Saturday, November 23, 2013

ചിക്കൂ

 ചിക്കൂ 

ചിക്കൂ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സപ്പോട്ടപഴത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ.ഉഷ്ണമേഖലയില്‍ കാണപ്പെടുന്ന നിത്യഹരിത മരമായ സപ്പോട്ടയുടെ പഴം മാങ്ങ,ചക്ക,വാഴപ്പഴം എന്നവയെയൊക്കെപ്പോലെ വളരെ പോഷക സമ്പുഷ്ടവും ഊര്‍ജ്ജദായകവുമാണ്.നോസ് ബെറി,സപ്പോടില്ല പ്ലം,ചിക്കൂ എന്നിങ്ങനെ പല പേരുകളില്‍ സപ്പോട്ട അറിയപ്പെടുന്നുണ്ട്. പല തരത്തിലുള്ള പോഷകങ്ങളടങ്ങിയ ഈ പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്.വളരെ പെട്ടെന്ന് ദഹിക്കുന്നതാണ് ഇതിന്‍റെ മധുരമുള്ള ഉള്‍വശം.ഇതിലടങ്ങിയ ഗ്ലൂക്കോസിന്‍റെ അംശം ശരീരത്തിന് ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കുന്നു.വൈറ്റമിനുകള്‍,ധാതുക്കള്‍,ടാനിന്‍ എന്നിവ കൊണ്ടും സമ്പുഷ്ടമാണ് സപ്പോട്ട.വളരെ മധുരമുള്ള കാമ്പായതിനാല്‍ മില്‍ക്ക് ഷേക്കുകളില്‍ സ്ഥിരമായി സപ്പോട്ട ഉപയോഗിക്കാറുണ്ട്.സപ്പോട്ടയുടെ പല തരത്തിലുള്ള ഗുണങ്ങള്‍ ഇതാ താഴെ കൊടുത്തിരിക്കുന്നു. 1, ഊര്‍ജ്ജദായകം.... ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഗ്ലൂക്കോസിന്‍റെ അംശം കൂടുതലായ അടങ്ങിയ പഴമാണ് സപ്പോട്ട.കായികമേഖലകളിലുള്ളവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായതിനാല്‍ ഇവര്‍ കൂടുതല്‍ സപ്പോട്ട കഴിക്കുന്നത് നല്ലതാണ്. 2, അണുബാധയും അസുഖങ്ങളും തടയുന്നു.... അണുബാധയും വീക്കങ്ങളും തടയാന്‍ കഴിവുള്ള ഔഷധമായ ടാനിന്‍ അടങ്ങിയ പഴമാണ് സപ്പോട്ട.ശരീരത്തിനകത്ത് ദഹനപ്രക്രിയ എളുപ്പമാക്കുക വഴി ആമാശയത്തിലേയും അന്നനാളത്തിലേയും ചെറുകുടലിലേയും വീക്കങ്ങളും മറ്റ് അസ്വസ്ഥതകളും മാറ്റാന്‍ സപ്പോട്ടയ്ക്ക് കഴിയും.അതുകൊണ്ട് തന്നെ ഉദരസംബന്ധമായ പല പ്രശ്നങ്ങളും വേദനകളും പരിഹരിക്കാന്‍ സപ്പോട്ട നല്ലതാണ്. 3, കാന്‍സറിനെ തടയാം.... ചില കാന്‍സറുകളെ തടയാനും സപ്പോട്ടയ്ക്ക് കഴിവുണ്ട്.സപ്പോട്ടയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും പോഷകങ്ങളുമെല്ലാം കാന്‍സറിനെ പ്രതിരോധിക്കുന്നതാണ്.ശ്വസകോശത്തിലേയും മോണയിലേയും കാന്‍സറിനെ തടുക്കാന്‍ സപ്പോട്ടയിലെ വൈറ്റമിന്‍ എയ്ക്ക് കഴിയും .ഇതുകൂടാതെ സപ്പോട്ടയിലെ വൈറ്റമിന്‍ എ,വൈറ്റമിന്‍ ബി എന്നിവ ചര്‍മ്മ സംരക്ഷണത്തിനും നല്ലതാണ്. 4, ആരോഗ്യമുള്ള എല്ലുകള്‍ക്ക് ....കാല്‍സ്യം ,ഫോസ്ഫറസ് , അയേണ്‍ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്.സപ്പോട്ടയില്‍ ഇവ മൂന്നും അടങ്ങിയതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സപ്പോട്ട വളരെ നല്ലതാണ്. 5, മലബന്ധം ഇല്ലാതാക്കും...സപ്പോട്ടയില്‍ വളരെ വലിയ അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.ഇത് കാരണം സപ്പോട്ട നല്ലൊരു വളറിളക്ക മരുന്ന് കൂടിയാണ്.ഇത് വന്‍കുടലിന്‍റെ ആവരണത്തിന് ബലം നല്‍കുകയും അതുവഴി അണുബാധ തടയുകയും ചെയ്യുന്നു. 6, ഗര്‍ഭിണികള്‍ക്ക് നല്ലത് ....കാര്‍ബോ ഹൈഡ്രേറ്റുകളും,പോഷകങ്ങളും അടങ്ങിയതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സപ്പോട്ട നല്ല ഭക്ഷണമാണ്.ഗര്‍ഭകാലത്തെ തളര്‍ച്ചയും ക്ഷീണവും രാവിലെകളിലെ അസ്വസ്ഥതകളും മാറ്റാനും ഇത് ഉത്തമമാണ്. 7, മൂലക്കുരു.... മൂലക്കുരു, വലിയ മുറിവുകള്‍ തുടങ്ങിയവ വഴി നിലയ്ക്കാത്ത രക്തപ്രവാഹമുണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ സപ്പോട്ട കഴിച്ചാല്‍ മതി.ഇതിലെ ചില ഘടകങ്ങള്‍ രക്തധമനിയുമായി പ്രതിപ്രവര്‍ത്തിച്ച് രക്തപ്രവാഹം നിയന്ത്രിക്കും.പ്രാണികളുടെയോ മറ്റോ കടിയേറ്റാല്‍ ആ ഭാഗത്ത് സപ്പോട്ടയുടെ കുരു അരച്ച് തേക്കുന്നതും നല്ലതാണ്. 8, വൈറസിനേയും ബാക്ടീരിയയേയും തുരത്തുന്നു.... പോളിഫീനോളിക്ക് ആന്‍റി ഓക്സിഡന്‍റുകളുടെ സാന്നിധ്യമുള്ളതിനാല്‍ വൈറസിനേയും ബാകടീരിയകളേയും പാരസൈറ്റുകളേയും തുരത്താന്‍ സപ്പോട്ടയ്ക്ക് പ്രത്യേക കഴിവുണ്ട്.ഈ ആന്‍റി ഓക്സിഡന്‍റുകള്‍ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നു.ശരീരത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ വൈറ്റമിന്‍ സി നശിപ്പിക്കുന്നു.അതേസമയം സപ്പോട്ടയിലെ പൊട്ടാസ്യം,അയേണ്‍,ഫോളേറ്റ്,നിയാസിന്‍,പാന്‍തോതെനിക്ക് ആസിഡ് തുടങ്ങിയവ ദഹനപ്രക്രിയ കൂടുതല്‍ 9, വയറിളക്കത്തിനുള്ള മരുന്ന്..... ദോഷങ്ങള്‍ അകറ്റി വയറ് ശുദ്ധീകരിക്കാന്‍ സപ്പോട്ട വളരെ നല്ലതാണ്.സപ്പോട്ട പഴം വെള്ളത്തിലിട്ട് തിളപ്പിച്ച കഷായം വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നു.പൈല്‍സ് ,വയറുകടി തുടങ്ങീ രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നത് നല്ലതാണ് 10, മാനസികാരോഗ്യത്തിന് .....ഉറക്കമില്ലായ്മ,വിഷാദം,ഉത്കണ്ഠ തുടങ്ങി അസുഖമുള്ളവരില്‍ ഉറക്കമരുന്നായി സപ്പോട്ട ഗുണം ചെയ്യും.ശക്തിയേറിയ ഉറക്കമരുന്ന് കൂടിയായ സപ്പോട്ട ഞരമ്പുകളെ ശാന്തമാക്കാനും പിരിമുറുക്കം കുറയ്ക്കാനും സഹായിക്കും. 11, ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കുന്നു..... നാസാരന്ധ്രങ്ങളിലേയും ശ്വാസകോശഭിത്തിയിലേയും ശ്ലേഷ്മത്തെ പുറന്തള്ളി ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കാന്‍ സപ്പോട്ടയ്ക്ക കഴിവുണ്ട്. 12, ശരീരഭാരം കുറയ്ക്കാം..... വയറിനകത്ത് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുക വഴി ജീവല്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണത്തിലാക്കി അമിതഭാരം കുറയ്ക്കാന്‍ സപ്പോട്ട സഹായിക്കുന്നു. 13, വിഷാംശം കളയുന്നു..... ശരീരത്തില്‍ മൂത്രത്തിന്‍റെ അളവ് കൂട്ടുക വഴി ശരീരത്തിലെ വിഷാംശങ്ങള്‍ മൂത്രം വഴി പുറന്തള്ളാനും സപ്പോട്ട സഹായിക്കുന്നു.അതേസമയം ശരീരത്തില്‍ വെള്ളത്തിന്‍റെ തോത് നിലനിര്‍ത്തുക വഴി നീര്‍ക്കെട്ടുകള്‍ തടയാനും സപ്പോട്ട നല്ലതാണ്. 14, മൂത്രക്കല്ല്‌..... മൂത്രക്കല്ലു പോലുള്ള രോഗങ്ങള്‍ തടയാനും സപ്പോട്ട നല്ലതാണ്. ഇത് വൃക്കയുടെ ആരോഗ്യം കാക്കുന്നതു തന്നെയാണ് കാരണം. 15, പല്ലുരോഗങ്ങള്‍ക്ക് .....കേടുപാടുകള്‍ പറ്റിയ പല്ലടയ്ക്കാന്‍ സപ്പോട്ടയിലെ ലാറ്റെക്സ് ഘടകം ഉപയോഗിക്കാം. 16, തിളക്കമുള്ള ചര്‍മ്മത്തിന് സപ്പോട്ടയിലടങ്ങിയ വൈറ്റമിന്‍ ഇ ചര്‍മ്മത്തിന് നനവും തിളക്കവും കൂട്ടാന്‍ വളരെ നല്ലതാണ്.സപ്പോട്ട കഴിച്ചാല്‍ ആരോഗ്യവും സൌന്ദര്യവുമുള്ള ചര്‍മ്മം സ്വന്തമാക്കാം. 17, മിനുസമുള്ള മുടിയ്ക്ക് .....സപ്പോട്ടയുടെ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ മുടിയ്ക്ക് ഈര്‍പ്പവും മിനുസവും കൂട്ടാന്‍ നല്ലതാണ്.ചുരുണ്ടമുടിയിഴകള്‍ക്ക് തിളക്കം കൂട്ടാന്‍ ഈ എണ്ണ വളരെ നല്ലതാണ്.ഒട്ടിപ്പടിക്കുന്ന അവശിഷ്ടം ഇല്ലാതെ മുടിയ്ക്ക ഇത് മുഴുവനായി ആഗിരണം ചെയ്യാന്‍ കഴിയും. 18, മുടി കൊഴിച്ചില്‍ തടയുന്നു...... മുടിയ്ക്ക് അഴക് മാത്രമല്ല ആരോഗ്യവും നല്‍കാന്‍ സപ്പോട്ടയ്ക്ക് കഴിവുണ്ട.സപ്പോട്ട പഴത്തിന്‍റെ കുരുവില്‍ നിന്നും ഉണ്ടാക്കുന്ന എണ്ണ മുടി കൊഴിച്ചില്‍ മാറ്റാന്‍ വളരെ നല്ലതാണ്. ഇത് തലയോട്ടിയിലെ ചര്‍മ്മത്തിന്‍റെ വരള്‍ച്ച ഇല്ലാതാക്കി മുടി തഴച്ചു വളരാന്‍ സഹായിക്കുന്നു.തലയോട്ടിയിലെ ചര്‍മ്മവീക്കം കാരണമുണ്ടാകുന്ന മുടി കൊഴിച്ചില്‍ തടയാന്‍ ഈ എണ്ണ ഉപയോഗിക്കാറുണ്ട്. 19, താരന്‍ കുറയും..... സപ്പോട്ടയുടെ കുരു ആവണക്കെണ്ണയുമായി ചേര്‍ത്തരച്ച് തലയോട്ടിയില്‍ തേച്ച് ഒരു രാത്രി മുഴുവന്‍ പിടപ്പിച്ച് പിറ്റേന്ന് കഴുകിക്കളഞ്ഞാല്‍ താരന്‍ കുറയും.ഇത് കൂടാതെ മുടി മിനുസമുള്ളതാവുകയും ചെയ്യും. 20, ചുളിവുകളില്ലാതാക്കാം...... പ്രായം കാരണം ശരീരത്തിലുണ്ടാകുന്ന ചുളിവുകളകറ്റാന്‍ സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്.ശരീരത്തിനകത്ത് രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകള്‍ പ്രായം കൂടുംതോറും തൊലിയില്‍ ചുളിവുകളുണ്ടാക്കുന്നു.സപ്പോട്ട ഈ ഫ്രീറാഡിക്കലുകളെ തുരത്തി ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കുന്നു. 21, ചര്‍മ്മലേപനം..... സപ്പോട്ടയുടെ കുരുവില്‍ നിന്നുണ്ടാക്കുന്ന എണ്ണ ചര്‍മ്മലേപനമായും ഉപയോഗിക്കാം.എണ്ണ വേര്‍തിരിച്ചെടുത്തതിനുശേഷമുണ്ടാകുന്ന കുരുവിന്‍റെ അവശിഷ്ടം ചര്‍മ്മത്തിലുണ്ടാകുന്ന മുറിവുകളിലും ചൊറിച്ചിലിനും പുരട്ടാവുന്നതാണ്. 22, ഫംഗസ് ബാധ തടയുന്നു..... സപ്പോട്ടമരത്തിലുള്ള പാല്‍പോലുള്ള കറ ചര്‍മ്മത്തിലുണ്ടാകുന്ന അരിമ്പാറയും ഫംഗസ് ബാധയും തടയാന്‍ വളരെ നല്ലതാണ്

Friday, November 15, 2013

വിഷം വിഷം സര്‍വത്രെ

 വിഷം  വിഷം സര്‍വത്രെ.................


അരിയിലും ഏത്തപ്പഴത്തിലും പച്ചക്കറിയിലും എല്ലാം അനുവദനീയമായ അളവിന്റെ ആയിരം മടങ്ങാണ് വിഷം
ബാംഗ്ളൂർ: സൈപ്പർമെത്രിൻ, ഹെപ്‌റ്റാക്ളോർ, ക്വിനാൽഫോസ്, ആൾഡ്രിൻ, ക്ളോറോ ഡെയ്ൻ, ഡൈക്ളോർവാസ്.... ഈ പേരൊന്നും നാമാരും കേട്ടുകാണില്ല. പക്ഷെ നിത്യേന വലിയൊരളവിലാണ് നാം ഇവയെല്ലാം മൂന്നു നേരവും വിഴുങ്ങുന്നത്. ഇവയൊക്ക നിരോധിച്ച കീടനാശിനികളാണ്.
ഇവ, അനുവദനീയമായ അളവിന്റെ ആയിരം ഇരട്ടിയാണ് നാം കഴിക്കുന്ന പല പച്ചക്കറികളിലുമെന്നാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കണ്ടെത്തൽ. കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണിത്.
എത്തപ്പഴം, ഓറഞ്ച്, ആപ്പിൾ തുടങ്ങി മിക്ക പഴങ്ങ്യിലും കാബേജ്, ക്വാളിഫ്ളവർ തുടങ്ങി ഇലനിറഞ്ഞവയടക്കമുള്ള പച്ചക്കറികളിലും മേൽപ്പറഞ്ഞ കീഴനാശിനികൾ ധാരാളമാണെന്നാണ് കണ്ടെത്തൽ. രാജ്യത്തൊട്ടാകെ നിന്നെടുത്ത സാമ്പിളുകളാണ് പരിശോധിച്ചത്.
വിഷം കൂടുതൽ വഴുതനങ്ങയിലാണ്. അനുവദനീയമായ പരിധിയുടെ 860 ശതമാനമാണ് ഇതിലുള്ള കീടനാശിനി. കാബേജ്, ക്വാളിഫ്ളവർ എന്നിവയിലാണ് പിന്നെ കൂടുതൽ വിഷം. ഗോതമ്പിൽ ആൾഡ്രിൻ എന്ന വിഷമാണ് കലർന്നിരിക്കുന്നത്. അതും അനുവദനീയമായ പരിധിയേക്കാൾ 21,890 മടങ്ങ്. അരിയിൽ ക്ളോർഫെൻവിൻഫോസ് എന്ന കീടനാശിനിയാണ് കണ്ടെത്തിയത്. നിശ്ചിത പരിധിയേക്കാൾ 1324 ശതമാനം കൂടുതൽ.
ദീർഘകാലം കഴിച്ചാൽ മാരകമാകാവുന്നതാണിവയെല്ലാം. വൃക്ക, കരൾ എന്നിവയെ ബാധിക്കും. ഇവ ഹോർമോണുകൾ ദഹനരസങ്ങൾ എന്നിവയുടെ ഉല്പാദനത്തെയും കോശങ്ങൾ ,ഗ്രന്ഥികൾ എന്നിവയടക്കമുള്ളവയേയും ബാധിക്കും. ചിലവ ഭക്ഷ്യ വിഷബാധയുണ്ടാക്കും, ചിലത് അലർജിയുണ്ടാക്കും. ഈ കീടനാശിനികൾ ഗർഭണികളിൽ ഭയാനകമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുക. ജനിക്കുന്ന കുട്ടികൾക്ക് ജനിതക പ്രശ്നങ്ങൾ വരെ വരാം, ബാംഗ്ളൂർ രാമയ്യ മെമ്മോറിയൽ ആശുപത്രയിലെ ചീഫ് ഡയറ്റീഷ്യൻ ഹേമ അരവിന്ദ് പറഞ്ഞു.
ആപ്പിളിലും ഓറഞ്ചിലും കീടനാശിനികൾ അനുവദനീമായ അളവിന്റെ 140 ശതമാമാണ് അടങ്ങിയിരിക്കുന്നത്. ദീർഘനാൾ കേടുകൂടാതിരിക്കാനാണ് ഇവയിൽ കീടനാശിനികളും രാസവസ്തുക്കളും പ്രയോഗിക്കുന്നത്. കീടനാശിനി ലയിപ്പിച്ച വെള്ളത്തിൽ മുക്കിയാണ് കാബേജും ക്വാളിഫ്ളവറും മാർക്കറ്റിൽ എത്തിക്കുന്നത്.
രക്ഷാ മാർഗം
വൻതോതിൽ പച്ചക്കറി വില്ക്കുന്നവരെ ഒഴിവാക്കി നാടൻ പച്ചക്കറി വില്ക്കുന്ന ചെറുകിടക്കാരിൽ നിന്ന് വാങ്ങുകയാണ് നല്ലത്. അവയിൽ ഇത്രയും വിഷം കാണില്ല. അടുക്കളതോട്ടമാണ് വിഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി.
പാചകം ചെയ്യും മുനപ് നന്നായി കഴുകുകയാണ് വിഷത്തിന്റെ അളവ് കുറയ്ക്കാനുള്ള മറ്റൊരു വഴി. കുത്തും പാടുമൊന്നുമില്ലാത്ത, നല്ല ഭംഗിയുള്ള, പഴങ്ങൾ നല്ലതല്ലെന്ന് ഓർക്കുക.

സൈപ്പർമെത്രിൻ
നിരോധിത കീടനാശിനി. തലവേദന,ക്ഷീണം, പേശീകൾക്ക് ദൗർബല്യം, ശ്വാസ തടസം എന്നിവയുണ്ടാക്കുന്ന വിഷമാണിത്.
ഹെപ്‌റ്റാക്ളോർ (നിരോധിത കീടനാശിനി.)
വെള്ളപ്പൊടി. മുലപ്പാൽ വരെ വിഷലിപ്‌തമാക്കുന്ന കീടനാശിനി. നാഡീഞരമ്പുകളെയും പ്രതിരോധ സംവിധാനത്തെയും ബാധിക്കും.
ക്വിനാൽഫോസ്, ആൾഡ്രിൻ, ഡൈക്ളോർവാസ്.
നിരോധിത കീടനാശിനികൾ
ക്ളോറോ ഡെയ്ൻ
കാൻസർ, തലവേദന, ശ്വാസകോശരോഗങ്ങൾ, പ്രമേഹം, ഉൽക്കണ്ഠ, വിഷാദരോഗം, കാഴ്ച പ്രശ്നം എന്നിവയുണ്ടാക്കും.

പപ്പായ





പപ്പായ 


പപ്പായ കാൻസറിൽനിന്നും ഹൃദയാഘാതത്തിൽനിന്നും പ്റമേഹരോഗത്തിൽനിന്നും സംരക്ഷിക്കുമെന്ന് പുതിയ പഠനം. പാകിസ്താനിലെ കറാച്ചി സർവകലാശാലയിലെ അഗ്റിക്കൾച്ചർ ആൻഡ് അഗ്റിബിസിനസ് വിഭാഗ വിദ്യാർഥികളുടേതാണ് കണ്ടെത്തൽ. പപ്പായ ജ്യൂസ് കഴിക്കുന്നത് വൃക്കകളെ പ്റവർത്തനസജ്ജമാക്കി നിർത്തുമെന്ന് പഠനം അവകാശപ്പെടുന്നു. പപ്പായയിലെ ഫ്‌ളേവനോയ്ഡ്‌സ്, ഫെനോട്ടിക് എന്നിവ വൃക്കകളെ പ്റവർത്തനരഹിതമാക്കുന്ന രോഗാണുക്കളെ തടയുമെന്നതിനാലാണിത്. ഇവ കരളിനും പരിരക്ഷ നൽകുന്നു. ട്യൂമറിൻെറ വളർച്ചയെ തടയുന്ന പ്റത്യേക സംയുക്തവും പപ്പായയിലുണ്ട്. വൈറ്റമിൻ സി, പൊട്ടാസ്യം, കാൽസ്യം, അയൺ, തയാമിൻ, മഗ്‌നേഷ്യം എന്നിവയാൽ സമ്പന്നമാണ് പപ്പായ. പപ്പായ ഭക്ഷണത്തിൻെറ ഭാഗമാക്കുന്നതു വഴി കാൻസർ സാധ്യത കുറക്കുകയും ചെയ്യാമെന്ന് ഗവേഷകർ പറയുന്നു.

Thursday, November 14, 2013

സൂര്യൻ തിരിഞ്ഞു കളിക്കുന്നു:



സൂര്യൻ തിരിഞ്ഞു കളിക്കുന്നു



സൂര്യൻ തിരിഞ്ഞു കളിക്കുന്നു: കാന്തിക ധ്രുവങ്ങൾ കീഴ്മേൽ മറിയും
സൂര്യന് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു. എന്തു സംഭവിച്ചാലും ഭൂമിയിലെ നാമടക്കം എല്ലാ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും ബാധിക്കുമെന്നുള്ളത് ഉറപ്പ്. പക്ഷേ എത്രത്തോളം എന്ന് ശാസ്ത്രജ്‌ഞർക്ക് ഉറപ്പിച്ച് പറയാൻ കഴിയുന്നില്ല. ഇത്തവണ പക്ഷേ പ്രശ്നം ഗുരുതരമാണ്. സൂര്യന്റെ കാന്തിക ധ്രുവങ്ങൾ മാറി മറിയാൻ പോകുന്നത്രെ. നാം സാധാരണ കാണുന്ന ഒരു കാന്തം അനങ്ങാതിരിക്കുകയും അതിന്റെ നെഗറ്റിവ്, പോസിറ്റിവ് ധ്രുവങ്ങൾ മാറുകയും ചെയ്യുന്ന സ്ഥിതിയാണ് സൂര്യനിലുമുണ്ടാകുന്നത്. 11 വർഷങ്ങൾക്കിടെ സംഭവിക്കുന്ന ഇത് എത്രത്തോളം ശക്തിയുള്ളതായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. കാരണം സൂര്യന്റെ ഉള്ളിൽ നടക്കുന്നത് എന്താണെന്ന് ഇപ്പോഴും നമുക്ക് ദുർഗ്രാഹ്യമാണ്.
സൂര്യനെ ഒരു കാന്തമായി സങ്കല്പിച്ചാൽ 6000 ഡിഗ്രി ഉപരിതല താപനില, 16 ലക്ഷം കിലോമീറ്റർ വ്യാസം, രണ്ട് എന്ന അക്കത്തിനൊപ്പം 27 പൂജ്യം ചേർത്താലുണ്ടാകുന്ന ടൺ ഭാരം. ഇത്രയുമുള്ള കാന്തമാണ് സൂര്യൻ. അതിന്റെ ധ്രുവങ്ങൾ മാറിയാലുണ്ടാകുന്ന ആഘാതം പഠിക്കാൻ ലോകത്തെ പല കൂറ്റൻ ടെലിസ്കോപ്പുകളും റെഡിയായി നിൽക്കുകയാണ്. കാന്തികധ്രുവം മാറാൻ തുടങ്ങിയിട്ട് കുറെയേറെ ദിവസങ്ങളായി. ഡിസംബർ ഏഴിന് ആ മാറ്റം പൂർത്തിയാകും. ഇത്രയും കാലം ഭൂമിയിൽ ഗോചരമല്ലാതിരുന്ന ദക്ഷിണ കാന്തിക ധ്രുവമായിരിക്കും ഇനി നമുക്ക് കാണാനാവുക.
ആഗോള വാർത്താവിനിമയ സംവിധാനങ്ങളെയും നമ്മുടെ കൃത്രിമോപഗ്രങ്ങളെയും ഗോളാന്തര യാത്ര നടത്തുന്ന പേടകങ്ങളെയും ഇത് ബാധിക്കുമെന്നാണ് സൂചന. ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികളെയും കാന്തികമാറ്റം ബാധിച്ചേക്കാം.
സൂര്യബിന്ദുക്കൾ (സൺ സ്‌പോട്ട്സ്) ഏറ്റവുമധികം ശക്തിയാർജിക്കുന്ന സമയമാണിത്. സൗരകൊടുങ്കാറ്റിലൂടെ സൗരോർജവും ഉപരിതലത്തിൽനിന്നുള്ള മറ്റു വസ്‌തുക്കളും സൗരയൂഥത്തിലേക്ക് പറക്കുന്നതും ഇപ്പോൾതന്നെ. ധ്രുവങ്ങളിൽ ഇടയ്ക്കിടെയുണ്ടാകുന്ന പ്രഭാപൂരങ്ങളെപ്പോലെയുള്ള പ്രതിഭാസങ്ങൾ എല്ലായിടത്തുമുണ്ടാകുമെന്നാണ് സൂചന. ബാഹ്യാകാശ കാലാവസ്ഥ എന്ന പേരിൽ ശാസ്ത്രജ്ഞർ വിളിക്കുന്ന ഈ പ്രതിഭാസം ഏറ്റവും അവസാനമുണ്ടായത് 1859 ലായിരുന്നു. അന്ന് കൃത്രിമോപഗ്രഹങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ടെലിഗ്രാഫ് വയറുകൾ കത്തി വാർത്താവിനിമയ ബന്ധങ്ങൾ അന്ന് വിഛേദിക്കപ്പെട്ടിരുന്നു. സൂര്യന്റെ അന്തർഭാഗത്തുള്ള അതിശക്തമായ പ്രതിപ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന സൗര ബിന്ദുക്കളിൽനിന്നാണ് കാന്തിക രേഖകൾ ഉത്ഭവിക്കുന്നത്. ഇവയുടെ എണ്ണം കൂടുന്നതനുസരിച്ചാണ് കാന്തികസ്വഭാവത്തിൽ മാറ്റം വരികയും അത് ശക്തിപ്പെട്ട് കാന്തിക ധ്രുവങ്ങൾ കീഴ്‌മേൽ മറിയുകയും ചെയ്യുന്നത്. തുടർന്ന് അഞ്ചു വ‌ർഷത്തോളം സൂര്യൻ ഏറെക്കുറെ ശാന്തനായിരിക്കും. വീണ്ടും ഈ പ്രവർത്തനങ്ങൾ ആവർത്തിക്കും. ഇത്തവണ എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്നുകാണണം.
(അവലംബം: വിൽകോക്‌സ് വാനനിരീക്ഷണകേന്ദ്രം, സ്റ്റാൻഫഡ് സർവകലാശാല)

Saturday, November 9, 2013

കേരളം



10 മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി കേരളം



               തിരുവനന്തപുരം: കുടംബസമേതം അവധിക്കാലം ചിലവഴിക്കാവുന്ന ലോകത്തെ 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി കേരളം ഇടംപിടിച്ചു. പ്രശസ്ത യാത്രാ മാസികയായ ലോണ്‌ലി പ്ലാനറ്റാണ് മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തേയും തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക് നഗരം, ഡെന്മാര്‍ക്ക്, പരാഗ്വെ, ഐസ്‌ലന്‍ഡ്, ഇറ്റലി, ഹവായി എന്നിവയ്‌ക്കൊപ്പമാണ് കുടുംബങ്ങള്‍ക്ക് അനുയോജ്യമായതും ശിശുസൗഹൃദവുമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളവും അംഗീകരിക്കപ്പെട്ടത്. 

                   പച്ചപ്പിന്റെ നിറസാന്നിധ്യം, കാട്ടാനകളെ കാണാന്‍ കഴിയുന്ന ദേശീയ ഉദ്യാനങ്ങള്‍, കേരവൃക്ഷങ്ങള്‍ നിറഞ്ഞ ബീച്ചുകള്‍, കായലുകളിലൂടെയുള്ള ബോട്ട് യാത്രകള്‍ എന്നിവയാണ് കേരളത്തിലെ പ്രധാന ആകര്‍ഷണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന് വേണ്ടി ടൂറിസം ഡയറക്ടര്‍ എസ് ഹരികിഷോര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ട്രാവല്‍ മാര്‍ട്ടില്‍ ആയുര്‍വേദത്തിന്റെ നാടായിട്ടാണ് കേരള പവലിയന്‍ അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് ഉള്‍പ്പടെ പ്രമുഖര്‍ കേരള പവലിയന്‍ സന്ദര്‍ശിക്കാനെത്തി.

സ്വര്‍ണ്ണ പറവകള്‍


സ്വര്‍ണ്ണ പറവകള്‍ 






നാലുമാസത്തിനിടെ എയർഹോസ്റ്റസ്
കടത്തിയത് 11 കോടിയുടെ സ്വർണം
രണ്ടു സ്ത്രീകൾ കൂടി സംഘത്തിലുണ്ടെന്ന് സൂചന
ഒരു കിലോ സ്വർണം കടത്തുന്നതിന് ഒരു ലക്ഷം രൂപ കമ്മിഷൻ
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ എയർഹോസ്റ്റസും കൂട്ടുകാരിയും നാലുമാസത്തിനിടെ 11 കോടി രൂപയുടെ സ്വർണം കടത്തിയതായി ഡി.ആർ.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എയർ ഇന്ത്യ എക്‌സ്‌പ്രസിൽ എയർ ഹോസ്റ്റസ് ആയ വയനാട് പുൽപ്പള്ളി സ്വദേശി ഹിറോമാസ വി. സെബാസ്‌റ്റ്യൻ, കൂട്ടുകാരിയും കണ്ണൂർ തലശേരി സ്വദേശിയുമായ റാഹില ചീറായി എന്നിവരാണ് കഴിഞ്ഞ ദിവസം ആറു കിലോ സ്വർണവുമായി പിടിയിലായത്.
ഒരു കിലോ സ്വർണം കടത്തുന്നതിന് ഒരു ലക്ഷം രൂപയാണ് ഇവർക്ക് കമ്മിഷനായി ലഭിച്ചിരുന്നത്. കഴിഞ്ഞ ജൂലായ് 29 ന് ചെന്നൈ വിമാനത്താവളം വഴിയും സെപ്തംബർ 17 ന് നെടുമ്പാശേരി വഴിയും സ്വർണം കടത്തിയതായി ഇവർ ഡി.ആർ.ഐ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഹിറോമാസയെയും റാഹിലയെയും ഇന്നലെ വൈകുന്നേരം എറണാകുളത്തെ ജുഡിഷ്യൽ ഫസ്‌റ്റ്‌ക്ളാസ് മജിസ്ട്രേട്ട് പി.വൈ. ജോസഫിന്റെ വസതിയിൽ ഹാജരാക്കി നവംബർ 22 വരെ റിമാൻഡ് ചെയ്തു.
ഇവരെ കൂടാതെ ശാലിനി, സെർബൻ എന്നീ രണ്ടു സ്ത്രീകൾ കൂടി സംഘത്തിലുള്ളതായി ഡി.ആർ.ഐ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഇവർക്കു വേണ്ടി തെരച്ചിൽ ആരംഭിച്ചു. തലശേരി സ്വദേശി നബീൻ, കോഴിക്കോട് സ്വദേശി ഷബാസ്, കൊടുവള്ളി സ്വദേശി സനിൻ എന്നിവരാണ് സ്വർണക്കടത്തിനു പിന്നിലെന്ന് സൂചനയുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

പെൺകുട്ടികൾ സൂക്ഷിക്കുക

പെൺകുട്ടികൾ സൂക്ഷിക്കുക, രക്ഷിതാക്കളും

കെ.എസ്.സന്ദീപ്
---------------------

കൊച്ചി: പെൺകുട്ടികളെ കുറിച്ചുള്ള മാതാപിതാക്കളുടെ ജാഗ്രതക്കുറവും സ്കൂളുകളിൽ നടക്കേണ്ട കൗൺസലിംഗിന്റെ അഭാവവുമാണ് കലാലയങ്ങളിൽ സെക്സ് റാക്കറ്റുകൾ പിടിമുറുക്കാൻ ഇടയാക്കുന്നതെന്ന് അടുത്തിടെ ഇത്തരം കേസുകൾ കൈകാര്യം ചെയ്ത സംസ്ഥാന പൊലീസ് വ്യക്തമാക്കുന്നു. അതുകൊണ്ട് അവർ ഉപദേശിക്കുന്നു: സൂക്ഷിക്കുക. അപകടം അറിയാതെ പോകരുത്.
സ്കൂളുകളിൽ നടക്കുന്ന കൗൺസലിംഗിൽ പെൺകുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞാലും സ്കൂളിനേൽക്കുന്ന കളങ്കം ഭയന്ന് ചില സ്കൂൾ അധികൃതർ എല്ലാം രഹസ്യമാക്കി വയ്‌ക്കും. പ്രശ്നം രമ്യമായി പരിഹരിക്കാനാവും അവർ പലപ്പോഴും ശ്രമിക്കുക. ഇക്കാലംകൊണ്ട് സെക്സ് റാക്കറ്റ് മറ്റൊരു പെൺകുട്ടിയെ വലവീശിപ്പിടിച്ചിട്ടുണ്ടാകും. ഏതെങ്കിലും ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ കാട്ടാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കുട്ടികൾ ആവശ്യപ്പെടുന്നതെന്തും വാങ്ങി നൽകുന്നതോടെ അവർ തൃപ്തരാകുന്നുവെന്നാണ് ചില മാതാപിതാക്കളുടെ ധാരണ. അവരുടെ പ്രവൃത്തികളും സഹവാസങ്ങളും എന്താണെന്ന് ഒരുതരത്തിലും തിരക്കുന്നില്ല. ഈ സമയത്താണ് മാതാപിതാക്കളുടെ സ്ഥാനം ചിലർ മോഹനവാഗ്‌ദാനങ്ങളിലൂടെ കവർന്നെടുക്കുന്നത്. ഇവരുടെ വശീകരണ വലയത്തിലാകുന്ന കുട്ടികൾ പിന്നീട് കോഴിക്കോട് സംഭവത്തിന് സമാനമായ സെക്സ് റാക്കറ്റുകളുടെ കൈയിലാണ് അകപ്പെടുന്നത്.
പെൺകുട്ടികളെ വഴിതെറ്റിക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ആകർഷകമായ സാധനങ്ങൾ നൽകിയായിരിക്കും വശീകരിക്കുക. 9,10,11 ക്‌ളാസുകളിലെ കുട്ടികളെയാണ് സെക്സ് റാക്കറ്റുകൾ വലവീശി പിടക്കുന്നത്. കോഴിക്കോട്ടെ സംഭവം പുറത്തുവന്നു എന്നു മാത്രമേയുള്ളൂ. അതിനു സമാനമായ സംഭവങ്ങൾ സംസ്ഥാനത്തെ പല സ്കൂളുകളിലും നടക്കുന്നുണ്ട്.
രക്ഷിതാക്കൾ ചെയ്യേണ്ടത്:
മക്കൾ സ്‌കൂളിലേക്കാണോ പോകുന്നതെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം.
പഠനത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ടോയെന്നും പരിശോധിക്കണം.
സ്ക‌ൂളിൽ നിന്ന് വരുന്ന മകളുടെ തലയിൽ നിങ്ങൾ വാങ്ങിക്കൊടുക്കാത്ത ഒരു ക്‌ളിപ്പുണ്ടെങ്കിൽ പോലും അന്വേഷിക്കണം.
കൂട്ടുകാരി തന്നതാണെന്ന് മകൾ പറഞ്ഞാൽ അവരെ വിളിച്ച് തിരക്കണം. അവരുടെ രക്ഷകർത്താക്കളോടും കാര്യങ്ങൾ അന്വേഷിക്കണം.
സംശയകരമായ മൊബൈൽ വിളികൾ കണ്ടാൽ അതീവ ഗൗരവത്തോടെ അന്വേഷിക്കണം.
ഇടയ്‌ക്കിടയ്‌ക്ക് കുട്ടികളുടെ ബാഗുകൾ പരിശോധിക്കണം.
- വിജിലൻസ് എ.ഡി.ജി.പി ആർ. ശ്രീലേഖ
Related Posts Plugin for WordPress, Blogger...