Saturday, March 17, 2018

മാതാപിതാക്കള്‍ക്കുള്ള സന്ദേശം!!!

മാതാപിതാക്കള്‍ക്കുള്ള സന്ദേശം!!!



               കുടുംബത്തിലെ ചുറ്റുപാടില്‍ വളരുന്ന മക്കള്‍ നമ്മുടെ സ്വഭാവത്തില്‍നിന്നാണ്‌ ജീവിതസന്ദേശങ്ങളും നന്മതിന്മകളും സ്വന്തം ജീവിതത്തിലേക്ക്‌ പകര്‍ത്തുന്നത്‌. നാം സംസാരിക്കുന്നതും ചിന്തിക്കുന്നതും വിശകലനം ചെയ്യുന്നതും ചര്‍ച്ച ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അവര്‍ക്കും മാര്‍ഗദര്‍ശകമായിത്തീരുന്നു. നമ്മിലുള്ള നന്മകള്‍ അവര്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ നമുക്കാഹ്ലാദമുണ്ടാകുന്നു. നമ്മിലുള്ള തിന്മകളും അവര്‍ ജീവിതത്തില്‍ പകര്‍ത്തുമെന്നോര്‍ക്കണം.



                   നമ്മുടെ ഗൃഹാന്തരീക്ഷത്തില്‍ നമ്മുടെ ചെവി, കണ്ണ്‌, നാവ്‌, നാക്ക്‌, മനസ്‌, പ്രവര്‍ത്തി ഇവയെല്ലാം നാം ഉപയോഗിക്കുന്നതുപോലെയായിരിക്കും നമ്മുടെ മക്കളും ജീവിതത്തില്‍ പകര്‍ത്തുന്നത്‌. നന്മകള്‍ കേള്‍ക്കാനും കേള്‍പ്പിക്കാനും കാണുവാനും കാണിക്കുവാനും ചര്‍ച്ച ചെയ്യുവാനും ചര്‍ച്ച ചെയ്യിക്കുവാനും ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും സാധിക്കുമെങ്കില്‍ അവ നമ്മുടെ മക്കളുടെ ജീവിതത്തേയും ധന്യമാക്കും. നമ്മുടെ മനസിന്റെ രോഗങ്ങളാല്‍ വാശി, പക,വിദ്വേഷം, അസൂയ, ദ്വേഷ്യം, അഹങ്കാരം, എന്നിവ നമ്മുടെ മക്കളുടെ മനസിലേക്ക്‌ സാംക്രമികരോഗംപോലെ പകരുന്നത്‌ നമ്മില്‍നിന്നാണെന്നറിയണം. നമ്മുടെ കുടുംബത്തിലെ ഭാര്യാഭര്‍തൃ ബന്ധത്തിന്റെ എല്ലാ നന്മ തിന്മകളും മക്കളും ഭാവി ജീവിതത്തില്‍ സ്വന്തമാക്കുമെന്നോര്‍മിക്കണം. അവയെല്ലാം കണ്ടു പഠിക്കുന്നത്‌ മക്കളുടെ മനസ്സിലെന്നുമുണ്ടാകും. ഭാര്യാ/ഭര്‍ത്താക്കന്മാര്‍ പെരുമാറുന്നത്‌ മക്കളുടെ മനസ്സില്‍ വളരെ ചെറുപ്രായത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നു. അത്‌ ഭാവിയില്‍ അവരുടെ ജീവിതമായിത്തീരുന്നു. ശാന്തശീലവും പ്രസാദാത്മകവുമായ അമ്മയുടേയും അച്ഛന്റേയും മുഖം കണ്ട്‌ ആനന്ദിക്കുവാനാണ്‌ മക്കള്‍ക്കിഷ്ടം. ശാന്തമായ സംസാരരീതി, പെരുമാറ്റ രീതി ഇവയെല്ലാം മക്കള്‍ക്ക്‌ ജീവിതകാലമത്രയും മാതൃകയായി ലഭിക്കുന്നത്‌ കുടുംബത്തില്‍നിന്നാണ്‌. തിങ്കള്‍ മുതല്‍ വെള്ളിവരെ ഏഴുമണിക്കൂര്‍ മാത്രമാണ്‌ നിങ്ങളുടെ മക്കള്‍ നാല്‍പ്പതോളം കുട്ടികളില്‍ ഒരുവനായി സ്കൂളിലുള്ളത്‌. തിങ്കള്‍ മുതല്‍ വെള്ളിവരെ 17 മണിക്കൂറും ശനി, ഞായര്‍ ദിവസങ്ങളില്‍ 24 മണിക്കൂറും നിങ്ങളുടെ സ്വന്തം ഒന്നോ രണ്ടോ കുട്ടികള്‍ നിങ്ങളുടെ കൂടെ മക്കളായി കഴിയുന്നു എന്നറിയണം. സ്കൂളില്‍നിന്ന്‌ ലഭിക്കുന്നതിനേക്കാള്‍ അനേകം മടങ്ങ്‌ ലഭിക്കേണ്ടത്‌                        മാതാപിതാക്കളില്‍നിന്നാണ്‌ എന്ന്‌ വ്യക്തമായറിയണം. മക്കളോട്‌ സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും നന്മ നിറഞ്ഞരീതി ഓരോ നിമിഷവും ഉണ്ടായിരിക്കണം. കുട്ടികളെ സ്കൂളിലേയ്ക്കയക്കുന്ന തയ്യാറെടുപ്പ്‌ അടുക്കും ചിട്ടയോടും ആനന്ദത്തോടും കൂടി ചെയ്യുക. അത്‌ നിങ്ങള്‍ക്കൊരു ഭാരമാണെന്ന തോന്നല്‍ കുട്ടികള്‍ക്കുണ്ടാകാതിരിക്കട്ടെ. അവരെ സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറാക്കുന്ന വേളയില്‍ അമ്മയുടെ മുഖത്ത്‌ നിറഞ്ഞ സംതൃപ്തിയുണ്ടാകണം. അത്‌ മക്കള്‍ക്കനുഭവിക്കാനും സാധിക്കണം. പ്രഭാതത്തില്‍ നേരത്തെ വിളിച്ചുണര്‍ത്തി കുളിര്‍പ്പിച്ച്‌, പത്തുമിനിറ്റെങ്കിലും പ്രാര്‍ത്ഥിപ്പിക്കണം. നാമജപം ശീലമാക്കണം. അഞ്ു (സൂര്യ)നമസ്ക്കാരം ചെയ്യിപ്പിക്കണം. ഇതെല്ലാം ആരോഗ്യത്തിനും ഊര്‍ജ്ജസ്വലമാകുവാനുമാണ്‌. ഒന്നുരണ്ടു ഗ്ലാസ്‌ വെള്ളം കുടിക്കുവാനായി കുട്ടികള്‍ക്ക്‌ പ്രഭാതത്തില്‍ നല്‍കുന്നത്‌ രക്തശുദ്ധീകരണത്തിന്‌ നല്ലതാണ്‌. പ്രഭാതഭക്ഷണം ശാന്തമായി വിളമ്പിക്കൊടുത്ത്‌ കഴിപ്പിക്കണം.



നിര്‍ദ്ദേശമില്ലാത്ത സമയനിഷ്ഠ നമ്മളും നമ്മളിലൂടെ മക്കളും സ്വയം പാലിക്കാനും പാലിപ്പിക്കുവാനും ശ്രമിക്കണം. സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറെടുപ്പിക്കുമ്പോള്‍, നല്ല ഉപദേശങ്ങള്‍ ശാന്തമായി നിര്‍ദ്ദേശബുദ്ധിയില്ലാതെ സന്ദേശങ്ങളായി സീരിയസ്സാകാതെ പറഞ്ഞുകൊടുക്കണം. ഇതുപോലൊരു അമ്മയേയും അച്ഛനേയും ലഭിച്ചത്‌ ഭാഗ്യം കൊണ്ടാണെന്ന്‌ മക്കളുടെ മനസ്സില്‍ തോന്നിപ്പിക്കണം. ഇതിന്റെ സന്ദേശമാണ്‌ മാതൃദേവോ ഭവ, പിതൃദേവോ ഭവ. സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറാകുമ്പോഴും സ്കൂളില്‍നിന്ന്‌ മടങ്ങിവരുമ്പോഴും സ്കൂളിലെ സുഖദുഃഖങ്ങളന്വേഷിക്കണം! മക്കളുടെ നേട്ടങ്ങളെ അഭിനന്ദിക്കണം. ദുഃഖങ്ങള്‍ അമ്മയുമായി പങ്കുവെക്കാനവസരമുണ്ടാക്കണം. അമ്മയില്‍നിന്ന്‌ ആശ്വാസത്തിന്റേയും സ്നേഹമസൃണമായ ദുഃഖപരിഹാരത്തിന്റേയും നന്മനിറഞ്ഞ നിര്‍ദ്ദേശങ്ങള്‍ മക്കള്‍ പ്രതീക്ഷിക്കുന്നുണ്ടാകും. സ്കൂള്‍ വാഹനം വീട്ടുപടിക്കലെത്തുന്നതിന്‌ 15 മിനിറ്റുമുമ്പെങ്കിലും മക്കളെ പൂര്‍ണമായും തയ്യാറാക്കിയിരിക്കണം.



                ആവശ്യമില്ലാത്ത തിരക്കും ബഹളുമൊഴിവാക്കാനിതുപകരിക്കും. ഒരു കാരണവശാലും ദ്വേഷ്യത്തിന്റെ ശാപവാക്കുകള്‍ മാതാപിതാക്കളില്‍നിന്ന്‌ മക്കള്‍ക്ക്‌ കേള്‍ക്കേണ്ടിവരരുത്‌. യാത്രയാകുന്ന കുട്ടികളുടെ തലയില്‍ കൈവച്ചനുഗ്രഹിച്ചു വേണം ഗേറ്റു വരെ കൂടെ ചെന്ന്‌ സ്കൂള്‍ വാഹനത്തിലയക്കുവാന്‍. പരീക്ഷാ ദിവസങ്ങളില്‍ മാതാപിതാക്കളുടെ കാല്‍തൊട്ടു വന്ദിക്കുന്ന സ്വഭാവം വളര്‍ത്തണം. കണ്ണില്‍നിന്ന്‌ മറയുന്നതുവരെ മക്കളെ കൈവീശി, മന്ദസ്മിതത്തോടെ സ്കൂളിലേക്ക്‌ യാത്രയാക്കണം. അമ്മയുടെ ആ മുഖം മക്കളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കണം. മാതാപിതാക്കള്‍ക്ക്‌ സ്വന്തം മക്കള്‍ ഭാരമാണെന്ന്‌ തോന്നുന്നപോലെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കാലം കഴിയുമ്പോള്‍ മാതാപിതാക്കള്‍ക്ക്‌ പ്രായമാകുമ്പോള്‍ അവര്‍മക്കള്‍ക്ക്‌ ഭാരമായിത്തീരുമെന്ന്‌ ഓര്‍മ വേണം. നല്ല വണ്ണം പഠിക്കണം, അമ്മയുടെ പ്രാര്‍ത്ഥന എന്നും എന്റെ മക്കള്‍ക്കുണ്ടാകും, നിങ്ങളെപ്പോലെ മക്കളെക്കിട്ടിയത്‌ അമ്മയുടെ ഭാഗ്യമാണ്‌ എന്ന്‌ ഇടയ്ക്കെങ്കിലും പറയാന്‍ സാധിക്കണം. ഈ വരികള്‍ എന്നുമെന്നും മക്കളുടെ മനസിലുണ്ടാകുമെന്നോര്‍ക്കണം.



ഇതുപോലൊരു അമ്മയുടേയും അച്ഛന്റേയും മകനായി/മകളായി ജനിച്ചത്‌ ഞങ്ങളുടെ ഭാഗ്യമാണെന്ന്‌ മക്കള്‍ക്ക്‌ തോന്നലുണ്ടാകുന്നത്‌ മാതാപിതാക്കള്‍ക്ക്‌ ഒരു ജീവിതകാല വ്രതമായിരിക്കണം. സ്കൂള്‍ വിട്ടുവരുന്ന മക്കളെ സംതൃപ്തമുഖഭാവത്തോടെ സ്വീകരിക്കാന്‍ സാധിക്കണം. കോട്ടങ്ങളുണ്ടെങ്കില്‍ സമയം കുറെ കഴിഞ്ഞ്‌ ആ വിഷയം സംസാരിച്ച്‌ പരിഹാരമുപദേശിക്കണം. ദ്വേഷ്യം വന്നാലും ശാപവാക്കുകളുപയോഗിക്കരുത്‌. വൈകുന്നേരം സ്കൂള്‍ കഴിഞ്ഞു മടങ്ങിയതിനുശേഷം വീട്ടിലെത്തിയാല്‍ കയ്യും കാലും മുഖവും കഴുകി വൃത്തിയാക്കുവാന്‍ ശീലിപ്പിക്കണം. ആവേശത്തോടെ മക്കള്‍ പറയുവാനാഗ്രഹിക്കുന്നത്‌ മാതാപിതാക്കള്‍ നിര്‍ബന്ധമായും ശ്രദ്ധയോടെ കേള്‍ക്കണം. നന്മകളെ അഭിനന്ദിക്കണം തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ശാന്തമായി നിര്‍ദ്ദേശം നല്‍കി തിരുത്തണം.



സ്കൂളില്‍നിന്ന്‌ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇനിയും അത്തരത്തിലുള്ള തെറ്റുകളാവര്‍ത്തിക്കരുതെന്നോര്‍മിപ്പിക്കണം. വൈകുന്നേരം ഒരു മണിക്കൂറെങ്കിലും സര്‍വതും മറന്ന്‌ കുളിക്കുവാനാവസരമുണ്ടാകണം. വൈകുന്നേരത്തെ കളിക്കുശേഷം കുളി കഴിഞ്ഞ്‌ കുറഞ്ഞത്‌ പത്തുമിനിട്ടെങ്കിലും പ്രാര്‍ത്ഥിക്കാനുള്ള കീര്‍ത്തനം, ശ്ലോകങ്ങള്‍ ഇവ പറഞ്ഞുകൊടുത്തിരിക്കണം. മക്കളോടൊപ്പമിരുന്നുള്ള പ്രാര്‍ത്ഥന മാതാപിതാക്കളും ശീലിക്കണം. അതതു ദിവസത്തെ സ്കൂള്‍ വിശേഷങ്ങള്‍ കേള്‍ക്കാനും നല്ല ഉപദേശങ്ങള്‍ ശാന്തമായി കഥാരൂപത്തില്‍ നിര്‍ബന്ധബുദ്ധിയില്ലാതെ പറഞ്ഞുകൊടുക്കുവാനും സന്ധ്യാവേളയില്‍ ഇടയ്ക്ക്‌ അടുത്ത്‌ വന്ന്‌ നല്ലവാക്കുകള്‍ പ്രോത്സാഹനാജനകമായി പറയണം. വൈകുന്നേരമോ ഉറങ്ങാന്‍ പോകുമ്പോഴോ പുരാണകഥകള്‍ വിവരിച്ചുകൊടുത്ത്‌ അവയുടെ സന്ദേശവുമറിയിക്കണം. മക്കളെ കൈകൊണ്ടു തലോടണം. താലോലിച്ചുറക്കാന്‍ സാധിക്കുമെങ്കില്‍ ഉത്തമം. പ്രഭാതത്തില്‍, കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോഴും രാത്രിയില്‍ ഉറങ്ങാന്‍ പോകുന്ന വേളയിലും ഒരു മിനിറ്റെങ്കിലും കിടക്കിയിലിരുന്നു പ്രാര്‍ത്ഥിക്കണം. വടക്കോട്ട്‌ തലവെച്ച്‌ ഉറങ്ങാന്‍ കിടക്കുന്നത്‌ രക്തചംക്രമണത്തെ ബാധിക്കുന്നതുകൊണ്ടൊഴിവാക്കണം. പഠിക്കുമ്പോള്‍ കിഴക്കോട്ട്‌ മുഖമാക്കി പഠിക്കുവാനുപദേശിക്കണം.



                        പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പഠിക്കാനുള്ള രീതികളും പഠിച്ചതിനെക്കുറിച്ചും അല്‍പ്പംകൂടി ചേര്‍ത്തും വിരസത തോന്നാതെ അറിവ്‌ വിപുലപ്പെടുത്തണം. ജീവിതത്തില്‍ സുഖം+ദുഃഖം, ചിരി+കരച്ചില്‍, ജയം+പരാജയം, ഉയര്‍ച്ച+ താഴ്ച എന്നിവയെല്ലാം ഉണ്ടെന്നറിയണം. കഴിയുന്നത്രയും സമചിത്തതയോടെ അവ അഭിമുഖീകരിക്കാനും സ്വന്തം അനുഭവത്തിലൂടെയും ഉപദേശങ്ങളിലൂടെയും പ്രായോഗികമായി ശീലിപ്പിക്കണം. മക്കളുടെ പെരുമാറ്റത്തിലോ പ്രവര്‍ത്തിയിലോ വാക്കിലോ മാതാപിതാക്കള്‍ക്ക്‌ അവിശ്വാസമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കരുത്‌. സംഗീതം, നൃത്തം, സംഗീത ഉപകരണം, മറ്റേതെങ്കിലും കലാകായിക വിഷയങ്ങളിലൊന്നെങ്കിലും പഠിപ്പിക്കണം. അഭിരുചിയുള്ള വിഷയങ്ങള്‍ വിദ്യാലയാധികൃതരെ അറിയിക്കണം. മേറ്റ്ല്ലാവരില്‍നിന്നും നമ്മുടെ മക്കള്‍ക്ക്‌ ഒരു വ്യത്യാസമെങ്കിലുമുണ്ടാകണം. അത്‌ നന്മ നിറഞ്ഞ ഉജ്ജ്വലവ്യക്തിത്വത്തിലേക്ക്‌ നയിക്കപ്പെടണം. അടുക്കള ജോലിയിലും മറ്റു ചെറിയ ജോലികളിലും പരിശീലനം നല്‍കണം. കാപ്പി, ചായ, ഭക്ഷണം ഇവ പാകം ചെയ്യുവാനുള്ള ബാലപാഠങ്ങളും വീടുവൃത്തിയായി സൂക്ഷിക്കാനുള്ള രീതിയും സ്വായത്തമാക്കണം. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുന്നത്‌ ചാരിതാര്‍ത്ഥ്യത്തോടെ അവരെക്കൊണ്ട്‌ ചെയ്യിപ്പിക്കണം. ശാപവാക്കുകള്‍ മാതാപിതാക്കളില്‍ നിന്നൊരിക്കലുമുണ്ടാകരുത്‌. അത്‌ ശരിയാവില്ല....., നിനക്കതിനുള്ള കഴിവില്ല, നീ തോല്‍ക്കുമെന്നുറപ്പാണ്‌, നീ എപ്പോഴും ഇങ്ങനെയാണ്‌....നിന്റെ അനിയനെത്ര മിടുക്കനാണ്‌...എത്ര പ്രാവശ്യം നിന്നോട്‌ പറഞ്ഞു...നിനക്കിങ്ങനെതന്നെ വേണം...എന്റെയൊരു തലയിലെഴുത്ത്‌....നീ വേണമെങ്കില്‍ പഠിക്ക്‌ വേണ്ടെങ്കില്‍ വേണ്ട....എനിക്കുവേണ്ടി നീ പഠിക്കണ്ട...നിന്നെയൊക്കെ ഞാന്‍ കാണിച്ചുതരാം....ഞാന്‍ ടീച്ചറോട്‌ പറഞ്ഞുകൊടുക്കും....നിന്റെയൊക്കെ വാശി അമ്മയുടെ അടുത്തെടുക്കണ്ട.......നിന്റെ കള്ളത്തരമെനിക്കറിയാം....ഞാന്‍ അവനോട്‌ ചോദിച്ചുനോക്കും നീ പറയുന്നത്‌ ശരിയാണോ എന്ന്‌....ഒരല്‍പം പോലും എനിക്ക്‌ നിന്നെ വിശ്വാസമില്ല.....വേണമെങ്കില്‍ ചോറു തിന്നാല്‍ മതി.....ഇതുപോലുള്ള വാക്കുകളെല്ലാം ഒഴിവാക്കേണമേ എന്ന്‌ മാതാപിതാക്കളോട്‌ അഭ്യര്‍ത്ഥിക്കുന്നു.



                            പ്രവൃത്തി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും മത്സ്യ-മാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം. ദിവസത്തിലൊരു നേരമെങ്കിലും മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം. അമ്മ നിര്‍ബന്ധമായും മക്കള്‍ക്ക്‌ ഭക്ഷണം വിളമ്പിക്കൊടുത്തുകൂടെയിരിക്കണം. എത്രകാലം മക്കളെ താലോലിക്കാനും അവരുടെ തലയില്‍ കൈവച്ചനുഗ്രഹിക്കാനും അവര്‍ക്ക്‌ കഥ പറഞ്ഞുകൊടുത്ത്‌ തലോടിക്കൊണ്ട്‌ ആനന്ദിപ്പിക്കാനും മക്കള്‍ക്ക്‌ ഭക്ഷണം വിളമ്പിക്കൊടുക്കാനും അവരുടെ ചിരിയും സന്തോഷവും കാണുവാനും ജഗദീശ്വരന്‍ നമുക്ക്‌ അനുഗ്രഹം തന്നിട്ടുണ്ട്‌ എന്നറിഞ്ഞുകൂടല്ലോ. അതുകൊണ്ട്‌ സാധിക്കുന്നത്രയും കാലം അതെല്ലാം ചെയ്ത്‌ ഈ മാതൃപിതൃജന്മം സഫലമാക്കണം. പുത്ര-പുത്രീ ധര്‍മം അവര്‍ പഠിക്കുന്നത്‌ മാതാപിതാക്കളില്‍നിന്നാണ്‌.



                             ജീവിത വിജയത്തിന്‌ ആധുനിക അറിവുകള്‍ പൂര്‍ണമായും സ്വായത്തമാക്കണം. കെട്ടിടത്തിന്റെ മുകളിലേക്കുള്ള ഉയര്‍ച്ചക്ക്‌ ഇഷ്ടികപോലെ അത്യാധുനിക അറിവുകള്‍ പ്രയോഗിക്കണം. കെട്ടിടത്തിന്‌ ഭംഗിയും ദൃഢതയും ദീര്‍ഘകാലം നിലനില്‍ക്കാനുള്ള ശക്തിയും നല്‍കുന്നത്‌ സിമന്റാണെന്നറിയാമല്ലോ. ആ സിമന്റുപോലെ ജീവിതമൂല്യങ്ങള്‍ ആധുനിക അറിവിനോടൊപ്പം ചേര്‍ത്ത്‌ ജീവിതം ദീര്‍ഘകാലം ദൃഢതയും സുന്ദരവുമാക്കിത്തീര്‍ക്കുവാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കണം. നിങ്ങളുടെ വൃദ്ധരായ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരെ നിങ്ങള്‍ എങ്ങനെ പരിചരിക്കുന്നു എന്ന്‌ പ്രത്യക്ഷമായി കണ്ടുകൊണ്ടാണ്‌ നിങ്ങളുടെ മക്കള്‍ വളരുന്നതെന്ന്‌ നിങ്ങളറിയണം. നിങ്ങളുടെ മക്കള്‍ നിങ്ങളോട്‌ പെരുമാറുന്നത്‌ എന്നറിയണം.



                   നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ആയുരാരോഗ്യവും ഐശ്വര്യങ്ങളും ജ്ഞാനവിജ്ഞാന സമ്പത്തും നല്‍കേണമേയെന്ന്‌ ജഗദീശ്വരനോട്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്

                                                                                            (ഡോ.എന്‍ .ഗോപാലകൃഷ്ണന്‍ )

No comments:

Post a Comment

Related Posts Plugin for WordPress, Blogger...