Tuesday, August 28, 2018

അയ്യങ്കാളി,

അയ്യങ്കാളി, ജാതിക്കോമരങ്ങളെ വില്ലുവണ്ടിയിലെത്തി വിറപ്പിച്ച നവോത്ഥാന നായകന്‍

1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടു വിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്. മനുഷ്യന്‍ എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ് അയ്യങ്കാളി കണ്ടത്. ചുറ്റും നടമാടിയ ഉച്ചനീചത്വത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരെ പോരാടാന്‍ അദ്ദേഹം തീരുമാനിച്ചു. 28-ാം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. അധസ്ഥിത ജന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ക്കൂടീ പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു.

വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാതിരുന്ന ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചു. പുതുവല്‍ വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തി സ്‌കൂളാക്കി ഉയര്‍ത്തുകയും ചെയ്തു. ഐതിഹാസികമായ കാര്‍ഷിക പണിമുടക്ക് സമരം അതിനൊരു നിമിത്തമായി മാറി. 1907 ലാണ് അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി സാധുജനപരിപാലന സംഘം രൂപീകരിച്ചത്. അവര്‍ണരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുമായി ചാവടി നട സ്‌കൂളിലെത്തിയ അയ്യങ്കാളിയും സംഘവും സ്‌കൂള്‍ പ്രവേശനത്തിനെ എതിര്‍ത്തവരെ ശക്തമായി നേരിട്ടു. എങ്ങനെയും അവര്‍ണകുട്ടികളുടെ സ്‌കൂള്‍ പ്രവേശനം സാദ്ധ്യമാക്കുമെന്ന തീരുമാനം അയ്യങ്കാളി എടുത്തത് ഈ സംഭവത്തോടെയാണ്. നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളില്‍ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അയിത്തജന വിഭാഗങ്ങള്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ എതിര്‍ക്കാനെത്തിയത് മുസ്ലിം മാടമ്പികളായിരുന്നു. അവിടെയും അയ്യങ്കാളിയുടെ നിശ്ചയ ദാര്‍ഢ്യം തന്നെ വിജയിച്ചു.

ശ്രീമൂലം പ്രജാ സഭയില്‍ പുലയവിഭാഗത്തിന്റെ പ്രതിനിധിയായി സുഭാഷിണി പത്രാധിപര്‍ പി കെ ഗോവിന്ദപ്പിള്ളയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതോടെ ഒരു ജനതയുടെ സങ്കടങ്ങളും ആവശ്യങ്ങളും പ്രജാസഭയില്‍ മുഴങ്ങിക്കേട്ടു തുടങ്ങി. പി കെ ഗോവിന്ദപ്പിള്ളയുടെ അഭ്യര്‍ത്ഥനയിലൂടെ പ്രജാ സഭയില്‍ പുലയരില്‍ നിന്നു തന്നെ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ ദിവാന്‍ തീരുമാനിച്ചു. അങ്ങനെ 1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 7 ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും മുഹമ്മയിലും പാറായിത്തരകന്റെ നേതൃത്വത്തില്‍ നടന്ന മതപരിവര്‍ത്തന ശ്രമങ്ങളെ അയ്യങ്കാളി എതിര്‍ത്തു. അയ്യങ്കാളിയുടെ സന്തത സഹചാരിയായ വിശാഖം തേവനുമായി പാറായിത്തരകന്‍ പരസ്യ സംവാദം നടത്തുകയും മതപരിവര്‍ത്തന വാദം വിശാഖം തേവനു മുന്നില്‍ പൊളിയുകയും ചെയ്തു. അതോടെ മതം മാറാനെത്തിയ അധസ്ഥിത ജനത അതില്‍ നിന്നും പിന്തിരിയുകയും ചെയ്തു.

1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത്. വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും സന്നിഹിതരായിരുന്നു. സ്വസമുദായത്തില്‍ നിന്നും പത്ത് ബിഎ ക്കാരുണ്ടാകാന്‍ ഗാന്ധിജി സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യര്‍ത്ഥന. പത്തല്ല നൂറു ബിഎ ക്കാര്‍ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അയ്യങ്കാളി ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.



1941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു. നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിയ, അസമത്വത്തിനെതിരെ പോരാടാന്‍ അവര്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു

ചരിത്രത്തിന്റെ വില്ലുവണ്ടിയില്‍ വന്ന അയ്യങ്കാളി


ആരാലും തമസ്കരിക്കാനാവാത്തവിധം ജ്വലിച്ചുയര്‍ന്ന പ്രതിഭാശാലിയായ വിപ്‌ളവകാരിയായിരുന്നു മഹാനായ അയ്യങ്കാളി. ഇന്ത്യയുടെ പ്രഗല്‍ഭയായ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി പറഞ്ഞതുപോലെ 'ഭാരതത്തിന്റെ മഹാനായ പുത്ര'നാണദ്ദേഹം. പ്രകൃതിമനോഹരമായ വെങ്ങാന്നൂര്‍ ഗ്രാമത്തില്‍ 1863 ആഗസ്റ്റ്‌ 28ന്‌ അവിട്ടം നക്ഷത്രത്തില്‍ അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചു.

പതിന്നാലു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും അവരില്‍നിന്ന്‌ തലക്കരവും മുലക്കരവും ഈടാക്കണമെന്നുമുള്ള ശാസനകള്‍ കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്‌. നിസ്സ്വ‍രും നിരാലംബരുമായ മണ്ണിന്റെ മക്കള്‍ക്ക്‌ അന്ന്‌, മരിച്ചാല്‍ സംസ്കരിക്കാന്‍ സ്വന്തമായി മണ്ണുപോലുമില്ലായിരുന്നു.
അന്ന്‌ അധഃസ്ഥിത സ്‌ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനവകാശമുണ്ടായിരുന്നില്ല. സവര്‍ണര്‍ക്കുമുന്‍പില്‍ മാറിലെ വസ്‌ത്രമെടുത്തുമാറ്റി വിനയം കാണിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരായിരുന്നു. കത്തുന്ന കണ്‍മുനകളില്‍നിന്നു രക്ഷനേടാന്‍ കൈകള്‍ കൊണ്ട്‌ മാറിടം മറച്ചുനിന്ന കുറ്റത്തിന്‌ പല സഹോദരിമാരുടെയും മുലയറുത്തെറിഞ്ഞ്‌ വരേണ്യവര്‍ഗ്‌ഗം ജാതി ശാസനകള്‍ നിലനിറുത്തി.

ഇത്തരമൊരു സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടാണ്‌ അയ്യങ്കാളി ഉയര്‍ന്നുവന്നത്‌. നാട്ടില്‍ പ്രഭുക്കള്‍ക്കുമാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത്‌, വില്ലുവണ്ടി വിലയ്ക്കുവാങ്ങി, തങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ട പൊതുനിരത്തിലൂടെ വെള്ളബനിയനും തലയില്‍ വട്ടക്കെട്ടും കെട്ടി വില്ലുവണ്ടിയില്‍ സഞ്ചരിച്ച്‌ നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്‌മണ ശാസനകളെ വെല്ലുവിളിച്ചു. വില്ലുവണ്ടിയിലെ കാളകളുടെ കഴുത്തില്‍ നിന്നുയര്‍ന്ന മണിമുഴക്കം ജാതിവ്യവസ്ഥയുടെ കോട്ടകൊത്തളങ്ങളില്‍ത്തട്ടി പ്രതിധ്വനിച്ചു.

എന്തും നേരിടാനുള്ള കരളുറപ്പോടെയാണ്‌ 1889-ല്‍ തന്റെ അനുയായികളുമൊത്ത്‌ അയ്യങ്കാളി ആറാലുമ്മൂട്‌ ചന്തയിലൂടെ നടത്തിയ കാല്‍നടയാത്ര. ബാലരാമപുരം ചാലിയത്തെരുവില്‍വച്ച്‌ ജാഥയ്ക്കുനേരേ നടത്തിയ ആക്രമണത്തെ വീറോടെ പൊരുതിത്തോല്‌പിച്ച്‌ അയ്യങ്കാളി മുന്നേറി.

അയിത്തത്തിനെതിരായി ആത്‌മീയരംഗത്തു പ്രവര്‍ത്തിച്ച ഉല്‌പതിഷ്‌ണുക്കളുടെ സേവനവും അയ്യങ്കാളി പ്രയോജനപ്പെടുത്തി. ജാതി ചിന്തയ്ക്കെതിരെ ആത്‌മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട്‌ അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്‌ധപ്പെട്ടുകൊണ്ടിരുന്നു. നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക തിന്മകളോട്‌ പ്രതികരിക്കാന്‍ അദ്ദേഹം അനുയായികളോട്‌ ആവശ്യപ്പെട്ടു. അധഃസ്ഥിത വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ അയ്യങ്കാളി നടത്തിയ പ്രക്ഷോഭഫലമായാണ്‌ സര്‍ക്കാര്‍ സ്കൂളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനുവദിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിളംബരമുണ്ടായത്‌.

ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട്‌ അയ്യങ്കാളി പറഞ്ഞു: "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും." ആരും പണിക്കിറങ്ങിയില്ല. ഒട്ടിയവയറും ഉജ്ജ്വല സ്വപ്‌നങ്ങളുമായി ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിനൊടുവില്‍ അയ്യങ്കാളിയുമായുണ്ടാക്കിയ ഒരുടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം സാര്‍ത്ഥകമായി.

1911-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക്‌ നിയമസഭാ സാമാജികനായി അയ്യങ്കാളിയെ നോമിനേറ്റ്‌ ചെയ്തുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവുണ്ടായി. തുടര്‍ന്ന്‌ 25 വര്‍ഷം അദ്ദേഹം നിയമസഭാ സാമാജികനായിരുന്നു. അധഃസ്ഥിതരുടെ ഇടയില്‍ പരിഷ്കരണ പ്രവര്‍ത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തി. ആദിഗോത്രജനതയില്‍പ്പെട്ട സ്‌ത്രീകള്‍ മാറുമറയ്ക്കരുതെന്നും അടിമത്വത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണക്കാര്‍ ഒരു ധിക്കാരമായി അതിനെക്കരുതി. പ്രത്യേകിച്ച്‌ കൊല്ലം പെരിനാട്ടില്‍.

പാവപ്പെട്ടവര്‍ വേട്ടയാടപ്പെട്ടു. സഹോദരിമാര്‍ ധരിച്ചിരുന്ന റൗക്കകള്‍ വലിച്ചുകീറി. പലരുടെയും മുലകള്‍ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മുന്നിലിട്ട്‌ ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിതന്റെ മനോവീര്യം ഉണര്‍ന്നെണീറ്റു. പ്രതിരോധിക്കാനും പ്രത്യാക്രമിക്കാനും അവരും തയ്യാറായി. രക്തരൂഷിത കലാപമായതുമാറി. കലാപത്തെത്തുടര്‍ന്ന്‌ നാടും വീടും വിട്ടവര്‍ കൊല്ലം പീരങ്കി മൈതാനത്ത്‌ എത്തിച്ചേരാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു.
നോട്ടീസോ, മൈക്ക്‌ അനൗണ്‍സ്‌മെന്റോ ഇല്ലാതെ കാതോട്‌ കാതോരം കേട്ടറിഞ്ഞ്‌ പതിനായിരക്കണക്കിന്‌ ആളുകള്‍ കൂലംകുത്തി പതഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മൈതാനത്ത്‌ എത്തിച്ചേര്‍ന്നു. മൈതാനം മനുഷ്യമഹാസമുദ്രമായി മാറി. "നാനാജാതി മതസ്ഥരുടെ സംഗമവേദിയായ ഇവിടെവച്ച്‌ ഈ മുഹൂര്‍ത്തത്തില്‍ കല്ലുമാല അറുത്തുകളയണമെന്നും അതിന്‌ സവര്‍ണര്‍ സഹകരിക്കണമെന്നും" അയ്യങ്കാളി ആവശ്യപ്പെട്ടു. യോഗാദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എഴുന്നേറ്റ്‌ "മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍വച്ച്‌ നമ്മുടെ സഹോദരിമാര്‍ കല്ലുമാല അറുത്തുകളയുന്നതിന്‌ ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ സമ്മതമാണ്‌." എന്നു പറയുകയുണ്ടായി. സദസ്സില്‍ നീണ്ട കരഘോഷമുണ്ടായി. 'അടിമത്വത്തിന്റെ അടയാളം അറുത്തെറിയുവിന്‍' അയ്യങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം പിന്നില്‍ തിരുകിയിരുന്ന കൊയ്ത്തരിവാള്‍ എടുത്ത്‌ സഹോദരിമാര്‍ അവരുടെ കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ അറുത്തെടുത്ത്‌ സ്റ്റേജിലിട്ടു. നാലടി ഉയരത്തില്‍ കല്ലുമാലക്കൂമ്പാരം ദൃഷ്‌ടിഗോചരമായി.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചെങ്കോലും കിരീടവും തെറിപ്പിച്ച മാഹാത്‌മാഗാന്‌ധി വെങ്ങാനൂരിലെത്തി ശ്രീ അയ്യങ്കാളിയെക്കാണുന്നത്‌ 1937 ജനുവരിയിലാണ്‌. 'മിസ്റ്റര്‍ അയ്യങ്കാളി.... ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണം?' എന്ന ഗാന്‌ധിജിയുടെ ചോദ്യത്തിന്‌, അയ്യങ്കാളി പറഞ്ഞ മറുപടിയിതായിരുന്നു: "എന്റെ വര്‍ഗ്‌ഗത്തില്‍നിന്ന്‌ പത്തു ബി.എക്കാരെ കണ്ടിട്ടുവേണം എനിക്ക്‌ മരിക്കാന്‍." ഇത്രയും ആത്‌മാര്‍ത്ഥതയുള്ള മനുഷ്യനുണ്ടോ എന്ന്‌ ഗാന്‌ധിജി അതിശയിക്കുകയായിരുന്നു. അതാണ്‌ അധഃസ്ഥിതരുടെ ആത്‌മാവായ അയ്യങ്കാളി.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ അദ്ദേ ഹം 1941 ജൂണ്‍ 18ന്‌ താന്‍ സ്ഥാപിച്ച സരസ്വതീ മന്ദിരത്തില്‍ വച്ച്‌ ദിവംഗതനായി.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

Saturday, August 4, 2018

എങ്ങനെ പുതിയ മൂന്നാറുണ്ടായി

എങ്ങനെ പുതിയ മൂന്നാറുണ്ടായി. ആലുവ- മൂന്നാർ റോഡെങ്ങനെ ഇല്ലാതായി !!!!!      തൊടുപുഴ::കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയം. കൊല്ലവര്‍ഷം 1099ലെ ആ പ്രളയം പ്രായംചെന്ന പലരുടെയും ഓര്‍മകളില്‍ ഇന്നും പെയ്തിറങ്ങാറുണ്ട്. പലര്‍ക്കും പറയാന്‍ നഷ്ടങ്ങളുടെ നിരവധി കണക്കുകളുമുണ്ട്.

ആയിരക്കണക്കിന് മനുഷ്യജീവന്‍ നഷ്‌ടമായ ആ പ്രളയത്തില്‍ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാന്‍ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ചേതനയറ്റ മനുഷ്യശരീരങ്ങള്‍ പലയിടത്തും ഒഴുകിനടന്നു. ഒട്ടനവധി പേര്‍ക്ക് വീടും, സ്വത്തുവകകളും, വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു; വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തില്‍ ഒഴുകിവന്നു.

പ്രളയത്തിന്‍റെ പ്രധാനകാരണം മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു. തിരുവിതാംകൂറിനെയും മലബാറിന്‍റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു. ചരിത്രരേഖകള്‍ പറയുന്നത്, ആലപ്പുഴ ജില്ല പൂര്‍ണ്ണമായും, എറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായി എന്നാണ്. കോഴിക്കോട് പട്ടണത്തിന്‍റെ പല ഭാഗങ്ങളും മുങ്ങിയിരുന്നു.

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന അക്കാലത്ത് തിരുവനന്തപുരം പട്ടണത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ തെങ്ങിന്‍തലപ്പിനോളം വെള്ളമെത്തി എന്നാണ് പഴമക്കാര്‍ പറയുന്നത്. അന്ന് വെള്ളമുയര്‍ന്ന അളവ് കേരളത്തില്‍ പലയിടത്തും രേഖപ്പെടുത്തിവച്ചത് ഇപ്പോഴും കാണാനുണ്ട്.

ജൂലൈ 17നായിരുന്നു മഴയുടെ തുടക്കം. മൂന്നാഴ്ചയോളം ഇടമുറിയാതെ പെയ്ത മഴ തകര്‍ത്തത് നിരവധി സ്വപ്നങ്ങളായിരുന്നു. നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന റോഡ്‌ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു, റെയില്‍പ്പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങി സര്‍വീസുകള്‍ നിര്‍ത്തിവച്ചു, തപാല്‍ സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. ആളുകളും വളര്‍ത്തുമൃഗങ്ങളും വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്ക്കൂരകളിലും തട്ടിന്‍പുറങ്ങളിലും അഭയം തേടി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടമായി പലായനം ചെയ്തു, ഉയര്‍ന്ന മേഖലകള്‍ അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും കിട്ടാതെ ജനം പട്ടിണിയില്‍ വലഞ്ഞു.

വെള്ളമിറങ്ങിപ്പോകാന്‍ പിന്നെയും ദിവസങ്ങളെടുത്തു. ഓലയും, പനമ്പും, മണ്ണും കൊണ്ടുണ്ടാക്കിയ പല കുടിലുകളും അപ്പോള്‍ സ്വസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. പുഴകളും തോടുകളും വഴിമാറിയൊഴുകി, പാതകള്‍ ഇല്ലാതായി, കിണറുകളും കുളങ്ങളും തൂര്‍ന്നു, വന്മരങ്ങള്‍ കടപുഴകി, പേരിനുണ്ടായിരുന്ന പല കെട്ടിടങ്ങളും തകര്‍ന്നുവീണു. എക്കലും ചെളിയുമടിഞ്ഞ് രൂപം നഷ്ടപ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പൂര്‍വസ്ഥിതിയിലെത്താന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. ചില ഗ്രാമങ്ങള്‍ അങ്ങനെ തന്നെ ഇല്ലാതായി.

മലവെള്ളത്തിന്‍റെ കുത്തൊഴുക്കും കടലാക്രമണവും ഒരുമിച്ചാണ് നാശം വിതച്ചത്.
മധ്യകേരളത്തെ പ്രളയം ഇത്രയ്ക്ക് ആക്രമിക്കാനിടയായതിനു കാരണം പെരിയാറിലുണ്ടായ വെള്ളപ്പൊക്കം കൂടിയായിരുന്നു. പെരിയാറിന്‍റെ കൈവഴികളുടെ വൃഷ്ടിപ്രദേശങ്ങളിലായിരുന്നു മഴ ഏറ്റവുമധികം കോരിച്ചൊരിഞ്ഞത്. അന്ന് പെരിയാറില്‍ ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാര്‍ മാത്രമായിരുന്നുതാനും. കൈവഴികള്‍ പെരിയാറിനെ വെള്ളം കൊണ്ടു നിറച്ചപ്പോള്‍ മധ്യകേരളമാകെ പ്രളയക്കെടുതിയില്‍ അമര്‍ന്നു.

ആ പ്രളയം തകര്‍ത്തുകളഞ്ഞത് ബ്രിട്ടീഷുകാര്‍ പടുത്തുയര്‍ത്തിയ മൂന്നാര്‍ പട്ടണം കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയില്‍ നിര്‍മിച്ച, അവരുടെ അഭിമാനമായിരുന്ന മൂന്നാര്‍ എന്ന സ്വപ്നസാമ്രാജ്യവും അവിടെ അവര്‍ വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാക്കിയെടുത്ത സൌകര്യങ്ങളും ദിവസങ്ങള്‍ കൊണ്ട് ഒലിച്ചുപോയി. മലവെള്ളത്തിനൊപ്പം കുതിച്ചെത്തിയ പാറകളും മരങ്ങളും പട്ടണത്തെ തുടച്ചുനീക്കിയതിനൊപ്പം നൂറില്‍പരം ജീവനുകളുമെടുത്തു.

സമുദ്രനിരപ്പില്‍ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്.
പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞുവീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേര്‍ന്ന് മാട്ടുപ്പെട്ടിയില്‍ രണ്ടു മലകള്‍ക്കിടയില്‍ പ്രകൃത്യാ രൂപംകൊണ്ട അണക്കെട്ടായിരുന്നു വില്ലന്‍. മഴ കടുത്തപ്പോള്‍ സ്വയം തകര്‍ന്ന ഈ അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ നക്കിത്തുടച്ചത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഇത് ആവര്‍ത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലില്‍ പട്ടണം തന്നെ ഇല്ലാതായി.

ആ ജൂലൈമാസത്തില്‍ മാത്രം മൂന്നാര്‍ മേഖലയില്‍ 485 സെന്റിമീറ്റര്‍ മഴ പെയ്തുവെന്നാണ് സായിപ്പിന്‍റെ കണക്കുകള്‍ പറയുന്നത്. മൂന്നാറില്‍ അന്ന്‍ വൈദ്യുതിയും, ടെലിഫോണും, റെയില്‍വേയും, റോപ് വേയും, വീതിയേറിയ റോഡുകളും, വിദ്യാലയങ്ങളും, മികച്ച ആശുപത്രിയും ഉണ്ടായിരുന്നു; പ്രളയം തകര്‍ത്തുകളഞ്ഞത് അതൊക്കെക്കൂടിയായിരുന്നു.

'കുണ്ടളവാലി റെയില്‍വേ' എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയില്‍ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂര്‍ണമായി തുടച്ചുനീക്കിക്കളഞ്ഞു. റെയില്‍പാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എന്‍ജിനുകളും ഒലിച്ചുപോയി, പാലങ്ങള്‍ തകര്‍ന്നു, കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി, തേയില ഫാക്ടറികള്‍ തകര്‍ന്നടിഞ്ഞു. തേയില കൊണ്ടുപോകാനായി 1902ല്‍ സ്ഥാപിച്ച റയില്‍പ്പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്‍റെ അതിര്‍ത്തിയായ ടോപ്‌സ്റ്റേഷന്‍ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്റ്റേഷനില്‍നിന്ന്‍ റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടര്‍ന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പല്‍ കയറ്റുകയുമായിരുന്നു പതിവ്.

പള്ളിവാസല്‍ മലകള്‍ക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്‍റെ നാശത്തെത്തുടര്‍ന്ന് പള്ളിവാസല്‍ പട്ടണവും, മൂന്നാറിലേയ്ക്ക് വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോ-ഇലക്‌ട്രിക് പവര്‍സ്റ്റേഷനും മണ്ണിനടിയിലായി. പള്ളിവാസലിന്‍റെ രൂപം തന്നെ മാറിപ്പോയി.

കുട്ടമ്പുഴ- പൂയംകുട്ടി-  മണികണ്ഡന്‍ചാല്‍- പെരുമ്പന്‍കുത്ത്- മാങ്കുളം- കരിന്തിരിമല- അന്‍പതാംമൈല്‍- ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു.

മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായിത്തന്നെ ഇല്ലാതായി. 'പഴയ ആലുവ- മൂന്നാര്‍ റോഡ്‌' എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്‍റെ കൈവഴിയായ കരിന്തിരി ആറിന്‍റെ കരയില്‍ തലയുയര്‍ത്തിനിന്നിരുന്ന ഈ മലയോരത്തുകൂടിയായിരുന്നു. മലയിടിച്ചില്‍ ആ പാതയുടെ ഒരു പ്രധാനഭാഗത്തെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തവിധം നാമാവശേഷമാക്കി.

ആദ്യകാലത്ത് ആനപ്പാതയായിരുന്ന കോതമംഗലം- നേര്യമംഗലം- അടിമാലി- പള്ളിവാസല്‍ വഴി മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റോഡ്‌ നിര്‍മിച്ചത് ഇതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഈ പാത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് 1931ല്‍ മാത്രമാണ്. പഴയ മൂന്നാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി നിര്‍മ്മിച്ചുതുടങ്ങിയ പുതിയ മൂന്നാര്‍ പട്ടണം പൂര്‍ത്തിയാകാനും രണ്ടു വര്‍ഷത്തിലധികം എടുത്തു. റെയില്‍ സംവിധാനം പിന്നീട് പുനസ്ഥാപിക്കാന്‍ കഴിഞ്ഞതുമില്ല. വെള്ളപ്പൊക്കത്തില്‍ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്, ഒരു ദുരന്തസ്മാരകം പോലെ ചിലതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കാനായി.

മൂന്നാറിന്‍റെ തണുപ്പില്‍ കുളിരുവാനും, തേയിലത്തോട്ടങ്ങളുടെ ഭംഗി നുകരുവാനും ഇനി പോകുമ്പോള്‍ നോക്കുക, മൂന്നാര്‍ ടൌണിലും പരിസരപ്രദേശങ്ങളിലുമുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ പഴയ റെയില്‍പ്പാളങ്ങളാണ്, ടൌണില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിലെ പഴയ റെയില്‍വേസ്റ്റേഷനായ KDHPയുടെ ഹെഡ്ഓഫീസിന്‍റെ ഗേറ്റ് നിര്‍മ്മിച്ചിരിക്കുന്നതും പാളങ്ങള്‍ കൊണ്ടുതന്നെ. പാളങ്ങളുടെയും സ്റ്റേഷന്‍റെയും അവശിഷ്ടങ്ങള്‍ ടോപ്‌സ്റ്റേഷനിലും മറ്റു പലഭാഗങ്ങളിലും ഇപ്പോഴും കാണാം.

പ്രളയം മായ്ച്ചുകളഞ്ഞത് അതിരുകളും അടയാളങ്ങളും മാത്രമല്ല, ചരിത്രത്തെ കൂടിയായിരുന്നു. കേരളത്തിന്‍റെ പല പ്രധാനചരിത്രരേഖകള്‍ നശിച്ചുപോയത് ഈ പ്രളയത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല പുരാതന ക്രിസ്ത്യന്‍പള്ളികളിലും ഇന്നവശേഷിക്കുന്ന ചരിത്രരേഖകള്‍ 1924നു ശേഷമുള്ളത് മാത്രമായത് ഇക്കാരണം കൊണ്ടാണ്.

പ്രളയം മാറ്റിവരച്ച ഭൂപടങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. പ്രകൃതിദുരന്തങ്ങള്‍ അത്ര പതിവില്ലാത്തതുകൊണ്ട് മാത്രമല്ല, ആ പ്രളയം കേരളചരിത്രത്തിലെ ഒരു പ്രധാനഅദ്ധ്യായം ആയതുകൊണ്ടുകൂടിയാണ് '99ലെ വെള്ളപ്പൊക്കം' എന്ന് ഇപ്പോഴും നമ്മള്‍ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നത്."
Related Posts Plugin for WordPress, Blogger...