Tuesday, March 20, 2018

ദിവസവും ഒരുപിടി കപ്പലണ്ടി കഴിച്ചാല്‍.

ദിവസവും ഒരുപിടി കപ്പലണ്ടി കഴിച്ചാല്‍..... 



          നിലക്കടല അഥവാ കപ്പലണ്ടി മിക്കവാറും പേര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണവസ്തുവാകും. വറുത്തും പുഴുങ്ങിയുമെല്ലാം കഴിയ്ക്കാവുന്ന ഇതിന് ആരോഗ്യഗുണങ്ങളും ഏറെയാണ്. കൊറിക്കാന്‍ ഏറ്റവും നല്ലൊരു ഭക്ഷണസാധമാണ് കപ്പലണ്ടി അഥവാ നിലക്കടല. ഇത് പച്ചയ്‌ക്കോ പുഴുങ്ങിയോ എണ്ണയില്ലാതെ വറുത്തോ ഉപയോഗിക്കാം. പല വിഭവങ്ങളിലും സ്വാദു കൂടാന്‍ ചേര്‍ക്കുന്ന ഒരു വസ്തു കൂടിയാണ് നിലക്കടല. നട്‌സില്‍ പെട്ട ഒരു ഭക്ഷണം കൂടിയായ ഇതില്‍ നിന്നും പീനട്ട് ബട്ടറും എടുക്കാറുണ്ട്. ഇത് ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്.
            ദിവസവും ഒരു പിടി കപ്പലണ്ടി കഴിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കും. പല അസുഖങ്ങളേയും പ്രതിരോധിയ്ക്കാനുള്ള സ്വാഭാവിക വഴിയാണിത്.
           ദിവസവും കപ്പലണ്ടി അഥവാ നിലക്കടല കഴിയ്‌ക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചറിയൂ
           ഞരമ്പു സംബന്ധമായ ഉണ്ടാവുന്ന പല അസുഖങ്ങള്‍ക്കും പ്രതിവിധിയാണ് ഇത്തരത്തില്‍ കപ്പലണ്ടി സ്ഥിരമാക്കുന്നത്.

              അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ ഉണര്‍വ്വിനും ആരോഗ്യത്തിനും കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുന്നത് നല്ലതാണ്.

             പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു സസ്യാഹാരമാണ് നിലക്കടല. ഇത് കുട്ടികള്‍ക്കും പ്രോട്ടീന്‍ കുറവുള്ള മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ്. വെജിറ്റേറിയന്‍കാര്‍ക്ക് പ്രോട്ടീന്‍ ലഭ്യമാകാനുള്ള എളുപ്പവഴി.
               വയറിലുണ്ടാകുന്ന ക്യാന്‍സര്‍ തടുക്കാന്‍ ഇത് ഏറെ ഫലപ്രദമാണ്. ഇതിലെ പോളിഫിനോളിക് ആ്ന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന നൈട്രസ് അമീന്‍ ഉല്‍പാദനം കുറയ്ക്കുന്നതു തന്നെ കാരണം.

               ഒലീയിക് ആസിഡ് പോലുള്ള മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഇതിലുണ്ട്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ഹൃദയത്തിന് ഉത്തമം.

            ഇതിലെ നൈട്രിക് ഓക്‌സിഡ് പക്ഷാഘാത സാധ്യത വളരെയധികം കുറയ്ക്കുന്നു. ആന്റിഓക്‌സ്ഡന്റിന്റെ കലവറ എന്ന് വോണമെങ്കില്‍ കപ്പലണ്ടിയെ വിശേഷിപ്പിക്കാം.

          സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന എല്ലാ അണുബാധകളും പ്രതിരോധിയ്ക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും
            സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് നിലക്കടല അഥവാ കപ്പലണ്ടി. ഇതിലെ ഫോളിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ഏറെ നല്ലത്

               ധാരാളം വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ബികോംപ്ലക്‌സ്, റൈബോഫഌബിന്‍, വിറ്റാമിന്‍ ബി 6 തുടങ്ങിയവയെല്ലാം ശാരീരികാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.

101 ഒറ്റമൂലികള്‍

101 ഒറ്റമൂലികള്‍ 




*ഉളുക്കിന്*- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
*പുഴുക്കടിക്ക്*- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

*തലമുടി സമൃദ്ധമായി വളരുന്നതിന്*- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

*ചെവി വേദനയ്ക്ക്*- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

*കണ്ണ് വേദനയ്ക്ക്*- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

*മൂത്രതടസ്സത്തിന്*- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക

*വിരശല്യത്തിന്*- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

*ദഹനക്കേടിന്* - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക

*കഫക്കെട്ടിന്* - ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
*ചൂട്കുരുവിന്* - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
*ഉറക്കക്കുറവിന്*-കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
*വളം കടിക്ക്*- വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
*ചുണങ്ങിന്*- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
*അരുചിക്ക്*- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
*പല്ലുവേദനയ്ക്ക്*-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
*തലവേദനയ്ക്ക്*- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
*വായ്നാറ്റം മാറ്റുവാന്‍*- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക
*തുമ്മലിന്*- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
*ജലദോഷത്തിന്*- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
*ടോണ്‍സി ലെറ്റിസിന്*- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
*തീ പൊള്ളലിന്*- ചെറുതേന്‍ പുരട്ടുക
*തലനീരിന്*- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
*ശരീര കാന്തിക്ക്*- ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
*കണ്ണിന് ചുറ്റുമുള്ള നിറം മാറാൻ* ‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
*പുളിച്ച് തികട്ടലിന്*- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
*പേന്‍പോകാന്‍*- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
*പുഴുപ്പല്ല് മറുന്നതിന്*- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
*വിയര്‍പ്പു നാറ്റം മാറുവാന്‍*- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
*ശരീരത്തിന് നിറം കിട്ടാന്‍*- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
*ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്*- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
*മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്*- ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
*ഉഷ്ണത്തിലെ അസുഖത്തിന്*- പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
*ചുമയ്ക്ക്*-പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
*കരിവംഗലം മാററുന്നതിന്*- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
*മുഖസൌന്ദര്യത്തിന്*- തുളസിയുടെ നീര് നിത്യവും തേയ്ക്കുക
*വായുകോപത്തിന്*- ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
*അമിതവണ്ണം കുറയ്ക്കാന്‍*-ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
*ഒച്ചയടപ്പിന്*- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
*വളംകടിക്ക്*- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
*സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍*- പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
*താരന്‍ മാറാന്‍*- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
*മുഖത്തെ എണ്ണമയം മാറന്‍*- തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
*മെലിഞ്ഞവര്‍ തടിക്കുന്നതിന്*- ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
*കടന്തല്‍ വിഷത്തിന്*- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
*ഓര്‍മ്മ കുറവിന്*- നിത്യവും ഈന്തപ്പഴം കഴിക്കുക
*മോണപഴുപ്പിന്*- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
*പഴുതാര കുത്തിയാല്‍*- ചുള്ളമ്പ് പുരട്ടുക
*ക്ഷീണം മാറുന്നതിന്*- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
*പ്രഷറിന്*-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
*ചെങ്കണ്ണിന്*- ചെറുതേന്‍ കണ്ണിലെഴുതുക
*കാല്‍ വിള്ളുന്നതിന്*- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
*ദുര്‍മേദസ്സിന്*-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
*കൃമിശല്യത്തിന്*- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
*സാധാരണ നീരിന്*- തോട്ടാവാടി അരച്ച് പുരട്ടുക
*ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്*- ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
*കരപ്പന്*- അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
*ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
ജലദോഷത്തിന്* - ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക
*ചുമയ്ക്ക്*- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
*ചെവി വേദനയ്ക്ക്*- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
*പുകച്ചിലിന്*- നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
*ചര്‍ദ്ദിക്ക്*-കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
*അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്*- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
*മൂത്രചൂടിന്* -പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
*ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്*- കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക
*മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്*- ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
*അള്‍സറിന്*- ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
*മലശോദനയ്ക്ക്*- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
*പരുവിന്*- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
*മുടിയിലെ കായ് മാറുന്നതിന്*- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
*ദീര്‍ഘകാല യൌവനത്തിന്*- ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
*വൃണങ്ങള്‍ക്ക്*- വേപ്പില അരച്ച് പുരട്ടുക
*പാലുണ്ണിക്ക്*- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
*ആസ്മയ്ക്ക്*- ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
*പനിക്ക്*- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
*പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍*- ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
*കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍*- രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
*മന്തിന്*- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
*ദഹനക്കേടിന്*- ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
*മഞ്ഞപ്പിത്തതിന്*-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
*പ്രമേഹത്തിന്*- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
*കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍*-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
*വാതത്തിന്*- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
*വയറുകടിക്ക്*-ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
*ചോറിക്ക്*-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
*രക്തകുറവിന്*- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
*കൊടിഞ്ഞിക്ക്*- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
*ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്*- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
*ഉദരരോഗത്തിന്*- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
*ചെന്നിക്കുത്തിന്*- നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
*തൊണ്ടവേദനയ്ക്ക്*-അല്പംവെറ്റില, കുരുമുളക്, പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
*കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്*- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
*വേനല്‍ കുരുവിന്*- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
*മുട്ടുവീക്കത്തിന്*-കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
*ശരീര ശക്തിക്ക്*- ഓഡ്സ് നീര് കഴിക്കുക
*ആമ വാതത്തിന്*- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
*നരവരാതിരിക്കാന്‍*- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക
*തലമുടിയുടെ അറ്റം പിളരുന്നതിന്*- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
*കുട്ടികളുടെ വയറുവേദനയ്ക്ക്*- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
*കാഴ്ച കുറവിന്*- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
*കണ്ണിലെ മുറിവിന്*- ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

Saturday, March 17, 2018

മാതാപിതാക്കള്‍ക്കുള്ള സന്ദേശം!!!

മാതാപിതാക്കള്‍ക്കുള്ള സന്ദേശം!!!



               കുടുംബത്തിലെ ചുറ്റുപാടില്‍ വളരുന്ന മക്കള്‍ നമ്മുടെ സ്വഭാവത്തില്‍നിന്നാണ്‌ ജീവിതസന്ദേശങ്ങളും നന്മതിന്മകളും സ്വന്തം ജീവിതത്തിലേക്ക്‌ പകര്‍ത്തുന്നത്‌. നാം സംസാരിക്കുന്നതും ചിന്തിക്കുന്നതും വിശകലനം ചെയ്യുന്നതും ചര്‍ച്ച ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അവര്‍ക്കും മാര്‍ഗദര്‍ശകമായിത്തീരുന്നു. നമ്മിലുള്ള നന്മകള്‍ അവര്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ നമുക്കാഹ്ലാദമുണ്ടാകുന്നു. നമ്മിലുള്ള തിന്മകളും അവര്‍ ജീവിതത്തില്‍ പകര്‍ത്തുമെന്നോര്‍ക്കണം.



                   നമ്മുടെ ഗൃഹാന്തരീക്ഷത്തില്‍ നമ്മുടെ ചെവി, കണ്ണ്‌, നാവ്‌, നാക്ക്‌, മനസ്‌, പ്രവര്‍ത്തി ഇവയെല്ലാം നാം ഉപയോഗിക്കുന്നതുപോലെയായിരിക്കും നമ്മുടെ മക്കളും ജീവിതത്തില്‍ പകര്‍ത്തുന്നത്‌. നന്മകള്‍ കേള്‍ക്കാനും കേള്‍പ്പിക്കാനും കാണുവാനും കാണിക്കുവാനും ചര്‍ച്ച ചെയ്യുവാനും ചര്‍ച്ച ചെയ്യിക്കുവാനും ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും സാധിക്കുമെങ്കില്‍ അവ നമ്മുടെ മക്കളുടെ ജീവിതത്തേയും ധന്യമാക്കും. നമ്മുടെ മനസിന്റെ രോഗങ്ങളാല്‍ വാശി, പക,വിദ്വേഷം, അസൂയ, ദ്വേഷ്യം, അഹങ്കാരം, എന്നിവ നമ്മുടെ മക്കളുടെ മനസിലേക്ക്‌ സാംക്രമികരോഗംപോലെ പകരുന്നത്‌ നമ്മില്‍നിന്നാണെന്നറിയണം. നമ്മുടെ കുടുംബത്തിലെ ഭാര്യാഭര്‍തൃ ബന്ധത്തിന്റെ എല്ലാ നന്മ തിന്മകളും മക്കളും ഭാവി ജീവിതത്തില്‍ സ്വന്തമാക്കുമെന്നോര്‍മിക്കണം. അവയെല്ലാം കണ്ടു പഠിക്കുന്നത്‌ മക്കളുടെ മനസ്സിലെന്നുമുണ്ടാകും. ഭാര്യാ/ഭര്‍ത്താക്കന്മാര്‍ പെരുമാറുന്നത്‌ മക്കളുടെ മനസ്സില്‍ വളരെ ചെറുപ്രായത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നു. അത്‌ ഭാവിയില്‍ അവരുടെ ജീവിതമായിത്തീരുന്നു. ശാന്തശീലവും പ്രസാദാത്മകവുമായ അമ്മയുടേയും അച്ഛന്റേയും മുഖം കണ്ട്‌ ആനന്ദിക്കുവാനാണ്‌ മക്കള്‍ക്കിഷ്ടം. ശാന്തമായ സംസാരരീതി, പെരുമാറ്റ രീതി ഇവയെല്ലാം മക്കള്‍ക്ക്‌ ജീവിതകാലമത്രയും മാതൃകയായി ലഭിക്കുന്നത്‌ കുടുംബത്തില്‍നിന്നാണ്‌. തിങ്കള്‍ മുതല്‍ വെള്ളിവരെ ഏഴുമണിക്കൂര്‍ മാത്രമാണ്‌ നിങ്ങളുടെ മക്കള്‍ നാല്‍പ്പതോളം കുട്ടികളില്‍ ഒരുവനായി സ്കൂളിലുള്ളത്‌. തിങ്കള്‍ മുതല്‍ വെള്ളിവരെ 17 മണിക്കൂറും ശനി, ഞായര്‍ ദിവസങ്ങളില്‍ 24 മണിക്കൂറും നിങ്ങളുടെ സ്വന്തം ഒന്നോ രണ്ടോ കുട്ടികള്‍ നിങ്ങളുടെ കൂടെ മക്കളായി കഴിയുന്നു എന്നറിയണം. സ്കൂളില്‍നിന്ന്‌ ലഭിക്കുന്നതിനേക്കാള്‍ അനേകം മടങ്ങ്‌ ലഭിക്കേണ്ടത്‌                        മാതാപിതാക്കളില്‍നിന്നാണ്‌ എന്ന്‌ വ്യക്തമായറിയണം. മക്കളോട്‌ സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും നന്മ നിറഞ്ഞരീതി ഓരോ നിമിഷവും ഉണ്ടായിരിക്കണം. കുട്ടികളെ സ്കൂളിലേയ്ക്കയക്കുന്ന തയ്യാറെടുപ്പ്‌ അടുക്കും ചിട്ടയോടും ആനന്ദത്തോടും കൂടി ചെയ്യുക. അത്‌ നിങ്ങള്‍ക്കൊരു ഭാരമാണെന്ന തോന്നല്‍ കുട്ടികള്‍ക്കുണ്ടാകാതിരിക്കട്ടെ. അവരെ സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറാക്കുന്ന വേളയില്‍ അമ്മയുടെ മുഖത്ത്‌ നിറഞ്ഞ സംതൃപ്തിയുണ്ടാകണം. അത്‌ മക്കള്‍ക്കനുഭവിക്കാനും സാധിക്കണം. പ്രഭാതത്തില്‍ നേരത്തെ വിളിച്ചുണര്‍ത്തി കുളിര്‍പ്പിച്ച്‌, പത്തുമിനിറ്റെങ്കിലും പ്രാര്‍ത്ഥിപ്പിക്കണം. നാമജപം ശീലമാക്കണം. അഞ്ു (സൂര്യ)നമസ്ക്കാരം ചെയ്യിപ്പിക്കണം. ഇതെല്ലാം ആരോഗ്യത്തിനും ഊര്‍ജ്ജസ്വലമാകുവാനുമാണ്‌. ഒന്നുരണ്ടു ഗ്ലാസ്‌ വെള്ളം കുടിക്കുവാനായി കുട്ടികള്‍ക്ക്‌ പ്രഭാതത്തില്‍ നല്‍കുന്നത്‌ രക്തശുദ്ധീകരണത്തിന്‌ നല്ലതാണ്‌. പ്രഭാതഭക്ഷണം ശാന്തമായി വിളമ്പിക്കൊടുത്ത്‌ കഴിപ്പിക്കണം.



നിര്‍ദ്ദേശമില്ലാത്ത സമയനിഷ്ഠ നമ്മളും നമ്മളിലൂടെ മക്കളും സ്വയം പാലിക്കാനും പാലിപ്പിക്കുവാനും ശ്രമിക്കണം. സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറെടുപ്പിക്കുമ്പോള്‍, നല്ല ഉപദേശങ്ങള്‍ ശാന്തമായി നിര്‍ദ്ദേശബുദ്ധിയില്ലാതെ സന്ദേശങ്ങളായി സീരിയസ്സാകാതെ പറഞ്ഞുകൊടുക്കണം. ഇതുപോലൊരു അമ്മയേയും അച്ഛനേയും ലഭിച്ചത്‌ ഭാഗ്യം കൊണ്ടാണെന്ന്‌ മക്കളുടെ മനസ്സില്‍ തോന്നിപ്പിക്കണം. ഇതിന്റെ സന്ദേശമാണ്‌ മാതൃദേവോ ഭവ, പിതൃദേവോ ഭവ. സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറാകുമ്പോഴും സ്കൂളില്‍നിന്ന്‌ മടങ്ങിവരുമ്പോഴും സ്കൂളിലെ സുഖദുഃഖങ്ങളന്വേഷിക്കണം! മക്കളുടെ നേട്ടങ്ങളെ അഭിനന്ദിക്കണം. ദുഃഖങ്ങള്‍ അമ്മയുമായി പങ്കുവെക്കാനവസരമുണ്ടാക്കണം. അമ്മയില്‍നിന്ന്‌ ആശ്വാസത്തിന്റേയും സ്നേഹമസൃണമായ ദുഃഖപരിഹാരത്തിന്റേയും നന്മനിറഞ്ഞ നിര്‍ദ്ദേശങ്ങള്‍ മക്കള്‍ പ്രതീക്ഷിക്കുന്നുണ്ടാകും. സ്കൂള്‍ വാഹനം വീട്ടുപടിക്കലെത്തുന്നതിന്‌ 15 മിനിറ്റുമുമ്പെങ്കിലും മക്കളെ പൂര്‍ണമായും തയ്യാറാക്കിയിരിക്കണം.



                ആവശ്യമില്ലാത്ത തിരക്കും ബഹളുമൊഴിവാക്കാനിതുപകരിക്കും. ഒരു കാരണവശാലും ദ്വേഷ്യത്തിന്റെ ശാപവാക്കുകള്‍ മാതാപിതാക്കളില്‍നിന്ന്‌ മക്കള്‍ക്ക്‌ കേള്‍ക്കേണ്ടിവരരുത്‌. യാത്രയാകുന്ന കുട്ടികളുടെ തലയില്‍ കൈവച്ചനുഗ്രഹിച്ചു വേണം ഗേറ്റു വരെ കൂടെ ചെന്ന്‌ സ്കൂള്‍ വാഹനത്തിലയക്കുവാന്‍. പരീക്ഷാ ദിവസങ്ങളില്‍ മാതാപിതാക്കളുടെ കാല്‍തൊട്ടു വന്ദിക്കുന്ന സ്വഭാവം വളര്‍ത്തണം. കണ്ണില്‍നിന്ന്‌ മറയുന്നതുവരെ മക്കളെ കൈവീശി, മന്ദസ്മിതത്തോടെ സ്കൂളിലേക്ക്‌ യാത്രയാക്കണം. അമ്മയുടെ ആ മുഖം മക്കളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കണം. മാതാപിതാക്കള്‍ക്ക്‌ സ്വന്തം മക്കള്‍ ഭാരമാണെന്ന്‌ തോന്നുന്നപോലെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കാലം കഴിയുമ്പോള്‍ മാതാപിതാക്കള്‍ക്ക്‌ പ്രായമാകുമ്പോള്‍ അവര്‍മക്കള്‍ക്ക്‌ ഭാരമായിത്തീരുമെന്ന്‌ ഓര്‍മ വേണം. നല്ല വണ്ണം പഠിക്കണം, അമ്മയുടെ പ്രാര്‍ത്ഥന എന്നും എന്റെ മക്കള്‍ക്കുണ്ടാകും, നിങ്ങളെപ്പോലെ മക്കളെക്കിട്ടിയത്‌ അമ്മയുടെ ഭാഗ്യമാണ്‌ എന്ന്‌ ഇടയ്ക്കെങ്കിലും പറയാന്‍ സാധിക്കണം. ഈ വരികള്‍ എന്നുമെന്നും മക്കളുടെ മനസിലുണ്ടാകുമെന്നോര്‍ക്കണം.



ഇതുപോലൊരു അമ്മയുടേയും അച്ഛന്റേയും മകനായി/മകളായി ജനിച്ചത്‌ ഞങ്ങളുടെ ഭാഗ്യമാണെന്ന്‌ മക്കള്‍ക്ക്‌ തോന്നലുണ്ടാകുന്നത്‌ മാതാപിതാക്കള്‍ക്ക്‌ ഒരു ജീവിതകാല വ്രതമായിരിക്കണം. സ്കൂള്‍ വിട്ടുവരുന്ന മക്കളെ സംതൃപ്തമുഖഭാവത്തോടെ സ്വീകരിക്കാന്‍ സാധിക്കണം. കോട്ടങ്ങളുണ്ടെങ്കില്‍ സമയം കുറെ കഴിഞ്ഞ്‌ ആ വിഷയം സംസാരിച്ച്‌ പരിഹാരമുപദേശിക്കണം. ദ്വേഷ്യം വന്നാലും ശാപവാക്കുകളുപയോഗിക്കരുത്‌. വൈകുന്നേരം സ്കൂള്‍ കഴിഞ്ഞു മടങ്ങിയതിനുശേഷം വീട്ടിലെത്തിയാല്‍ കയ്യും കാലും മുഖവും കഴുകി വൃത്തിയാക്കുവാന്‍ ശീലിപ്പിക്കണം. ആവേശത്തോടെ മക്കള്‍ പറയുവാനാഗ്രഹിക്കുന്നത്‌ മാതാപിതാക്കള്‍ നിര്‍ബന്ധമായും ശ്രദ്ധയോടെ കേള്‍ക്കണം. നന്മകളെ അഭിനന്ദിക്കണം തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ശാന്തമായി നിര്‍ദ്ദേശം നല്‍കി തിരുത്തണം.



സ്കൂളില്‍നിന്ന്‌ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇനിയും അത്തരത്തിലുള്ള തെറ്റുകളാവര്‍ത്തിക്കരുതെന്നോര്‍മിപ്പിക്കണം. വൈകുന്നേരം ഒരു മണിക്കൂറെങ്കിലും സര്‍വതും മറന്ന്‌ കുളിക്കുവാനാവസരമുണ്ടാകണം. വൈകുന്നേരത്തെ കളിക്കുശേഷം കുളി കഴിഞ്ഞ്‌ കുറഞ്ഞത്‌ പത്തുമിനിട്ടെങ്കിലും പ്രാര്‍ത്ഥിക്കാനുള്ള കീര്‍ത്തനം, ശ്ലോകങ്ങള്‍ ഇവ പറഞ്ഞുകൊടുത്തിരിക്കണം. മക്കളോടൊപ്പമിരുന്നുള്ള പ്രാര്‍ത്ഥന മാതാപിതാക്കളും ശീലിക്കണം. അതതു ദിവസത്തെ സ്കൂള്‍ വിശേഷങ്ങള്‍ കേള്‍ക്കാനും നല്ല ഉപദേശങ്ങള്‍ ശാന്തമായി കഥാരൂപത്തില്‍ നിര്‍ബന്ധബുദ്ധിയില്ലാതെ പറഞ്ഞുകൊടുക്കുവാനും സന്ധ്യാവേളയില്‍ ഇടയ്ക്ക്‌ അടുത്ത്‌ വന്ന്‌ നല്ലവാക്കുകള്‍ പ്രോത്സാഹനാജനകമായി പറയണം. വൈകുന്നേരമോ ഉറങ്ങാന്‍ പോകുമ്പോഴോ പുരാണകഥകള്‍ വിവരിച്ചുകൊടുത്ത്‌ അവയുടെ സന്ദേശവുമറിയിക്കണം. മക്കളെ കൈകൊണ്ടു തലോടണം. താലോലിച്ചുറക്കാന്‍ സാധിക്കുമെങ്കില്‍ ഉത്തമം. പ്രഭാതത്തില്‍, കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോഴും രാത്രിയില്‍ ഉറങ്ങാന്‍ പോകുന്ന വേളയിലും ഒരു മിനിറ്റെങ്കിലും കിടക്കിയിലിരുന്നു പ്രാര്‍ത്ഥിക്കണം. വടക്കോട്ട്‌ തലവെച്ച്‌ ഉറങ്ങാന്‍ കിടക്കുന്നത്‌ രക്തചംക്രമണത്തെ ബാധിക്കുന്നതുകൊണ്ടൊഴിവാക്കണം. പഠിക്കുമ്പോള്‍ കിഴക്കോട്ട്‌ മുഖമാക്കി പഠിക്കുവാനുപദേശിക്കണം.



                        പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പഠിക്കാനുള്ള രീതികളും പഠിച്ചതിനെക്കുറിച്ചും അല്‍പ്പംകൂടി ചേര്‍ത്തും വിരസത തോന്നാതെ അറിവ്‌ വിപുലപ്പെടുത്തണം. ജീവിതത്തില്‍ സുഖം+ദുഃഖം, ചിരി+കരച്ചില്‍, ജയം+പരാജയം, ഉയര്‍ച്ച+ താഴ്ച എന്നിവയെല്ലാം ഉണ്ടെന്നറിയണം. കഴിയുന്നത്രയും സമചിത്തതയോടെ അവ അഭിമുഖീകരിക്കാനും സ്വന്തം അനുഭവത്തിലൂടെയും ഉപദേശങ്ങളിലൂടെയും പ്രായോഗികമായി ശീലിപ്പിക്കണം. മക്കളുടെ പെരുമാറ്റത്തിലോ പ്രവര്‍ത്തിയിലോ വാക്കിലോ മാതാപിതാക്കള്‍ക്ക്‌ അവിശ്വാസമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കരുത്‌. സംഗീതം, നൃത്തം, സംഗീത ഉപകരണം, മറ്റേതെങ്കിലും കലാകായിക വിഷയങ്ങളിലൊന്നെങ്കിലും പഠിപ്പിക്കണം. അഭിരുചിയുള്ള വിഷയങ്ങള്‍ വിദ്യാലയാധികൃതരെ അറിയിക്കണം. മേറ്റ്ല്ലാവരില്‍നിന്നും നമ്മുടെ മക്കള്‍ക്ക്‌ ഒരു വ്യത്യാസമെങ്കിലുമുണ്ടാകണം. അത്‌ നന്മ നിറഞ്ഞ ഉജ്ജ്വലവ്യക്തിത്വത്തിലേക്ക്‌ നയിക്കപ്പെടണം. അടുക്കള ജോലിയിലും മറ്റു ചെറിയ ജോലികളിലും പരിശീലനം നല്‍കണം. കാപ്പി, ചായ, ഭക്ഷണം ഇവ പാകം ചെയ്യുവാനുള്ള ബാലപാഠങ്ങളും വീടുവൃത്തിയായി സൂക്ഷിക്കാനുള്ള രീതിയും സ്വായത്തമാക്കണം. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുന്നത്‌ ചാരിതാര്‍ത്ഥ്യത്തോടെ അവരെക്കൊണ്ട്‌ ചെയ്യിപ്പിക്കണം. ശാപവാക്കുകള്‍ മാതാപിതാക്കളില്‍ നിന്നൊരിക്കലുമുണ്ടാകരുത്‌. അത്‌ ശരിയാവില്ല....., നിനക്കതിനുള്ള കഴിവില്ല, നീ തോല്‍ക്കുമെന്നുറപ്പാണ്‌, നീ എപ്പോഴും ഇങ്ങനെയാണ്‌....നിന്റെ അനിയനെത്ര മിടുക്കനാണ്‌...എത്ര പ്രാവശ്യം നിന്നോട്‌ പറഞ്ഞു...നിനക്കിങ്ങനെതന്നെ വേണം...എന്റെയൊരു തലയിലെഴുത്ത്‌....നീ വേണമെങ്കില്‍ പഠിക്ക്‌ വേണ്ടെങ്കില്‍ വേണ്ട....എനിക്കുവേണ്ടി നീ പഠിക്കണ്ട...നിന്നെയൊക്കെ ഞാന്‍ കാണിച്ചുതരാം....ഞാന്‍ ടീച്ചറോട്‌ പറഞ്ഞുകൊടുക്കും....നിന്റെയൊക്കെ വാശി അമ്മയുടെ അടുത്തെടുക്കണ്ട.......നിന്റെ കള്ളത്തരമെനിക്കറിയാം....ഞാന്‍ അവനോട്‌ ചോദിച്ചുനോക്കും നീ പറയുന്നത്‌ ശരിയാണോ എന്ന്‌....ഒരല്‍പം പോലും എനിക്ക്‌ നിന്നെ വിശ്വാസമില്ല.....വേണമെങ്കില്‍ ചോറു തിന്നാല്‍ മതി.....ഇതുപോലുള്ള വാക്കുകളെല്ലാം ഒഴിവാക്കേണമേ എന്ന്‌ മാതാപിതാക്കളോട്‌ അഭ്യര്‍ത്ഥിക്കുന്നു.



                            പ്രവൃത്തി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും മത്സ്യ-മാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം. ദിവസത്തിലൊരു നേരമെങ്കിലും മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം. അമ്മ നിര്‍ബന്ധമായും മക്കള്‍ക്ക്‌ ഭക്ഷണം വിളമ്പിക്കൊടുത്തുകൂടെയിരിക്കണം. എത്രകാലം മക്കളെ താലോലിക്കാനും അവരുടെ തലയില്‍ കൈവച്ചനുഗ്രഹിക്കാനും അവര്‍ക്ക്‌ കഥ പറഞ്ഞുകൊടുത്ത്‌ തലോടിക്കൊണ്ട്‌ ആനന്ദിപ്പിക്കാനും മക്കള്‍ക്ക്‌ ഭക്ഷണം വിളമ്പിക്കൊടുക്കാനും അവരുടെ ചിരിയും സന്തോഷവും കാണുവാനും ജഗദീശ്വരന്‍ നമുക്ക്‌ അനുഗ്രഹം തന്നിട്ടുണ്ട്‌ എന്നറിഞ്ഞുകൂടല്ലോ. അതുകൊണ്ട്‌ സാധിക്കുന്നത്രയും കാലം അതെല്ലാം ചെയ്ത്‌ ഈ മാതൃപിതൃജന്മം സഫലമാക്കണം. പുത്ര-പുത്രീ ധര്‍മം അവര്‍ പഠിക്കുന്നത്‌ മാതാപിതാക്കളില്‍നിന്നാണ്‌.



                             ജീവിത വിജയത്തിന്‌ ആധുനിക അറിവുകള്‍ പൂര്‍ണമായും സ്വായത്തമാക്കണം. കെട്ടിടത്തിന്റെ മുകളിലേക്കുള്ള ഉയര്‍ച്ചക്ക്‌ ഇഷ്ടികപോലെ അത്യാധുനിക അറിവുകള്‍ പ്രയോഗിക്കണം. കെട്ടിടത്തിന്‌ ഭംഗിയും ദൃഢതയും ദീര്‍ഘകാലം നിലനില്‍ക്കാനുള്ള ശക്തിയും നല്‍കുന്നത്‌ സിമന്റാണെന്നറിയാമല്ലോ. ആ സിമന്റുപോലെ ജീവിതമൂല്യങ്ങള്‍ ആധുനിക അറിവിനോടൊപ്പം ചേര്‍ത്ത്‌ ജീവിതം ദീര്‍ഘകാലം ദൃഢതയും സുന്ദരവുമാക്കിത്തീര്‍ക്കുവാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കണം. നിങ്ങളുടെ വൃദ്ധരായ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരെ നിങ്ങള്‍ എങ്ങനെ പരിചരിക്കുന്നു എന്ന്‌ പ്രത്യക്ഷമായി കണ്ടുകൊണ്ടാണ്‌ നിങ്ങളുടെ മക്കള്‍ വളരുന്നതെന്ന്‌ നിങ്ങളറിയണം. നിങ്ങളുടെ മക്കള്‍ നിങ്ങളോട്‌ പെരുമാറുന്നത്‌ എന്നറിയണം.



                   നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ആയുരാരോഗ്യവും ഐശ്വര്യങ്ങളും ജ്ഞാനവിജ്ഞാന സമ്പത്തും നല്‍കേണമേയെന്ന്‌ ജഗദീശ്വരനോട്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്

                                                                                            (ഡോ.എന്‍ .ഗോപാലകൃഷ്ണന്‍ )

അധ്യാപകരെ നമുക്ക് ആവശ്യമുണ്ട്.

അധ്യാപകരെ നമുക്ക് ആവശ്യമുണ്ട്.



പരീക്ഷയിൽ തോറ്റു പോയാൽ അത്  ജീവിതത്തിന്റെ  അവസാനമൊന്നുമല്ലെന്ന് കുട്ടിയെ ചേർത്തു നിർത്തി പറയുന്ന അധ്യാപകരെ..



കുറേ മാർക്കും വലിയ ഗ്രേഡുമല്ല ജീവിതവിജയമെന്ന് ഓർമ്മപ്പെടുത്തുന്ന അധ്യാപകരെ.



തന്റെ കുട്ടിയുടെ വിഷമം കാണുമ്പോൾ 'അതിലൊന്നും വലിയ കഥയില്ലെടോ' എന്ന് പറഞ്ഞാശ്വസിപ്പിച്ച് ജീവിതത്തിൽ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ..



സർട്ടിഫിക്കറ്റുകളിൽ അച്ചടിച്ചു വരുന്ന ഗ്രേഡും മാർക്കും അല്ല കുട്ടിയുടെ കഴിവിനെ നിർണ്ണയിക്കുന്നത്. Thats Just a statement of marks, not your caliber എന്ന് പറയാൻ കഴിയുന്ന അധ്യാപകരെ



ഇന്റെണൽ മാർക്കിന്റെ അധികാരിയായി വിദ്യാർത്ഥിയുടെ സുഹൃദങ്ങളിൽ,  സ്വകാര്യതയിൽ, സംഘടനാ സ്വാതന്ത്ര്യത്തിലും ഇടപെട്ട് ക്രൂശിക്കാത്ത  അധ്യാപകരെ..



മുഖത്ത് വിഷാദം നിഴലിക്കുന്ന കുട്ടികളുടെ വീടന്വേഷിച്ച് പോയി കാര്യങ്ങൾ ആരായുന്ന അധ്യാപകരെ..



വടിയുടെ തുമ്പത്തെ പേടിയാണ് അനുസരണയെന്ന് കരുതാതെ അവന്റെ തോളിൽ കൈയിട്ടു നടക്കാൻ പറ്റുന്ന അധ്യാപകരെ..



പഠനത്തിൽ പുറകിലായവനെ വെറുക്കാതെ അതിന്റെ കാരണം ചികയുന്ന അധ്യാപകരെ..



വിദ്യാർത്ഥികൾ പരീക്ഷയിൽ  തോൽക്കുന്നത് മാനക്കേടായി കരുതാതെ അവർക്ക് തിരിച്ചുവരാൻ ജീവിതത്തിൽ വഴി വെളിച്ചം പകരുന്ന അധ്യാപകരെ നമുക്കിനിയും ആവശ്യമുണ്ട്



പ്രജിത്ത് ഉലൂജി
Related Posts Plugin for WordPress, Blogger...