Monday, June 19, 2017

വീട്ടിലിരിക്കുന്ന ഈഡിസ്

വീട്ടിലിരിക്കുന്ന ഈഡിസ്


  ക്യൂലക്സ് കൊതുക് പകൽ സമയം ചെടികളിലും മറ്റും ഇരിക്കുമ്പോൾ ഈഡിസിനു വീട്ടിൽ ഇരിക്കാനാണ് ഇഷ്ടം .ഈ "കടുവ കൊതുക് (Tiger Mosquito )"ചില്ലറക്കാരനല്ല .ആഫ്രിക്കയിൽ നിന്നും പണ്ടെങ്ങോ ടയർ ഇറക്കുമതി ചെയ്തപ്പോൾ അതിൽ കൂടി എത്തിയതാണ് എന്നൊരു കഥയുണ്ട് .

മാരക രോഗങ്ങളായ ഡെങ്കു ,ചിഗൻ ഗുന്യ ,സിക പനി ,മഞ്ഞ പനി ,എന്നിവ പരത്തുന്ന ഈഡിസ് ഈജിപ്തി (Aedes aegypti ) എന്ന "പകൽ കൊതുക് " പകൽ സമയം വീട്ടിനുള്ളിൽ പതിയിരിക്കും .ഇഷ്ട സ്ഥലങ്ങൾ ബെഡ്റൂം ,ബാത് റൂം ,ഇൻഡോർ ചെടികൾ ,കർട്ടൻ ,മുഷിഞ്ഞ തുണികൾ ഒക്കെ .അപ്പോൾ കൊതുകിനെ തുരത്താൻ പുറത്തു പുകച്ചിട്ട് വലിയ ഗുണം ഇല്ല .വില്ലൻ അകത്താണല്ലോ .വീട്ടിനുള്ളിൽ ഇരിക്കുന്നത് കൊണ്ടാണ് ഡെങ്കു പടരുന്നത് വേഗത്തിൽ ആവുന്നത് .കൊതുകു കടിക്കുള്ള സാദ്ധ്യത കൂടും .

മറ്റ് കൊതുകുകളെ പോലെ ഒഴുകുന്ന വെള്ളത്തിൽ ഈഡിസ് മുട്ടയിടില്ല .Container Breeder എന്നാണ് ഈഡിസിന്റെ വിശേഷണം .ചിരട്ട ,ഫ്‌ളവർ വെസ് ,കുപ്പിയുടെ അടപ്പുകൾ ,പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ ,ടയർ എന്നിവയിൽ വെള്ളം കെട്ടിനിന്നാൽ അതാണ് മുട്ടയിടാൻ ഇഷ്ട സ്ഥലം .ബാത്റൂമിലെ നനഞ്ഞ മൂലകൾ ,വാഷ്‌ബേസിനിലെയും സിങ്കിലെയും മറ്റും വേസ്റ്റ് പൈപ്പ് ,ക്ലോസറ്റ് ,ഫ്ലഷ് ഒക്കെ മുട്ടയിടാൻ പറ്റിയ സ്ഥലം .ചുരുക്കത്തിൽ ഓടയിൽ മരുന്ന് തളിക്കുമ്പോൾ കക്ഷി ബാത്‌റൂമിൽ സുഖമായി മുട്ടയിടുന്നുണ്ടാവും .അതാണ് കൊതുക് നിയന്ത്രണം അത്ര ഫലവത്താവാത്തത് .

ആദ്യമായി ഈഡിസ് ഒരു ഡെങ്കു രോഗിയെ കടിച്ചിട്ട് ഉടൻ മറ്റൊരാളെ കടിച്ചാൽ ഡെങ്കു വരാൻ സാദ്ധ്യത കുറവാണ് . കാരണം ഈഡിസ് കൊതുകിന്റെ ഉള്ളിൽ വൈറസ് Multiply ചെയ്യേണ്ടതുണ്ട് .രോഗിയിൽ നിന്നും ഡെങ്കു വൈറസ് കൊതുകിന്റെ ഉള്ളിൽ കടന്നാൽ ആദ്യം കൊതുകിന്റെ ആമാശയത്തിൽ വച്ച് ധാരാളം എണ്ണമായി Multiply ചെയ്യും .പിന്നെ അവ ആമാശയ ഭിത്തി തുളച്ചു ശരീരത്തിലെ അറയിൽ (Haemocoel )എത്തും .അവിടെ നിന്നും കൊതുകിന്റെ ഉമിനീർ ഗ്രന്ധികളിൽ എത്തും .നൂറ് കണക്കിന് ഡെങ്കു വൈറസ് കാണും .ഈ കൊതുക് ഒരാളെ കടിക്കുമ്പോൾ വൈറസ് രക്തത്തിൽ കലരും .രോഗം ബാധിച്ച കൊതുക് സാധാരണ കൊതുകിനേക്കാൾ കൂടുതൽ സമയം ചോര കുടിക്കാൻ എടുക്കും .ഇത് വൈറസ് പകരാനുള്ള സാദ്ധ്യത കൂട്ടും .

 മറ്റ് കൊതുകുകളിൽ നിന്നും വ്യത്യസ്തമായി ഈഡിസ് ,ഡെങ്കു വൈറസിനെ അടുത്ത തലമുറയിലേക്കു നൽകും.
അതായതു മുട്ടയിലും ഡെങ്കു വൈറസ് കാണും  .Trans Ovarian Transmission എന്നാണ് ഇതിനെ പറയുന്നത് .ഇത് ഡെങ്കു എത്ര നിയന്ത്രിച്ചാലും Virus Reservoir  ഉള്ളതിനാൽ വീണ്ടും പരക്കുന്നു .തണുത്ത അന്തരീക്ഷം ,ഹ്യൂമിഡിറ്റി ,മൂടി കെട്ടിയ കാലാവസ്ഥ ഒക്കെ ഡെങ്കു വൈറസിന് അനുകൂലം ആണ് .

ഡെങ്കു മാരകം ആവുന്നത് Dengue Shock Syndrome എന്ന അവസ്ഥ വരുമ്പോഴാണ് .ഡെങ്കു പനി കഠിനം ആവുമ്പോൾ രക്ത കുഴലുകളുടെ സുഷിരങ്ങൾ വലുതാവുകയും Plasma ,leak ചെയ്താൽ രക്ത സമ്മർദം കുറയാം .ശരീരത്തിന് തണുപ്പ് ,വായുടെ ചുറ്റും നീല നിറം ,വയറു വേദന ,തുടർച്ചയായ ശർദ്ദിൽ ഒക്കെ Dengue Shock Syndrome വരുന്നതിന്റെ ലക്ഷണം ആവാം .

അപ്പോൾ ഈഡീസിനെ വീട്ടിൽ നിന്നും ഓടിക്കണം .വീടിന് ചുറ്റും ഒരു പരിശോധന .ചെറിയ വസ്തുക്കളിൽ വെള്ളം കെട്ടികിടക്കുന്നോ എന്ന് നോക്കണം .മുഷിഞ്ഞ തുണികൾ ഒഴിവാക്കണം .പകൽ സമയം ജനൽ വാതിൽ എന്നിവ തുറന്നിട്ട് കാറ്റും വെളിച്ചവും കടത്തണം .ബാത്റൂം വീര്യം കൂടിയ ലോഷൻ കൊണ്ട് പതിവായി വൃത്തിയാക്കണം .പറ്റുമെങ്കിൽ Mosquito Repellent പകലും കൂടി ഉപയോഗിക്കണം .
ഡെങ്കിപ്പനി.
ഇപ്പോൾ നമ്മുടെ നാട്ടിലെ ഒരു പ്രശ്നക്കാരനായിരിക്കുന്നു. എന്നാൽ ഇത്ര ഭീകരണാണോ ഡെങ്കി?
അല്ല, പക്ഷേ നമ്മൾ ഭീകരനാക്കുന്നുണ്ട്.

എന്താണ് ഡെങ്കിപ്പനി?
ഫ്ലാവി വൈറസ് ഗ്രൂപ്പിൽപെട്ട ഡെങ്കി വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ്. ഏഡിസ് ഈജ്പ്റ്റി എന്ന കൊതുക് (കൊതുകിന്റെ കാലിൽ വെള്ളയും കറുപ്പും ഇടകലർന്ന നിറമാണ് ) പരത്തുന്ന വൈറസാണ്. ഡെങ്കി വൈറസ് അഞ്ച് തരം ഉണ്ട്. കൊതുക് കടിച്ചതിനു ശേഷം 4 - 10 ദിവസത്തിനുള്ളിൽ രോഗം പ്രത്യക്ഷപ്പെടും. ഡെങ്കി വൈറസ് 1,2,3,4,5 തരങ്ങളുണ്ടെന്ന് പറഞ്ഞല്ലോ, ഇതിൽ ഒരു തരത്തിൽപെട്ട വൈറസ് ഒരിക്കൾ വന്നാൽ പിന്നീട് ആ തരം വൈറസ് ബാധ വരില്ല. ഉദാഹരണത്തിന് ഡെങ്കി വൈറസ് 1 ബാധിച്ചയാൾക്ക് പിന്നീട് 1 മൂലം പനിവരില്ല.

എല്ലാ ഡെങ്കിപ്പനിയും അപകടരമാണോ?
അല്ല, 80- 90 % പേർക്കും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവാറില്ല, അതിനാൽ തന്നെ ഭൂരീപക്ഷം പനിരോഗികളും തങ്ങൾക്ക് വന്നത് ഡെങ്കിപ്പനിയാണെന്ന് അറിയാറില്ല.

എന്താണ് രോഗലക്ഷണങ്ങളും ചികിത്സയും?
ഡെങ്കിപ്പനിക്ക് മൂന്നു ഘട്ടങ്ങളുണ്ട്

1. പനി ഘട്ടം
അതിശക്തമായ പനിയോട് കൂടി തുടങ്ങുന്ന ഈ ഘട്ടം 2 - 7 ദിവസം നീണ്ട് നിൽക്കാം. ഈ ഘട്ടം പലരും നിസ്സാരവൽക്കരിക്കുന്നതാണ് ഡെങ്കിപ്പനി അപകടരമായ രീതിയിലേക്ക് മാറാൻ കാരണം. നിർബന്ധമായും പരിപൂർണ്ണ വിശ്രമവും കരുതലുകളും വേണം.
പനിയുടെ കൂടെ ശരീരവേദന, സന്ധികൾക്ക് വേദന, ശക്തമായ തലവേദന, വിശപ്പില്ലായ്മ , ക്ഷീണം, ഓക്കാനം, ശർദ്ദി ഇവ കാണാം. അപൂർവ്വമായി തൊണ്ടവേദനയും കാണാം.
ഈ ഘട്ടത്തിൽ പാരസിറ്റമോൾ ഗുളികകളും വിശ്രമവും മാത്രം മതി. 1- 1 1/2 ( ഒന്നു മുതൽ ഒന്നര ലിറ്റർ ) വെള്ളം കുടിക്കണം. യാതൊരു കാരണവശാലും മറ്റു വേദനസംഹാരികളോ പേശികളിൽ ( IM - Intramuscular injection ) ഇൻജക്ഷനോ എടുക്കരുത്. നാല് ദിവസമായിട്ടും പനി കുറയുന്നില്ലെങ്കിൽ രക്ത പരിശോധന നടത്തുക. CBC,SGPT മാത്രം മതിയാകും. രക്തത്തിൽ ശ്വേതാണുക്കളുടെ (WBC or Total count ) അളവ് കുറയുന്നതാണ് ആദ്യ സൂചന. പ്ലേറ്റ്ലെറ്റുകളുടെ ( Platelet count ) അളവ് ചിലപ്പോൾ സാധാരണ അളവിൽ കണ്ടേക്കാം. ( പ്ലേറ്റ്ലെറ്റ് കൗണ്ട് സാധാരണ അളവിൽ കണ്ട് ഡെങ്കിയല്ല എന്ന് കരുതരുത് എന്നർത്ഥം )
ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സ നിശ്ചയിക്കുക. ക്ഷീണമോ മറ്റു അപകടരമായ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുക ( സാധാരണയായി പ്ലേറ്റ്ലെറ്റിന്റെ അളവ് 50000-ൽ താഴെയാണെങ്കിൽ അഡ്മിറ്റ് ചെയ്യേണ്ടിവരും)

അടുത്ത ഘട്ടമാണ് ഏറ്റവും അപകടകരം,

2. നിർണായക ഘട്ടം ( Critical phase )
ഈ ഘട്ടത്തിൽ പനി നിശ്ശേഷം വിട്ടുമാറിയിട്ടുണ്ടാകും, പക്ഷേ ഡെങ്കിപ്പനിയുടെ നിർണ്ണായകമായ പ്രശ്നങ്ങൾ ഈ ഘട്ടത്തിലാണ് ഉണ്ടാകുന്നത്. ഈ ഘട്ടം 1-3 ദിവസം നീണ്ടു നിൽക്കാം. പനിമാറി എന്ന ധാരണയിൽ ആളുകൾ വീണ്ടും ജോലികളിൽ ഏർപ്പെടുന്ന സമയമാണിത്.

ഈ ഘട്ടത്തിൽ ശക്തമായ വയറുവേദന, ശർദ്ദി, പതിവിൽ കൂടുതൽ ക്ഷീണം, അസ്വസ്തത, കൈകാലുകളിൽ ചുവന്ന കത്തുകൾ , മോണയിൽ നിന്ന് രക്തം, മലം കറുത്തനിറത്തിൽ കാണപ്പെടുക, ഹൃദയമിടിപ്പിൽ വ്യത്യാസം, പ്രജ്ഞയിൽ വ്യത്യാനം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം.

ശരീരത്തിലെ ഏറ്റവും ചെറിയ രക്തക്കുഴലുകളിലൂടെ രക്തസ്രാവം ( Capillary leak ) ഉണ്ടാവാൻ സാധ്യതയുള്ള ഘട്ടമാണിത്. ശ്വേതാണുക്കളുടെ അളവ് ( WBC count ) ക്രമാനുഗതമായി കുറയുകയും അതോടൊപ്പം പ്ലേറ്റ്ലെറ്റുകളുടെ ( Platelet count ) അളവും കുറയും. PCV ( Hematocrit ) കൂടുന്നതും ഈ ഘട്ടത്തിലാണ്. ആന്തരിക രക്തസ്രാവം ഉണ്ടാകുമ്പോൾ PCV ഉയരുന്നു.
ഡെങ്കിപ്പനിയുടെ രോഗനിർണ്ണയത്തിനായി Dengue NS1 , IgM ടെസ്റ്റുകളും ഈ ഘട്ടത്തിൽ നടത്തുന്നു. ( എല്ലാ ഡെങ്കിപ്പനി രോഗികളിലും ഈ ടെസ്റ്റ് വഴി രോഗനിർണ്ണയം സാധ്യമല്ല, അത് ഈ കാർഡ് ടെസ്റ്റുകളുടെ ഒരു ന്യൂനതയാണ്. ) ഡെങ്കി വൈറസിനെതിരേ മരുന്നുകൾ ലഭ്യമല്ല, അതിനാൽ തന്നെ ഡെങ്കി ടെസ്റ്റ് ഫലം ചികിത്സാരീതിയെ സ്വാധീനിക്കുന്നില്ല. രോഗിക്ക് ഡെങ്കിപ്പനിമൂലമുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുകയാണ് ചെയ്യുന്നത്.

ഈ ഘട്ടത്തിൽ IV fluids നൽകേണ്ടി വരും. സാധാരണഗതിയിൽ IV fluids മാത്രം മതിയാകും.
പ്ലേറ്റ്ലെറ്റുകൾ കുറയുന്നതു കൊണ്ട് മാത്രം ഒരാൾക്ക് രക്തം നല്കേണ്ടതില്ല. ( പതിനായിരത്തിൽ ( 10000 ) താഴെ പ്ലേറ്റ്ലെറ്റ് അളവ് കുറഞ്ഞവർക്ക് പലർക്കും രക്തം നൽകേണ്ടിവന്നിട്ടില്ല ഇതു വരെ, പക്ഷേ രക്തസ്രാവം കാരണം ഇരുപതിനായിരത്തിൽ (20000 ) കൂടുതൽ പ്ലേറ്റ്ലെറ്റുണ്ടായിട്ടും രക്തം നൽകേണ്ടി വന്നോക്കം. അപ്പോൾ വെറും പ്ലേറ്റ്ലെറ്റിന്റെ അളവ് വച്ച് രക്തം നൽകരുത്.
രക്തം നൽകേണ്ടിവന്നാൽ പ്ലേറ്റ്ലെറ്റ് ഘടകം മാത്രം നൽകരുത്, മറിച്ച് മുഴുവൻ ഘടകങ്ങളുമടങ്ങിയ രക്തം ( Whole blood ) വേണം നൽകാൻ. മുകളിൽ പറഞ്ഞതു പോലെ രക്തക്കുഴലുകളിൽ നിന്ന് രക്തസ്രാവം മൂലമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്, അല്ലാതെ പ്ലേറ്റ്ലെറ്റ് കുറയുന്നത് മൂലമല്ല.

ഈ ഘട്ടത്തിൽ കരളിന്റെ വീക്കം, ഹൃദയമിടിപ്പിൽ വ്യത്യാസം, തലച്ചോറിന് ക്ഷതം ഇവ കണ്ടേക്കാം. SGPT, SGOT എന്നിവയുടെ അളവുകൾ കൂടിയേക്കാം.ECG,Ultrasound, Chest X-ray ,CT Brain എന്നീ പരിശോധനകളും വേണ്ടിവന്നേക്കാം.

3. ഭേദമാവുന്ന ഘട്ടം ( Recovery phase )
നിർണ്ണായക ഘട്ടം തരണം ചെയ്തുകഴിഞ്ഞാൽ പിന്നെ ഭയപ്പെടേണ്ടതില്ല. രക്തക്കുഴലിലൂടെ നഷ്ടപ്പെട്ട രക്തഘടകം തിരിച്ച് സ്വാംശീകരിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ് (48-72 മണിക്കൂർ ). ഈ ഘട്ടത്തിൽ IV fluids നൽകേണ്ടതില്ല, അഥവാ നൽകുകയാണെങ്കിൽ മേൽപ്പറഞ്ഞ തിരിച്ചെടുക്കപ്പെടുന്ന രക്തഘടകങ്ങൾ കാരണം വന്നേക്കാവുന്ന fluid overload മനസ്സിൽ കരുതണം. ശ്വേതാണുക്കളുടെ ( WBC Count ) അളവാണ് ആദ്യം ഉയർന്നു തുടങ്ങുക, അതിനു ശേഷം രണ്ട് മൂന്ന് ദിവസത്തിനുശേഷമേ പ്ലേറ്റ്ലെറ്റുകളുടെ അളവ് ഉയരൂ. ഇതോടൊപ്പം വിശപ്പു സാധാരണഗതിയിലാകും,ക്ഷീണം കുറയും.

പനിവന്നാൽ 3-4 ദിവസം വീട്ടിൽ വിശ്രമിക്കുക.
ധാരാളം വെള്ളം കുടിക്കുക.
മേൽപറഞ്ഞ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
ഡെങ്കിപ്പനി കൃത്യമായി നിർദ്ദേശങ്ങൾ പാലിച്ചാൽ തനിയെ മാറുന്ന രോഗമാണ്. സാധാര ഗതിയിൽ 10 ദിവസം കൊണ്ട് പരിപൂർണ്ണ സുഖം പ്രാപിക്കാം:

No comments:

Post a Comment

Related Posts Plugin for WordPress, Blogger...