ചില സ്വാതന്ത്ര്യ ദിന ചിന്തകൾ.
സാധാരണ എല്ലാ വർഷവും കാണുന്നതാണങ്കിലും ഇന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. കേരളത്തിലെ എല്ലാ അങ്ങാടികളുടെ നടുവിലും മുട്ടിന് മുട്ടിന് ദേശീയ പതാക ഉയർത്തുന്നു.പല പല സംഘടനകളുടെ പേരിൽ .പല പല രാഷ്ട്രീയ കാഴ്‌ചപ്പാടുകളുടെ പേരിൽ .അപ്പോൾ എന്നിൽ വന്ന ഒരു ചിന്ത പങ്കുവയ്ക്കണമെന്ന് തോന്നി.നാടിന്റെ സ്വാതന്ത്ര്യ ദിനമാണ് ആലോഷിക്കുന്നത്. അതിൽ പോലും ഒരു അങ്ങാടിയിൽ ഉള്ളവർ തമ്മിൽ ഐക്യമില്ല. പിന്നെ നമ്മുടെ നാട് എങ്ങനെ നന്നാകും.ഇന്ത്യാക്കാരന്റെ ഐക്യത്തിന്റെ ഭാഗമായാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് എന്ന് ചിന്തിക്കുവാനുള്ള വിവേകം പോലും നമ്മൾ ഇന്ത്യാക്കാർക്ക് ഇല്ലാതായിരിക്കുന്നു. യഥാർത്ഥത്തിൽ ഒരു അങ്ങാടിയിൽ / ഒരു പ്രദേശത്ത് താമസിക്കുന്നവർ ഒത്ത് ചേർന്ന് ഒരുമയോടെ നടത്തേണ്ട ഒരു ചടങ്ങല്ലേ ഈ ദേശീയപതാക ഉയർത്തലും രാജ്യം നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമ്മയിൽ പങ്ക് ചേർന്ന് അത് ഒരു ആഘോഷമാക്കലും.എല്ലാവരും ഒന്ന് ചിന്തിക്കുക. നമ്മൾ ഈ നടത്തുന്ന പേ കൂത്തിനെ സ്വാതന്ത്ര്യ ദിനാഘോഷം എന്ന് വിളിക്കാൻ പറ്റുമോ എന്ന്. വരും വർഷങ്ങളിലെങ്കിലും നമുക്ക് ഒരു മാറ്റം വേണ്ടേ. പതാക ഉയർത്തി സന്ദേശം നൽകാൻ 'പൊതു സമ്മതനായ ഒരു വ്യക്തിയെ ഒരു നാട്ടിൽ കണ്ടു കിട്ടുകയില്ലേ. വേണ്ട ഓരോ നാടിനേയും ഒരുമയിൽ നിർത്താൻ കഴിവുള്ള ഒരു അധ്യാപകനെ പോലും ഒരു നാട്ടിൽ കിട്ടില്ല എന്നാണോ. എങ്കിൽ പ്രിയ അധ്യാപകരേ നമ്മൾ ലജ്ജിച്ച് തല താഴ്ത്തേണ്ടിയിരിക്കുന്നു .നമ്മൾ പഠിപ്പിച്ച് വിടുന്ന അറിവ് പകർന്ന് നൽകി വിടുന്ന കുട്ടികളാണ് നാളത്തേ പൗരൻമാർ. കാലങ്ങളോളം സ്കൂളുകളിൽ പഠിപ്പിച്ച് പെൻഷൻ പറ്റിയവരും പെൻഷൻ പറ്റാൻ പോകുന്നവരുമായ അധ്യാപകർ ധാരാളമുള്ള നാടാണ് കേരളം.അവർ പഠിപ്പിച്ച കുട്ടികളാണ് മഹത്തായ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ പോലും ഒരുമയോടെ ഒരു പതാക ഒരു പ്രദേശത്ത് ഉയർത്തി തങ്ങളുടെ ഗുരുവിന്റെ കീഴിലെങ്കിലും നാടിന്റെ ഐക്യം കാത്തു സൂക്ഷിക്കുവാൻ പരാജയപ്പെടുന്നത്. ഇത്രമേൽ ലജ്ജാകരമായി മറ്റെന്തുണ്ട് നമ്മൾ അധ്യാപക ലോകത്തിന് .നാടിന് വേണ്ടി നല്ല പൗരൻമാരെ വാർത്തെടുക്കേണ്ട കടമയുള്ളവരാണ് നമ്മൾ അധ്യാപകർ. ഒരു ശിഷ്യനും അറിവ് പകർന്നു നൽകിയ ഗുരുവിന് മുകളിലല്ല .ശിഷ്യൻ എത്ര ഉന്നത സ്ഥാനം അലങ്കരിച്ചാലും അതിന് മാറ്റവും ഇല്ല. എന്നിട്ടുപോലും ഈ ആഘോഷവേളയിൽ പോലും നാടിനെ ഒരുമിപ്പിച്ച് നിർത്തുവാൻ അവരെ പഠിപ്പിച്ച ഗുരുക്കൻമാർ പരാജയപ്പെടുന്നു.പിന്നെ എന്താണ് നമ്മൾ അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. നമ്മൾ ഓരോ അധ്യാപകരും ചിന്തിക്കുക .നമ്മൾ പഠിപ്പിക്കുന്ന കുട്ടികൾ എങ്കിലും നാളെ ഒത്തൊരുമരോടെ ജീവിക്കട്ടെ.ചുരുങ്ങിയ പക്ഷം ഇത്തരം ദേശീയ ആഘോഷവേളകളിലെങ്കിലും.രാജ്യത്തിന്റെ ഐക്യവും പുരോഗതിയുമായിരിക്കട്ടെ നമ്മൾ അധ്യാപകരുടെ മുഖമുദ്ര. നമ്മൾ അധ്യാപകർ നമ്മുടെ കടമയിൽ പരാജയപ്പെട്ടാൽ നാട് നശിച്ച് പോകും.
ലൈജു .
No comments:
Post a Comment