അസോള
കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും ദിവസംതോറും വില കൂടിവരുന്നു. ഗുണമുള്ള ജൈവവളം പണംകൊടുത്താല്‍പോലും കിട്ടാനില്ല. ഇതിനു പരിഹാരം കാണാന്‍ ഒരു പന്നല്‍ചെടിക്കു കഴിയുമെങ്കിലോ! അത്ഭുതസസ്യമെന്നു വിശേഷിപ്പിക്കാവുന്ന അസോള നമുക്കു ലഭിച്ച വരദാനംതന്നെയാണ്. ഇലകളുടെ അടിയില്‍ ചെറിയ അറകളിലായി കാണുന്ന നീലഹരിത പായലുകളുടെ സഹവര്‍ത്തിത്വംവഴി അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്യാന്‍ അസോള എന്ന പന്നല്‍ചെടിക്കു കഴിയുന്നു. അതുകൊണ്ടുതന്നെ മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ധിപ്പിക്കുന്ന നല്ലൊരു ജൈവവളമായും പോഷകഗുണങ്ങളുള്ള തീറ്റയായും അസോള ഉപയോഗപ്പെടുത്താം.
അസോള പ്രയോഗിക്കുന്നതിലൂടെ മണ്ണിന്റെ ഘടന മെച്ചപ്പെടുകയും ജലസംഗ്രഹണശേഷി കൂടുകയും ചെയ്യുമെന്നത് കര്‍ഷകരുടെ അനുഭവം. ബയോഗ്യാസ് ഉല്‍പ്പാദനത്തിനും അസോള ഉപയോഗിക്കാം. 35 ശതമാനംവരെ പ്രോട്ടീനും 15 ശതമാനംവരെ ധാതുക്കളും 10 ശതമാനംവരെ അമിനോ അമ്ലങ്ങളും അടങ്ങിയ അസോളയില്‍ കാത്സ്യവും നൈട്രജനും പൊട്ടാഷും ധാരാളമായി അടങ്ങിയിരിക്കുന്നു. അസോള കൃഷിചെയ്യുമ്പോള്‍ ഭാഗികമായി തണലുള്ള സ്ഥലം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു മീറ്റര്‍ നീളവും വീതിയും ഒരടി താഴ്ചയുമുള്ള കുഴിയെടുക്കുന്നതാണ് ആദ്യഘട്ടം. തറ അടിച്ചൊതുക്കി നിരപ്പാക്കി സില്‍പോളിന്‍ ഷീറ്റ് വിരിക്കാം. ചുറ്റും കല്ലുകള്‍ നിരത്തിവച്ചാല്‍ അസോളകൃഷിക്കുളം തയ്യാര്‍. ഇതില്‍ അരിച്ചെടുത്ത 10 മുതല്‍ 15 കിലോഗ്രാം വളക്കൂറുള്ള മണ്ണു വിതറാം. 10 ലിറ്റര്‍ വെള്ളത്തില്‍ രണ്ടുകിലോഗ്രാം ചാണകവും 30 ഗ്രാം റോക്ക്ഫോസ്ഫേറ്റും കൂട്ടിച്ചേര്‍ത്ത് തടത്തില്‍ ഒഴിച്ചുകൊടുക്കണം. ഇനി അസോളയുടെ ഊഴമാണ്. ഇത്രയും വലുപ്പമുള്ള കുഴിയില്‍ ഒരുകിലോ അസോള ചേര്‍ത്തുകൊടുക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ അസോള തടംമുഴുവന്‍ വ്യാപിക്കും. ആഴ്ചതോറും ഒരുകിലോഗ്രാം ചാണകവും 20 ഗ്രാം ഫോസ്ഫറസ് വളവും ചേര്‍ത്തുകൊടുക്കാന്‍ ശ്രദ്ധിക്കണം. വളം അധികമായാലും കുറഞ്ഞാലും ഉല്‍പ്പാദനത്തെ ബാധിക്കും. ഇത്തരം തടത്തില്‍നിന്ന് ദിവസവും അരക്കിലോഗ്രാം അസോള ലഭിക്കും.
പ്രതികൂല സാഹചര്യങ്ങളില്‍ അസോളതടം പെട്ടെന്ന് ഉണങ്ങിപ്പോകും. ഇങ്ങനെയുള്ള തടങ്ങളില്‍ സില്‍പോളിന്‍ ഷീറ്റിലെ മണ്ണുമാറ്റി വൃത്തിയാക്കി അസോള കൃഷിചെയ്യാന്‍ തുടങ്ങണം. 10 ദിവസത്തിലൊരിക്കല്‍ കാല്‍ഭാഗത്തോളം വെള്ളം മാറ്റി പുതിയ വെള്ളം നിറയ്ക്കാനും ഓരോ മാസവും അഞ്ചു കിലോയോളം മണ്ണു മാറ്റി പുതിയ മണ്ണ് നിറയ്ക്കാനും ശ്രദ്ധിച്ചാല്‍ അസോള നിര്‍ബാധം ലഭിക്കും. അസോളടാങ്കിന് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ്കൊണ്ട് കൂടാരം തീര്‍ക്കുകയാണെങ്കില്‍ അസോളകൃഷി വന്‍ വിജയമായിത്തീരുമെന്ന് അടുത്തകാലത്ത് നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചു. രണ്ടുകിലോഗ്രാം അസോള കാലിത്തീറ്റയുമായി ചേര്‍ത്ത് ദിവസവും കൊടുക്കുമ്പോള്‍ പാലുല്‍പ്പാദനം 15 ശതമാനംവരെ കൂടും. പാലിന്റെ ഉല്‍പ്പാദനം മാത്രമല്ല, ഗുണമേന്മ വര്‍ധിപ്പിക്കാനും അസോളപോലെ മറ്റൊരു തീറ്റയില്ല.