Sunday, June 25, 2017

ജീവിതാനുഭവങ്ങളിലൂടെ വളരട്ടെ......



ജീവിതാനുഭവങ്ങളിലൂടെ വളരട്ടെ......



                 റിട്ടയർ ചെയ്ത ഒരു കോളേജ് അധ്യാപകനും പുതുതലമുറയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അയൽക്കാരായിരുന്നു. ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു. ബാങ്ക് ഉദ്യോഗസ്ഥൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു. അധ്യാപകൻ മരത്തെ സാധാരണ രീതിയിൽ വളർത്തി.

                   ഒരു രാത്രിയിൽ കനത്ത മഴ പെയ്തു, കാറ്റ് വീശിയടിച്ചു.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ പരിപാലിച്ച  മരം കടപുഴകി. എന്നാൽ അധ്യാപകൻ  വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു. ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?"

               അധ്യാപകൻ മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല. ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി, അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെങ്കിലും വേരുകൾക്ക് വേണ്ടത്ര ഉറപ്പോ പരപ്പോ ഉണ്ടായിരുന്നില്ല."

           *കുട്ടികളെ വളർത്തുമ്പോഴും ഈ തത്വം പ്രസക്തമാണ്. ജീവിതത്തിന്റെ എല്ലാ പ്രയാസങ്ങളും മനസ്സിലാക്കാൻ മക്കൾക്കും അവസരം കൊടുക്കാം. അവരും ജീവിതാനുഭവങ്ങളിലൂടെ വളരട്ടെ.*

                                                                                                                      കടപ്പാട്:
                                                                                                                      Dr. V. Sunilraj
                                                                                                                      Consultant Psychologist

Thursday, June 22, 2017

ഹൃദയ സ്പര്‍ശിയായ മൂന്ന്‍ കത്തുകള്‍

ഹൃദയ സ്പര്‍ശിയായ മൂന്ന്‍  കത്തുകള്‍


ര്‍ക്ക് എഴുതിയ കത്ത് (ലാഹോര്‍ ജയില്‍, 1931)

"നിങ്ങളുടെ കോടതി വിധി പ്രകാരം ഞങ്ങള്‍ യുദ്ധം ചെയ്തവരാണെന്നും അതുകൊണ്ടുതന്നെ യുദ്ധ തടവുകാരാണെന്നുമുള്ള കാര്യം ഞാന്‍ ശ്രദ്ധയില്‍പ്പെടുത്താനാഗ്രഹിക്കുന്നു. ആ രീതിയില്‍ തന്നെ ഞങ്ങള്‍ കൈകാര്യം ചെയ്യപ്പെടണം എന്നും ആവശ്യപ്പെടുന്നു, അതായത്, ഞങ്ങളെ തൂക്കിലേറ്റുന്നതിനു പകരം വെടിവെച്ചുകൊല്ലണം.."

(1931 മാർച്ച് 23 ന് ഭഗത് സിംഗിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി.   ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് ആരുമറിയാതെ മൃതദേഹം  കൊണ്ട് പോയി  അകലെയുള്ള   ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കി. ചാരം നദിയിലെറിഞ്ഞു.)

2.  പുറവന്‍ മോയിന്‍ കുട്ടി( ബ്രിട്ടീഷുകാര്‍  തൂക്കി കൊല്ലുന്നതിന്റെ  തലേദിവസം , കോയമ്പത്തൂര്‍ ജയിലില്‍ വെച്ച്  ഭാര്യക്ക് എഴുതിയത്, 1923)


"എന്റെ ഭാര്യ അറിയ്യേണ്ടതിന്‌..അന്യായമായാണ്‌ എന്നെ തൂക്കികൊല്ലുന്നത്‌. എങ്കിലും നീ ദുഖിക്കരുത്‌. ഈ മരണം നമ്മുടെ നാടിനു വേണ്ടിയാണ്‌. രാജ്യത്തിനു വേണ്ടി ആയിരം വട്ടം തൂക്കിലേറ്റുന്നത്‌ എനിക്ക്‌ സന്തോഷമേയുള്ളൂ. പടച്ചവന് മുമ്പില്‍ ഞാനൊരു രക്തസാക്ഷിയാവാൻ നീ പ്രാര്‍ഥിക്കണം."

(1923 ജൂലൈ 26 നു ആ ധീരദേശാഭിമാനിയെ തൂക്കികൊല്ലാന്‍ ബ്രിട്ടീഷ്‌ കോടതി ഉത്തരവിട്ടു. സപ്തമ്പര്‍ പതിനാലം തീയതി കോയമ്പത്തൂര്‍ ജയിലില്‍ വെച്ച്  തൂക്കികൊല്ലപ്പെട്ടു)

3.വി.ഡി.സവര്‍ക്കറുടെ കത്ത് (സെല്ലുലാര്‍ ജയില്‍,ആന്‍ഡമാന്‍,1913)


" ബ്രിട്ടീഷ് ഗവണ്മെന്റിന്റെ  അപാരമായ ഔദാര്യത്താലും ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കില്‍ നവോത്ഥാനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് സര്‍ക്കാറിന്റെ ശക്തനായ വക്താവായി ഞാന്‍ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂര്‍ണ്ണമായ വിധേയത്വം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്യും.  കൂടാതെ എന്റെ പരിവര്‍ത്തനം ഒരിക്കല്‍ എന്നെ മാര്‍ഗദര്‍ശകനായി കണ്ട, ഇന്ത്യയിലും വിദേശത്തുമുള്ള, തെറ്റായി നയിക്കപ്പെടുന്ന അനേകം യുവാക്കളെ ബ്രിട്ടീഷനുകൂല നിലപാടിലേക്ക് മടക്കിക്കൊണ്ടുവരും...ബ്രിട്ടീഷ്  സര്‍ക്കാരിന്റെ ഇഷ്ടമനുസരിച്ച് സര്‍ക്കാരിനെ ഏതു വിധത്തില്‍ സേവിക്കുന്നതിനും ഞാന്‍ തയ്യാറാണ്..."


Wednesday, June 21, 2017

ഇനി ഇങ്ങോട്ടെങ്ങാനും വരുമോ ആ തള്ള

ഇനി ഇങ്ങോട്ടെങ്ങാനും വരുമോ ആ തള്ള


" എടീ ഉമ്മ വൃദ്ധസദനത്തിൽ നിന്നും ചാടീന്ന്"

"അള്ളാ!! ആരാ പറഞ്ഞേ അബ്ദുകാ."

" അവിടെ നിന്നും ഇപ്പോ വിളിച്ചിരുന്നു. ഇനിയിപ്പോ എന്താ ചെയ്യാ"

" ഇനി ഇങ്ങോട്ടെങ്ങാനും വരുമോ ആ തള്ള"

" ഹേയ്, വന്നാലും കുഴപ്പമൊന്നുമില്ല. നാളെ നമ്മള്‍ ഹോസ്പിറ്റലില്‍ പോവല്ലേ. ഇനി നിന്റെ പ്രസവവുമൊക്കെ കഴിഞ്ഞ് നമ്മള്‍ തിരിച്ചുവരാന്‍ കുറച്ച് ദിവസമാവില്ലേ, ഇവിടെ വന്ന് നമ്മളെ കാണാതാവുമ്പോൾ താനേ തിരിച്ചു പൊയ്ക്കോളും"

രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു. പിറ്റേ ദിവസം നേരത്തെ തന്നെ രണ്ടു പേരും ഹോസ്പിറ്റലില്‍ എത്തി. പ്രസവ തിയ്യതി പറഞ്ഞിരിക്കുന്നത് നാളെയാണ്. ഹോസ്പിറ്റലില്‍ എത്തി‍ അഡ്മിറ്റായി. അവിടെ എത്തിയ ഉടന്‍ അവള്‍ക്ക് ചെറിയ തോതില്‍ വേദന അനുഭവപ്പെടാൻ തുടങ്ങി. അബ്ദു ഡോക്ടറെ വിവരം അറിയിച്ചു. അവര്‍ ഡോക്ടര്‍ വരുന്നതും കാത്തു നിന്നു.

കുറച്ചു സമയത്തിന് ശേഷം അവരുടെ മുറിയുടെ കതകിന് പുറത്ത് ആരോ നില്‍ക്കുന്നതായി അബ്ദുവിന് അനുഭവപ്പെട്ടു. അയാള്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ പത്ത് മാസം ചുമന്ന് പെറ്റ ഉമ്മ തന്റെ നേരെ കൈകള്‍ കൂപ്പി ദയനീയമായി നില്‍ക്കുന്നതാണ് കണ്ടത്. ഉമ്മയെ കണ്ടതും ആ പ്രസവ വേദനയിലും ഭാര്യ അബ്ദുവിനെ നോക്കി കണ്ണുരുട്ടി. അയാള്‍ ഉമ്മയുടെ അടുത്ത് ചെന്നു

" എന്റെ പൊന്ന് ഉമ്മാ, എന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്, ഞങ്ങളെ ബുദ്ധിമുട്ടിക്കാനായിട്ട്. അവിടെ ഉമ്മക്ക് എന്തായിരുന്നു ഒരു കുറവ്"

ഉമ്മ ദയനീയമായി തന്റെ മോനെ ഒന്ന് നോക്കി

" ഒരു കുറവും ഉണ്ടായിരുന്നില്ല മോനേ, നല്ല സുഖമായിരുന്നു. ഞാന്‍ എന്റെ പേരകുട്ടിയെ ഒരു നോക്ക് കണ്ടിട്ട് പോയ്ക്കൊള്ളാം മോനേ. എന്റെ മോന്‍ തടസ്സമൊന്നും പറയല്ലേ"അബ്ദു ഭാര്യയെ ഒന്ന് നോക്കി. അവള്‍ ദേഷ്യത്തോടെ മുഖം തിരിച്ചു. അവന്‍ ഉമ്മ യോട് ഒന്നും പറയാതെ മുറിയുടെ അകത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. അവളെ ഉടന്‍ ലേബര്‍ റൂമിലേക്ക് മാറ്റി.

കുറച്ച് സമയങ്ങൾക്ക് ശേഷം തന്റെ പേരകുട്ടിയുടെ കരച്ചില്‍ ഉമ്മാമയുടെ കാതില്‍ വന്നു പതിച്ചു. ആ മുഖത്ത് സന്തോഷം വിരിഞ്ഞു. കുഞ്ഞിനെ കണ്ട ഉടന്‍ ഉമ്മയോട് തിരിച്ച് പോകാന്‍ മകന്‍ ആവശ്യപ്പെട്ടു. പക്ഷെ ഉമ്മ തന്റെ പേരകുട്ടിയോടൊപ്പം ഒരു രണ്ട് ദിവസം നില്‍ക്കാന്‍ മോനോട് കെഞ്ചി. അവന്‍ ദേഷ്യത്തോടെയാണെങ്കിലും സമ്മതിച്ചു.

തന്റെ കുഞ്ഞിനെ ഉമ്മ ലാളിക്കുന്നതും കൊഞ്ചിക്കുന്നതും അബ്‌ദുവിന്റെ ഭാര്യക്ക് ദഹിച്ചില്ല. അവള്‍ അബ്ദുവിനോട് തന്റെ പരിഭവം പറയുകയും ചെയ്തു. ഒരു ദിവസം കൂടി കഴിഞ്ഞാല്‍ ഉമ്മ പോവുമല്ലോ എന്ന് പറഞ്ഞ് അബ്ദു ഭാര്യയെ ആശ്വസിപ്പിച്ചു.

ഉമ്മക്ക് മകന്‍ അനുവദിച്ച സമയം അവസാനിച്ചപ്പോൾ, അവര്‍ യാത്ര പറഞ്ഞ് പോകാനൊരുങ്ങിയപ്പോഴാണ് അബ്ദുവും ഭാര്യയും തങ്ങളുടെ കുഞ്ഞിനെ കാണാനില്ല എന്ന കാര്യം ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ഹോസ്പിറ്റൽ അധികൃതരെ വിവരം അറിയിച്ചു. അവര്‍ സിസി ടിവിയും മറ്റും പരിശോധിച്ചിട്ടും കുഞ്ഞിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അബ്ദുവും  ഭാര്യയും പരിഭ്രാന്തരായി. പൊട്ടിക്കരയുന്ന തന്റെ ഭാര്യയെ അവന്‍ ആശ്വസിപ്പിച്ചു. ഹോസ്പിറ്റൽ അധികൃതര്‍ പോലീസില് വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. അവരുടെ മുറിയുടെ മുന്നില്‍ ആളുകള്‍ തടിച്ചു കൂടി. തന്റെ കുഞ്ഞിനെ ഓര്‍ത്ത് ഒരു ഭ്രാന്തിയെ പോലെ കരയുന്ന ഭാര്യയെ അബ്ദു നിസ്സഹായനായി നോക്കി നിന്നു.

കൂടി നില്‍ക്കുന്ന ആളുകള്‍‍ക്ക് അഭിമുഖമായി നിന്നുകൊണ്ട് ഉമ്മ  വിളിച്ചു പറഞ്ഞു

" ഇനി ആരും കുഞ്ഞിനെ അന്വേഷിക്കേണ്ട. കുഞ്ഞ് ഈ മുറിയില്‍ തന്നെ ഉണ്ട്. ഞാനാ ഒളിപ്പിച്ചു വെച്ചത്"

ഇത് കേട്ടതും ഒരു ഭ്രാന്തിയെപോലെ അബ്‌ദുവിന്റെ ഭാര്യ അവര്‍ക്ക് നേരെ പാഞ്ഞടുത്തു

" എങ്ങനെ മനസ്സ് വന്നു തള്ളേ എന്റെ കുഞ്ഞിനെ എന്നില്‍ നിന്നും പിരിക്കാൻ. എന്റെ കണ്ണീരിന്റെ ശാപം നിങ്ങളെ വിട്ട് പോകില്ല. പുഴുത്ത് ചാകും നിങ്ങള്‍"

ഒളിപ്പിച്ചു വെച്ച കുഞ്ഞിനെ പുറത്തെടുത്ത് കവിളില്‍ ഒരു ഉമ്മ കൊടുത്ത് നിറ കണ്ണുകളോടെ ഉമ്മ അബ്ദുവിനെയും ഭാര്യയേയും നോക്കി

" ഞാന്‍ ചെയ്തത് മഹാപാപമാണ് എന്ന് എനിക്കറിയാം. നീ പറഞ്ഞത് ശരിയാണ് മോളെ നിന്റെ കണ്ണീരിന്റെ ശാപം എന്നെവിട്ട് പോകില്ല. പത്ത് മാസം ചുമന്ന് പെറ്റ കുഞ്ഞിനെ ഉമ്മയിൽ നിന്നും അകറ്റുന്നത് മഹാപാപം തന്നെയാണ്. വെറും രണ്ട് ദിവസം പ്രായമായ നിന്റെ കുഞ്ഞിനെ കുറച്ചു സമയം കാണാതായപ്പോൾ നീ ഇങ്ങനെ പറയുന്നു. അപ്പോ പത്തു മാസം ചുമന്ന് പെറ്റ, ഞാന്‍ ഉണ്ണാതെ ഊട്ടി വളര്‍ത്തിയ, ഞാന്‍ താരാട്ട് പാട്ട് പാടി ഉറക്കിയ, എന്റെ കണ്ണ് നിറഞ്ഞാൽ കൂടെ കരഞ്ഞിരുന്ന, എന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന എന്റെ മോനെ എന്നില്‍ നിന്നും അകറ്റിയ മോള് ചെയ്തതാണോ പുണ്യം. സ്വന്തം മകനെ കൊണ്ട് എന്നെ വൃദ്ധസദനത്തിൽ ആക്കിച്ചതാണോ പുണ്യം"

കൂടി നിന്നിരുന്ന ആളുകള്‍ അബ്ദുവിനെയും ഭാര്യയേയും പുച്ഛത്തോടെ നോക്കി. അബ്‌ദുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഉമ്മ കണ്ടു

" എന്റെ മോന്‍ കരയേണ്ട. അത് ഈ ഉമ്മാക്ക് സഹിക്കാന്‍ പറ്റില്ല. ഞാന്‍ ഇപ്പോ പറയുന്നത് മോന് ചിലപ്പോള്‍ മനസ്സിലാവില്ല. നാളെ നിങ്ങളുടെ മക്കള്‍ നിങ്ങളോട് ഇങ്ങനെ ചെയ്യുമ്പോഴേ മനസ്സിലാകൂ"

ഉമ്മ പറഞ്ഞു തീര്‍ന്നതും അബ്ദു ഉമ്മയുടെ കാലില്‍ വീണതും ഒരുമിച്ചായിരുന്നു.
ഈ ലോകത്തില്‍ നാം ഒരു  വഴിയാത്രക്കാരനാണ്...

                                                                                                                                  copy

Monday, June 19, 2017

വെറ്റില എന്നാ വേദന സംഹാരി

വെറ്റില എന്നാ വേദന സംഹാരി

                             അറിയുംതോറും   മൂല്യമേറിടുന്ന    ഒരു    ഔഷധമാണ് വെറ്റില. വെറ്റിലയുടെ ജൻമദേശമാണ് ഭാരതം.                ഏതൊരു       മംഗള കാര്യത്തിനും ഭാരതീയർക്ക് ഒഴിച്ചുകൂടാനാവാത്ത ആദ്യ ഇനമാണ്‌ വെറ്റില വച്ചുള്ള ദക്ഷിണ . ജീവകം സി,    തയാമിൻ, നിയാസിൻ , റൈബോഫ്ലേവിൻ , കരോട്ടിൻ, കാത്സ്യം എന്നിവ വെറ്റിലയിൽ അടങ്ങിയിട്ടുണ്ട്.    ഇതാ   വെറ്റിലയുടെ ചില ഔഷധഗുണങ്ങൾ…

                    നല്ലൊരു വേദനസംഹാരിയണ് വെറ്റില. ഇത് നന്നായി അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുന്നത് വേദനയ്ക്കു ശമനം നല്‍കും. അതുപോലെ വെറ്റില ചവച്ച് നീരിറക്കുന്നത് നമ്മുടെ ഉള്ളിലുള്ള വേദനയ്ക്ക് ആശ്വാസം നല്‍കും. അതുപോലെ മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങുകയും ചെയ്യും. പലതരത്തിലുള്ള ചർമരോഗങ്ങൾക്കും വെറ്റില ഉത്തമമാണ്. അലർജികൾ, ചൊറിച്ചിൽ, വ്രണങ്ങൾ, ശരീര ദുർഗന്ധം ഇവയ്ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ ആശ്വാസം പകരുന്നതാണ്.

                      അതുപോലെ ദഹനത്തിനു സഹായിക്കുന്ന ഉത്തമ ഔഷധമാണ് വെറ്റില. കുട്ടികളിലെ ദഹനക്കേടു മാറ്റുന്നതിനായി അല്പം വെള്ളത്തിൽ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂൺ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങൾക്കു കൊടുത്താൽ ദഹനക്കേട് മാറിക്കിട്ടും. ഇതുമൂലം വിശപ്പു കൂടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ വെറ്റില നമ്മുടെ വിശപ്പു കൂട്ടി ആരോഗ്യം പ്രധാനം ചെയ്യുന്നു. കൂടാതെ ശ്വാസത്തെ ശുദ്ധമാക്കാനും വെറ്റില സഹായിക്കുന്നു. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ തടയാനും വെറ്റില ചവയ്ക്കുന്നത് നല്ലതാണ്. അതുപോലെ ഇവ വായയെ ശുചിയാക്കുകയും പല്ലുകളുടെ നാശം തടയുകയും മോണകളെ ശക്തമാക്കുകയും ചെയ്യുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. അതുപോലെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില നല്ലതാണ്. ഇത് രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുകയും ശരീരത്തിൽ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്ക്കാന്‍ സഹായിക്കുന്നു.

                  നല്ലൊരു ആന്റിസെപ്റ്റികാണ് വെറ്റില. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടുന്നത് നല്ല ആശ്വാസം നല്‍കുന്നു. കൂടാതെ പേശീവേദനയ്ക്കും നീർക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ ഉത്തമമാണ്. കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാറോ വെറ്റിലയെണ്ണയോ ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാന്‍ സാധിക്കുന്നു. വെറ്റിലയിൽ അടങ്ങിയ ചില ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. അതിനാൽ പ്രമേഹ ചികിത്സയിലും വെറ്റില ഉപയോഗിക്കാറുണ്ട്.


                           അതുപോലെ ഉദ്ധാരണ പ്രശ്നങ്ങൾക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാനും വെറ്റിലനീര് നെറ്റിയിൽ പുരട്ടുന്നത് നല്ലതാണ്. കൂടാതെ വെറ്റിലനീരില്‍ വെളിച്ചെണ്ണ ചേർത്ത് രണ്ടു തുള്ളി ചെവിയിൽ ഒറ്റിയ്ക്കുന്നത് ചെവിവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങൾക്കും പരിഹാരമാകുന്ന വീട്ടുമരുന്നുകൂടിയാണ് വെറ്റില. വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശരീരത്തെ ശുചിത്വമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

വീട്ടിലിരിക്കുന്ന ഈഡിസ്

വീട്ടിലിരിക്കുന്ന ഈഡിസ്


  ക്യൂലക്സ് കൊതുക് പകൽ സമയം ചെടികളിലും മറ്റും ഇരിക്കുമ്പോൾ ഈഡിസിനു വീട്ടിൽ ഇരിക്കാനാണ് ഇഷ്ടം .ഈ "കടുവ കൊതുക് (Tiger Mosquito )"ചില്ലറക്കാരനല്ല .ആഫ്രിക്കയിൽ നിന്നും പണ്ടെങ്ങോ ടയർ ഇറക്കുമതി ചെയ്തപ്പോൾ അതിൽ കൂടി എത്തിയതാണ് എന്നൊരു കഥയുണ്ട് .

മാരക രോഗങ്ങളായ ഡെങ്കു ,ചിഗൻ ഗുന്യ ,സിക പനി ,മഞ്ഞ പനി ,എന്നിവ പരത്തുന്ന ഈഡിസ് ഈജിപ്തി (Aedes aegypti ) എന്ന "പകൽ കൊതുക് " പകൽ സമയം വീട്ടിനുള്ളിൽ പതിയിരിക്കും .ഇഷ്ട സ്ഥലങ്ങൾ ബെഡ്റൂം ,ബാത് റൂം ,ഇൻഡോർ ചെടികൾ ,കർട്ടൻ ,മുഷിഞ്ഞ തുണികൾ ഒക്കെ .അപ്പോൾ കൊതുകിനെ തുരത്താൻ പുറത്തു പുകച്ചിട്ട് വലിയ ഗുണം ഇല്ല .വില്ലൻ അകത്താണല്ലോ .വീട്ടിനുള്ളിൽ ഇരിക്കുന്നത് കൊണ്ടാണ് ഡെങ്കു പടരുന്നത് വേഗത്തിൽ ആവുന്നത് .കൊതുകു കടിക്കുള്ള സാദ്ധ്യത കൂടും .

മറ്റ് കൊതുകുകളെ പോലെ ഒഴുകുന്ന വെള്ളത്തിൽ ഈഡിസ് മുട്ടയിടില്ല .Container Breeder എന്നാണ് ഈഡിസിന്റെ വിശേഷണം .ചിരട്ട ,ഫ്‌ളവർ വെസ് ,കുപ്പിയുടെ അടപ്പുകൾ ,പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ ,ടയർ എന്നിവയിൽ വെള്ളം കെട്ടിനിന്നാൽ അതാണ് മുട്ടയിടാൻ ഇഷ്ട സ്ഥലം .ബാത്റൂമിലെ നനഞ്ഞ മൂലകൾ ,വാഷ്‌ബേസിനിലെയും സിങ്കിലെയും മറ്റും വേസ്റ്റ് പൈപ്പ് ,ക്ലോസറ്റ് ,ഫ്ലഷ് ഒക്കെ മുട്ടയിടാൻ പറ്റിയ സ്ഥലം .ചുരുക്കത്തിൽ ഓടയിൽ മരുന്ന് തളിക്കുമ്പോൾ കക്ഷി ബാത്‌റൂമിൽ സുഖമായി മുട്ടയിടുന്നുണ്ടാവും .അതാണ് കൊതുക് നിയന്ത്രണം അത്ര ഫലവത്താവാത്തത് .

ആദ്യമായി ഈഡിസ് ഒരു ഡെങ്കു രോഗിയെ കടിച്ചിട്ട് ഉടൻ മറ്റൊരാളെ കടിച്ചാൽ ഡെങ്കു വരാൻ സാദ്ധ്യത കുറവാണ് . കാരണം ഈഡിസ് കൊതുകിന്റെ ഉള്ളിൽ വൈറസ് Multiply ചെയ്യേണ്ടതുണ്ട് .രോഗിയിൽ നിന്നും ഡെങ്കു വൈറസ് കൊതുകിന്റെ ഉള്ളിൽ കടന്നാൽ ആദ്യം കൊതുകിന്റെ ആമാശയത്തിൽ വച്ച് ധാരാളം എണ്ണമായി Multiply ചെയ്യും .പിന്നെ അവ ആമാശയ ഭിത്തി തുളച്ചു ശരീരത്തിലെ അറയിൽ (Haemocoel )എത്തും .അവിടെ നിന്നും കൊതുകിന്റെ ഉമിനീർ ഗ്രന്ധികളിൽ എത്തും .നൂറ് കണക്കിന് ഡെങ്കു വൈറസ് കാണും .ഈ കൊതുക് ഒരാളെ കടിക്കുമ്പോൾ വൈറസ് രക്തത്തിൽ കലരും .രോഗം ബാധിച്ച കൊതുക് സാധാരണ കൊതുകിനേക്കാൾ കൂടുതൽ സമയം ചോര കുടിക്കാൻ എടുക്കും .ഇത് വൈറസ് പകരാനുള്ള സാദ്ധ്യത കൂട്ടും .

 മറ്റ് കൊതുകുകളിൽ നിന്നും വ്യത്യസ്തമായി ഈഡിസ് ,ഡെങ്കു വൈറസിനെ അടുത്ത തലമുറയിലേക്കു നൽകും.
അതായതു മുട്ടയിലും ഡെങ്കു വൈറസ് കാണും  .Trans Ovarian Transmission എന്നാണ് ഇതിനെ പറയുന്നത് .ഇത് ഡെങ്കു എത്ര നിയന്ത്രിച്ചാലും Virus Reservoir  ഉള്ളതിനാൽ വീണ്ടും പരക്കുന്നു .തണുത്ത അന്തരീക്ഷം ,ഹ്യൂമിഡിറ്റി ,മൂടി കെട്ടിയ കാലാവസ്ഥ ഒക്കെ ഡെങ്കു വൈറസിന് അനുകൂലം ആണ് .

ഡെങ്കു മാരകം ആവുന്നത് Dengue Shock Syndrome എന്ന അവസ്ഥ വരുമ്പോഴാണ് .ഡെങ്കു പനി കഠിനം ആവുമ്പോൾ രക്ത കുഴലുകളുടെ സുഷിരങ്ങൾ വലുതാവുകയും Plasma ,leak ചെയ്താൽ രക്ത സമ്മർദം കുറയാം .ശരീരത്തിന് തണുപ്പ് ,വായുടെ ചുറ്റും നീല നിറം ,വയറു വേദന ,തുടർച്ചയായ ശർദ്ദിൽ ഒക്കെ Dengue Shock Syndrome വരുന്നതിന്റെ ലക്ഷണം ആവാം .

അപ്പോൾ ഈഡീസിനെ വീട്ടിൽ നിന്നും ഓടിക്കണം .വീടിന് ചുറ്റും ഒരു പരിശോധന .ചെറിയ വസ്തുക്കളിൽ വെള്ളം കെട്ടികിടക്കുന്നോ എന്ന് നോക്കണം .മുഷിഞ്ഞ തുണികൾ ഒഴിവാക്കണം .പകൽ സമയം ജനൽ വാതിൽ എന്നിവ തുറന്നിട്ട് കാറ്റും വെളിച്ചവും കടത്തണം .ബാത്റൂം വീര്യം കൂടിയ ലോഷൻ കൊണ്ട് പതിവായി വൃത്തിയാക്കണം .പറ്റുമെങ്കിൽ Mosquito Repellent പകലും കൂടി ഉപയോഗിക്കണം .
ഡെങ്കിപ്പനി.
ഇപ്പോൾ നമ്മുടെ നാട്ടിലെ ഒരു പ്രശ്നക്കാരനായിരിക്കുന്നു. എന്നാൽ ഇത്ര ഭീകരണാണോ ഡെങ്കി?
അല്ല, പക്ഷേ നമ്മൾ ഭീകരനാക്കുന്നുണ്ട്.

എന്താണ് ഡെങ്കിപ്പനി?
ഫ്ലാവി വൈറസ് ഗ്രൂപ്പിൽപെട്ട ഡെങ്കി വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ്. ഏഡിസ് ഈജ്പ്റ്റി എന്ന കൊതുക് (കൊതുകിന്റെ കാലിൽ വെള്ളയും കറുപ്പും ഇടകലർന്ന നിറമാണ് ) പരത്തുന്ന വൈറസാണ്. ഡെങ്കി വൈറസ് അഞ്ച് തരം ഉണ്ട്. കൊതുക് കടിച്ചതിനു ശേഷം 4 - 10 ദിവസത്തിനുള്ളിൽ രോഗം പ്രത്യക്ഷപ്പെടും. ഡെങ്കി വൈറസ് 1,2,3,4,5 തരങ്ങളുണ്ടെന്ന് പറഞ്ഞല്ലോ, ഇതിൽ ഒരു തരത്തിൽപെട്ട വൈറസ് ഒരിക്കൾ വന്നാൽ പിന്നീട് ആ തരം വൈറസ് ബാധ വരില്ല. ഉദാഹരണത്തിന് ഡെങ്കി വൈറസ് 1 ബാധിച്ചയാൾക്ക് പിന്നീട് 1 മൂലം പനിവരില്ല.

എല്ലാ ഡെങ്കിപ്പനിയും അപകടരമാണോ?
അല്ല, 80- 90 % പേർക്കും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവാറില്ല, അതിനാൽ തന്നെ ഭൂരീപക്ഷം പനിരോഗികളും തങ്ങൾക്ക് വന്നത് ഡെങ്കിപ്പനിയാണെന്ന് അറിയാറില്ല.

എന്താണ് രോഗലക്ഷണങ്ങളും ചികിത്സയും?
ഡെങ്കിപ്പനിക്ക് മൂന്നു ഘട്ടങ്ങളുണ്ട്

1. പനി ഘട്ടം
അതിശക്തമായ പനിയോട് കൂടി തുടങ്ങുന്ന ഈ ഘട്ടം 2 - 7 ദിവസം നീണ്ട് നിൽക്കാം. ഈ ഘട്ടം പലരും നിസ്സാരവൽക്കരിക്കുന്നതാണ് ഡെങ്കിപ്പനി അപകടരമായ രീതിയിലേക്ക് മാറാൻ കാരണം. നിർബന്ധമായും പരിപൂർണ്ണ വിശ്രമവും കരുതലുകളും വേണം.
പനിയുടെ കൂടെ ശരീരവേദന, സന്ധികൾക്ക് വേദന, ശക്തമായ തലവേദന, വിശപ്പില്ലായ്മ , ക്ഷീണം, ഓക്കാനം, ശർദ്ദി ഇവ കാണാം. അപൂർവ്വമായി തൊണ്ടവേദനയും കാണാം.
ഈ ഘട്ടത്തിൽ പാരസിറ്റമോൾ ഗുളികകളും വിശ്രമവും മാത്രം മതി. 1- 1 1/2 ( ഒന്നു മുതൽ ഒന്നര ലിറ്റർ ) വെള്ളം കുടിക്കണം. യാതൊരു കാരണവശാലും മറ്റു വേദനസംഹാരികളോ പേശികളിൽ ( IM - Intramuscular injection ) ഇൻജക്ഷനോ എടുക്കരുത്. നാല് ദിവസമായിട്ടും പനി കുറയുന്നില്ലെങ്കിൽ രക്ത പരിശോധന നടത്തുക. CBC,SGPT മാത്രം മതിയാകും. രക്തത്തിൽ ശ്വേതാണുക്കളുടെ (WBC or Total count ) അളവ് കുറയുന്നതാണ് ആദ്യ സൂചന. പ്ലേറ്റ്ലെറ്റുകളുടെ ( Platelet count ) അളവ് ചിലപ്പോൾ സാധാരണ അളവിൽ കണ്ടേക്കാം. ( പ്ലേറ്റ്ലെറ്റ് കൗണ്ട് സാധാരണ അളവിൽ കണ്ട് ഡെങ്കിയല്ല എന്ന് കരുതരുത് എന്നർത്ഥം )
ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സ നിശ്ചയിക്കുക. ക്ഷീണമോ മറ്റു അപകടരമായ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുക ( സാധാരണയായി പ്ലേറ്റ്ലെറ്റിന്റെ അളവ് 50000-ൽ താഴെയാണെങ്കിൽ അഡ്മിറ്റ് ചെയ്യേണ്ടിവരും)

അടുത്ത ഘട്ടമാണ് ഏറ്റവും അപകടകരം,

2. നിർണായക ഘട്ടം ( Critical phase )
ഈ ഘട്ടത്തിൽ പനി നിശ്ശേഷം വിട്ടുമാറിയിട്ടുണ്ടാകും, പക്ഷേ ഡെങ്കിപ്പനിയുടെ നിർണ്ണായകമായ പ്രശ്നങ്ങൾ ഈ ഘട്ടത്തിലാണ് ഉണ്ടാകുന്നത്. ഈ ഘട്ടം 1-3 ദിവസം നീണ്ടു നിൽക്കാം. പനിമാറി എന്ന ധാരണയിൽ ആളുകൾ വീണ്ടും ജോലികളിൽ ഏർപ്പെടുന്ന സമയമാണിത്.

ഈ ഘട്ടത്തിൽ ശക്തമായ വയറുവേദന, ശർദ്ദി, പതിവിൽ കൂടുതൽ ക്ഷീണം, അസ്വസ്തത, കൈകാലുകളിൽ ചുവന്ന കത്തുകൾ , മോണയിൽ നിന്ന് രക്തം, മലം കറുത്തനിറത്തിൽ കാണപ്പെടുക, ഹൃദയമിടിപ്പിൽ വ്യത്യാസം, പ്രജ്ഞയിൽ വ്യത്യാനം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം.

ശരീരത്തിലെ ഏറ്റവും ചെറിയ രക്തക്കുഴലുകളിലൂടെ രക്തസ്രാവം ( Capillary leak ) ഉണ്ടാവാൻ സാധ്യതയുള്ള ഘട്ടമാണിത്. ശ്വേതാണുക്കളുടെ അളവ് ( WBC count ) ക്രമാനുഗതമായി കുറയുകയും അതോടൊപ്പം പ്ലേറ്റ്ലെറ്റുകളുടെ ( Platelet count ) അളവും കുറയും. PCV ( Hematocrit ) കൂടുന്നതും ഈ ഘട്ടത്തിലാണ്. ആന്തരിക രക്തസ്രാവം ഉണ്ടാകുമ്പോൾ PCV ഉയരുന്നു.
ഡെങ്കിപ്പനിയുടെ രോഗനിർണ്ണയത്തിനായി Dengue NS1 , IgM ടെസ്റ്റുകളും ഈ ഘട്ടത്തിൽ നടത്തുന്നു. ( എല്ലാ ഡെങ്കിപ്പനി രോഗികളിലും ഈ ടെസ്റ്റ് വഴി രോഗനിർണ്ണയം സാധ്യമല്ല, അത് ഈ കാർഡ് ടെസ്റ്റുകളുടെ ഒരു ന്യൂനതയാണ്. ) ഡെങ്കി വൈറസിനെതിരേ മരുന്നുകൾ ലഭ്യമല്ല, അതിനാൽ തന്നെ ഡെങ്കി ടെസ്റ്റ് ഫലം ചികിത്സാരീതിയെ സ്വാധീനിക്കുന്നില്ല. രോഗിക്ക് ഡെങ്കിപ്പനിമൂലമുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുകയാണ് ചെയ്യുന്നത്.

ഈ ഘട്ടത്തിൽ IV fluids നൽകേണ്ടി വരും. സാധാരണഗതിയിൽ IV fluids മാത്രം മതിയാകും.
പ്ലേറ്റ്ലെറ്റുകൾ കുറയുന്നതു കൊണ്ട് മാത്രം ഒരാൾക്ക് രക്തം നല്കേണ്ടതില്ല. ( പതിനായിരത്തിൽ ( 10000 ) താഴെ പ്ലേറ്റ്ലെറ്റ് അളവ് കുറഞ്ഞവർക്ക് പലർക്കും രക്തം നൽകേണ്ടിവന്നിട്ടില്ല ഇതു വരെ, പക്ഷേ രക്തസ്രാവം കാരണം ഇരുപതിനായിരത്തിൽ (20000 ) കൂടുതൽ പ്ലേറ്റ്ലെറ്റുണ്ടായിട്ടും രക്തം നൽകേണ്ടി വന്നോക്കം. അപ്പോൾ വെറും പ്ലേറ്റ്ലെറ്റിന്റെ അളവ് വച്ച് രക്തം നൽകരുത്.
രക്തം നൽകേണ്ടിവന്നാൽ പ്ലേറ്റ്ലെറ്റ് ഘടകം മാത്രം നൽകരുത്, മറിച്ച് മുഴുവൻ ഘടകങ്ങളുമടങ്ങിയ രക്തം ( Whole blood ) വേണം നൽകാൻ. മുകളിൽ പറഞ്ഞതു പോലെ രക്തക്കുഴലുകളിൽ നിന്ന് രക്തസ്രാവം മൂലമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്, അല്ലാതെ പ്ലേറ്റ്ലെറ്റ് കുറയുന്നത് മൂലമല്ല.

ഈ ഘട്ടത്തിൽ കരളിന്റെ വീക്കം, ഹൃദയമിടിപ്പിൽ വ്യത്യാസം, തലച്ചോറിന് ക്ഷതം ഇവ കണ്ടേക്കാം. SGPT, SGOT എന്നിവയുടെ അളവുകൾ കൂടിയേക്കാം.ECG,Ultrasound, Chest X-ray ,CT Brain എന്നീ പരിശോധനകളും വേണ്ടിവന്നേക്കാം.

3. ഭേദമാവുന്ന ഘട്ടം ( Recovery phase )
നിർണ്ണായക ഘട്ടം തരണം ചെയ്തുകഴിഞ്ഞാൽ പിന്നെ ഭയപ്പെടേണ്ടതില്ല. രക്തക്കുഴലിലൂടെ നഷ്ടപ്പെട്ട രക്തഘടകം തിരിച്ച് സ്വാംശീകരിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ് (48-72 മണിക്കൂർ ). ഈ ഘട്ടത്തിൽ IV fluids നൽകേണ്ടതില്ല, അഥവാ നൽകുകയാണെങ്കിൽ മേൽപ്പറഞ്ഞ തിരിച്ചെടുക്കപ്പെടുന്ന രക്തഘടകങ്ങൾ കാരണം വന്നേക്കാവുന്ന fluid overload മനസ്സിൽ കരുതണം. ശ്വേതാണുക്കളുടെ ( WBC Count ) അളവാണ് ആദ്യം ഉയർന്നു തുടങ്ങുക, അതിനു ശേഷം രണ്ട് മൂന്ന് ദിവസത്തിനുശേഷമേ പ്ലേറ്റ്ലെറ്റുകളുടെ അളവ് ഉയരൂ. ഇതോടൊപ്പം വിശപ്പു സാധാരണഗതിയിലാകും,ക്ഷീണം കുറയും.

പനിവന്നാൽ 3-4 ദിവസം വീട്ടിൽ വിശ്രമിക്കുക.
ധാരാളം വെള്ളം കുടിക്കുക.
മേൽപറഞ്ഞ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
ഡെങ്കിപ്പനി കൃത്യമായി നിർദ്ദേശങ്ങൾ പാലിച്ചാൽ തനിയെ മാറുന്ന രോഗമാണ്. സാധാര ഗതിയിൽ 10 ദിവസം കൊണ്ട് പരിപൂർണ്ണ സുഖം പ്രാപിക്കാം:
Related Posts Plugin for WordPress, Blogger...