സൂര്യൻ തിരിഞ്ഞു കളിക്കുന്നു
സൂര്യൻ തിരിഞ്ഞു കളിക്കുന്നു: കാന്തിക ധ്രുവങ്ങൾ കീഴ്മേൽ മറിയും
സൂര്യന് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു. എന്തു സംഭവിച്ചാലും ഭൂമിയിലെ നാമടക്കം എല്ലാ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും ബാധിക്കുമെന്നുള്ളത് ഉറപ്പ്. പക്ഷേ എത്രത്തോളം എന്ന് ശാസ്ത്രജ്‌ഞർക്ക് ഉറപ്പിച്ച് പറയാൻ കഴിയുന്നില്ല. ഇത്തവണ പക്ഷേ പ്രശ്നം ഗുരുതരമാണ്. സൂര്യന്റെ കാന്തിക ധ്രുവങ്ങൾ മാറി മറിയാൻ പോകുന്നത്രെ. നാം സാധാരണ കാണുന്ന ഒരു കാന്തം അനങ്ങാതിരിക്കുകയും അതിന്റെ നെഗറ്റിവ്, പോസിറ്റിവ് ധ്രുവങ്ങൾ മാറുകയും ചെയ്യുന്ന സ്ഥിതിയാണ് സൂര്യനിലുമുണ്ടാകുന്നത്. 11 വർഷങ്ങൾക്കിടെ സംഭവിക്കുന്ന ഇത് എത്രത്തോളം ശക്തിയുള്ളതായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. കാരണം സൂര്യന്റെ ഉള്ളിൽ നടക്കുന്നത് എന്താണെന്ന് ഇപ്പോഴും നമുക്ക് ദുർഗ്രാഹ്യമാണ്.
സൂര്യനെ ഒരു കാന്തമായി സങ്കല്പിച്ചാൽ 6000 ഡിഗ്രി ഉപരിതല താപനില, 16 ലക്ഷം കിലോമീറ്റർ വ്യാസം, രണ്ട് എന്ന അക്കത്തിനൊപ്പം 27 പൂജ്യം ചേർത്താലുണ്ടാകുന്ന ടൺ ഭാരം. ഇത്രയുമുള്ള കാന്തമാണ് സൂര്യൻ. അതിന്റെ ധ്രുവങ്ങൾ മാറിയാലുണ്ടാകുന്ന ആഘാതം പഠിക്കാൻ ലോകത്തെ പല കൂറ്റൻ ടെലിസ്കോപ്പുകളും റെഡിയായി നിൽക്കുകയാണ്. കാന്തികധ്രുവം മാറാൻ തുടങ്ങിയിട്ട് കുറെയേറെ ദിവസങ്ങളായി. ഡിസംബർ ഏഴിന് ആ മാറ്റം പൂർത്തിയാകും. ഇത്രയും കാലം ഭൂമിയിൽ ഗോചരമല്ലാതിരുന്ന ദക്ഷിണ കാന്തിക ധ്രുവമായിരിക്കും ഇനി നമുക്ക് കാണാനാവുക.
ആഗോള വാർത്താവിനിമയ സംവിധാനങ്ങളെയും നമ്മുടെ കൃത്രിമോപഗ്രങ്ങളെയും ഗോളാന്തര യാത്ര നടത്തുന്ന പേടകങ്ങളെയും ഇത് ബാധിക്കുമെന്നാണ് സൂചന. ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികളെയും കാന്തികമാറ്റം ബാധിച്ചേക്കാം.
സൂര്യബിന്ദുക്കൾ (സൺ സ്‌പോട്ട്സ്) ഏറ്റവുമധികം ശക്തിയാർജിക്കുന്ന സമയമാണിത്. സൗരകൊടുങ്കാറ്റിലൂടെ സൗരോർജവും ഉപരിതലത്തിൽനിന്നുള്ള മറ്റു വസ്‌തുക്കളും സൗരയൂഥത്തിലേക്ക് പറക്കുന്നതും ഇപ്പോൾതന്നെ. ധ്രുവങ്ങളിൽ ഇടയ്ക്കിടെയുണ്ടാകുന്ന പ്രഭാപൂരങ്ങളെപ്പോലെയുള്ള പ്രതിഭാസങ്ങൾ എല്ലായിടത്തുമുണ്ടാകുമെന്നാണ് സൂചന. ബാഹ്യാകാശ കാലാവസ്ഥ എന്ന പേരിൽ ശാസ്ത്രജ്ഞർ വിളിക്കുന്ന ഈ പ്രതിഭാസം ഏറ്റവും അവസാനമുണ്ടായത് 1859 ലായിരുന്നു. അന്ന് കൃത്രിമോപഗ്രഹങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ടെലിഗ്രാഫ് വയറുകൾ കത്തി വാർത്താവിനിമയ ബന്ധങ്ങൾ അന്ന് വിഛേദിക്കപ്പെട്ടിരുന്നു. സൂര്യന്റെ അന്തർഭാഗത്തുള്ള അതിശക്തമായ പ്രതിപ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന സൗര ബിന്ദുക്കളിൽനിന്നാണ് കാന്തിക രേഖകൾ ഉത്ഭവിക്കുന്നത്. ഇവയുടെ എണ്ണം കൂടുന്നതനുസരിച്ചാണ് കാന്തികസ്വഭാവത്തിൽ മാറ്റം വരികയും അത് ശക്തിപ്പെട്ട് കാന്തിക ധ്രുവങ്ങൾ കീഴ്‌മേൽ മറിയുകയും ചെയ്യുന്നത്. തുടർന്ന് അഞ്ചു വർഷത്തോളം സൂര്യൻ ഏറെക്കുറെ ശാന്തനായിരിക്കും. വീണ്ടും ഈ പ്രവർത്തനങ്ങൾ ആവർത്തിക്കും. ഇത്തവണ എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്നുകാണണം.
(അവലംബം: വിൽകോക്‌സ് വാനനിരീക്ഷണകേന്ദ്രം, സ്റ്റാൻഫഡ് സർവകലാശാല)
No comments:
Post a Comment