ജീവിതാനുഭവങ്ങളിലൂടെ വളരട്ടെ......
റിട്ടയർ ചെയ്ത ഒരു കോളേജ് അധ്യാപകനും പുതുതലമുറയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അയൽക്കാരായിരുന്നു. ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു. ബാങ്ക് ഉദ്യോഗസ്ഥൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു. അധ്യാപകൻ മരത്തെ സാധാരണ രീതിയിൽ വളർത്തി.
ഒരു രാത്രിയിൽ കനത്ത മഴ പെയ്തു, കാറ്റ് വീശിയടിച്ചു.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ പരിപാലിച്ച മരം കടപുഴകി. എന്നാൽ അധ്യാപകൻ വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു. ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?"
അധ്യാപകൻ മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല. ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി, അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെങ്കിലും വേരുകൾക്ക് വേണ്ടത്ര ഉറപ്പോ പരപ്പോ ഉണ്ടായിരുന്നില്ല."
*കുട്ടികളെ വളർത്തുമ്പോഴും ഈ തത്വം പ്രസക്തമാണ്. ജീവിതത്തിന്റെ എല്ലാ പ്രയാസങ്ങളും മനസ്സിലാക്കാൻ മക്കൾക്കും അവസരം കൊടുക്കാം. അവരും ജീവിതാനുഭവങ്ങളിലൂടെ വളരട്ടെ.*
കടപ്പാട്:
Dr. V. Sunilraj
Consultant Psychologist
No comments:
Post a Comment