Saturday, November 9, 2013

പെൺകുട്ടികൾ സൂക്ഷിക്കുക

പെൺകുട്ടികൾ സൂക്ഷിക്കുക, രക്ഷിതാക്കളും

കെ.എസ്.സന്ദീപ്
---------------------

കൊച്ചി: പെൺകുട്ടികളെ കുറിച്ചുള്ള മാതാപിതാക്കളുടെ ജാഗ്രതക്കുറവും സ്കൂളുകളിൽ നടക്കേണ്ട കൗൺസലിംഗിന്റെ അഭാവവുമാണ് കലാലയങ്ങളിൽ സെക്സ് റാക്കറ്റുകൾ പിടിമുറുക്കാൻ ഇടയാക്കുന്നതെന്ന് അടുത്തിടെ ഇത്തരം കേസുകൾ കൈകാര്യം ചെയ്ത സംസ്ഥാന പൊലീസ് വ്യക്തമാക്കുന്നു. അതുകൊണ്ട് അവർ ഉപദേശിക്കുന്നു: സൂക്ഷിക്കുക. അപകടം അറിയാതെ പോകരുത്.
സ്കൂളുകളിൽ നടക്കുന്ന കൗൺസലിംഗിൽ പെൺകുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞാലും സ്കൂളിനേൽക്കുന്ന കളങ്കം ഭയന്ന് ചില സ്കൂൾ അധികൃതർ എല്ലാം രഹസ്യമാക്കി വയ്‌ക്കും. പ്രശ്നം രമ്യമായി പരിഹരിക്കാനാവും അവർ പലപ്പോഴും ശ്രമിക്കുക. ഇക്കാലംകൊണ്ട് സെക്സ് റാക്കറ്റ് മറ്റൊരു പെൺകുട്ടിയെ വലവീശിപ്പിടിച്ചിട്ടുണ്ടാകും. ഏതെങ്കിലും ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ കാട്ടാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കുട്ടികൾ ആവശ്യപ്പെടുന്നതെന്തും വാങ്ങി നൽകുന്നതോടെ അവർ തൃപ്തരാകുന്നുവെന്നാണ് ചില മാതാപിതാക്കളുടെ ധാരണ. അവരുടെ പ്രവൃത്തികളും സഹവാസങ്ങളും എന്താണെന്ന് ഒരുതരത്തിലും തിരക്കുന്നില്ല. ഈ സമയത്താണ് മാതാപിതാക്കളുടെ സ്ഥാനം ചിലർ മോഹനവാഗ്‌ദാനങ്ങളിലൂടെ കവർന്നെടുക്കുന്നത്. ഇവരുടെ വശീകരണ വലയത്തിലാകുന്ന കുട്ടികൾ പിന്നീട് കോഴിക്കോട് സംഭവത്തിന് സമാനമായ സെക്സ് റാക്കറ്റുകളുടെ കൈയിലാണ് അകപ്പെടുന്നത്.
പെൺകുട്ടികളെ വഴിതെറ്റിക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ആകർഷകമായ സാധനങ്ങൾ നൽകിയായിരിക്കും വശീകരിക്കുക. 9,10,11 ക്‌ളാസുകളിലെ കുട്ടികളെയാണ് സെക്സ് റാക്കറ്റുകൾ വലവീശി പിടക്കുന്നത്. കോഴിക്കോട്ടെ സംഭവം പുറത്തുവന്നു എന്നു മാത്രമേയുള്ളൂ. അതിനു സമാനമായ സംഭവങ്ങൾ സംസ്ഥാനത്തെ പല സ്കൂളുകളിലും നടക്കുന്നുണ്ട്.
രക്ഷിതാക്കൾ ചെയ്യേണ്ടത്:
മക്കൾ സ്‌കൂളിലേക്കാണോ പോകുന്നതെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം.
പഠനത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ടോയെന്നും പരിശോധിക്കണം.
സ്ക‌ൂളിൽ നിന്ന് വരുന്ന മകളുടെ തലയിൽ നിങ്ങൾ വാങ്ങിക്കൊടുക്കാത്ത ഒരു ക്‌ളിപ്പുണ്ടെങ്കിൽ പോലും അന്വേഷിക്കണം.
കൂട്ടുകാരി തന്നതാണെന്ന് മകൾ പറഞ്ഞാൽ അവരെ വിളിച്ച് തിരക്കണം. അവരുടെ രക്ഷകർത്താക്കളോടും കാര്യങ്ങൾ അന്വേഷിക്കണം.
സംശയകരമായ മൊബൈൽ വിളികൾ കണ്ടാൽ അതീവ ഗൗരവത്തോടെ അന്വേഷിക്കണം.
ഇടയ്‌ക്കിടയ്‌ക്ക് കുട്ടികളുടെ ബാഗുകൾ പരിശോധിക്കണം.
- വിജിലൻസ് എ.ഡി.ജി.പി ആർ. ശ്രീലേഖ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...