*നല്ല മാഷല്ല ഞാന്‍*
മാഷേ...
ഏതു തിരക്കിലും ഇങ്ങനെയൊരു വിളികേള്‍ക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുനോക്കിപ്പോയെങ്കില്‍ തീര്‍ച്ചയാക്കാം നിങ്ങള്‍ ഒരധ്യാപകനാണ്. ആ വിളിയില്‍ ആദരവുണ്ട്. ബഹുമാനമുണ്ട്. ചിലപ്പോഴൊക്കെ സഹതാപമുണ്ട്. അപമാനവുമുണ്ട്. അതൊരു തസ്തികപ്പേരാണ്. ഒരു സാമാന്യനാമം. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങുപോലെ സാര്‍വത്രികമായി കാണപ്പെടുന്ന ഒരാളാണ് അയാള്‍.
നന്നെ ചെറുപ്പത്തില്‍ത്തന്നെ ഞാനും ആ വിളി കേട്ട് തിരിഞ്ഞുനോക്കാന്‍ തുടങ്ങി. മാഷാവുകയല്ലാതെ മറ്റൊന്നുമാകാന്‍ സാധ്യതയില്ലാത്തവിധം സാഹചര്യങ്ങളുടെ ഒഴുക്കുചാലിലൂടെ സ്വാഭാവികമായി ഒലിച്ചുപോവുകയായിരുന്നു അക്കാലം. ഡിഗ്രി പാതിവഴിയില്‍ ഉപേക്ഷിച്ച് ടി.ടി.സിക്കു ചേര്‍ന്നു. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിഗ്രാമമായ ആനക്കരയിലായിരുന്നു അധ്യാപകപരിശീലനം. ബസ് സര്‍വിസില്ല. വീട്ടില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോവണം. കരിങ്കല്‍ച്ചീളുപാകിയ വെട്ടുവഴി. അല്ളെങ്കില്‍ കുന്നിന്‍ചരിവിലൂടെയുള്ള ഊടുവഴി.
പ്രശസ്തമായ വിദ്യാലയമാണ് സ്വാമിനാഥവിലാസം ഗവ. ബേസിക് ട്രെയ്നിങ് സ്കൂള്‍. ആനക്കര വടക്കത്തെ ദേശീയപ്രബുദ്ധരായ കുടുംബം തുടങ്ങിവെച്ചതാണ്. വിദ്യാഭ്യാസം വേലയില്‍ വിളയണം എന്ന ഗാന്ധിയന്‍ ആദര്‍ശമാണ് ബേസിക് സ്കൂളുകളുടെ അടിസ്ഥാനം. ട്രെയ്നിങ് സ്കൂളിന് സ്വന്തമായി ഒരു വയലുണ്ട്. അധ്യാപകവിദ്യാര്‍ഥികള്‍ അതില്‍ കൃഷിചെയ്യണം എന്നാണ് വ്യവസ്ഥ. പേരിന് ഒരു വിള കൃഷിയിറക്കും. പുറത്തുനിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം നിന്നുകൊടുക്കുകയേ പതിവുള്ളൂ.
വാഹനമത്തൊത്ത കാട്ടുപ്രദേശമായതുകൊണ്ട് ട്രെയ്നിങ് സ്കൂളിലേക്ക് പരിശോധകരാരും വരാറില്ല. അതൊരു സൗകര്യമായി കരുതി അധികൃതരും അലസരായി മാറി. പരിശീലനമെല്ലാം കടലാസിലൊതുങ്ങും. ടീച്ചിങ് എയ്ഡ് നിര്‍മാണമാണ് പ്രധാനജോലി. ചാര്‍ട്ട്, മാപ്പ്, ക്ളോക്ക്, ഗ്ളോബ് തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കണം. അതിന് മാര്‍ക്കുണ്ട്. പലരും അത് പുറംകരാറായി നല്‍കുകയാണ് പതിവ്. അതിനായി ഒരു മാഫിയ തന്നെ പുറത്തുണ്ടായിരുന്നു.
പഠിപ്പിക്കാനുള്ള തന്ത്രങ്ങളും തത്ത്വങ്ങളും ഉപദേശിച്ചുതന്നിരുന്ന ഞങ്ങളുടെ അധ്യാപകരിലേറെയും അത് ക്ളാസുമുറിയില്‍ പ്രയോഗിക്കാനറിയാത്ത പാവങ്ങളായിരുന്നു എന്നതാണ് സത്യം. അവരെക്കാള്‍ നന്നായി പഠിപ്പിക്കാന്‍ അറിയുന്ന യുവാക്കളാണ് തങ്ങളുടെ മുന്നിലിരിക്കുന്നത് എന്ന ചമ്മല്‍ അവരുടെ വാക്കുകളെ ഫലസിദ്ധിയില്ലാത്ത മന്ത്രോച്ചാരണങ്ങളാക്കി. ഉദ്ദേശ്യാധിഷ്ഠിതബോധനരീതിയനുസരിച്ച് ടീച്ചിങ്നോട്ടെഴുതലാണ് കാര്യമായ പഠിപ്പ്. അറിഞ്ഞതില്‍നിന്ന് അറിയാത്തതിലേക്ക് എന്ന തത്ത്വമനുസരിച്ച് പാഠ്യവസ്തു അവതരിപ്പിക്കുന്നതിനുമുമ്പ് കുട്ടികളുടെ മുന്നറിവു പരിശോധിക്കണം എന്നാണ് നിയമം. അതിന്‍െറ സ്വാഭാവികമായ തുടര്‍ച്ചയായിരിക്കണം പുതിയ അറിവ്. മുന്നറിവു പരിശോധന ചോദ്യോത്തരങ്ങളായിട്ടാണ് ക്ളാസില്‍ അവതരിപ്പിക്കേണ്ടത്. ഇതുസംബന്ധിച്ച് രസകരമായ ഒരനുഭവകഥ അക്കാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.
പ്രൈമറി ക്ളാസില്‍ കാറ്റിനോട് എന്ന കവിത പഠിപ്പിക്കണം. മാമരം കോച്ചും തണുപ്പത്ത് / താഴ്വരപൂത്തൊരു കുന്നത്ത് / മൂടിപ്പുതച്ചു കിടക്കും കാറ്റേ / മൂളിക്കുതിച്ചു പറന്നാട്ടെ എന്നു തുടങ്ങുന്ന ഇടശ്ശേരിയുടെ മനോഹരമായ വരികള്‍. അധ്യാപകന്‍ കുട്ടികളെ ചോദ്യങ്ങളിലൂടെ നയിച്ച് ഒടുക്കം കാറ്റ് എന്ന വിഷയത്തിലത്തെിക്കുകയാണ് മുന്നറിവുപരിശോധന. അധ്യാപകവിദ്യാര്‍ഥികളുടെ ചടങ്ങും ചിട്ടവട്ടങ്ങളും കണ്ടുപരിചയിച്ച മോഡല്‍സ്കൂളിലെ കുട്ടികള്‍ക്ക് ഇക്കാര്യമറിയാവുന്നതുകൊണ്ട് അവര്‍ കന്നിക്കാരായ മാഷമ്മാരെ പരമാവധി വലയ്ക്കുക പതിവാണ്. കാറ്റ് എന്ന വാക്കു മാത്രം കുട്ടികള്‍ പറയില്ല. എന്നാല്‍ കുട്ടികളുടെ ഈ ‘മുന്നറിവും’ മുന്‍കൂട്ടിക്കണ്ട മാഷ് അവരെ വെട്ടിലാക്കിയത് ഇങ്ങനെയത്രെ:
നിങ്ങളില്‍ ആരുടെയൊക്കെ വീട്ടിലാണ് കൃഷിയുള്ളത്?
ചിലര്‍ കൈ പൊക്കി.
കൃഷിചെയ്തു ലഭിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കും?
പത്തായത്തില്‍.
പത്തായത്തിലെ നെല്ലു തിന്നാനത്തെുന്ന ജീവിയേത്?
എലി.
എലിയെ പിടിക്കാന്‍ വീട്ടില്‍ വളര്‍ത്തുന്ന ജന്തുവേത്?
പൂച്ച.
പൂച്ചക്ക് ഇംഗ്ളീഷില്‍ പറയുന്ന പേര്?
കാറ്റ്.
അതെ, കാറ്റ്. അതിനാല്‍ ഇന്നു നമുക്ക് കാറ്റിനോട് എന്ന കവിത പഠിക്കാം!
മുന്നറിവ് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ബോധ്യപ്പെടുത്തിയത് നാലാം ക്ളാസില്‍ ലഭിച്ച ഒരു പഠനാനുഭവമാണ്. വട്ടംകുളം സ്കൂളില്‍ ഞങ്ങളെ സയന്‍സ് പഠിപ്പിച്ചിരുന്നത് ഒരു കുഞ്ഞന്നട്ടീച്ചറായിരുന്നു. ഒരുദിവസം ടീച്ചര്‍ ക്ളാസില്‍ വന്ന് രണ്ടു തൂക്കുപാത്രത്തില്‍ വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. ഒരാളെ കടയിലേക്കു പറഞ്ഞയച്ചു, ഉപ്പും പഞ്ചസാരയും വാങ്ങാന്‍. എന്നിട്ട് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഉപ്പും മറ്റേതില്‍ പഞ്ചസാരയും കലര്‍ത്തി. പിന്നീട് കുട്ടികളെ ഓരോരുത്തരെയായി മേശക്കരികിലേക്കു വിളിച്ച് പാത്രത്തിന്‍െറ മൂടിയിലെടുത്ത വെള്ളം രുചിക്കാന്‍ കൊടുത്തു. ഉപ്പുവെള്ളം രുചിച്ചപ്പോള്‍ മുഖം ചുളിഞ്ഞു. മധുരം രുചിച്ചപ്പോള്‍ തെളിഞ്ഞു. ക്ളാസിലാകെ ബഹളം. ചിരിയും പരിഹാസവും. അപ്പോഴേക്കും ബെല്ലടിച്ചു. ടീച്ചര്‍ ഒരക്ഷരം സംസാരിച്ചില്ല. ഒന്നും പഠിപ്പിച്ചതുമില്ല.
പിറ്റേന്ന് ക്ളാസില്‍ വന്ന ടീച്ചര്‍ വെള്ളത്തിന് എങ്ങനെ രുചിഭേദമുണ്ടായി എന്നു ചോദിച്ചു. ഉപ്പും പഞ്ചസാരയും വെള്ളത്തില്‍ ലയിച്ചതുകൊണ്ട് എന്ന് കുട്ടികള്‍. എങ്ങനെയാണ് ലയിക്കുന്നത് എന്നായി അടുത്ത പ്രശ്നം. അതു ടീച്ചര്‍ വിശദീകരിച്ചു. തന്മാത്രകളെപ്പറ്റി പറഞ്ഞു. ലായിനി, ലായകം, ലീനം തുടങ്ങിയ സാങ്കേതികപദങ്ങള്‍ നിര്‍വചിച്ചു. കുട്ടികള്‍ കാതുകൂര്‍പ്പിച്ചിരുന്നു. നാക്കുകൊണ്ട് രുചിച്ചറിഞ്ഞ ആ അറിവ് എഴുതിയെടുക്കാതെയും ഉരുവിടാതെയും കുട്ടികള്‍ ഹൃദിസ്ഥമാക്കി. അറിവിനെ ഇന്ദ്രിയനിഷ്ഠവും ആനുഭവികവുമായി അവതരിപ്പിച്ചുകൊണ്ട് പഠനം രസകരമാക്കുന്ന ഈ കല ഡി.പി.ഇ.പി വരുന്നതിന് എത്രയോ മുമ്പായിരുന്നു എന്നോര്‍ക്കണം.
മൂന്നാംതരത്തില്‍ പഠിപ്പിച്ച കരുണാകരമേനോന്‍ മാസ്റ്ററെയും ഓര്‍മിക്കുന്നു. ഇംഗ്ളീഷു ക്ളാസില്‍ മലയാളം ഉച്ചരിക്കില്ല. ആംഗ്യം കാണിച്ചോ ചിത്രം വരച്ചോ ആശയം മനസ്സിലാക്കിത്തരും. പുള്ളിങ് പുഷിങ് എന്നീ ക്രിയാപദങ്ങളുടെ പ്രയോഗരീതിയാണ് പഠിപ്പിക്കുന്നത്. മാഷ് കല്‍പിച്ചു, സരസ്വതീ, യൂ കം ഹിയര്‍. സരസ്വതി അടുത്തു ചെന്നു. യൂ സിറ്റ് ഓണ്‍ ദിസ് ടേബിള്‍. അവള്‍ മടികൂടാതെ മേശപ്പുറത്തു കയറി ചമ്രം പടിഞ്ഞിരുന്നു. അടുത്ത കല്‍പനക്കായി കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാഷ് എനിക്കു നേരെ വിരല്‍ ചൂണ്ടുന്നു. രാമചന്ദ്രന്‍ യൂ കം ഹിയര്‍. ഞാന്‍ പരിഭ്രമത്തോടെ മുന്നില്‍ ഹാജരായി. യൂ പുള്‍ ദിസ് ടേബിള്‍. സരസ്വതിയിരിക്കുന്ന മേശ വലിച്ചുനടക്കുകയാണ് വേണ്ടതെന്ന് മാഷ് കാണിച്ച കൈയാംഗ്യത്തില്‍നിന്നു മനസ്സിലായി. ചക്രമില്ലാത്ത വണ്ടി. തടിച്ചിയായ സരസ്വതി. ഞാന്‍ സര്‍വശക്തിയുമെടുത്ത് വലി തുടങ്ങി. അപ്പോള്‍ മാഷ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, ലുക്ക് സരസ്വതി ഈസ് സിറ്റിങ് ഓണ്‍ ദ ടേബിള്‍. ആന്‍ഡ് രാമചന്ദ്രന്‍ ഈസ് പുള്ളിങ് ദ ടേബിള്‍. വാട്ട് ഈസ് രാമചന്ദ്രന്‍ ഡൂയിങ്? ഹി ഈസ് പുള്ളിങ് ദ ടേബിള്‍. കുട്ടികള്‍ ആര്‍ത്തുവിളിച്ചു.
എന്‍െറ നെറ്റിയില്‍ വിയര്‍പ്പുപൊടിഞ്ഞിരുന്നു. സരസ്വതി മേശപ്പുറത്തിരുന്നു ചിരിക്കുകയാണ്. എനിക്കു കലിവന്നു. അടുത്ത ഊഴത്തില്‍ മേശപ്പുറത്തിരിക്കാനുള്ള നിയോഗം എനിക്കും വലിക്കാനുള്ളത് അവള്‍ക്കുമായിരിക്കും എന്നാശ്വസിച്ചിരിക്കെ അതാ വരുന്നു വീണ്ടും മാഷുടെ കല്‍പന. നൗ രാമചന്ദ്രന്‍, യൂ പുഷ് ദ ടേബിള്‍. തള്ളിനടക്കണമെന്ന്! സരസ്വതിയോട് ഇറങ്ങാനും പറയുന്നില്ല. വല്ലവിധവും ഉന്തുന്നതിനിടയില്‍ മാഷ് ഡ്രില്ലിങ് ആരംഭിച്ചു. ലുക്ക്, നൗ രാമചന്ദ്രന്‍ ഈസ് പുഷിങ് ദ ടേബിള്‍. വാട്ട് ഈസ് ഹീ ഡൂയിങ്? ഹീ ഈസ് പുഷിങ് ദ ടേബിള്‍. കുട്ടികളുടെ അലര്‍ച്ച ക്ളാസുമുറിയുടെ ഭിത്തികളെ തള്ളിനീക്കുവോളം ഉയര്‍ന്നു.
പുള്ളിങ്ങും പുഷിങ്ങും അന്നത്തെ സഹപാഠികളില്‍ ആരു മറന്നാലും ഞാന്‍ മറക്കില്ല. അത്രക്കു വിയര്‍പ്പൊഴുക്കി നേടിയ അറിവാണ്. വാണീദേവിയായ സരസ്വതി നാത്തുമ്പത്തിരുന്നല്ല മേശപ്പുറത്തിരുന്നാണ് എനിക്കു പ്രത്യക്ഷയായത് എന്നും പറയാം.
ട്രെയ്നിങ് പാസായി പൊന്നാനി എ.വി ഹൈസ്കൂളില്‍ പ്രൈമറി അധ്യാപകനായി ചേരുമ്പോള്‍ എനിക്കു വയസ്സ് ഇരുപത്. മീശ കറുത്തുതുടങ്ങിയിട്ടില്ല. പഠിപ്പിക്കാന്‍ പോകുന്ന എന്നോട് ബസില്‍ അടുത്തിരുന്ന മധ്യവയസ്കന്‍ ഏതു ക്ളാസിലാണ് പഠിക്കുന്നത് എന്നു ചോദിച്ചിട്ടുണ്ട്.
ആദ്യമായി ക്ളാസിലേക്കു പോവുകയാണ്. നല്ല പരിഭ്രമം. മുതിര്‍ന്ന കുട്ടികള്‍. ഹൈസ്കൂള്‍ ക്ളാസിലെ ചില പിള്ളേര്‍ക്ക് എന്നെക്കാളും കറുത്ത മേല്‍മീശയുണ്ട്. വരാന്തയിലൂടെ ഞാന്‍ പോകുമ്പോള്‍ അവര്‍ മൃഗശാലയിലെ സിംഹങ്ങളെപ്പോലെ എന്നെ നിരീക്ഷിക്കുകയും ചില അപശബ്ദങ്ങളുണ്ടാക്കുകയും ചെയ്തു. തലതാഴ്ത്തി നടന്നു. പാര്‍ലമെന്‍റ് ഹാളിലേക്കു കടക്കാന്‍ നേരത്ത് എതിരേ ആജാനബാഹുവായ ഒരാള്‍ വരുന്നു. ഇടതുകൈയില്‍ നീണ്ട ചൂരല്‍. വലങ്കൈയില്‍ ഇളിച്ചുകാട്ടുന്ന ഒരു തലയോട്. ഞാന്‍ ഞെട്ടി. ആരാണ് ഈ കാപാലികന്‍? അയാള്‍ ചോദിച്ചു. പുതിയ മാഷാണല്ളേ? ഞാന്‍ തലയാട്ടി. അയാള്‍ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു.
പിന്നീട് അദ്ദേഹത്തെ മനസ്സിലാക്കി. വറീത് മാഷ്. ബയോളജി പഠിപ്പിക്കുന്നു. മഹാസാധു. അന്നൊക്കെ അധ്യാപകര്‍ വെറുംകൈയോടെ ക്ളാസിലേക്കു പോകുക പതിവില്ല. എന്തെങ്കിലും പഠനോപകരണങ്ങള്‍ കൈയിലുണ്ടാകും. ഗോപിനാഥവാരിയര്‍മാഷ്ക്ക് ഗ്ളോബ്. രവീന്ദ്രന്‍മാഷ്ക്ക് വെള്ളത്തണ്ട്. ശൂലപാണിവാരിയര്‍ക്ക് കോംപസ്. ശംഖുചക്രഗദാപാണികളായ ദേവന്മാരെപ്പോലെയായിരുന്നു അവരുടെ എഴുന്നള്ളത്ത്!
എ.വി ഹൈസ്കൂള്‍ പൊന്നാനിയിലെ പുരാതനമായ വിദ്യാലയമാണ്. പ്രഗല്ഭമതികളായ അധ്യാപകരും പ്രശസ്തരായ പൂര്‍വവിദ്യാര്‍ഥികളുമുള്ള സ്ഥാപനം. എം. ഗോവിന്ദനും കെ.സി.എസ്. പണിക്കരും ടി.കെ. പത്മിനിയും സി. രാധാകൃഷ്ണനും ഇ. ഹരികുമാറും കെ.പി. രാമനുണ്ണിയുമൊക്കെ ഇവിടെ പഠിച്ചിറങ്ങിയവരാണ്. മഹാകവി ഇടശ്ശേരി ദീര്‍ഘകാലം സ്കൂളിന്‍െറ പി.ടി.എ പ്രസിഡന്‍റായിരുന്നു. സ്കൂളിലെ മുത്തശ്ശിമാവിന്‍െറ തണലില്‍ സാഹിത്യചര്‍ച്ചകള്‍ക്കായി വള്ളത്തോളും നാലപ്പാട്ടു നാരായണമേനോനും കുട്ടികൃഷ്ണമാരാരുമൊക്കെ ഒത്തുകൂടുമായിരുന്നുവത്രെ. പൊന്നാനിക്കളരിയുടെ ആസ്ഥാനമായിരുന്നു ഒരുകാലത്ത് ഈ വിദ്യാലയം. മഹാരഥന്മാരുടെ ആ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയായിരുന്ന പ്രഗല്ഭനായ അധ്യാപകന്‍ പി. കൃഷ്ണവാരിയരായിരുന്നു ഹെഡ്മാസ്റ്റര്‍.
ഇടച്ചുവരുകളില്ലാത്ത നീണ്ട രണ്ടു ഹാളുകളും ചുവരുകളുള്ള രണ്ടുമൂന്നു കെട്ടിടങ്ങളും. ഹാളുകളില്‍ ക്ളാസ് തിരിക്കാന്‍ തട്ടികകളാണുള്ളത്. അപ്പുറത്തെ ക്ളാസ് ഇപ്പുറത്തുനിന്നു നിരീക്ഷിക്കാം. ഗോപിനാഥവാരിയരുടെ ഭൂമിശാസ്ത്രം ക്ളാസ് ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. ഭൂമി സ്വയം കറങ്ങിക്കൊണ്ട് സൂര്യനെ ചുറ്റുന്നു. ചന്ദ്രന്‍ ഭൂമിയെ ചുറ്റിക്കൊണ്ട് സൂര്യനെ ചുറ്റുന്നു. ഏതുപോലെ? തൃക്കാവമ്പലത്തില്‍ ഒരമ്മയും കുഞ്ഞും പ്രദക്ഷിണം വെക്കുന്നതുപോലെ. അമ്മ കറങ്ങുന്നു. കുഞ്ഞ് അമ്മയെച്ചുറ്റി അമ്മയോടൊപ്പം വലംവെക്കുകയും ചെയ്യുന്നു. അപ്പോള്‍ ഏതാണു സൂര്യന്‍? കാവിലെ ഭഗവതി. അമ്മയോ? ഭൂമി. കുഞ്ഞ്? ചന്ദ്രന്‍. എത്ര ലളിതമായ ഉദാഹരണം. പഠനോപകരണങ്ങളില്ലാതെ ഭാവനയെ ഉദ്ദീപിപ്പിച്ച് കാര്യം ഗ്രഹിപ്പിക്കാനുള്ള വാഗ്വിലാസം. പക്ഷേ, അമ്പലത്തില്‍ പോകാത്ത അന്യമതസ്ഥരായ കുട്ടികള്‍ക്ക് ഇതു മനസ്സിലാവുമോ? പൊന്നാനിയില്‍ മുസ്ലിം വിദ്യാര്‍ഥികളാണ് ഏറെയും. പള്ളിയിലെ ചടങ്ങുകളില്‍നിന്ന് ഇങ്ങനെയൊരുദാഹരണം കണ്ടത്തൊനാവുമെന്ന് തോന്നുന്നില്ല. എന്‍െറ സംശയം മാഷോട് പറഞ്ഞു.
അങ്ങനെ വളരെക്കാലങ്ങള്‍ക്കുശേഷം ലബോറട്ടറിയിലെ പൊടിയും മാറാലയും മൂടിയ ചില്ലലമാര തുറന്ന് സൗരയൂഥത്തിന്‍െറ ചെറിയൊരു പ്രവര്‍ത്തനമാതൃക പുറത്തെടുത്തു. അപ്പോഴേക്കും കാലപ്പഴക്കംകൊണ്ട് തുരുമ്പിച്ച ആ യന്ത്രത്തില്‍നിന്ന് ആകര്‍ഷണബലം നഷ്ടപ്പെട്ടാലെന്നപോലെ ഭൂമിയും ചന്ദ്രനും മറ്റുചില ഗ്രഹങ്ങളും നിലത്തുവീണു. എന്തൊരു ഗ്രഹപ്പിഴ!
ഹൈസ്കൂള്‍ക്ളാസിലേക്ക് മലയാളാധ്യാപകനായി പ്രമോഷന്‍ ലഭിച്ചശേഷമാണ് ഭാഷാപഠനത്തില്‍ നിലവിലിരുന്ന അസംബന്ധങ്ങളെക്കുറിച്ച് ബോധവാനാവുന്നത്. പഴഞ്ചന്‍ പാഠപുസ്തകം. വ്യാകരണനിയമങ്ങളും വൃത്താലങ്കാരങ്ങളും കാണാപ്പാഠമാക്കലാണ് പഠിപ്പിക്കല്‍. എഴുതിക്കൊടുക്കുന്ന നോട്ട് അതേപടി ഉത്തരക്കടലാസില്‍ പകര്‍ത്തലാണ് സാമര്‍ഥ്യം. കോപ്പിയടി വ്യാപകം. ഗള്‍ഫില്‍നിന്നുവരുന്ന ചിലര്‍ മലദ്വാരത്തില്‍ സ്വര്‍ണം കടത്തുന്നതുപോലെ ശരീരാവയവങ്ങളില്‍ തുണ്ടുകടലാസൊളിപ്പിക്കുന്ന വിരുതന്മാരെ പിടിക്കുന്ന പൊലീസുപണിയാണ് പരീക്ഷാഹാളിലെ അധ്യാപകര്‍ക്ക്. വന്നുവന്ന് ഇപ്പോള്‍ കോപ്പിയടിച്ചതിന് പൊലീസുമേധാവിയെയും പിടികൂടേണ്ട അവസ്ഥയിലായി! ഇതെന്തൊരു പരീക്ഷ. കറന്‍സി നോട്ടു സൂക്ഷിക്കേണ്ട ട്രഷറികളില്‍ എസ്.എസ്.എല്‍.സി ചോദ്യക്കടലാസ് സൂക്ഷിക്കേണ്ട ഗതികേട് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടായിട്ടുണ്ടോ?
പഠനം പരീക്ഷാകേന്ദ്രിതമായിരുന്ന അക്കാലത്തെ അധ്യാപകജീവിതം വിരസവും അപമാനകരവുമായിരുന്നു. സമകാലജീവിതവുമായി ബന്ധമില്ലാത്ത പാഠഭാഗങ്ങള്‍. ക്ളാസുമുറിയിലൊഴിച്ച് ജീവിതത്തില്‍ മറ്റൊരു സന്ദര്‍ഭത്തിലും പ്രയോജനപ്പെടാത്ത ശാര്‍ദ്ദൂലവിക്രീഡിതത്തിന്‍െറ ലക്ഷണം തെറ്റിച്ചതിന് ശിക്ഷിക്കപ്പെട്ട അന്നത്തെ ഏതെങ്കിലും ശിഷ്യനെ കണ്ടുമുട്ടുമോ എന്നു പേടിയാണിപ്പോള്‍. എന്നിട്ടും അധ്യാപകനെ കാണുമ്പോള്‍ മടക്കിക്കുത്തിയ മുണ്ട് തൂക്കിയിട്ട് ബഹുമാനം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതു മലയാളത്തിന്‍െറ സുകൃതമായി കരുതണം.
പത്താംതരത്തില്‍ സാഹിത്യാഭിരുചിയുള്ള ഒരു ശിഷ്യനുണ്ടായിരുന്നു. എല്ലാ വിഷയത്തിലും മിടുക്കനാണ്. എങ്കിലും മലയാളത്തിലാണ് കൂടുതല്‍ താല്‍പര്യം. നന്നായി വായിക്കും. തെളിഞ്ഞ ഭാഷയില്‍ എഴുതും. എന്നോട് വലിയ ബഹുമാനമായിരുന്നു. മികച്ച മാര്‍ക്കു വാങ്ങി ഒന്നാം ക്ളാസില്‍ പാസായി. ഒരുദിവസം ആ കുട്ടിയുടെ അച്ഛന്‍ കാണാന്‍ വന്നു.
മാഷ് എന്‍െറ മോനെ ഒന്ന് ഉപദേശിക്കണം.
എന്തുപറ്റി അവന്? മിടുക്കനാണല്ളോ. പ്രീഡിഗ്രിക്ക് ഏതു കോളജിലാണ് ചേര്‍ക്കാനുദ്ദേശിക്കുന്നത്?
ഏതു കോളജിലും ചേര്‍ത്തുപഠിപ്പിക്കാന്‍ ഞാന്‍ തയാറാണ് മാഷെ.
പിന്നെ എന്താ പ്രശ്നം?
വിഷയമാണ് പ്രശ്നം. അവന് പട്ടാമ്പി കോളജില്‍ പ്രീഡിഗ്രിക്ക് മെയിനായി മലയാളമെടുക്കണമെന്ന് വാശിപിടിക്കുന്നു. മലയാളം പഠിച്ചിട്ട് എന്താവാനാ മാഷെ? കഥേം നോവലും വായിച്ച് അല്ളെങ്കിലേ തല തിരിഞ്ഞിരിക്കുന്നു. ഇനി സാഹിത്യം പഠിച്ചാല്‍ അവന്‍ പിഴച്ചുപോകും.
രക്ഷിതാവിന്‍െറ ആശങ്കയാണ്. ഞാന്‍ തലകുനിച്ച് നിശ്ശബ്ദനായി കേട്ടു.
അവന് മാഷെ വലിയ കാര്യാണ്. മാഷ് പറഞ്ഞാല്‍ അവന്‍ അനുസരിക്കും. പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പെടുത്ത് പാസായാലേ മെഡിസിനോ എന്‍ജിനീയറിങ്ങിനോ പറഞ്ഞയക്കാന്‍ പറ്റൂന്ന് മാഷ്ക്ക് അറിയാലോ.
നെറുകക്ക് ഒരു കിഴുക്കു കിട്ടിയവനെപ്പോലെ ഞാന്‍ ചൂളിപ്പോയി.
ഡി.പി.ഇ.പിയും പുതുക്കിയ പാഠ്യപദ്ധതിയും വന്നപ്പോഴാണ് ഈ ദു$സ്ഥിതിക്ക് ഒരു മാറ്റമുണ്ടാവുന്നത്. പറഞ്ഞതുതന്നെ പറയുന്ന ആവര്‍ത്തനവിരസത ഇല്ലാതായി. പുതിയ വെല്ലുവിളികള്‍ നേരിട്ടു. സമകാലികമായ രചനകള്‍ ഉള്‍ക്കൊള്ളിച്ച പാഠപുസ്തകങ്ങള്‍ ക്ളാസുമുറികളെ സജീവമാക്കി. പഠനം പ്രവര്‍ത്തനകേന്ദ്രിതമായി. കുട്ടികളുടെ സര്‍ഗാത്മകതക്ക് ഊന്നല്‍ കിട്ടി. വിഷയത്തില്‍ സമകാലികരാവാന്‍ അധ്യാപകരും നിര്‍ബന്ധിതരായി. എഴുത്തും വായനയും തകൃതിയായി. സദാ അടഞ്ഞുകിടന്ന ലൈബ്രറിയും ലബോറട്ടറിയും കുട്ടികള്‍ക്കായി തുറക്കപ്പെട്ടു.
പുതിയ പാഠ്യപദ്ധതിക്കനുസരിച്ച് അധ്യാപകപരിശീലന പരിപാടികള്‍ വ്യാപകമായി നടന്നു. ചോംസ്കി, വൈഗോട്സ്കി, പൗലോ ഫ്രെയര്‍ തുടങ്ങിയ പേരുകള്‍ മുഴങ്ങിക്കേട്ടു. ക്രിട്ടിക്കല്‍ പെഡഗോജി, പ്രശ്നാധിഷ്ഠിതം, പ്രവര്‍ത്തനാധിഷ്ഠിതം, ജ്ഞാനനിര്‍മിതിവാദം തുടങ്ങിയ പ്രയോഗരീതികള്‍ ചര്‍ച്ചചെയ്യപ്പെട്ടു. സിദ്ധാന്തങ്ങളൊക്കെ ചര്‍ച്ചയിലൊതുങ്ങി. ക്ളാസ്മുറി പഴയപോലെ തുടരുകയായിരുന്നു. ചില മാറ്റങ്ങളുണ്ടായി എന്നു പറയാതിരുന്നുകൂടാ. ചുവരുകളില്‍ ചാര്‍ട്ടുകളും പോസ്റ്ററുകളും ചിത്രങ്ങളും തൂക്കിയിടപ്പെട്ടു. മഴപ്പതിപ്പും കൃഷിപ്പതിപ്പുമൊക്കെയായി കൈയെഴുത്തു പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായി. എ ഫോര്‍ ഷീറ്റുകള്‍ സാര്‍വത്രികമായി. പ്രോജക്ട് സെമിനാര്‍, അസൈന്‍മെന്‍റ് തുടങ്ങിയ റിപ്പോര്‍ട്ടുകളുടെ പോര്‍ട്ട്ഫോളിയോകൊണ്ട് സ്റ്റാഫ്റൂമിലെ മേശപ്പുറം നിറഞ്ഞു. നിരന്തരമൂല്യനിര്‍ണയം എന്ന ഈ പ്രഹസനം പരീക്ഷയെ വെറും കടലാസുപുലിയാക്കിമാറ്റുകയും ചെയ്തു.
ഭാഷാപഠനത്തിലാണ് പ്രകടമായ വ്യത്യാസമുണ്ടായത്. സാഹിത്യരചനകളുടെ ആസ്വാദനം മാത്രമല്ല ഭാഷാപഠനമെന്നും വ്യത്യസ്ത ഭാഷാവ്യവഹാരങ്ങളിലേര്‍പ്പെടാനുള്ള ശേഷി ആര്‍ജിക്കല്‍കൂടിയാണെന്നും അംഗീകരിക്കപ്പെട്ടു. കത്തെഴുത്ത്, പോസ്റ്റര്‍ നിര്‍മാണം, പരസ്യവാചകമെഴുതല്‍, നോട്ടിസ് തയാറാക്കല്‍, ഫോറം പൂരിപ്പിക്കല്‍, പത്രറിപ്പോര്‍ട്ടിങ്, സിനിമാനിരൂപണം അങ്ങനെ ഒരു പാഠത്തെ അടിസ്ഥാനമാക്കി നിരവധി വ്യവഹാരങ്ങളിലൂടെ കുട്ടികളെ കടത്തിക്കൊണ്ടുപോകലായി മലയാളം മാഷുടെ പണി. ‘‘അതാ കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി വരുന്നു’’ എന്നായിരുന്നു ക്ളാസിലേക്കു വരുന്ന മലയാളം ടീച്ചറെ നോക്കി പണ്ട് കുട്ടികള്‍ കമന്‍റടിച്ചിരുന്നതെങ്കില്‍ പിന്നീടത് ‘‘അതാ, നോട്ടീസുണ്ടാക്കുന്ന ആള്‍ വരുന്നു’’ എന്നായി. ഭാഷാപഠനം ആശയംവിട്ട് വ്യവഹാരത്തില്‍ അമിതമായി ഊന്നുന്നു എന്ന വിമര്‍ശമുയര്‍ന്നതോടെ അടുത്ത പരിഷ്കാരം വന്നു. സമസ്തജീവിതപ്രശ്നങ്ങളെയും എട്ടു മേഖലകളാക്കിത്തിരിച്ച് സമകാലജീവിതവുമായി ബന്ധപ്പെടുത്തുന്നതാണ് പ്രശ്നാധിഷ്ഠിതപഠനം. പ്രശ്നമുന്നയിക്കുന്നതിനുള്ള ഉപായംമാത്രമാണ് പാഠഭാഗം. പരിഹാരം കുട്ടികള്‍ കണ്ടത്തെണം.
പത്താംതരത്തില്‍ ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’യില്‍നിന്ന് ഒരു ഭാഗമുണ്ടായിരുന്നു, നേരായിത്തീര്‍ന്ന കിനാവുകള്‍ എന്ന ശീര്‍ഷകത്തില്‍. വളരെക്കാലത്തിനുശേഷം നന്ദഗോപരും യശോദയും നദീതീരത്തുവെച്ച് കൃഷ്ണനെ കാണുകയാണ്. അപ്പോള്‍ കൃഷ്ണന്‍ മഥുരയിലെ രാജാവാണ്. നന്ദഗോപരും യശോദയും വൃദ്ധരായിക്കഴിഞ്ഞു. അവര്‍ക്ക് കൃഷ്ണനിപ്പോഴും അമ്പാടിയിലെ കുട്ടിയാണ്. കൃഷ്ണനെക്കണ്ടപ്പോള്‍ അവര്‍ക്ക് വാത്സല്യം നിറഞ്ഞുതുളുമ്പി. അവര്‍ ചെറിയ കുട്ടിയോടെന്നപോലെയാണ് കൃഷ്ണനോട് പെരുമാറുന്നത്. വാത്സല്യരസം തുളുമ്പിനില്‍ക്കുന്ന ആ ഈരടികള്‍ കണ്ണുനനയിക്കും. രസിച്ചു പഠിപ്പിച്ചു. എന്നാല്‍, പരീക്ഷക്ക് ചോദ്യം വന്നത് ഇങ്ങനെയായിരുന്നു. കൃഷ്ണനെക്കണ്ട മാതാപിതാക്കളുടെ ചെയ്തികള്‍ ശ്രദ്ധിച്ചല്ളോ. ഇത്തരത്തില്‍ മക്കളുടെ അഭാവംകൊണ്ട് ഒറ്റപ്പെടുന്ന മാതാപിതാക്കള്‍ ഇപ്പോഴുമില്ളേ? നമ്മുടെ നാട്ടില്‍ പ്രചാരം വര്‍ധിച്ചുവരുന്ന വൃദ്ധസദനങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കുറിപ്പായി എഴുതൂ. വൃദ്ധസദനത്തെക്കുറിച്ചുള്ള അഭിപ്രായമാരായാന്‍ ചെറുശ്ശേരിയും കൃഷ്ണഗാഥയുംതന്നെ വേണമായിരുന്നോ എന്ന ചോദ്യം ആരും തിരിച്ചുചോദിച്ചില്ല. അങ്ങനെ മലയാളം സാമൂഹികപാഠമായി മാറുകയായിരുന്നു.
സാഹിത്യരചനകളുടെ ഉള്ളടക്കത്തെ സാമൂഹികപ്രശ്നാവതരണത്തിനായി പ്രയോജനപ്പെടുത്തുന്ന ഈ രീതി കുട്ടികളുടെ ആസ്വാദനശേഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് എന്‍െറ അനുഭവം. ആസ്വാദനമെഴുതാന്‍ കൊടുത്ത ഏതു രചനയിലും കുട്ടികള്‍ പ്രശ്നം കണ്ടത്തൊന്‍ തുടങ്ങി. കാവ്യാസ്വാദനത്തിലാണ് ഇതു പ്രകടമായത്. ഈ ലക്ഷ്യത്തോടെ പാഠപുസ്തകങ്ങളില്‍ ധാരാളമായി സമകാലികരചനകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മുതല്‍ പുതുതലമുറയിലെ റഫീക്ക് അഹമ്മദും മോഹനകൃഷ്ണന്‍ കാലടിയുമെല്ലാം പാഠപുസ്തകക്കവികളായി. ഗദ്യത്തിലും കവിതയാവാമെന്ന് മനമില്ലാമനസ്സോടെ സമ്മതിക്കാന്‍ പഴയ തലമുറയും നിര്‍ബന്ധിതരായി.
മാഷ് പത്താംക്ളാസില്‍ സച്ചിദാനന്ദന്‍െറ മലയാളം എന്ന കവിത പഠിപ്പിക്കുകയാണ്. മുന്‍വരിയിലിരുന്ന ജന്മനാ എ പ്ളസായ ഒരു കുട്ടിക്ക് സംശയം. ഞാറ്റുവേലയില്‍നിന്ന് ഞാറ്റുവേലയിലേക്ക് എങ്ങനെയാണ് കിളിപ്പാട്ടുകൊണ്ട് പാലം കെട്ടുക? മാഷ് വിശദീകരിക്കാന്‍ ശ്രമിച്ചു. ഞാറ്റുവേല പെയ്യുന്ന കര്‍ക്കടകം. മലയാളിയുടെ ദുരിതകാലം. അതു കടക്കാന്‍ എഴുത്തച്ഛന്‍െറ കിളിപ്പാട്ടുപാരായണം. ആ പാട്ടാണ് പാലം. മനസ്സിലായോ? കുട്ടിക്ക് നല്ല ബോധ്യംവന്നില്ളെങ്കിലും തല്‍ക്കാലം ഇരുന്നു. പിന്നെയും സംശയം. ഗര്‍ഭത്തിലിരിക്കുന്ന കുട്ടിക്ക് പൊക്കിള്‍ക്കൊടിയിലൂടെ എങ്ങനെയാണ് മലയാളം കിട്ടുന്നത്? സ്ളേറ്റിലെങ്ങനെയാണ് മലയാളം മഴവില്ലാകുന്നത്? കറുപ്പും വെളുപ്പുമല്ളേ ഉണ്ടാകൂ? മാഷ് വാക്കുമുട്ടി വിയര്‍ത്തു. ഗത്യന്തരമില്ലാതെ ഇങ്ങനെ പറഞ്ഞു: കുട്ടി ഇതൊന്നും അത്ര സീരിയസായി എടുക്കണ്ട. ഇത്തരം നിസ്സാര കാര്യങ്ങള്‍ കുത്തിപ്പൊക്കി പ്രശ്നം വഷളാക്കരുത്. കുട്ടി പിന്നെ എഴുന്നേറ്റില്ല. ശാസ്ത്രത്തിന്‍െറയും ഗണിതത്തിന്‍െറയും യുക്തികൊണ്ട് കവിതയെ വിശകലനംചെയ്യുന്ന മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുത്തതില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. സാഹിത്യപഠനത്തെ നിരന്തരമായി അവഗണിച്ചതിന്‍െറ ഫലംകൂടിയാണത്.
കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്ത പുസ്തകം അവരുടെ പാഠപുസ്തകമാവാനേ വഴിയുള്ളൂ. എത്ര മികച്ച കഥയായാലും കവിതയായാലും പുസ്തകത്തില്‍ ഒരു ‘പാഠ’മായി ഉള്‍പ്പെടുത്തിയാല്‍പ്പിന്നെ അതു കുട്ടികള്‍ക്കു രസിച്ചാസ്വദിക്കാന്‍ കഴിയാറില്ല. ഇതിന് ഒരപവാദമേ എന്‍െറ അധ്യാപനജീവിതത്തില്‍ കണ്ടിട്ടുള്ളൂ. പത്താംതരം അടിസ്ഥാനപാഠാവലിയില്‍ ചേര്‍ത്തിട്ടുള്ള റഫീക്ക് അഹമ്മദിന്‍െറ ‘തോരാമഴ’ എന്ന കവിത. ക്ളാസില്‍ ഞാനത് ഒറ്റത്തവണയേ ചൊല്ലിക്കൊടുത്തുള്ളൂ, പിന്‍ബെഞ്ചിലിരുന്ന ഒരു പോക്കിരി ആരും കാണാതെ കണ്ണുതുടക്കുന്നത് ഞാനൊളികണ്ണിട്ടു കണ്ടു. നമ്മുടെ ഭാഷക്കും സാഹിത്യത്തിനും ഹൃദയദ്രവീകരണശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്നതിന് ഈ കവിത അനുഭവസാക്ഷ്യമായി. നല്ല രചനകള്‍ കുട്ടികളോടും മുതിര്‍ന്നവരോടും സംവദിക്കുന്നു. ‘‘ശിശുര്‍വത്തേി പശുര്‍വത്തേി / വത്തേി ഗാനരസം ഫണീ’’ എന്ന് സംഗീതത്തെക്കുറിച്ചു പറയാറുള്ളത് നല്ല കവിതക്കും ബാധകമാണ്.
ചെഖോവിന്‍െറ നാടകത്തില്‍ അധ്യാപികയായ ഒരു കഥാപാത്രം പറയുന്നുണ്ട്: ഒരു ടീച്ചര്‍ക്ക് താന്‍ വിശ്വസിക്കുന്നത് പറയാന്‍ അനുവാദമില്ല. പറയാന്‍ അനുവദിച്ചതിലാകട്ടെ വിശ്വാസവുമില്ല. ആത്മവഞ്ചനയെ കലയാക്കിമാറ്റാന്‍ വിധിക്കപ്പെട്ട അധ്യാപകധര്‍മസങ്കടത്തെ ഇതില്‍പ്പരം ശക്തമായി ആവിഷ്കരിക്കുന്ന ഉദ്ധരണിയുണ്ടോ?
ആയുസ്സില്‍ പകുതിയിലധികവും സ്കൂള്‍ കോമ്പൗണ്ടില്‍ ചെലവഴിച്ചു. നീണ്ട മുപ്പത്തിമൂന്നു വര്‍ഷം. പക്ഷേ, അപ്പോഴെല്ലാം എന്‍െറ മനസ്സ് ക്ളാസ്മുറിയുടെ ചതുരക്കെട്ടിനു പുറത്ത് മേയുകയായിരുന്നു എന്നതാണ് സത്യം. എന്‍െറ വാക്കുകളിലെ ഭ്രാന്ത് കുട്ടികളെ നിരാശപ്പെടുത്തിയിട്ടുണ്ടാകാം. അവര്‍ പ്രതീക്ഷിക്കുന്നതുപോലെ ഞാന്‍ ഉത്തരം പറഞ്ഞുകൊടുത്തിട്ടില്ല. ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അതുകൊണ്ട് പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, മാപ്പ്. നല്ല മാഷല്ല ഞാന്‍.
പി.പി. രാമചന്ദ്രന്‍