന്‍ പട്ടണത്തിലേക്കാണ് പോയത്.പഠനത്തോടൊപ്പം ഒരു ജോലിയും അവനു ലഭിച്ചു. അമ്മയുടെ കഷ്ട്ടപാടുകളെകുറിച്ചു ബോധ്യമുണ്ടായിരുന്നതുകൊണ്ട് അവന്‍ ചിലവുകള്‍ ചുരുക്കി ചെറിയൊരു തുക അമ്മക്കയച്ചുകൊടുത്തു .എനിക്കിപ്പോള്‍ പണത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല,ഭക്ഷണ കാര്യങ്ങളില്‍ നീ കൂടുതല്‍ ശ്രദ്ധിക്കണമെന്നുള്ള കുറിപ്പോടെ അമ്മ ആ പണം തിരിച്ചയച്ചു.
7) വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍തന്നെ അവനു വിദേശത്തു ജോലി ലഭിച്ചു. അമ്മയെ കൂടി കൊണ്ടുപോവാനായിരുന്നു മകന്‍റെ പദ്ധതി.പക്ഷേ,ഉയര്‍ന്ന നിലയിലോന്നും ജീവിക്കാന്‍ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു അമ്മ പോകാന്‍ തയ്യാറായില്ല ( താന്‍കൂടി ചെന്നാല്‍ വിദേശത്തെ ചെലവ് താങ്ങാന്‍ മകനു കഴിയില്ലെന്നു അമ്മക് അറിയാമായിരുന്നു).
അമ്മക്ക് കാന്‍സര്‍ ആണെന്നുള്ള വിവരമറിഞ്ഞാണ് മകന്‍ നാട്ടിലേക്കു വന്നത്‌ .പാതി മറഞ്ഞ ബോധാത്തിനിടയിലും ആശുപത്രിയിലെ കിടക്കയില്‍വെച്ചു മകനെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു തീരെ വേദനയില്ലെന്നു.പിറ്റേ ദിവസം അമ്മ മരിക്കുകയും ചെയ്തു..
അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും അറിയുന്നു .എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്
ഒരുനിമിഷം തന്റെ അമ്മ തനിക്കുവേണ്ടി സഹിച്ചിട്ടുള്ള കഴ്ട്ടപ്പാടുകള്‍ ഓര്‍ത്തു നോക്കു. അപ്പോള്‍ അറിയാം ... എല്ലാതിനെക്കളും ഏതിനെക്കളും ശ്രേഷ്ഠം മാതാവു തന്നെ .........
(ഇവിടെ ഒരിക്കലും പിതാവിന്റെ കഷ്ട്ടപ്പാട് മറക്കുന്നില്ല )
മാതാ, പിതാ, ഗുരു, ദൈവം...  

Saturday, August 9, 2014

കുളച്ചൽ യുദ്ധം



ചരിത്രത്തിൽ aug10 (കുളച്ചൽ യുദ്ധം )


                                       1741 ൽ ഇതേ ദിവസമാണ് കുളച്ചൽ യുദ്ധം നടന്നത്. തിരുവിതാംകൂർ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്തിയ യുദ്ധമായിരുന്നു ഇത്. മാർത്താണ്ഡ വർമ്മയെ ആക്രമിക്കാൻ കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം ഡച്ച് പടയാളികളെത്തി. മാർത്താണ്ഡവർമ്മ സേനയുമായി ഇവരെ നേരിട്ടു. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ഡച്ചു കപ്പിത്താൻ ഡെ ലനോയ് ഉൾപ്പെടെയുള്ള ഡച്ച് പടയാളികൾ പിടിയിലായി. യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് യുദ്ധം വഴിതെളിച്ചു. ഇന്ത്യയിൽ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു.

Sunday, March 9, 2014

അസോള

 അസോള 

കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും ദിവസംതോറും വില കൂടിവരുന്നു. ഗുണമുള്ള ജൈവവളം പണംകൊടുത്താല്‍പോലും കിട്ടാനില്ല. ഇതിനു പരിഹാരം കാണാന്‍ ഒരു പന്നല്‍ചെടിക്കു കഴിയുമെങ്കിലോ! അത്ഭുതസസ്യമെന്നു വിശേഷിപ്പിക്കാവുന്ന അസോള നമുക്കു ലഭിച്ച വരദാനംതന്നെയാണ്. ഇലകളുടെ അടിയില്‍ ചെറിയ അറകളിലായി കാണുന്ന നീലഹരിത പായലുകളുടെ സഹവര്‍ത്തിത്വംവഴി അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്യാന്‍ അസോള എന്ന പന്നല്‍ചെടിക്കു കഴിയുന്നു. അതുകൊണ്ടുതന്നെ മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ധിപ്പിക്കുന്ന നല്ലൊരു ജൈവവളമായും പോഷകഗുണങ്ങളുള്ള തീറ്റയായും അസോള ഉപയോഗപ്പെടുത്താം.

അസോള പ്രയോഗിക്കുന്നതിലൂടെ മണ്ണിന്റെ ഘടന മെച്ചപ്പെടുകയും ജലസംഗ്രഹണശേഷി കൂടുകയും ചെയ്യുമെന്നത് കര്‍ഷകരുടെ അനുഭവം. ബയോഗ്യാസ് ഉല്‍പ്പാദനത്തിനും അസോള ഉപയോഗിക്കാം. 35 ശതമാനംവരെ പ്രോട്ടീനും 15 ശതമാനംവരെ ധാതുക്കളും 10 ശതമാനംവരെ അമിനോ അമ്ലങ്ങളും അടങ്ങിയ അസോളയില്‍ കാത്സ്യവും നൈട്രജനും പൊട്ടാഷും ധാരാളമായി അടങ്ങിയിരിക്കുന്നു. അസോള കൃഷിചെയ്യുമ്പോള്‍ ഭാഗികമായി തണലുള്ള സ്ഥലം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു മീറ്റര്‍ നീളവും വീതിയും ഒരടി താഴ്ചയുമുള്ള കുഴിയെടുക്കുന്നതാണ് ആദ്യഘട്ടം. തറ അടിച്ചൊതുക്കി നിരപ്പാക്കി സില്‍പോളിന്‍ ഷീറ്റ് വിരിക്കാം. ചുറ്റും കല്ലുകള്‍ നിരത്തിവച്ചാല്‍ അസോളകൃഷിക്കുളം തയ്യാര്‍. ഇതില്‍ അരിച്ചെടുത്ത 10 മുതല്‍ 15 കിലോഗ്രാം വളക്കൂറുള്ള മണ്ണു വിതറാം. 10 ലിറ്റര്‍ വെള്ളത്തില്‍ രണ്ടുകിലോഗ്രാം ചാണകവും 30 ഗ്രാം റോക്ക്ഫോസ്ഫേറ്റും കൂട്ടിച്ചേര്‍ത്ത് തടത്തില്‍ ഒഴിച്ചുകൊടുക്കണം. ഇനി അസോളയുടെ ഊഴമാണ്. ഇത്രയും വലുപ്പമുള്ള കുഴിയില്‍ ഒരുകിലോ അസോള ചേര്‍ത്തുകൊടുക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ അസോള തടംമുഴുവന്‍ വ്യാപിക്കും. ആഴ്ചതോറും ഒരുകിലോഗ്രാം ചാണകവും 20 ഗ്രാം ഫോസ്ഫറസ് വളവും ചേര്‍ത്തുകൊടുക്കാന്‍ ശ്രദ്ധിക്കണം. വളം അധികമായാലും കുറഞ്ഞാലും ഉല്‍പ്പാദനത്തെ ബാധിക്കും. ഇത്തരം തടത്തില്‍നിന്ന് ദിവസവും അരക്കിലോഗ്രാം അസോള ലഭിക്കും.

പ്രതികൂല സാഹചര്യങ്ങളില്‍ അസോളതടം പെട്ടെന്ന് ഉണങ്ങിപ്പോകും. ഇങ്ങനെയുള്ള തടങ്ങളില്‍ സില്‍പോളിന്‍ ഷീറ്റിലെ മണ്ണുമാറ്റി വൃത്തിയാക്കി അസോള കൃഷിചെയ്യാന്‍ തുടങ്ങണം. 10 ദിവസത്തിലൊരിക്കല്‍ കാല്‍ഭാഗത്തോളം വെള്ളം മാറ്റി പുതിയ വെള്ളം നിറയ്ക്കാനും ഓരോ മാസവും അഞ്ചു കിലോയോളം മണ്ണു മാറ്റി പുതിയ മണ്ണ് നിറയ്ക്കാനും ശ്രദ്ധിച്ചാല്‍ അസോള നിര്‍ബാധം ലഭിക്കും. അസോളടാങ്കിന് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ്കൊണ്ട് കൂടാരം തീര്‍ക്കുകയാണെങ്കില്‍ അസോളകൃഷി വന്‍ വിജയമായിത്തീരുമെന്ന് അടുത്തകാലത്ത് നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചു. രണ്ടുകിലോഗ്രാം അസോള കാലിത്തീറ്റയുമായി ചേര്‍ത്ത് ദിവസവും കൊടുക്കുമ്പോള്‍ പാലുല്‍പ്പാദനം 15 ശതമാനംവരെ കൂടും. പാലിന്റെ ഉല്‍പ്പാദനം മാത്രമല്ല, ഗുണമേന്മ വര്‍ധിപ്പിക്കാനും അസോളപോലെ മറ്റൊരു തീറ്റയില്ല.

Saturday, March 8, 2014

നോൺസ്‌റ്റിക് പാത്രങ്ങൾ മാരകരോഗങ്ങൾക്ക് കാരണമാകും

  നോൺസ്‌റ്റിക് പാത്രങ്ങൾ മാരകരോഗങ്ങൾക്ക് കാരണമാകും


നോൺസ്‌റ്റിക് പാത്രങ്ങൾ മാരകരോഗങ്ങൾക്ക് കാരണമാകും എന്ന് പഠനങ്ങൾ. നോൺസ്‌റ്റികിൽ ഉപയോഗിച്ചിരിക്കുന്ന ടെഫ്‌ളോൺ കോട്ടിംഗ് ആണ് ആഹാരസാധനങ്ങൾ ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കുന്നത്. ടെഫ്ളോൺ നിർമ്മിക്കുന്നത് പെർഫ്ളൂറോ ഒക്ടോനോയിക് ആസിഡ് എന്ന രാസവസ്‌തു ഉപയോഗിച്ചാണ്. ഇത് കാൻസറിന് കാരണമാകുമത്രേ. നോൺസ്‌റ്റിക് പാനിൽ പോറൽവീഴാതെ ശ്രദ്ധിക്കുകയാണ് അപകടം ഒഴിവാക്കാൻ പ്രാഥമികമായി ചെയ്യേണ്ടത്. തടി കൊണ്ടുള്ള സ്‌പൂൺ തന്നെ ഉപയോഗിക്കുക. അലൂമിനിയം സ്‌ക്രബിന് പകരം സ്‌പോഞ്ച് ഉപയോഗിച്ച് കഴുകുകയും വേണം. അമിതമായി ചൂടാക്കാതെയും ശ്രദ്ധിക്കാം. കഴിവതും ഇക്കോ ഫ്രണ്ട്ലി പാനുകൾ വാങ്ങുക

മാതളം

മാതളം 

                                  മാതളം അൽപ്പം വില കൂടുതലുള്ള ഫലമാണ്. എന്നാൽ അതിലും ആയിരം ഇരട്ടി വിലയാണ് അതിന്റെ ഔഷധഗുണത്തിനെന്നറിയുക. ഹൃദയത്തിന്റെ ഉത്തമസുഹൃത്താണ് മാതളം. ഹൃദയസംബന്‌ധമായ വേദനകൾ അകറ്റാൻ സഹായകരമായ മാതളം രക്‌തധമനികളിൽ കൊളസ്‌ട്രോൾ അടിയുന്ന അവസ്‌ഥ തൊണ്ണൂറ് ശതമാനം വരെ കുറയ്‌ക്കുന്നതായി ഇസ്രായേലിൽ അടുത്തിടെ നടന്ന പഠനങ്ങൾ തെളിയിക്കുന്നു. പുരാതന ആയുർവേദ ആചാര്യന്മാർ മാതളത്തിന്റെ സവിശേഷ ഗുണങ്ങൾ ആയിരക്കണക്കിന് വർഷം മുൻപേ തിരിച്ചറിഞ്ഞിരുന്നു. മാതളത്തിന് ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞതും അവരാണ്. മാതളമൊട്ട് അരച്ച് തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമയും കഫവും ശമിപ്പിക്കാൻ ഫലപ്രദമാണ്
Related Posts Plugin for WordPress, Blogger...