Sunday, August 27, 2017

ഓണ സദ്യ


ഓണ സദ്യയിലെ വിഭവങ്ങള്‍ ഓരോന്നും എങ്ങിനെ ഉണ്ടാക്കുന്നു വെന്നും അത് എങ്ങിനെ വിളമ്പണം എന്നതും ഒരു ചെറിയ വിവരണം.

1. സാമ്പാര്‍
2. അവിയല്‍
3. തോരന്‍
4. കാളന്‍
5. ഓലന്‍
6. പച്ചടി
7. കിച്ചടി
8. ഇഞ്ചിക്കറി
9. മാങ്ങാക്കറി
10. നാരങ്ങ അച്ചാര്‍
11. പരിപ്പ്
12. എരിശ്ശേരി
13. രസം

സാമ്പാര്‍
〰〰〰
പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കും. )പുളി വെള്ളവും ചേർത്തു ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക.

അവിയല്‍
〰〰〰〰
സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ്‌ സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്.

തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളില്‍ പുളി പിഴിഞ്ഞ (തൈര്‍) ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേര്‍ക്കുക. അവിയല്‍ വാങ്ങി വെച്ചു അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കുക. മലബാര്‍ പ്രദേശങ്ങളില്‍ പുളിക്കുവേണ്ടി തൈരാണ്‌ ഉപയോഗിക്കുന്നത്.

തോരന്‍
〰〰〰
തോരന് പയര്‍, കാബേജ്, ബീന്‍സ്‌, ബീട്രൂറ്റ്‌, കാരറ്റ് തുടങ്ങി എന്തും ആകാം.
പയര്‍ തോരന്‍
പച്ച പയര്‍ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ അരി ഇട്ടുമൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക. തുടര്‍ന്ന് പയര്‍ ഇത്‌ ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും,പച്ചമുളകും,ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്‍ത്ത് ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി തോര്‍ത്തി എടുക്കുക.

കാളന്‍
〰〰〰
കാളന്‍നേന്ത്ര കായും ചേനയും ചേര്‍ത്ത് ഉണ്ടാക്കാം , നേന്ത്ര പഴം കൊണ്ടും കാളന്‍ ഉണ്ടാക്കാം.
കഷണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം.
പച്ചമുളക്‌ കഴുകി നെടുകെ പിളര്‍ത്ത് കല്‍ച്ചട്ടിയിലിട്ട്‌ മഞ്ഞള്‍പ്പൊടിയും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര്‌ ഇതിലേക്കൊഴിച്ച്‌ ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന്‌ മുകളിലേക്ക്‌ കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത്‌ വറ്റിച്ച് കുറുക്കുക.

കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ മുറിച്ചത്‌, ഉലുവ ഇവയിട്ട്‌ മൂപ്പിച്ച്‌ കടുക്‌ പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട്‌ ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ്‌ ഉപ്പിട്ട്‌ നന്നായി ഇളക്കുക .

ഓലന്‍
〰〰〰
കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷണം. കുമ്പളങ്ങ ചെറിയ കഷണങ്ങള്‍ ആക്കി എടുക്കുക.
ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍ ) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷണങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി.
ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്

പച്ചടി
〰〰
വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക.വറ്റല്‍മുളക് , കടുക്,കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക.,തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക.. [തൈര് ചേര്‍ത്ത ശേഷം തിളക്കരുത്] .ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്.ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെന്കില്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്ത്തു വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ അരപ്പ് ചേര്‍ത്ത് തൈരും ചേര്‍ത്ത് കടുക് വറക്കുക.

കിച്ചടി
〰〰〰
മധുരം ഉള്ള കറിയാണിത്‌.
മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കരിയില്‍ ചേര്‍ക്കുക.

ഇഞ്ചിക്കറി
〰〰〰〰
ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍ വരുത്തുപോടിച്ചു വയ്ക്കുക.ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളക്, മുളകുപൊടി ചേര്‍ത്ത് വഴറ്റുക.വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക.ഒരു സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക.(ശർക്കരയാണ് ചേര്‍ക്കുന്നതെങ്കില്‍ ഉരുക്കി അരിച്ചു ചേര്‍ക്കേണ്ടതാണ്.)

നാരങ്ങക്കറി
〰〰〰〰〰
നല്ലെണ്ണയില്‍ നാരങ്ങ വാട്ടി എടുക്കുക. വറ്റല്‍മുളക്,കടുക്,കറിവേപ്പില പൊട്ടിച്ചു അതില്‍ മുളകുപൊടി കായം,ഉലുവാപ്പൊടി ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേര്‍ക്കുക.നാരങ്ങ കറി ആയി.

മാങ്ങാക്കറി
〰〰〰〰
ആദ്യം മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക.നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടിയും ചേര്‍ക്കുക.പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാവുന്നതാണ്.

എരിശ്ശേരി
〰〰〰〰
മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിനു
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടെത്
ജീരകം -അര ടീസ്പൂണ്‍
വെളുത്തുള്ളി -4 ചുള
വെളിച്ചെണ്ണ,വറ്റല്‍മുളക്,കടുക്,2 ചുവന്നുള്ളി, കറിവേപ്പില.

ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക.കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം.മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ചേര്ക്കുക.മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍നിന്നും കാല്‍ ഭാഗം എടുത്തു അതോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായരച്ച് ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ വാങ്ങി വയ്ക്കുക.ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,ഉള്ളി,കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക. എരിശ്ശേരി തയ്യാര്‍.

പരിപ്പ്
〰〰〰
ആദ്യം ചെറുപയര്‍ പരിപ്പ്,ഒരു ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക.പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരുസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി വേവിക്കുക.വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടക്കുക.തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി അരച്ചതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക.ചെറുതായി തിള വരുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക.

പരിപ്പ് പ്രഥമന്‍
〰〰〰〰〰
ചെറുപയര്‍ പരിപ്പ് –250 ഗ്രാം.
ശര്‍ക്കര –500 ഗ്രാം
നെയ്യ് –100 ഗ്രാം
തേങ്ങ — 2
ഉണങ്ങിയ തേങ്ങ -ഒരു മുറി
ഏലക്കാപ്പൊടി -5 ഗ്രാം
ചുക്കുപൊടി -5 ഗ്രാം
അണ്ടിപ്പരിപ്പ്‌ -50 ഗ്രാം
കിസ്മിസ് -25 ഗ്രാം

പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക.[കുക്കറില്‍ വേവിക്കാവുന്നതാണ്]
ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക.തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.6 കപ്പ്‌ വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക.ചെരുതായരിഞ്ഞ കൊട്ടത്തേങ്ങ,അണ്ടിപ്പരിപ്പ്‌,കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.

Tuesday, August 22, 2017

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ.

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ.


          സാധാരണ എല്ലാ വർഷവും കാണുന്നതാണങ്കിലും ഇന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. കേരളത്തിലെ എല്ലാ അങ്ങാടികളുടെ നടുവിലും മുട്ടിന് മുട്ടിന് ദേശീയ പതാക ഉയർത്തുന്നു.പല പല സംഘടനകളുടെ പേരിൽ .പല പല രാഷ്ട്രീയ കാഴ്‌ചപ്പാടുകളുടെ പേരിൽ .അപ്പോൾ എന്നിൽ വന്ന ഒരു ചിന്ത പങ്കുവയ്ക്കണമെന്ന് തോന്നി.നാടിന്റെ സ്വാതന്ത്ര്യ ദിനമാണ് ആലോഷിക്കുന്നത്. അതിൽ പോലും ഒരു അങ്ങാടിയിൽ ഉള്ളവർ തമ്മിൽ ഐക്യമില്ല. പിന്നെ നമ്മുടെ നാട് എങ്ങനെ നന്നാകും.ഇന്ത്യാക്കാരന്റെ ഐക്യത്തിന്റെ ഭാഗമായാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് എന്ന് ചിന്തിക്കുവാനുള്ള വിവേകം പോലും നമ്മൾ ഇന്ത്യാക്കാർക്ക് ഇല്ലാതായിരിക്കുന്നു. യഥാർത്ഥത്തിൽ ഒരു അങ്ങാടിയിൽ / ഒരു പ്രദേശത്ത് താമസിക്കുന്നവർ ഒത്ത് ചേർന്ന് ഒരുമയോടെ നടത്തേണ്ട ഒരു ചടങ്ങല്ലേ ഈ ദേശീയപതാക ഉയർത്തലും രാജ്യം നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമ്മയിൽ പങ്ക് ചേർന്ന് അത് ഒരു ആഘോഷമാക്കലും.എല്ലാവരും ഒന്ന് ചിന്തിക്കുക. നമ്മൾ ഈ നടത്തുന്ന പേ കൂത്തിനെ സ്വാതന്ത്ര്യ ദിനാഘോഷം എന്ന് വിളിക്കാൻ പറ്റുമോ എന്ന്. വരും വർഷങ്ങളിലെങ്കിലും നമുക്ക് ഒരു മാറ്റം വേണ്ടേ. പതാക ഉയർത്തി സന്ദേശം നൽകാൻ 'പൊതു സമ്മതനായ ഒരു വ്യക്തിയെ ഒരു നാട്ടിൽ കണ്ടു കിട്ടുകയില്ലേ. വേണ്ട ഓരോ നാടിനേയും  ഒരുമയിൽ നിർത്താൻ കഴിവുള്ള ഒരു അധ്യാപകനെ പോലും ഒരു നാട്ടിൽ കിട്ടില്ല എന്നാണോ. എങ്കിൽ പ്രിയ അധ്യാപകരേ നമ്മൾ ലജ്ജിച്ച് തല താഴ്ത്തേണ്ടിയിരിക്കുന്നു .നമ്മൾ പഠിപ്പിച്ച് വിടുന്ന അറിവ് പകർന്ന് നൽകി വിടുന്ന കുട്ടികളാണ് നാളത്തേ പൗരൻമാർ. കാലങ്ങളോളം സ്കൂളുകളിൽ പഠിപ്പിച്ച് പെൻഷൻ പറ്റിയവരും പെൻഷൻ പറ്റാൻ പോകുന്നവരുമായ അധ്യാപകർ ധാരാളമുള്ള നാടാണ് കേരളം.അവർ പഠിപ്പിച്ച കുട്ടികളാണ് മഹത്തായ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ പോലും ഒരുമയോടെ ഒരു പതാക ഒരു പ്രദേശത്ത് ഉയർത്തി തങ്ങളുടെ ഗുരുവിന്റെ കീഴിലെങ്കിലും നാടിന്റെ ഐക്യം കാത്തു സൂക്ഷിക്കുവാൻ പരാജയപ്പെടുന്നത്. ഇത്രമേൽ ലജ്ജാകരമായി മറ്റെന്തുണ്ട് നമ്മൾ അധ്യാപക ലോകത്തിന് .നാടിന് വേണ്ടി നല്ല പൗരൻമാരെ വാർത്തെടുക്കേണ്ട കടമയുള്ളവരാണ് നമ്മൾ അധ്യാപകർ. ഒരു ശിഷ്യനും അറിവ് പകർന്നു നൽകിയ ഗുരുവിന് മുകളിലല്ല .ശിഷ്യൻ എത്ര ഉന്നത സ്ഥാനം അലങ്കരിച്ചാലും അതിന് മാറ്റവും ഇല്ല. എന്നിട്ടുപോലും ഈ ആഘോഷവേളയിൽ പോലും നാടിനെ ഒരുമിപ്പിച്ച് നിർത്തുവാൻ അവരെ പഠിപ്പിച്ച ഗുരുക്കൻമാർ പരാജയപ്പെടുന്നു.പിന്നെ എന്താണ് നമ്മൾ അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. നമ്മൾ ഓരോ അധ്യാപകരും ചിന്തിക്കുക .നമ്മൾ പഠിപ്പിക്കുന്ന കുട്ടികൾ എങ്കിലും നാളെ ഒത്തൊരുമരോടെ ജീവിക്കട്ടെ.ചുരുങ്ങിയ പക്ഷം ഇത്തരം ദേശീയ ആഘോഷവേളകളിലെങ്കിലും.രാജ്യത്തിന്റെ ഐക്യവും പുരോഗതിയുമായിരിക്കട്ടെ നമ്മൾ അധ്യാപകരുടെ മുഖമുദ്ര. നമ്മൾ അധ്യാപകർ നമ്മുടെ കടമയിൽ പരാജയപ്പെട്ടാൽ നാട് നശിച്ച് പോകും.
       
                                                                                                                                ലൈജു .

Friday, August 11, 2017

രഘുനാഥ് പലേരിയുടെ ഒരു കുറിപ്പ്

രഘുനാഥ് പലേരിയുടെ ഒരു കുറിപ്പ്


നിലത്തൊരു തുള്ളി വെള്ളം.
അതിനകത്തൊരു ഉറുമ്പ് കുടുങ്ങി പിടയുന്നു.

വിരൽ തൊട്ട് ഉറുമ്പിനെ എടുത്ത് മാറ്റിയാലോ എന്ന് ചിന്തിക്കുമ്പോഴേക്കും ആ വഴി മറ്റൊരു ഉറുമ്പ് പെട്ടെന്ന് വന്നു. അവൻ വെള്ളത്തുള്ളിയിൽ കുടുങ്ങിയവനെ കണ്ടു. എന്നെക്കാൾ പരിഭ്രമത്തോടെ വെള്ളത്തുള്ളിക്ക് ചുറ്റും ധൃതിയിൽ ഒന്നു വട്ടം കറങ്ങി അതിൽ മുഖം മുട്ടിച്ചും മുട്ടിക്കാതെയും ഉള്ളിലെ ഉറുമ്പിനെ എത്തിപ്പിടിക്കാൻ ശ്രമിക്കേ, എവിടുന്നെന്നറിയില്ല മറ്റൊരുത്തൻ കൂടി ഓടിപ്പാഞ്ഞ് വന്ന് ആദ്യം വന്ന ഗംഗാധരനൊപ്പം കൂടി. പിന്നെ രണ്ടു പേരും കൂടിയായി വെള്ളത്തുള്ളിയോടുള്ള ഇടി.

രണ്ടാമൻ പവിത്രനാവാനാണ് സാധ്യത. ഗംഗാധരന്റെ അത്ര ശക്തി പോരെന്ന് തോന്നി. ചുറ്റുമുള്ള വായുവിലേക്ക് അവരിൽ നിന്നും റേഡിയോ സിഗ്നലുകളായി സന്ദേശം പോയെന്ന് തോന്നുന്നു. നോക്കി നിൽക്കേ മണികൺഠനും, ബ്രിജേഷും, ഔവ്വക്കറുമായി ആറേഴ് പേർ കൂടി അവിടേക്ക് ഓടിയെത്തി. അതിനകം വെള്ളത്തുള്ളിയിൽ കുടുങ്ങിയവന്റെ ദേഹം പാതിയോളം ഗംഗാധരനും പവിത്രനും ചേർന്ന് പുറത്തേക്ക് വലിെച്ചടുത്തിരുന്നു. അവരെ പിറകിൽ നിന്നും വരിവരിയായി നിന്ന് വന്നവരെല്ലാരും കൂടി കടിച്ചു പിടിച്ചു വലിച്ചതോടെ അപകടത്തിൽ പെട്ടവൻ ബ്ലുക്കെന്ന ശബ്ദത്തോടെ പുറത്തെത്തി. ശബ്ദം ഞാൻ കേട്ടില്ല. അവർ കേട്ടതാണ്. അതോടെ ഗംഗാധരൻ പിടി വിട്ടു. ബോധം പോയവൻ സാവകാശം എഴുന്നേറ്റു. ദേഹം കുടഞ്ഞു. എല്ലാവരേം നോക്കി ഒന്നു ചിരിച്ചു. പിന്നെ സാധാരണമട്ടിൽ അവർക്കൊപ്പം വരി തെറ്റാതെ അവരുടെ ലോകത്തേക്ക് ഓടിപ്പോയി.

എന്തുകൊണ്ടാണെന്നറിയില്ല.
ആരും മൊബൈൽ എടുക്കുന്നത് കണ്ടില്ല.
വെറുതെ നോക്കി നിൽക്കുന്നത് കണ്ടില്ല.
കാഴ്ച്ചക്കാരായി മാറുന്നത് കണ്ടില്ല.
അവർക്കെല്ലാം ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു.
അപകടത്തിൽ പെട്ടത് അവർ ഓരോരുത്തരും ആയിരുന്നു.

പണ്ടൊക്കെ മനുഷ്യരും ഇതു പോലെയായിരുന്നു.
ഇപ്പോൾ നമ്മൾ വളർന്നില്ലെ!

ക്ലാസ് പി ടി എ എന്ത് ? എങ്ങനെ ?

ക്ലാസ് പി ടി എ എന്ത് ? എങ്ങനെ ?

         സ്കൂളിലെ അതാത് ഡിവിഷനില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും കൂടിച്ചേര്‍ന്നതാണ് ക്ലാസ് പി ടി എ എന്ന് വേണമെങ്കില്‍ ലളിതമായി നിര്‍വ്വചിക്കാം

മുന്‍പ് സൂചിപ്പിച്ച അംഗങ്ങളുടെ ഒരു യോഗം മാസത്തില്‍ ഒരു പ്രാവശ്യം ചേരാവുന്നതാണ്

എങ്കിലും ഒരു പ്രത്യേക കാര്യപരിപാടിയില്ലാതെ കൂടുന്നത് ക്ലാസ് പി ടി എ യുടെ പ്രസക്തിയെ ഇല്ലാതാക്കുന്നതാണ്

സാധാരണയായി , സ്കൂള്‍ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ അല്ലെങ്കില്‍ ക്ലാസ് പരീക്ഷയുടേയോ ടേം പരീക്ഷയുടേയോ റിസല്‍ട്ട് രക്ഷിതാക്കളെ അറിയിക്കുന്ന അവസരത്തിലോ ക്ലാസ് പി ടി എ യുടെ യോഗം ചേരാവുന്നതാണ്

പ്രസ്തുത യോഗങ്ങളുടെ പ്രധാന ലക്ഷ്യം കുട്ടികളുടെ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം

ക്ലാസ് പി ടി എ കൂടുന്നതിനു മുന്‍പ് ക്ലാസിലെ കുട്ടികളെക്കുറിച്ചും അവരുടെ രക്ഷിതാക്കളെ ക്കുറിച്ചും വ്യക്തമായ ധാരണ ക്ലാസ് ടീച്ചര്‍ക്ക് വേണ്ടതാണ്

അദ്ധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്ന ക്ലാസ് പി ടി എ യും പരീക്ഷയുടെ റിസല്‍ട്ട് അറിയിക്കാന്‍ വേണ്ടി കൂടുന്ന ക്ലാസ് പി റ്റി എ യും വ്യത്യസ്തരീതിയിലാണ് സംഘടിപ്പിക്കേണ്ടത്

ക്ലാസ് പി ടി എ കൂടുന്ന സമയം തിയ്യതി തുടങ്ങിയവ മുന്‍‌കൂട്ടി കുട്ടികള്‍ വഴി രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്

പ്രസ്തുത യോഗത്തിന് വ്യക്തമായ ഒരു കാര്യപരിപാടി മുന്‍‌കൂട്ടി ക്ലാസ് ടീച്ചര്‍ ക്ലാസിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കേണ്ടതാണ്

പ്രസ്തുത കാര്യപരിപാടിയില്‍ 90 ശതമാനവും അവതരണം പ്രസ്തുത ക്ലാസിലെ കുട്ടികള്‍ തന്നെയായിരിക്കണം എന്ന വസ്തുത പറയേണ്ടതില്ലല്ലോ

കാര്യപരിപാടിയുടെ ഒരു ലളിതമായ ഒരു ഫോര്‍മാറ്റ് താഴെ കൊടുക്കുന്നു

പ്രാര്‍ത്ഥന

സ്വാഗതം

രക്ഷിതാക്കള്‍ അറിയാന്‍

പരീക്ഷാ വിശകലനം / റിസല്‍ട്ട് അനാലിസിസ്

പഠനാനുഭവം

ഉന്നത വിദ്യാഭ്യാസ മേഖല

മികവ് അവതരണം

ക്ലാ‍സ് ടീച്ചറിന്റെ ആമുഖം

രക്ഷിതാക്കളുടെ അഭിപ്രായം

ക്ലാസ് ടീച്ചറിന്റെ ക്രോഡീകരണം

നന്ദി


പ്രധാന അദ്ധ്യാപകന് സമയമുണ്ടെങ്കില്‍ യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്താവുന്നതാണ്

കാര്യപരിപാടി നടത്തുന്നതിന് അഥവാ കണ്ടക്ട് ചെയ്യുന്നതിന് ഒരു വിദ്യാര്‍ത്ഥിയെ ഏര്‍പ്പാടാക്കേണ്ടതാണ്

രക്ഷിതാക്കള്‍ അറിയാന്‍ എന്ന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ ക്കുറിച്ചൂള്ള അഭിപ്രായമാണ് . അത് മീറ്റിംഗിനു മുമ്പേ തന്നെ ക്രോഡീകരിക്കേണ്ടതാണ് . എങ്കിലും ഏതെങ്കിലുമൊരു രക്ഷിതാവിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ക്ലാസില്‍ പറയുവാന്‍ പാടില്ലാത്തതാകുന്നു .

അതുപോലെ തന്നെ പരീക്ഷാ വിശകലനം എന്ന മേഖല കൈകാര്യം ചെയ്യുന്ന കുട്ടി ചോദ്യപേപ്പറിലെ ബുദ്ധിമുട്ടായ ചോദ്യങ്ങളുടെ വിശകലനം നടത്തേണ്ടതാണ് . മിടുക്കരായ കുട്ടികള്‍ പ്രസ്തുത ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരമെഴുതി എന്ന കാര്യവും ഇവിടെ വ്യക്തമാക്കേണ്ടതാണ് .അതുപോലെ തന്നെ ഇന്നയിന്ന കാരണം കൊണ്ടാണ് മാര്‍ക്ക് നഷ്ടമായത് എന്ന കാര്യവും ഈ ഭാഗത്ത് വ്യക്തമാക്കാവുന്നതാണ്

പഠനാനുഭവം എന്ന മേഖലകൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടികളുടെ നിത്യേനയുള്ള പഠനരീതികളാണ് . അത് അവര്‍ തന്നെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്

ഉന്നത വിദ്യാഭ്യാസ മേഖല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു കോഴ്‌സിനെക്കുറിച്ചാണ്

മികവ് അവതരണത്തില്‍ ക്ലാസിലെ കുട്ടികളുടെ ഏതെങ്കിലുമൊക്കെ യുള്ള മികവ് ആണ് ഉദ്ദേശിക്കുന്നത് . സ്പോഴ്‌സ് ,കലോത്സവം , എക്സിബിഷന്‍ …......തുടങ്ങിയവയിലൊക്കെ പ്രസ്തുത ക്ലാസിലെ കുട്ടികള്‍ സമ്മാനാര്‍ഹരായെങ്കില്‍ അവരുടെ പേരും ഇനവും ക്ലാസില്‍ പറയേണ്ടതുണ്ട് .കൂടാതെ , ഉദാഹരണമായി ലളിതഗാനത്തിലാ‍ണ് ഒരു കുട്ടിക്ക് ഉപജില്ലാ തലത്തില്‍ ഒന്നാം സമ്മാനം കിട്ടിയതെങ്കില്‍ പ്രസ്തുത കുട്ടിക്ക് ആ ഗാനം യോഗത്തില്‍ അവതരിപ്പിക്കാം .

രക്ഷിതാക്കളുടെ അഭിപ്രായപ്രകടനമെന്ന ഇനം ഏറ്റവും ശ്രദ്ധിക്കേണ്ടതാണ് സാധാരണയായി പല രക്ഷിതാക്കളും കുട്ടികളുടെ കുറ്റങ്ങള്‍ ആണ് മീറ്റിംഗില്‍ വിളിച്ചു പറയുക . എന്നാല്‍ അത് തെറ്റാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിക്കണം . കുട്ടിയുടെ വ്യക്തിപരമായ ന്യൂനതകള്‍ ക്ലാസില്‍ വിളിച്ചു പറഞ്ഞാല്‍ കുട്ടി അത് ഇഷ്ടപ്പെടില്ല . മാത്രമല്ല, മറ്റുകുട്ടികള്‍ യോഗത്തിനു ശേഷം അവനെ പരിഹസിക്കുവാനും തുടങ്ങും . അതിനാല്‍ അത്തരം രീതികള്‍ ഒഴിവാക്കണമെന്ന് ക്ലാസ് ടീച്ചര്‍ രക്ഷിതാക്കളുടെ അഭിപ്രായത്തിനു മുന്‍പുള്ള ആമുഖത്തില്‍ പറയേണ്ടതാണ്

സ്വാഗതവും നന്ദിയുമൊക്കെ പറയുന്ന കുട്ടികളെ ശരിയായി പരിശീലിപ്പിക്കേണ്ടതാണ്

സമയ ബന്ധിതമായാണ് ക്ലാസ് പി ടി എ നടത്തേണ്ടത് . അതായത് അരമണിക്കൂ‍ര്‍ സമയമാണ് കാര്യപരിപാടിക്കായി ഉദ്ദേശിക്കുന്നത്

സാധാരണ ഗതിയില്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് ക്ലാസ് പി ടി എ ചേരുകയാണെങ്കില്‍ 2.30തൊട്ടേ രക്ഷിതാക്കള്‍ വന്നു തുടങ്ങും .അപ്പോള്‍ അവരെക്കൊണ്ട് ഒപ്പിടീക്കാനും സ്കോര്‍ ഷീറ്റ് ഉണ്ടെങ്കില്‍ അതില്‍ ഒപ്പിടീക്കാനും കുട്ടികളെ ഏര്‍പ്പാടാക്കിയാല്‍ മതി

പല രക്ഷിതാക്കളും പ്രസ്തുത സമയത്ത് വരാതെ അതിനു മുന്‍പോ പിന്‍പോ ഒപ്പിട്ടു പോകുന്ന പ്രവണത കാണിക്കാറുണ്ട് .അതിനാല്‍ അക്കാര്യം മുന്‍പേ തന്നെ കുട്ടിയോടു പറഞ്ഞ് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട് .അങ്ങനെ ,ഒപ്പിടലല്ല പ്രാധാന്യമെന്നും മീറ്റിംഗില്‍ പങ്കെടുക്കലാണ് പ്രധാനമെന്നും രക്ഷിതാക്കള്‍ മനസ്സിലാക്കണം

മികവ് അവതരണമെന്ന പേരില്‍ കുട്ടികളുടെ പരിപാടി അമിതമായാല്‍ ക്ലാസ് പി ടി എ യുടെ ലക്ഷ്യം തന്നെ മാറിപ്പോകാനിടയുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക

ക്ലാസില്‍ പരിപാടികള്‍ ഓരോന്ന് അവതരിപ്പിച്ചു കഴിയുമ്പോള്‍ കുട്ടികള്‍ കയ്യടിക്കാം . പക്ഷെ , ഇവിടെ അതായത് ഈ സാഹചര്യത്തില്‍ അത് പാടില്ല എന്ന കാര്യം കുട്ടികളെ മുന്‍പേ പറഞ്ഞ ധരിപ്പിക്കേണ്ടതാണ് . കാരണമെന്തെന്നാല്‍ ,അത് തൊട്ടടുത്തുള്ള മറ്റ് ക്ലാസുകള്‍ക്ക് ബുദ്ധിമുട്ടാകുമല്ലോ .

ക്ലാസ് പി ടി എ യുടെ ഒരു റിവ്യൂ പിറ്റേ ദിവസം ഫസ്റ്റ് പിരീഡ് തന്നെ ക്ലാസ് ടീച്ചര്‍ നടത്തേണ്ടതാണ്

അതില്‍ , വിട്ടില്‍ ചെന്നപ്പോള്‍ രക്ഷിതാക്കള്‍ എന്തൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞു എന്നുള്ളത് പ്രത്യേകം എടുത്തു ചോദിക്കേണ്ടതാണ്

മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം അടുത്ത ക്ലാസ് പി ടി എ നടത്തേണ്ടത്

പങ്കെടുക്കാന്‍ പറ്റാത്ത രക്ഷിതാക്കളുമായി ബന്ധപ്പെട്ട് കാരണം അറിയേണ്ടതാണ്

പരീക്ഷയുടെ സ്കോര്‍ ഷീറ്റ് യോഗത്തിന് രണ്ടു ദിവസം മുന്‍പേ ക്ലാസില്‍ ഒട്ടിക്കേണ്ടതാണ് .അങ്ങനെ യോഗത്തിനു മുന്‍പേ സ്കോറുകള്‍ വെരിഫൈ ചെയ്യുവാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കേണ്ടതാണ്

സ്കോര്‍ഷീറ്റോടുകൂടി രക്ഷിതാവിന്റെ പേരും ഒപ്പും കോളം ഹെഡ്ഡിംഗ് ആയുള്ള ഒരു ഫോര്‍മാറ്റ് ( ലാന്‍ഡ്സ്കേപ്പില്‍ ഉള്ളത് )യോഗത്തില്‍ വിതരണം ചെയ്താല്‍ കാര്യങ്ങള്‍ പെട്ടെന്ന് എളുപ്പമായിരിക്കും .ഇവിടെ രക്ഷിതാവിന് സ്കോറുകള്‍ മനസ്സിലാക്കിക്കൊടുക്കുവാനും ഒപ്പിടീക്കുവാനും മിടുക്കനായ ഒരു കുട്ടിയെ ഏര്‍പ്പാടക്കണമെന്ന കാര്യം ഓര്‍ക്കുമല്ലോ

കാര്യപരിപാടിയിലെ ഇനങ്ങള്‍ അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് Substitute കള്‍ ഉണ്ടായിരിക്കേണ്ടതാണ് . അല്ലാത്ത പക്ഷം പ്രസ്തുത കുട്ടി അന്നേ ദിവസം മുടങ്ങിയാല്‍ ആ പരിപാടി അവതാളത്തിലാകും .

ഗാന്ധിജി ക്വിസ്

ഗാന്ധിജി ക്വിസ്


1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?
1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍
2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്
3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി
 4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
കസ്തൂബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)
5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
 6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
സുബാഷ് ചന്ദ്രബോസ്
7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
രവീന്ദ്ര നാഥ ടാഗോര്‍
8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)
9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരന്‍ സമരം (ബീഹാര്‍)

10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
ഭഗവദ് ഗീത
12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
ഗോപാലകൃഷ്ണ ഗോഖലെ
14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
1922-ല്‍ ജയില്‍ വാസത്തിനിടയില്‍
15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
ഗുജറാത്തി
16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
ബര്‍ദോളി
18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍
19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)
20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാന്‍ പാലസ്
22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ചൌരിചൌരാ സംഭവം23. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാര്‍ദ്ധയില്‍
24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)25. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
ഹിന്ദ് സ്വരാജ്
26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബര്‍ഗില്‍
27. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ
 28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര
29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
നവ്ഖാലി
30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ
 31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്‍
32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
 33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )
 34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?
സി.രാജഗോപാലാചാരി
35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
നവ ജീവന്‍ ട്രസ്റ്റ്
36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
എന്റെ ഗുരുനാഥന്‍
37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി
38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിന്‍ സ്ലേഡ് (Madlin Slad)
 40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?
ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു
42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
 44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
ജവഹര്‍ലാല്‍ നെഹ്രു
 45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
ജോണ്‍ ബ്രെയ് ലി
46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്
47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി |കെട്ടി ദു:ഖം പ്രകടിപ്പിച്ചു48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
ശ്യാം ബെനഗല്‍
49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടില്‍
51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
1948-ജനുവരി 30-

 അന്നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്

മനുഷ്യനെത്ര ക്രൂരന്‍

മനുഷ്യനെത്ര ക്രൂരന്‍



               തന്‍റെ രണ്ടു ദിവസം മാത്രം പ്രയമുള്ള കുഞ്ഞിനു മുലയൂട്ടുമ്പോഴാണു ആ മാന്‍പേട ഒരു ശബ്ദം കേട്ടത്.
ഉടനെ തലയുയര്‍ത്തി കാതുകള്‍ കൂര്‍പ്പിച്ചു...,

അപകടമെന്ന് മനസ്സിലാക്കിയ മാന്‍പേട താന്‍ പിന്തിരിഞ്ഞോടിയാല്‍ തന്‍റെ കുഞ്ഞിനു ആപത്താണന്ന് മനസ്സിലാക്കി ശബ്ദം കെട്ടിടത്തെക്കോടി......

അതൊരു ഇര തേടി വന്ന സിംഹമായിരുന്നു. സിംഹത്തിന്റെ മുന്നിലെത്തിയ മാന്‍പേട
മറ്റൊരു ദിശയിലേക്ക് കുതിച്ചോടി.ഉടന്‍ തന്നെ സിഹം മാന്‍പേടയെ
പിന്തുടര്‍ന്നു.....

രണ്ടു പേരും കട്ടക്കുകട്ടയായ് കുതിച്ചു . പെട്ടെന്ന് മാന്‍പേട സിഹത്തിനു നേരെ തിരിഞ്ഞു നിന്നു അതുകണ്ട സിഹം അമ്പരന്ന്‍ ഒരു നിമിഷം പകച്ചു നിന്നു....

നിസ്സഹായകന്റെ നേരിടല്‍ ആരേയും ഒരു നിമിഷത്തേക്ക് അമ്പരപ്പിക്കും. മാന്‍ പേട പുഞ്ചിരിച്ച്കൊണ്ട് പറഞ്ഞു ഇനി നിനക്കെന്നെ ഭക്ഷിക്കാം"
അപകടം പതിയിരിപ്പുണ്ടെന്ന് സംശയിച്ച് സിംഹം ചോദിച്ചു
അതന്താ നീഅങ്ങനെപറയുന്നത്...?

ഒന്നുമില്ല, ഞാന്‍ നിന്നെ കണ്ട് ഭയന്ന് ഓടിയതല്ല , മറിച്ച് അവിടെ നിന്ന് നിന്നെ പിന്തിരിപ്പിക്കാന്‍ ഓടിയതാണ്. കാരണം അവിടെ എന്‍റെ പിഞ്ചുകുഞ്ഞും കൂടെപ്പിറപ്പുകളുമുണ്ട്.......,

അവിടെ വെച്ച് നീ എന്നെ കടിച്ച് കീറിയാലും എന്‍റെ മുന്നില്‍ വെച്ച് അവരെ കടിച്ചു കീറായാലും
അതുകണ്ട് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല....,
മരിക്കാന്‍ ഞങ്ങള്‍ക്ക് ഭയമില്ല.
പക്ഷേ , മരണത്തെക്കാള്‍ വേദനയാണ് ഞങ്ങള്‍ക്ക് ആ കാഴ്ച്ച"

ഞാന്‍ നിറഞ്ഞ മനസ്സോടെ പറയുകയാണ് നിനക്കെന്നെ ഭക്ഷിക്കാം.......
ഇവിടെ ഞാനും നീയും മാത്രമേയുള്ളൂ...,

ഒരു നിമിഷം നേരത്തെയായാല്‍ എനിക്ക് അത്രയും സമയത്തെ കാത്തിരിപ്പ് ഒഴിവാക്കാം .

പിന്നെ ഒരു കാര്യംകൂടി ,എനിക്കെരു സഹായം ചെയ്യണം .നീ പോകുന്ന വഴിയില്‍ എന്‍റെ കുഞ്ഞുണ്ടാവും അതിനെ കൂടി നീ ഭക്ഷിക്കണം" അതു പാല് മാത്രേ കുടിക്കൂ ,
അതിനെ പാലൂട്ടാന്‍ ഞാന്‍ ഇല്ലങ്കില്‍ അത് വിശന്ന് ഇഞ്ചിഞ്ചായി മരിക്കും .അതെനിക്ക് സഹിക്കില്ല"

അതുക്കൊണ്ട് നീ അതിനെ ഒരു നിമിഷം നേരം കൊണ്ട് കൊല്ലണം. ഇതെന്‍റെ അവസാനത്തെ അപേക്ഷയാണ്....

ഇതല്ലാം കേട്ട് നിന്ന സിംഹം മനസ്സലിഞ്ഞ്‌ സഹതാപത്തോടെ പറഞ്ഞു ,
ഞാന്‍ നിന്നെ ഭക്ഷിക്കാന്‍ വന്നത് ശരി തന്നെ...
പക്ഷെ ഞങ്ങള്‍ക്കൊരു ശീലമുണ്ട് , വിശക്കുന്നതിനു മുന്‍പേ തന്നെ ഇരതേടും. എങ്കിലെ ഞങ്ങള്‍ക്ക് വിശക്കുമ്പോഴേക്കും ഇര കിട്ടൂ...,

ഇതിപ്പോള്‍ എനിക്ക് വിശക്കുന്നതിന്ന് മുന്‍പു തന്നെ നീ നിന്നു തന്നു. വിശപ്പില്ലാത്ത ഞാന്‍ നിന്നെ എങ്ങനെ ഭക്ഷിക്കാനാണ് എന്നും പറഞ്ഞ് സിംഹം മടങ്ങി.,

മാന്‍പേട ആ സിംഹം പോയിമറയും വരെ ആ വലിയ മനസ്സിനെ നോക്കി നിന്നു.
പെട്ടെന്നാണ് മാനിന്‍റെ ശരീരത്തേക്ക് ഒരു അമ്പു തുളച്ച് കയറിയത്,

വേദന കൊണ്ട് പുളഞ്ഞ മാന്‍പേട അതാരാണെന്ന് നോക്കി..
അതൊരു മനുഷ്യനായിരുന്നു..., അയാളുടെ ചുമലില്‍ നാലു കാലുകളും ബന്ധിച്ചു തന്‍റെ കണ്ണിലേക്ക് നോക്കുന്ന പിഞ്ചുകുഞ്ഞ്"

താന്‍ എന്തൊക്കെ കാണരുതെന്ന് ആഗ്രഹിച്ചോ ,അതല്ലാം കണ്ട മാന്‍പേട പ്രാണന്‍ വെടിയുന്നതിന്ന് മുന്‍പ് കാടിന്നോട് വിളിച്ച് പറഞ്ഞു......,

'' *_ക്രൂരനാം മര്‍ത്യനേ_*
*_മൃഗത്തോടുപമിക്കരുതേ._*,.''
'' *_മൃഗമെത്ര ഭേദം_*
*_മനുഷ്യനെത്ര ക്രൂരന്‍._*.''.

മനുഷ്യ ക്രൂരതക്ക് ഉപമിക്കാന്‍ വാക്കുകളില്ലാതെ ആ മാന്‍പേട യാത്രയായി...... 

Wednesday, August 9, 2017

തുമ്പ

തുമ്പ


        സാധാരണ എല്ലാ പറമ്പുകളിലും കണ്ടുവരുന്ന കുറ്റിച്ചെടിയാണ് തുമ്പ. ഇതിന് വളരെ ഔഷധഗുണമുണ്ട്. ഇതിന്റെ ഇലകളില്‍ സവിശേഷമായ ഒരുതരം ഗ്ലൂക്കസൈഡ് ഉണ്ട്. പൂവില്‍ ആല്‍ക്കലോയ്ഡും സുഗന്ധദ്രവ്യവും അടങ്ങിയിട്ടുണ്ട്. തണ്ട്, ഇല, പൂവ് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്.

തുമ്പച്ചാറില്‍ കാല്‍നുര പൊടിച്ച് ചെറുതേന്‍ കൂട്ടി കവിള്‍ കൊണ്ടാല്‍ പുഴുപ്പല്ല് മാറിക്കിട്ടും.

തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ അല്‍പം പാല്‍ക്കായം ചേര്‍ത്ത് രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ വിരശല്യം മാറും. 

കണ്ണു വേദനക്കും പനിക്കും നല്ലതാണ്. കണ്ണില്‍ മുറിവുണ്ടായാല്‍ തുമ്പനീര് മുറിവില്‍ തളിക്കാം. കഷായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കണ്ണ് വേദനക്ക് മരുന്നായി ഉപയോഗിക്കുന്നു. തുമ്പയുടെ നീര് കണ്ണില്‍ ഒഴിക്കുക.

തുമ്പപ്പൂ കിഴി കെട്ടിയിട്ട് പാല്‍ക്കഞ്ഞിയുണ്ടാക്കി കഴിക്കുക. തുള്ളിപ്പനി മാറും. രാപ്പനി, ടോണ്‍സിലൈറ്റിസ് എന്നിവക്കും മരുന്നായി ഉപയോഗിക്കാം. 

മലശോധനക്കും മലേറിയക്കും, തേള്‍ വിഷത്തിനുള്ള മരുന്നായും ഇതിന്റെ ഇല ഉപയോഗിക്കുന്നു. തേള്‍ കടിച്ച ഭാഗത്ത് തുമ്പയില ചതച്ച് തേച്ചാല്‍ തേള്‍ വിഷം ശമിക്കും. 

പ്രസവാനന്തരം തുമ്പയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാലഞ്ചു ദിവസം കുളിക്കുന്നത് നല്ലതാണ്. 

തുമ്പപ്പൂ വെള്ളത്തുണിയില്‍ കെട്ടി പാലിലിട്ടു തിളപ്പിച്ച് ആ പാല്‍ കുട്ടികള്‍ക്ക് കൊടുത്താല്‍ വിരശല്യം, വയറുവേദന ഇവ ഉണ്ടാകില്ല. 

വിരശല്യത്തിന് തുമ്പനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. കുട്ടികളിലെ വിരശല്യത്തിന് തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചുപിഴിഞ്ഞ് അരിച്ചെടുത്ത നീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. 

ഗര്‍ഭാശയ ശുദ്ധിക്കും, ഗ്യാസ് ട്രബിളിനും നല്ലതാണ് തുമ്പ.

മുദ്ര ലോൺ അറിയേണ്ടതെല്ലാം...

മുദ്ര ലോൺ അറിയേണ്ടതെല്ലാം... 


       അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് സംരംഭങ്ങൾ ആരംഭിക്കുവാൻ വേണ്ടി മോഡി സർക്കാർ ആരംഭിച്ച പത്ത് ലക്ഷം രൂപ വരെ ഈടില്ലാ വായ്പ്പയാണ് മുദ്രാ ലോൺ സ്‌കീം.
ഈ വായ്പ്പാക്കു സ്വത്തോ പണ്ടമോ പണയം വെക്കേണ്ട ആവശ്യമില്ല. സർക്കാർ ആവശ്യപ്പെടുന്ന ഏതാനും ചില നിസ്സാര രേഖകൾ മാത്രം മതി. ഈ രേഖകൾ സമർപ്പിക്കുകയാണെങ്കിൽ മുദ്രാ വായ്പ നമ്മുടെ അവകാശമാണ്.
മുദ്രാ ലോൺ ബാങ്ക് മാനേജരുടെ ഔദാര്യമല്ല.
നിങ്ങൾക്ക് ബോധ്യമാവാത്ത കാര്യം പറഞ് ബാങ്ക് വായ്‌പ്പ നിഷേധിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കാവുന്നതാണ്. ആവശ്യമുള്ള രേഖകളുടെ വിവരം ചുവടെ ചേർക്കുന്നു....

1.) സെല്ഫ് അറ്റസ്റ്റഡ് പ്രൂഫ് ഓഫ് ഐഡന്റിറ്റി = (വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ്,ആധാർ കാർഡ്, പാൻ കാർഡ് പാസ്സ്‌പോർട്ട് തുടങ്ങിയവ)

2.) പ്രൂഫ് ഓഫ് റെസിഡന്റ്‌സ് = ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, നികുതി അടച്ച രസീതി (രണ്ടു മാസത്തിൽ അധികം പഴക്കം ഇല്ലാത്തത്)

3.) എസ് സി/ എസ് ടി/ ഓ ബി സി / മൈനോറിറ്റി യിൽ പെടുന്നുവെങ്കിൽ അത് തെളിയിക്കാൻ ഉള്ള രേഖ.

4.) പ്രൂഫ് ഓഫ് ബിസിനസ്സ് ഐഡന്റിറ്റി = അഡ്രസ് ഓഫ് ബിസിനസ്സ്, ബിസിനസ്സ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പോലുള്ളവ. (ബിസിനസ്സ് തുടങ്ങിയിട്ടില്ലെങ്കിൽ വ്യവസായവകുപ്പിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുക.)

5.) സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട് = ആറു മാസത്തെ ബാങ്ക് പാസ് ബുക്ക് ഫോട്ടോ കോപ്പി.

6.) നിലവിൽ നടന്നു വരുന്ന ബിസിനസ്സ് ആണെങ്കിൽ കഴിഞ്ഞ രണ്ടു വർഷത്തെ ബാലൻസ് ഷീറ്റ്, ഇൻകം ടാക്സ്, സെയിൽസ് ടാക്സ് റിട്ടേൺസ് ഫയൽ ചെയ്ത രേഖകൾ. (ലോൺ രണ്ടു ലക്ഷം രൂപക്ക് മുകളിൽ ആണെങ്കിൽ മാത്രം.)

7.) ഒരു വർഷത്തെ പ്രൊജക്റ്റഡ് ബാലൻസ് ഷീറ്റ്. (ലോൺ രണ്ടു ലക്ഷം രൂപക്ക് മുകളിൽ ആണെങ്കിൽ മാത്രം.)

8.) ഈ സാമ്പത്തീക വർഷത്തെ വിറ്റ് വരവ്. (നിലവിൽ നടന്നു വരുന്ന ബിസിനസ്സ് ആണെങ്കിൽ മാത്രം)

9.) പ്രോജക്ട് റിപ്പോർട്

10.)മെമ്മോറാണ്ടം & ആർട്ടിക്കിൾ of അസോസിയേഷൻ. (പാർട്ട്ണര്ഷിപ്പ് ആണെങ്കിൽ)

11.) അസറ്റ്‌സ് ആന്റ് ലയബിലിറ്റി സർട്ടിഫിക്കറ്റ്, (പാർട്ടണർഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണെങ്കിൽ മാത്രം)

12.) രണ്ടു ഫോട്ടോസ്...
അപ്പോൾ ബിസിനസ്സ് ആരംഭിക്കാൻ ഉള്ള സ്വപ്നങ്ങൾ നെയ്തു തുടങ്ങൂ...
All the best...

ഏതെങ്കിലും ബാങ്ക് മതിയായ രേഖകൾ സമർപ്പിച്ചിട്ടും വായ്പ നിഷേധിക്കുന്നുവെങ്കിൽ പരാതിപ്പെടൂ.
വിലാസം
Director (Information Technology)
Ministry of Finance
Department of Financial Services
Jeevan Deep Building
Parliament Street
New Delhi - 110 001
Telephone No: 011 - 23346874
Email:wim-dfs@nic.in ....

Narendra Modi Office Contact Details

Narendra Modi Office Address : PRIME MINISTER OF INDIA South Block, Raisina Hill, New Delhi-110011, India

Narendra Modi Office Phone Numbers : +91-11-23012312

Narendra Modi Office Fax Numbers : +91-11-23019545,23016857

Narendra Modi Official Website : www.narendramodi.in

Tuesday, August 1, 2017

നമ്മുടെ മനശാസ്ത്രം


നമ്മുടെ മനശാസ്ത്രം


ഒരു കമ്പനി തങ്ങളുടെ
തൊഴിലാളികള്‍ക്കു
വേണ്ടി സംഘടിപ്പിച്ച
ഒരു സെമിനാറാണ്
വേദി.


അവതാരകന്‍
*പത്തു* പേരെ
വോളന്‍റിയര്‍മാരായി സ്റ്റെജിലേക്ക്
ക്ഷണിച്ചു.

*പത്തു* പേരുടെ
കയ്യിലും ഓരോ *ബലൂണു*കള്‍
 നല്‍കി -"
എല്ലാവരും അവരവര്‍ക്കു കിട്ടിയ *ബലൂണ്‍*
 ഊതിവീര്‍പ്പിച്ച
 ശേഷം നന്നായി
 കെട്ടുക."

ശേഷം എല്ലാവര്‍ക്കും ഓരോ *ടൂത്ത് പിക്കു*കള്‍
 നല്‍കപ്പെട്ടു.

"ഇപ്പോള്‍ നിങ്ങളുടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ ടൂത്ത്പിക്കുമുണ്ട്. നിങ്ങളുടെ പക്കല്‍ അഞ്ചു മിനിറ്റ് സമയമുണ്ട്, അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ആരുടെ പക്കലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് - അവരായിരിക്കും വിജയി. ത്രീ, ടു, വണ്‍ - നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു"

അവതാരകന്‍റെ വിസില്‍ മുഴങ്ങിയതും വോളന്‍റിയര്‍മാര്‍ ഓരോരുത്തരും സ്വന്തം ബലൂണുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നില്‍ക്കുന്നയാളിന്‍റെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാനുള്ള ശ്രമം തുടങ്ങി. ബലൂണുകള്‍ പൊട്ടുന്ന ശബ്ദം ഹാളില്‍ മുഴങ്ങിത്തുടങ്ങി. സ്വന്തം ബലൂണ്‍ പൊട്ടിയവര്‍ കൂട്ടം ചേര്‍ന്ന് ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും കുത്തിപ്പൊട്ടിച്ചു. ഒരു മിനിട്ടിനുള്ളില്‍ എല്ലാവരുടെയും കയ്യിലെ ബലൂണുകള്‍ പൊട്ടിത്തീര്‍ന്നു.

"ആരുടെയെങ്കിലും കയ്യില്‍ ബലൂണ്‍ പൊട്ടാതെ അവശേഷിച്ചിട്ടുണ്ടോ ?" പരിശീലകന്‍ ചോദിച്ചു.

" *ഇല്ല"* എല്ലാവരും
 ഒരേസ്വരത്തില്‍
 മറുപടി പറഞ്ഞു.

*"മത്സരം* തുടങ്ങും മുന്‍പ് ഞാനെന്താണ് പറഞ്ഞത് ?" പരിശീലകന്‍ അവരെ നോക്കി ചോദിച്ചു.

"അഞ്ചു മിനിറ്റ് കയ്യിലുള്ള ബലൂണ്‍ പൊട്ടാതെ സൂക്ഷിക്കുന്നവര്‍ വിജയിക്കും" അവര്‍ പറഞ്ഞു.

"മറ്റുള്ളവരുടെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ ?"

"ഇല്ല"

" *നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലേ ?"*

"ഉണ്ടായിരുന്നു"

"എങ്ങനെ ?"

"ആരും പരസ്പരം ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാതിരുന്നെങ്കില്‍"

"അതേ, ആരും ആരുടെയും ബലൂണുകള്‍ കുത്തിപ്പോട്ടിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാമായിരുന്നു."

ഒന്നു നിര്‍ത്തിയശേഷം പരിശീലകന്‍  തുടര്‍ന്നു "വിജയിക്കുവാനായി മറ്റൊരാളെ പരായപ്പെടുത്തണമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. വിജയിക്കുവാനായി മറ്റൊരാള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തണമെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. എന്നിട്ടും നിങ്ങള്‍ പരസ്പരം ബലൂണുകള്‍ പൊട്ടിച്ചു.
നമ്മുടെ മനശാസ്ത്രം
 അങ്ങനെയാണ്. *ജയിക്കണോ, ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കണം.* ആരുടെ കയ്യിലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് അവര്‍ വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരും അവരവരുടെ കയ്യിലെ ടൂത്ത്പിക്കുകള്‍ ഉപയോഗിച്ച് മറ്റേയാളുടെ കയ്യിലെ ബലൂണ്‍ പൊട്ടിച്ചു. ബലൂണ്‍ പൊട്ടിയവര്‍ ഒത്തു ചേര്‍ന്ന് പൊട്ടാത്ത ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ചു. ഇതുതന്നെയല്ലേ സമൂഹത്തില്‍ നടക്കുന്നത്.'' ജോലിസ്ഥലങ്ങളിളിലും, സ്കൂളിലും രാജ്യങ്ങള്‍ക്കിടയിലും നടക്കുന്നത് ?"

"മറ്റുള്ളവരെ പരായപ്പെടുത്തുവാനുള്ള മത്സരത്തില്‍ ആരെങ്കിലും വിജയിക്കുന്നുണ്ടോ ? ഇല്ല, നമ്മളെല്ലാവരും ഒരുമിച്ചു പരാജയപ്പെടുന്നു.
 മറ്റു രാജ്യങ്ങളെ കീഴ്പ്പെടുത്തുവാനുള്ള വ്യഗ്രതയില്‍  ലോകത്തെയൊന്നാകെ പരാജയപ്പെടുത്തുന്നു."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു. "നിങ്ങളെല്ലാവരും ഈയൊരു സത്യം മനസ്സിലാക്കണം -

ഒറ്റയ്ക്ക് നമ്മളൊരു
*തുള്ളി*യാണെങ്കില്‍
ഒരുമിച്ചു ചേരുമ്പോള്‍
നമ്മളൊരു *സമുദ്ര*മാണ് !

ഒറ്റക്ക് നമ്മളൊരു
ദുര്‍ബലമായ *നൂലാ*ണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മള്‍ മനോഹരമായൊരു *പരവതാനി*യാണ് !

ഒറ്റക്ക് നമ്മളൊരു
*കടലാസാ*ണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു *പുസ്തക*മാണ് !

ഒറ്റക്ക് നമ്മളൊരു
 *കല്ലാ*ണെങ്കില്‍, ഒരുമിച്ചു
 ചേരുമ്പോള്‍ നമ്മളീ
 *ഭൂമി*യാണ് !


പരസ്പരം
*തോല്‍പ്പിക്കാന്‍*
ശ്രമിക്കാതെ ഒറ്റക്കെട്ടായി
നിന്നാല്‍
നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു *വിജയിക്കാം !!"*

സദസ്സ് ഒന്നടങ്കം ഹര്‍ഷാരവം മുഴക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി.
________
Related Posts Plugin for WordPress, Blogger...