Friday, September 5, 2014

കടലപ്രഥമൻ


കടലപ്രഥമൻ 
ചേരുവകൾ
കടലപ്പരിപ്പ്   150 ഗ്രാം
ശർക്കര    300 ഗ്രാം
തേങ്ങാപ്പാല് (ഒന്നാം പാല്) ഒരു കപ്പ്
(രണ്ടാം പാല്)   മൂന്നു കപ്പ്
(നേർത്ത മൂന്നാം പാല് )  രണ്ട് കപ്പ്
ഏലക്കപ്പൊടി   സ്വാദിന്
ചുക്കുപൊടി   ഒരുനുള്ള്
ചൗവ്വരി (കുതിർത്തത് )
തേങ്ങാക്കൊത്ത് (ചെറുതായി നുറുക്കിയത്)  ഒരു ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് (പൊട്ടിച്ചത്)  രണ്ട് ടേബിൾ സ്പൂൺ
നെയ്യ്  രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം: കടലപ്പരിപ്പ് വേവിച്ച് മിക്സിയിൽ അടിച്ചെടുക്കുക. ശർക്കര കുറച്ച് വെള്ളമൊഴിച്ച് പാനിയാക്കി അരിച്ചെടുത്ത് കടലപ്പരിപ്പും ചേർത്ത് ഒന്നര സ്പൂൺ നെയ്യും ഒഴിച്ച് വരട്ടുക. ഇതിലേക്ക് കുതിർത്ത ചൗവ്വരിയും മൂന്നാം പാലും ഒഴിച്ച് തിളപ്പിക്കുക. രണ്ടാം പാലിൽ ഏലക്കാപ്പൊടിയും ചുക്കുപൊടിയും കലക്കി ഒഴിച്ച് പായസം തിളച്ച് പാകമാകുമ്പോൾ വാങ്ങി ഒന്നാം പാല് ഒഴിക്കുക. തേങ്ങാക്കൊത്ത് അണ്ടിപ്പരിപ്പും നെയ്യിൽ വറുത്തിടുക.

അമ്മ പറഞ്ഞ നുണകള്‍...

അമ്മ പറഞ്ഞ നുണകള്‍...

1) ദാരിദ്ര്യം... നിറഞ്ഞുനിന്നിരുന്ന ആ വീട്ടില്‍ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ മകന്‍റെ പാത്രത്തിലേക്ക് തന്‍റെ പങ്കുകൂടി അമ്മ ഇട്ടുകൊടുക്കുമായിരുന്നു. അമ്മക്ക് വേണ്ടേ എന്ന മകന്‍റെ ചോദ്യത്തിന് എനിക്കു വിശപ്പില്ലെന്നായിരുന്നു അമ്മയുടെ സ്ഥിരമായ മറുപടി.
2) വളരെ അപൂര്‍വമായിട്ടായിരുന്നു വീട്ടില്‍ മീന്‍ വാങ്ങിയിരുന്നത്.കഷണങ്ങള്‍ മകന് നല്‍കിയിട്ട് മുള്ളുകള്‍ മാത്രമായിരുന്നു അമ്മ കഴിച്ചിരുന്നത്.മീന്‍ കഷണങ്ങള്‍ ഇഷ്ട്ടമല്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.....
3) മകന്‍റെ പഠനത്തിനായി അടുത്തുള്ള തീപ്പട്ടികംബനിയില്‍ അമ്മ ജോലിക്ക് പോയിരുന്നു. ഫാക്ടരിയില്‍നിന്നും സാധനങ്ങള്‍ കൊണ്ടുവന്നു രാത്രികളില്‍ വീട്ടിലിരുന്നും അമ്മ ജോലി ചെയ്യുമായിരുന്നു.ഒരു തണുപ്പുള്ള രാത്രിയില്‍ മകന്‍ ഉറക്കം തെളിഞ്ഞപ്പോള്‍ ജോലി ചെയ്യുന്ന അമ്മയെ ആണ് കണ്ടതു , അമ്മ എന്താണു കിടക്കാത്തതെന്നുള്ള ചൊദ്യത്തിനു ഉറക്കം വരുന്നില്ലെന്നായിരുന്നു ഉത്തരം.
4)പിതാവിന്‍റെ പെട്ടന്നുള്ള മരണം അമ്മയുടെയും മകന്‍റെയും ജീവിതം കൂടുതല്‍ ദുഷ്കരമാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് നഷ്ട്ടമായതുകൊണ്ട് വിവാഹം വേണ്ടാ എന്നാണ് അമ്മ എല്ലാവരോടും പറഞ്ഞതു...
5) മകന്‍ പത്താം ക്ലാസ് പരീക്ഷക്കായി അര്‍ദ്ധരാത്രി വരെ പഠിക്കുമ്പോള്‍ അമ്മയും അവനോടൊപ്പം ഉറങ്ങാതിരിക്കുമായിരുന്നു.രാത്രിയില്‍ മകനു ചായ കൊടുക്കുമ്പോള്‍ അമ്മ എന്താണ് ചായ കുടിക്കാത്തതെന്നു ചോദിക്കുമ്പോള്‍ രാത്രിയില്‍ ചായ ഇഷ്ട്ടമല്ലെന്നയിരുന്നു മറുപടി.
6) കോളേജ് വിദ്യാഭ്യാസത്തിനായി മകന്‍ പട്ടണത്തിലേക്കാണ് പോയത്.പഠനത്തോടൊപ്പം ഒരു ജോലിയും അവനു ലഭിച്ചു. അമ്മയുടെ കഷ്ട്ടപാടുകളെകുറിച്ചു ബോധ്യമുണ്ടായിരുന്നതുകൊണ്ട് അവന്‍ ചിലവുകള്‍ ചുരുക്കി ചെറിയൊരു തുക അമ്മക്കയച്ചുകൊടുത്തു .എനിക്കിപ്പോള്‍ പണത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല,ഭക്ഷണ കാര്യങ്ങളില്‍ നീ കൂടുതല്‍ ശ്രദ്ധിക്കണമെന്നുള്ള കുറിപ്പോടെ അമ്മ ആ പണം തിരിച്ചയച്ചു.
7) വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍തന്നെ അവനു വിദേശത്തു ജോലി ലഭിച്ചു. അമ്മയെ കൂടി കൊണ്ടുപോവാനായിരുന്നു മകന്‍റെ പദ്ധതി.പക്ഷേ,ഉയര്‍ന്ന നിലയിലോന്നും ജീവിക്കാന്‍ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു അമ്മ പോകാന്‍ തയ്യാറായില്ല ( താന്‍കൂടി ചെന്നാല്‍ വിദേശത്തെ ചെലവ് താങ്ങാന്‍ മകനു കഴിയില്ലെന്നു അമ്മക് അറിയാമായിരുന്നു).
അമ്മക്ക് കാന്‍സര്‍ ആണെന്നുള്ള വിവരമറിഞ്ഞാണ് മകന്‍ നാട്ടിലേക്കു വന്നത്‌ .പാതി മറഞ്ഞ ബോധാത്തിനിടയിലും ആശുപത്രിയിലെ കിടക്കയില്‍വെച്ചു മകനെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു തീരെ വേദനയില്ലെന്നു.പിറ്റേ ദിവസം അമ്മ മരിക്കുകയും ചെയ്തു..
അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും അറിയുന്നു .എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്
ഒരുനിമിഷം തന്റെ അമ്മ തനിക്കുവേണ്ടി സഹിച്ചിട്ടുള്ള കഴ്ട്ടപ്പാടുകള്‍ ഓര്‍ത്തു നോക്കു. അപ്പോള്‍ അറിയാം ... എല്ലാതിനെക്കളും ഏതിനെക്കളും ശ്രേഷ്ഠം മാതാവു തന്നെ .........
(ഇവിടെ ഒരിക്കലും പിതാവിന്റെ കഷ്ട്ടപ്പാട് മറക്കുന്നില്ല )
മാതാ, പിതാ, ഗുരു, ദൈവം...  

Saturday, August 9, 2014

കുളച്ചൽ യുദ്ധം



ചരിത്രത്തിൽ aug10 (കുളച്ചൽ യുദ്ധം )


                                       1741 ൽ ഇതേ ദിവസമാണ് കുളച്ചൽ യുദ്ധം നടന്നത്. തിരുവിതാംകൂർ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്തിയ യുദ്ധമായിരുന്നു ഇത്. മാർത്താണ്ഡ വർമ്മയെ ആക്രമിക്കാൻ കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം ഡച്ച് പടയാളികളെത്തി. മാർത്താണ്ഡവർമ്മ സേനയുമായി ഇവരെ നേരിട്ടു. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ഡച്ചു കപ്പിത്താൻ ഡെ ലനോയ് ഉൾപ്പെടെയുള്ള ഡച്ച് പടയാളികൾ പിടിയിലായി. യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് യുദ്ധം വഴിതെളിച്ചു. ഇന്ത്യയിൽ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു.

Sunday, March 9, 2014

അസോള

 അസോള 

കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും ദിവസംതോറും വില കൂടിവരുന്നു. ഗുണമുള്ള ജൈവവളം പണംകൊടുത്താല്‍പോലും കിട്ടാനില്ല. ഇതിനു പരിഹാരം കാണാന്‍ ഒരു പന്നല്‍ചെടിക്കു കഴിയുമെങ്കിലോ! അത്ഭുതസസ്യമെന്നു വിശേഷിപ്പിക്കാവുന്ന അസോള നമുക്കു ലഭിച്ച വരദാനംതന്നെയാണ്. ഇലകളുടെ അടിയില്‍ ചെറിയ അറകളിലായി കാണുന്ന നീലഹരിത പായലുകളുടെ സഹവര്‍ത്തിത്വംവഴി അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്യാന്‍ അസോള എന്ന പന്നല്‍ചെടിക്കു കഴിയുന്നു. അതുകൊണ്ടുതന്നെ മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ധിപ്പിക്കുന്ന നല്ലൊരു ജൈവവളമായും പോഷകഗുണങ്ങളുള്ള തീറ്റയായും അസോള ഉപയോഗപ്പെടുത്താം.

അസോള പ്രയോഗിക്കുന്നതിലൂടെ മണ്ണിന്റെ ഘടന മെച്ചപ്പെടുകയും ജലസംഗ്രഹണശേഷി കൂടുകയും ചെയ്യുമെന്നത് കര്‍ഷകരുടെ അനുഭവം. ബയോഗ്യാസ് ഉല്‍പ്പാദനത്തിനും അസോള ഉപയോഗിക്കാം. 35 ശതമാനംവരെ പ്രോട്ടീനും 15 ശതമാനംവരെ ധാതുക്കളും 10 ശതമാനംവരെ അമിനോ അമ്ലങ്ങളും അടങ്ങിയ അസോളയില്‍ കാത്സ്യവും നൈട്രജനും പൊട്ടാഷും ധാരാളമായി അടങ്ങിയിരിക്കുന്നു. അസോള കൃഷിചെയ്യുമ്പോള്‍ ഭാഗികമായി തണലുള്ള സ്ഥലം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു മീറ്റര്‍ നീളവും വീതിയും ഒരടി താഴ്ചയുമുള്ള കുഴിയെടുക്കുന്നതാണ് ആദ്യഘട്ടം. തറ അടിച്ചൊതുക്കി നിരപ്പാക്കി സില്‍പോളിന്‍ ഷീറ്റ് വിരിക്കാം. ചുറ്റും കല്ലുകള്‍ നിരത്തിവച്ചാല്‍ അസോളകൃഷിക്കുളം തയ്യാര്‍. ഇതില്‍ അരിച്ചെടുത്ത 10 മുതല്‍ 15 കിലോഗ്രാം വളക്കൂറുള്ള മണ്ണു വിതറാം. 10 ലിറ്റര്‍ വെള്ളത്തില്‍ രണ്ടുകിലോഗ്രാം ചാണകവും 30 ഗ്രാം റോക്ക്ഫോസ്ഫേറ്റും കൂട്ടിച്ചേര്‍ത്ത് തടത്തില്‍ ഒഴിച്ചുകൊടുക്കണം. ഇനി അസോളയുടെ ഊഴമാണ്. ഇത്രയും വലുപ്പമുള്ള കുഴിയില്‍ ഒരുകിലോ അസോള ചേര്‍ത്തുകൊടുക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ അസോള തടംമുഴുവന്‍ വ്യാപിക്കും. ആഴ്ചതോറും ഒരുകിലോഗ്രാം ചാണകവും 20 ഗ്രാം ഫോസ്ഫറസ് വളവും ചേര്‍ത്തുകൊടുക്കാന്‍ ശ്രദ്ധിക്കണം. വളം അധികമായാലും കുറഞ്ഞാലും ഉല്‍പ്പാദനത്തെ ബാധിക്കും. ഇത്തരം തടത്തില്‍നിന്ന് ദിവസവും അരക്കിലോഗ്രാം അസോള ലഭിക്കും.

പ്രതികൂല സാഹചര്യങ്ങളില്‍ അസോളതടം പെട്ടെന്ന് ഉണങ്ങിപ്പോകും. ഇങ്ങനെയുള്ള തടങ്ങളില്‍ സില്‍പോളിന്‍ ഷീറ്റിലെ മണ്ണുമാറ്റി വൃത്തിയാക്കി അസോള കൃഷിചെയ്യാന്‍ തുടങ്ങണം. 10 ദിവസത്തിലൊരിക്കല്‍ കാല്‍ഭാഗത്തോളം വെള്ളം മാറ്റി പുതിയ വെള്ളം നിറയ്ക്കാനും ഓരോ മാസവും അഞ്ചു കിലോയോളം മണ്ണു മാറ്റി പുതിയ മണ്ണ് നിറയ്ക്കാനും ശ്രദ്ധിച്ചാല്‍ അസോള നിര്‍ബാധം ലഭിക്കും. അസോളടാങ്കിന് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ്കൊണ്ട് കൂടാരം തീര്‍ക്കുകയാണെങ്കില്‍ അസോളകൃഷി വന്‍ വിജയമായിത്തീരുമെന്ന് അടുത്തകാലത്ത് നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചു. രണ്ടുകിലോഗ്രാം അസോള കാലിത്തീറ്റയുമായി ചേര്‍ത്ത് ദിവസവും കൊടുക്കുമ്പോള്‍ പാലുല്‍പ്പാദനം 15 ശതമാനംവരെ കൂടും. പാലിന്റെ ഉല്‍പ്പാദനം മാത്രമല്ല, ഗുണമേന്മ വര്‍ധിപ്പിക്കാനും അസോളപോലെ മറ്റൊരു തീറ്റയില്ല.

Saturday, March 8, 2014

നോൺസ്‌റ്റിക് പാത്രങ്ങൾ മാരകരോഗങ്ങൾക്ക് കാരണമാകും

  നോൺസ്‌റ്റിക് പാത്രങ്ങൾ മാരകരോഗങ്ങൾക്ക് കാരണമാകും


നോൺസ്‌റ്റിക് പാത്രങ്ങൾ മാരകരോഗങ്ങൾക്ക് കാരണമാകും എന്ന് പഠനങ്ങൾ. നോൺസ്‌റ്റികിൽ ഉപയോഗിച്ചിരിക്കുന്ന ടെഫ്‌ളോൺ കോട്ടിംഗ് ആണ് ആഹാരസാധനങ്ങൾ ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കുന്നത്. ടെഫ്ളോൺ നിർമ്മിക്കുന്നത് പെർഫ്ളൂറോ ഒക്ടോനോയിക് ആസിഡ് എന്ന രാസവസ്‌തു ഉപയോഗിച്ചാണ്. ഇത് കാൻസറിന് കാരണമാകുമത്രേ. നോൺസ്‌റ്റിക് പാനിൽ പോറൽവീഴാതെ ശ്രദ്ധിക്കുകയാണ് അപകടം ഒഴിവാക്കാൻ പ്രാഥമികമായി ചെയ്യേണ്ടത്. തടി കൊണ്ടുള്ള സ്‌പൂൺ തന്നെ ഉപയോഗിക്കുക. അലൂമിനിയം സ്‌ക്രബിന് പകരം സ്‌പോഞ്ച് ഉപയോഗിച്ച് കഴുകുകയും വേണം. അമിതമായി ചൂടാക്കാതെയും ശ്രദ്ധിക്കാം. കഴിവതും ഇക്കോ ഫ്രണ്ട്ലി പാനുകൾ വാങ്ങുക

മാതളം

മാതളം 

                                  മാതളം അൽപ്പം വില കൂടുതലുള്ള ഫലമാണ്. എന്നാൽ അതിലും ആയിരം ഇരട്ടി വിലയാണ് അതിന്റെ ഔഷധഗുണത്തിനെന്നറിയുക. ഹൃദയത്തിന്റെ ഉത്തമസുഹൃത്താണ് മാതളം. ഹൃദയസംബന്‌ധമായ വേദനകൾ അകറ്റാൻ സഹായകരമായ മാതളം രക്‌തധമനികളിൽ കൊളസ്‌ട്രോൾ അടിയുന്ന അവസ്‌ഥ തൊണ്ണൂറ് ശതമാനം വരെ കുറയ്‌ക്കുന്നതായി ഇസ്രായേലിൽ അടുത്തിടെ നടന്ന പഠനങ്ങൾ തെളിയിക്കുന്നു. പുരാതന ആയുർവേദ ആചാര്യന്മാർ മാതളത്തിന്റെ സവിശേഷ ഗുണങ്ങൾ ആയിരക്കണക്കിന് വർഷം മുൻപേ തിരിച്ചറിഞ്ഞിരുന്നു. മാതളത്തിന് ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞതും അവരാണ്. മാതളമൊട്ട് അരച്ച് തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമയും കഫവും ശമിപ്പിക്കാൻ ഫലപ്രദമാണ്

Saturday, February 22, 2014

ക്വിസ്,

ക്വിസ്
കേസരി പത്രത്തിന്റെ സ്ഥാപകൻ?
2.
ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ട്?
3.
ഇന്ത്യയിൽ (കൊച്ചി രാജ്യത്ത്) അവിശ്വാസ പ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?
4.
രാജാ കേശവദാസ് തിരുവിതാംകൂർ ദിവാനായത് ഏത് വർഷത്തിൽ?
5.
ഇടുക്കി ജില്ലയുടെ ആസ്ഥാനം?
6.
രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി?
7.
മലയാളമനോരമ പത്രം പ്രസിദ്ധീകരണമാരംഭിച്ചത് ഏത് വർഷത്തിൽ?
8.
ഇന്തോ-നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് നടപ്പാക്കിയ സ്ഥലം?
9.
തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ?
10.
ഇന്ദുലേഖ രചിച്ചതാര്?


ഉത്തരങ്ങൾ
(1)
ബാലകൃഷ്ണപിള്ള (2) ബാണാസുരസാഗർ (3) ഡോ. എ.ആർ. മേനോൻ (4) എ.ഡി 1789 (5) പൈനാവ് (6) എം.എം. ജേക്കബ് (7) എ.ഡി 1890 (8) നീണ്ടകര (9) കൊല്ലം-തിരുനെൽവേലി (1904) (10) ഒ. ചന്തുമേനോൻ

Saturday, January 18, 2014

ഇടുക്കി ഡാമിന്‍റെ ചരിത്രം

ഇടുക്കി ഡാമിന്‍റെ  ചരിത്രം

                             ഏഷ്യയിലെതന്നെ ഏറ്റവും വലിയ കമാന അണക്കെട്ട് നിര്‍മ്മാണത്തിന് അനിയോജ്യമായ സ്ഥലം കാട്ടികൊടുത്തകരുവെള്ളയാന്‍ കൊലുമ്പനെന്ന ആദിവാസി മൂപ്പനെ മലായാളികള്‍ മറന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആദിരിക്കാന്‍ മറന്നുപോയവര്‍ മരണശേഷവും അത് തുടരുന്നു. എന്നാല്‍ മലയോരനിവാസികളുടെ മനസില്‍ ഇപ്പോഴും ഒരുവീരനായകന്റെ പരിവേഷമാണ് അദ്ദേഹത്തിന്.
ആദിവാസി - ഗോത്രവിഭാഗത്തിലെ ഊരാളി സമുദായത്തിന്റെ മുടിചൂടാമന്നനും മൂപ്പനുമായിരുന്നു കൊലുമ്പന്‍. ഊരാളി സമുദായത്തിലെ പഴയ തലമുറ ഐതീഹ്യകഥയിലെ നായകനെപ്പോലെയാണ് കൊലുമ്പനെ കണ്ടിരുന്നതും ആരാധിച്ചിരുന്നതും.

                                         ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കൊടുംവനമായിരുന്ന ചെമ്പകശേരി നരിക്കാട്ട് എന്ന സ്ഥലത്തായിരുന്നു കൊലുമ്പനും കൂട്ടാളികളും കുടിപാര്‍ത്തിരുന്നത്.

                                        അഞ്ചടി ഉയരം, കറുപ്പനിറം, ചെമ്പിച്ച നീണ്ട താടി, ജഡപിടിച്ച നീണ്ട മുടി, മുട്ടിനൊപ്പം വരുന്ന ഒറ്റമുണ്ട്. കയ്യില്‍ ആറടി നീളമുള്ള ബലവത്തായ ഒരു വടി. ആരെയും കൂസാത്ത ഭാവം. നടുനിവര്‍ത്തി മൂക്ക് വിടര്‍ത്തിയുള്ള നടപ്പ്. ഇതായിരുന്നു കൊലുമ്പന്‍.
കാടിന്റെ ഓരോ മുക്കും മൂലയും കാണാപ്പാഠമായിരുന്ന കൊലുമ്പന്‍ വനത്തിനുള്ളിലെ നേരിയ ചലനങ്ങള്‍പോലും ശ്രദ്ധിക്കുമായിരുന്നു. കൊലുമ്പനെ കണ്ടാല്‍ കടുവയും കാട്ടനയും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ വഴിമാറി കൊടുക്കുമെന്ന് സഹോദരനായ മാണിക്യന്‍ ചന്ദ്രികയോട് പറഞ്ഞു.

                                                      കടുവ ആഹാരത്തിനായി കൊല്ലുന്ന മൃഗങ്ങളുടെ ജഡത്തിന് കാവല്‍നില്‍ക്കുന്നത് പതിവാണ്. കൊലുമ്പനെ കണ്ടാല്‍ പേടിച്ചരണ്ട പെരുച്ചാഴിയെപ്പോലെ കടുവ സ്ഥവിടുമെന്നുള്‍പ്പെടെ കൊലമ്പനെകുറിച്ച് നിറമ്പിടിപ്പിച്ച നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്.

                                               വിദഗ്ധ കാട്ടുവൈദ്യന്‍ കൂടിയായിരുന്ന കൊലുമ്പന്റെ കയ്യില്‍ ഏതു കൊടിയ വിഷത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഫലപ്രദമായ മരുന്നുണ്ടായിരുന്നു. ഒരിക്കല്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കുടല്‍ പുറത്തുവന്ന കുടിയിലെ ഒരു യുവാവിന്റെ മറിഞ്ഞ വയറില്‍ അമൂല്യങ്ങളായ പച്ചമരുന്നുകള്‍ കണ്ടെത്തി അരച്ച് വച്ചുകെട്ടി ഒരുമാസം വിശ്രമിക്കാന്‍ നിര്‍ദേശംനല്‍കി.

                                         ഒടുവില്‍ മുറിവിലെ കെട്ടഴിച്ചപ്പോള്‍ മുറിവ് പൂര്‍ണമായി കരിഞ്ഞുണങ്ങി.
ആദ്യകാലങ്ങളില്‍ കൊലുമ്പന്റെയും കുടിയിലുള്ളവരുടെയും ആഹാരം കിഴങ്ങുവര്‍ഗങ്ങളും പൊടിവിതച്ച് കൊയ്‌തെടുക്കുന്ന നെല്ലരിയുമായിരുന്നു.പകല്‍ താഴെ മറച്ച ഈറ്റക്കുടിലില്‍ ആഹാരം പാകംചെയ്യുന്ന ഇവരുടെ രാത്രികാല ഉറക്കം മരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടങ്ങളിലായിരുന്നു.രണ്ടുപ്രാവശ്യം വിവാഹിതനായ കൊലുമ്പന്റെ ആദ്യഭാര്യ മരിച്ചതിനുശേഷമായിരുന്നു രണ്ടാം വിവാഹം. ആദ്യവിവാഹത്തില്‍ ഉണ്ടായ മക്കളായ രാമനും തേവനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 1971-ലാണ് കൊലുമ്പന്‍ ഇഹലോകവാസം വെടിഞ്ഞത്.

ഇടുക്കി ഡാമിന്റെ ചരിത്രം

                                               ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.
                                            1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.1969 ഏപ്രില്‍ 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.
IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽപ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്

                                  1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നാടിനു സമര്‍പ്പിച്ചു.
 കടപ്പാട്

Saturday, January 11, 2014

നുറുങ്ങ് ഗൃഹവൈദ്യ വിദ്യകള്‍

നുറുങ്ങ് ഗൃഹവൈദ്യ വിദ്യകള്‍

വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത് ഇത്തരം അറിവുകൾ വളരെ കുറവാണ്. അൽപ്പം ഗൃഹവൈദ്യമറിഞ്ഞാൽ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ.

പ്രമേഹത്തിന് മഞ്ഞൾ
പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. നല്ലൊരു ഔഷധം കൂടിയാണ് ഈ സുന്ദരി. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ നല്ലൊരു അണുനാശകമാണ്. എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി. അതേ പോലെ പേടിപ്പിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞൾ കൊണ്ടൊരു വിദ്യയുണ്ട്. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്‌ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി.

ക്ഷീണം മാറാൻ ഇളനീർ
എളുപ്പത്തിൽ ക്ഷീണം മാറ്റുന്നതിനുള്ള ഉപായമാണ് ഇളനീർ. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യു ന്ന ഇളനീർ മൂത്ര തടസം മാറ്റും. സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽ അതിസാരം പോലുള്ള അസുഖങ്ങളിൽ ഉണ്ടാകുന്ന ജലാംശ നഷ്ടത്തിന് ഇളനീർ ഉപകാരപ്പെടും. പൂർണമായും രോഗാണുമുക്തമായ ഇളനീരിനുള്ളിലെ കാമ്പ് കഴിക്കാതെ കളയരുത്. പോഷകാംശങ്ങൾ ധാരാളമുള്ള ഈ ഭാഗം ശരീരത്തെ തണുപ്പിക്കുന്നതും മൂത്രതടസം മാറ്റും. കരിക്കിൻ വെള്ളം പിത്തത്തെയും വാതത്തെയും ശമിപ്പിക്കും.

തിളക്കത്തിന് നേന്ത്രപ്പഴം
ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.

അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും.

ചുമയെങ്കിൽ ഇഞ്ചി
ഇഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങാ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്ത സംബന്ധിയായ രോഗങ്ങൾ ശമിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്‌പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കച്ചുമ ഭേദമാകും. ഇഞ്ചി അച്ചാറിട്ട് ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്. കുരുമുളകു സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഓരോ സ്‌പൂൺ ഇഞ്ചിച്ചാറിൽ കഴിച്ചാൽ നല്ല ദഹന വും വിശപ്പുമു ണ്ടാകും.

മുലപ്പാലിന് ജീരകം
പ്രസവിച്ച സ്ത്രീകൾ നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിച്ചാൽ മുലപ്പാൽ കൂടും. നന്നാറിയും കൊത്തമ്പാലയരിയും ജീരകവും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം കുറയും. തേൾ വിഷമേറ്റാൽ ജീരകം പൊടിച്ച് തേനും വെണ്ണയും ചേർത്ത് ലേപനം ചെയ്യണം. ഗർഭിണികളിലെ ഛർദ്ദിക്ക് ജീരകം ചെറുനാരങ്ങാ നീര് ചേർത്ത് നൽകിയാൽ മതി. ജരകം ചതച്ചു തുണിയിൽ കെട്ടി മണപ്പിച്ചാൽ മൂക്കടപ്പ്, തുമ്മൽ എന്നിവ മാറും. വായയിലെ ദുർഗന്ധം മാറ്റാനും ജീരകം ചവച്ചാൽ മതി.

വേദനയ്‌ക്ക് വെളുത്തുള്ളി
വെളുത്തുള്ളി ചതച്ചിട്ട് എണ്ണ മൂപ്പിച്ച് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും. കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി. ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്.

നീരിന് ഗോതമ്പ്
വിനാഗിരിയിൽ ഗോതമ്പ് പൊടി ചേർത്ത് കുറുക്കി തണുക്കുമ്പോൾ മുഖത്ത് തേച്ചുപിടിപ്പിച്ചാൽ ചർമ്മത്തിന്റെ മൃദുലതയും തിളക്കവും കൂടും. നീർമരുതിൻ വേരും ചെടിയും ഗോതമ്പുപൊടിയും ചേർത്ത് പാലിൽ കാച്ചി കഴിച്ചാൽ ഹൃദ്രോഗത്തിന് നല്ലതാണ്. ഗോതമ്പ് തവിട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ത്വക്‌രോഗങ്ങളെ നിയന്ത്രിക്കും. ഗോതമ്പ് വറുത്തുപൊടിച്ച് പാലിൽ ചേർത്തു നൽകിയാൽ കുഞ്ഞുങ്ങളിലെ വയറിളക്കം കുറയും. ഗോതമ്പ് പൊടിയുംഉണ്ടും മഞ്ഞളും ചേർത്ത് കിഴി കെട്ടി ചൂടു വച്ചാൽ നീരു കുറയും.

വിരശല്യത്തിന് പപ്പായ
പപ്പായയുടെ കറ പുറമേ പുരട്ടിയാൽ പുഴുക്കടിക്ക് ശമനമാകും. ആർത്തവം മുടങ്ങിയും ഇടവിട്ടും വേദനയോടുകൂടിയും വരുന്നവർക്ക് പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഒരു ഔൺസ് വീതം രണ്ടുനേരം കൊടുത്താൽ ആർത്തവം സുഗമമാകും. പപ്പായയുടെ കറ പഞ്ചസാര ചേർത്തു കഴിച്ചാൽ വയറിലെ വിരശല്യം കുറയും. പപ്പായയുടെ കറ ആണിരോഗമുള്ള ഭാഗത്തു പതിവായി പുരട്ടിയാൽ ആണി കൊഴിഞ്ഞു പോകും.
Related Posts Plugin for WordPress, Blogger...