Thursday, September 27, 2012

അമ്മ


                                                അമ്മ

ബാലചന്ദ്രൻ ചുള്ളിക്കാട്

അമ്മയ്ക്ക്  അർബ്ബുദമാണെന്നു കേട്ടു.
അമ്മയെ കണ്ടിട്ട്  ഏറെക്കാലമായി. 
സ്വപ്നത്തിൽ‌പോലും കാണാറില്ല. ഓർക്കാറുമില്ല.


ഞാൻ ചെല്ലുമ്പോൾ  കട്ടിലിൽ തലയണകൾ ഉയർത്തിവെച്ച് ചാരിക്കിടക്കുകയാണ്  അമ്മ. അരികിൽ ചില അയൽക്കാരികൾ ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ അമ്മ നീരസത്തോടെ ചോദിച്ചു:
പത്രത്തിലും ടി.വി.യിലുമൊന്നും വാർത്ത കൊടുത്തിരുന്നില്ലല്ലൊ. പിന്നെങ്ങനെ അറിഞ്ഞു?”


ഞാൻ മിണ്ടിയില്ല. 


ആരും ഒന്നും മിണ്ടിയില്ല.


അസഹ്യമായ നിശ്ശബ്ദത.


അല്പം കഴിഞ്ഞ് അമ്മയുടെ ശിരസ്സിൽ സ്പശിച്ചുകൊണ്ടുഞാൻ ചോദിച്ചു: 
വേദനയുണ്ടോ?”
ഒരു പരിഹാസച്ചിരിയോടെ എന്റെ കൈ മെല്ലെ എടുത്തു മാറ്റി അമ്മ പറഞ്ഞു:
നീ കാ‍രണം സഹിച്ച വേദനകൾ  ഓർക്കുമ്പൊ ഇതൊന്നും ഒരു വേദനയല്ല.
 അയൽക്കാരികൾ വിഷമത്തോടെ പരസ്പരം നോക്കി.


ഞാൻ മിണ്ടാതെ ഇറങ്ങിപ്പോന്നു.


കുറെനാൾ കഴിഞ്ഞു. അമ്മ തീരെ അവശയാണെന്നു കേട്ടു.
വീണ്ടും ഞാൻ ചെന്നു.അമ്മയുടെ അരികിലിരുന്നു. ശോഷിച്ച കൈകളിൽ സ്പർശിച്ചു.അമ്മ എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.എനിക്കു പേടിയായി. 
ക്ഷീണിച്ച സ്വരത്തിൽ അമ്മ പറഞ്ഞു: 
ഞാൻ ചാവാറായോ എന്ന്  ഇടയ്ക്കിടയ്ക്കിങ്ങനെ വന്നു നോക്കണംന്നില്ല. ധൃതിപിടിച്ചിട്ട് ഒരു കാര്യവുമില്ല. സമയമാകുമ്പൊഴേ മരിക്കൂ.


ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങിപ്പോന്നു.


ഒരു ദിവസം വെളുപ്പാൻ കാലത്തു ഫോൺ വന്നു. 
അമ്മ മരിച്ചു. 
എന്തൊരാശ്വാസം!


അമ്മയെ അവസാനമായി കാണാൻ ഞാൻ ചെന്നു.
കോടിപുതച്ചു കിടക്കുന്നു.
ഞാൻ അല്പനേരം കാൽക്കൽ നിശ്ശബ്ദനായി നിന്നു.


കുറച്ചു പണം അനിയത്തിയുടെ കയ്യിൽ വെച്ചുകൊടുത്തു ശബ്ദംതാഴ്ത്തി പറഞ്ഞു:
ശവസംസ്കാരത്തിന്. എന്റെ വക.
    “ഏട്ടൻ ഒന്നിനും നിൽക്കണില്ല അല്ലെ?” അവൾ ചോദിച്ചു.
ല്ല.” ഞാ‍ൻ ഒന്ന് ഇടറി.
അവൾ വിഷാദത്തോടെ ചിരിച്ചു.
അവൾക്കെന്നെ അറിയാം.


ഞാൻ നേരെ ആലുവാമണപ്പുറത്തു വന്നു.
ആൽത്തറയിൽ ഇരുന്നു. 
പ്രഭാതമായി. 
മുന്നിൽ നദിയുടെ വായ്ത്തല തിളങ്ങി.
ഉച്ചയായി. 
സന്ധ്യയായി.


ഞാൻ നദിയിൽ മുങ്ങിക്കുളിച്ചു.
വസ്ത്രങ്ങൾ പിഴിഞ്ഞുടുത്തു.
തിരിച്ചുപോരുമ്പോൾ മനസ്സു ശൂന്യമായിരുന്നു.
----------------------------------ബാലചന്ദ്രൻ ചുള്ളിക്കാട്
Related Posts Plugin for WordPress, Blogger...