Sunday, December 14, 2025

അനുഭവകഥ

ഇന്ത്യ കണ്ട പ്രഗത്ഭനായ ഇലക്ഷൻ കമ്മീഷണറായ ശ്രീ. TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.


അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ ചെറിയ കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി... കൂട്ടത്തിൽ ഭാര്യക്കൊരു ആഗ്രഹം ഇതിൽ 2 കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു. ടി എൻ ശേഷൻ അവന് 10 രൂപ കൊടുക്കാമെന്നായി. അവൻ പറ്റില്ലാ എന്ന് പറഞ്ഞു. എന്നാൽ 50 രൂപ തരാമെന്നായി ശേഷൻ. പോലീസ് അവനെ നിർബ്ബന്ധിച്ചു വലിയ സാറാണ് ചെയ്തു കൊടുക്കണം. ഉടൻ അവൻ ശേഷനോടും ഭാര്യയോടും പറഞ്ഞു. എന്തു തന്നാലും ഞാനിത് ചെയ്യില്ല സാബ്ജി. ആ കൂടിനുള്ളിൽ കിളിയുടെ കുഞ്ഞുങ്ങൾ ഉണ്ടാവും ഞാനിത് സാബിന് തന്നാൽ വൈകുന്നേരം അതിൻ്റെ അമ്മക്കിളി കുഞ്ഞിനുള്ള ഭക്ഷണവുമായി വരും കുഞ്ഞുങ്ങളെ കണ്ടില്ലങ്കിൽ അത് കരയും. അത് എനിക്ക് കാണാൻ വയ്യ. ഇത് കേട്ട് ശേഷനും ഭാര്യയും സ്തബ്ധരായി . 

ശേഷൻ പറയുന്നു എൻ്റെ സ്ഥാനങ്ങളും IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലനു മുന്നിൽ ഉരുകി ഇല്ലാതായി. ഒരു കടുകുമണിയോളം ചെറുതായി ഞാനവൻ്റെ മുന്നിൽ. ആഗ്രഹം ഉപേക്ഷിച്ച് തിരികെ വന്ന ശേഷനെ

ആ സംഭവം ദിവസങ്ങളോളം കുറ്റബോധത്താൽ വേട്ടയാടി .. വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല..

ഇത് പറയാനുള്ള മാതൃക കാണിച്ചു ടി. എൻ. ശേഷൻ 

10/11/25 ആയിരുന്നു തിരുനെല്ലായി നാരായണ അയ്യർ ( ടി. എൻ. ശേഷൻ ) ഓർമദിനം.

പ്രണാമം

Tuesday, March 25, 2025

കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത...

ലൈംഗിക കോളനിയായിരുന്നൊരു കേരളത്തെ കുറിച്ച് കേട്ടിട്ടുണ്ടോ പെങ്ങളെ കയ്യിൽ കാവി ചരട് കെട്ടിയ പെങ്ങളെ

പന്ത്രണ്ടു വയസ്സ് പോലും തികയാത്ത നമ്മുടെ വീട്ടിലെ പെൺകുട്ടികളെ നട്ടുച്ചക്ക് പോലും സ്വന്തം കൂരയിൽ (ചാളയിൽ) തോളിൽ കസവുമിട്ട് കയറിവന്നു അച്ഛനമ്മമാരെ ചെറുവിരലനകാൻ പോലും പറ്റാത്തത്രയും

ചെറുശബ്ദമുയർത്താൻ പറ്റാത്തത്രയും ഭയപ്പെടുത്തി കീഴ്പെടുത്തി,പുറത്തു കാഴ്ചക്കാരായി നിർത്തി ബലാത്സംഗം ചെയ്തു പോയിരുന്ന ജന്മി തമ്പ്രാക്കന്മാരെ കുറിച്ചു കേട്ടിട്ടുണ്ടോ പെങ്ങളെ...,ഇല്ലെങ്കിൽ 80/90 വർഷം മുമ്പുള്ള ചരിത്രമൊന്നു തിരയണം നൂറ്റാണ്ടുകൾക്കപ്പുറത്തേക്കൊന്നും പോവേണ്ട

കയ്യിൽ കവിച്ചരടുംകെട്ടി കമ്മ്യൂണിസ്റ്റ്‌കാരെ തെറിയും വിളിച്ചു നടക്കുന്ന താഴ്ന്നജാതിയിൽ പെട്ട സഹോദരങ്ങളറിയണം

(ജാതി പറയാൻ താല്പര്യമില്ല പറഞ്ഞല്ലേ മതിയാവുള്ളൂന്ന കാരണത്താൽ മാത്രം പറയുന്നു ക്ഷമിക്കണം)

കെട്ടിയപെണ്ണിനെ ജന്മിതമ്പ്രാക്കൾക്കു കൂട്ടികൊടുത്താലേ കൂടെ കഴിയാൻ സമ്മതിക്കുമായിരുന്നുള്ളൂ എന്ന പരമസത്യം മൂടിവെച്ചു

കാളക്കു പകരം മനുഷ്യനെ നുകത്തിൽ കെട്ടിപൂട്ടി നിലമുഴുതിച്ചിരുന്നൊരു പൂർണ്ണസത്യം മറച്ചുവെച്ചു

ഒന്നുകൂടിയുറക്കെ തെറി വിളിക്കണം കമ്മ്യൂണിസ്റ്റ്‌കാരനെ

പ്രതിഷ്ഠ നടത്തിയാൽ താഴ്ന്ന ജാതിക്കാരെ ഇല്ലായ്മ ചെയ്തിരുന്നകാലം പൂജിക്കാൻ അനുവദിക്കാത്തിരുന്ന കാലം ഒന്ന് താളുകൾ മറിച്ച് നോക്കാതെ അത് കീറി കളഞ്ഞിട്ട് ഉറക്കെ വിളിക്കണം കമ്മ്യൂണിസ്റ്റ് മതങ്ങൾക്ക് എതിരാണെന്ന് കേട്ടോ...

പള്ളിക്കൂടത്തിൽ കയറിയാൽ പള്ളിക്കൂടം കത്തിക്കുകയോ കൊന്നു കളയുകയോ ചെയ്തിരുന്ന കാലം പഞ്ചമിയുടെ തേങ്ങലുകളെ കാതുകളിൽ എത്തിക്കാതെ കേൾവികൾ കൊട്ടി അടച്ചിട്ട് ഉറക്കെ വിളിക്കണം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത...

അമ്മ പെങ്ങന്മാർക്ക് മാറ് മറക്കാൻ പാടില്ലാത്ത കാലം ഓർത്തെടുക്കാതെ തന്നെ ഇരിക്കണം എന്നിട്ട് ഉച്ചത്തിൽ വിളിക്കണം കമ്മ്യൂണിസ്റ്റ് മൂർദ്ധാബാദ് കേട്ടോ...

മീശ വെക്കാൻ കരം കൊടുത്തിരുന്ന കാലം ഉണ്ടായിരുന്നു ചിലർക്ക് എന്ന് മറന്നു ഇന്ന് കണ്ണാടി നോക്കി ചരട് കെട്ടിയ കൈകൊണ്ട് മീശ പിരിച്ചു കമ്മ്യൂണിസ്റ്റ്നെ നീട്ടി നീട്ടി തെറി വിളിക്കണം കേട്ടോ...

ഇഷ്ടമുള്ള പേര് വെക്കാൻ അവകാശം ഇല്ലായിരുന്നിടത്ത് നിന്നും വഴി നടക്കാൻ അവകാശം ഇല്ലാത്തിടത്തു നിന്നും കൈപിടിച്ച് നടത്തിയവരെയും ഇഷ്ടമുള്ള പേര് തന്നെ ഉറക്കെ വിളിച്ചു കൂടെ നടന്നവരെയും മറക്കണം എന്നിട്ട് അന്ന് എഴുന്നേറ്റ് നിൽക്കാൻ പിടിച്ച വടിയിലെ അറ്റത്തു കെട്ടിയിരുന്ന ചെങ്കൊടി നോക്കി ഇന്ന് വിളിക്കണം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത കേട്ടോ കൈയ്യിൽ ചരട് കെട്ടി മനസ്സിൽ മനുഷ്യത്വത്തിന് കുറുകെ വിലങ്ങണിയിച്ചു തന്നെ ചിന്തകളുമായി നടക്കണം കേട്ടോ...

ഈ അധർമ്മങ്ങൾക്കെതിരെ പടപൊരുതാൻ നിങ്ങളെ പ്രാപ്തനാക്കിയത് നമ്മൾ സ്വയം പ്രാപ്തരായത് ഈ ചെങ്കൊടിയാണെന്ന സത്യത്തെ നഗ്നസത്യത്തെ തുണിയിട്ടു മൂടി

പോരാ ഒന്നുകൂടിയുറക്കെ തെറിവിളിക്കണം കമ്മ്യൂണിസ്റ്റ്‌കാരനെ അതുകേട്ടവർ (സവർണ്ണർ) പൊട്ടിച്ചിരിക്കട്ടെ

നിവർന്നു നില്കാൻ പഠിപ്പിച്ചവന്റെ നെഞ്ചത്ത് ചവിട്ടി

അവർക്കു മുന്നിൽ കുനിഞ്ഞു നില്കാൻ വെമ്പുന്ന നിന്റെ വ്യഗ്രതയോർത്ത് വ്യഥയായി തീരുന്ന നിന്റെയല്ല നിന്റെ പിന്നിൽ വരുന്ന നിന്റെ തലമുറയെ നോക്കി ചിരിക്കട്ടെയവർ പൊട്ടി പൊട്ടി ചിരിക്കട്ടെ.....

ചെങ്കൊടിയുടെ കൂട്ടുകാരൻ

(ആഷിക് കൊടുങ്ങല്ലൂർ )

Saturday, July 15, 2023

നമ്മുടെ കുട്ടികൾക്ക് നമ്മൾ മാതൃകയാണോ ..?

 🌹നമ്മുടെ കുട്ടികൾക്ക് നമ്മൾ മാതൃകയാണോ ..?✍️

    ✍🏼ഒരു വ്യക്തിയില്‍ ആരോഗ്യകരമായ വ്യക്തിത്വം വളരുന്നതില്‍ അവന്റെ/അവളുടെ മാതാപിതാക്കള്‍ക്കുള്ള പങ്ക് വലുതാണ്. സമൂഹ നന്മയിലുള്ള താല്‍പര്യം ഒരു വ്യക്തിയില്‍ വളര്‍ന്നു വികസിക്കണമെങ്കില്‍ മാതാപിതാക്കളുടെ ശരിയായ പ്രേരണയും മാര്‍ഗനിര്‍ദ്ദേശവും കുട്ടിക്കു കിട്ടിയിരിക്കണം. അതിനനുസരിച്ച പെരുമാറ്റമായിരിക്കണം മാതാപിതാക്കളില്‍ നിന്നുണ്ടാവേണ്ടത്.


 ഓരോ കുട്ടിയും പൂര്‍ണ വ്യക്തിയാണ്. അവനെ ബഹുമാന്യനായ വ്യക്തിയായി പരിഗണിക്കുകയും അനുഭാവപൂര്‍വ്വം ഇടപെടുകയും ചെയ്താല്‍ ആ കുട്ടിയിലും സമഭാവനയും സഹകരണ മനോഭാവവും വളര്‍ന്നു വരും. അവന്‍ സ്വന്തം കുടുംബത്തോടെന്നപോലെ സമൂഹത്തോടും ഇടപെടാന്‍ ശ്രമിക്കും. അതുപോലെ ഭാവിയില്‍ കുട്ടികള്‍ക്ക് മറ്റുള്ളവരോട് വിശ്വാസമുണ്ടാകണമെങ്കില്‍ മാതാപിതാക്കളില്‍നിന്നും മറ്റുള്ളവരില്‍നിന്നും സ്‌നേഹമുള്ള പെരുമാറ്റം ലഭിക്കണം.


സ്‌നേഹമെന്തെന്നും സ്‌നേഹിക്കേണ്ടതെങ്ങനെയെന്നും കുട്ടികള്‍ അറിയുന്നത് മാതാപിതാക്കളില്‍നിന്ന് സ്‌നേഹം ലഭിക്കുന്നതിലൂടെയാണ്...


 സ്‌നേഹം, അംഗീകാരം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന കുട്ടികള്‍ക്കു മാത്രമേ തിരിച്ചു മാതാപിതാക്കളെ സ്‌നേഹിക്കുവാനും അംഗീകരിക്കുവാനും കഴിയുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം മാതാപിതാക്കള്‍ മനസ്സിലാക്കിയിരിക്കണം. സ്‌നേഹം 


നിഷേധിക്കപ്പെട്ട കുട്ടികള്‍ മറ്റുള്ളവരെ സ്‌നേഹിക്കുമെന്നോ സഹായിക്കുമെന്നോ കരുതാന്‍ വയ്യ. 


 ഇന്ന് എല്ലാ ബന്ധങ്ങളിലും മുഴച്ചുനില്‍ക്കുന്നത് സ്വാര്‍ത്ഥതയാണ്. ഈ സ്വഭാവം മാതാപിതാക്കള്‍ പ്രകടിപ്പിക്കുമ്പോള്‍ അവരുടെ കുട്ടികളിലും ഇത്തരം മനോഭാവം വളര്‍ന്നുവരുമെന്നതില്‍ സംശയമില്ല. ഇത്തരം മാതാപിതാക്കളും കുട്ടികളും ആധുനിക സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് ആശങ്കാജനകമാണ്.


 കുട്ടിയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കുമ്പോള്‍, അഥവാ കുട്ടിക്ക് എല്ലാം ഇഷ്ടാനുസരണം ലഭ്യമാക്കുമ്പോള്‍ ഒന്നിനും വിലയില്ലാതാകുന്നു. ഇല്ലായ്മ എന്ന ഒരവസ്ഥയെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ തന്നെ കഴിയില്ല. ഭാവിയില്‍ ഇല്ലായ്മയെ അഭിമുഖീകരിക്കുമ്പോള്‍ മാനസികമായിട്ടവര്‍ തളരുന്നു. ചിലര്‍ ആഗ്രഹിച്ചതു നേടിയെടുക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കുന്നു. ഇവിടെ സ്വന്തം സുഖത്തിനും സ്വന്തം ആവശ്യത്തിനുമാണവര്‍ പ്രാധാന്യം നല്‍കുക. ഏതു കാര്യത്തിനും കുട്ടികള്‍ ആദ്യം മാതൃകയാക്കുന്നത് മാതാപിതാക്കളെയാണ്...


 അനീതിയുടെയും വിശ്വാസ രാഹിത്യത്തിന്റെയും അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളും അത്തരക്കാരായിത്തീരുമെന്നതില്‍ സംശയമില്ല. എന്നാല്‍ നേരായ വഴിയില്‍ ജീവിക്കുന്നവരെ സമൂഹമെന്ന പോലെ സ്വന്തം മക്കളും ബഹുമാനിക്കുകയും അവരില്‍ അഭിമാനം കൊള്ളുകയും ചെയ്യും. ഇവിടെ അനുകരണവും മത്സര ബുദ്ധിയും ഒഴിവാക്കാനും കൊക്കിലൊതുങ്ങുന്നത് വാങ്ങിക്കൊടുക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം...


 അച്ചടക്കത്തിന്റെ കാര്യത്തിലും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ല മാതൃക കാണിക്കണം. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്നത്തെ നമ്മുടെ കുട്ടികള്‍ക്ക് ഔപചാരികതയും അച്ചടക്കവും കുറവായിട്ടാണ് കാണുന്നത്. മറ്റുള്ളവരോട്, പ്രത്യേകിച്ചും പ്രായമായവരോട് കാണിക്കേണ്ട ബഹുമാനം, ആദരവ്, അനുസരണം തുടങ്ങിയ ഗുണങ്ങള്‍ കുറവാണിന്നുള്ളവര്‍ക്ക്. ഈ തല തിരിഞ്ഞ പെരുമാറ്റത്തിന് കാരണം മാതാപിതാക്കളുടെ അശ്രദ്ധയും വിവേകമല്ലായ്മയും തന്നെയാണ്...


 മുതിര്‍ന്നവരോട് ഇടപെടുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്താന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല പെരുമാറ്റവും അച്ചടക്കവും മുതിര്‍ന്നവരോട് ആദരവും പ്രകടിപ്പിക്കാനവരെ പ്രാപ്തരാക്കണം. ഇതിന് മാതാപിതാക്കള്‍ തന്നെ മാതൃകയായാല്‍ കൂടുതല്‍ ഗുണം ചെയ്യും. മുതിര്‍ന്ന പഴയ തലമുറയില്‍ പെട്ടവരോട് ഇടപെടുമ്പോള്‍ നാം വിനയവും ബഹുമാനവും കാണിക്കുകയാണെങ്കില്‍ നിങ്ങളുടെ മക്കളും അത് സ്വീകരിക്കുകയും മുതിര്‍ന്നവരുമായി നല്ല ബന്ധം നിലനിര്‍ത്താനവരെ പ്രാപ്തരാക്കുകയും ചെയ്യും.


 മാതാപിതാക്കളുടെ പരസ്പര ബന്ധത്തിലും മാന്യതയും ശ്രദ്ധയും കാണിച്ചില്ലെങ്കില്‍ കുട്ടികളില്‍ വ്യക്തിത്വ തകരാറുകള്‍ ഉണ്ടാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചില്ലറ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അടിപിടിയും കലഹവും ഒക്കെ ഉണ്ടാക്കുന്നത് കുട്ടികളുട മാനസിക നിലയെ പ്രതികൂലമായി ബാധിക്കും. അവരുടെ മനസ്സില്‍ അപകടകരമായ മുദ്രകള്‍ പതിപ്പിക്കുകയും ചെയ്യും. ഇത്തരം കുട്ടികള്‍ ഭാവിയില്‍ അവന്‍ ആണ്‍കുട്ടിയാണെങ്കില്‍ സ്ത്രീകളെയും അവള്‍ പെണ്‍കുട്ടിയാണെങ്കില്‍ പുരുഷന്മാരെയും വെറുക്കാനിടയാക്കും. ഇതവരുടെ ഭാവി ദാമ്പത്യ ജീവിതത്തെ ബാധിക്കുകയും ചെയ്യും...


 അവനവനില്‍ തന്നെയുള്ള വിശ്വാസമാണ് മനുഷ്യന്റെ ഏറ്റവും വലിയ ഗുണം. ഈ ഗുണം കുഞ്ഞിന് പകര്‍ന്നു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. പരിശ്രമിക്കാനുള്ള പ്രചോദനം, പരിശ്രമം തുടരാനുള്ള പ്രേരണ, പൂര്‍ണമാക്കാനുള്ള പ്രോത്സാഹനം ഇതൊക്കെ സ്വന്തം പ്രവര്‍ത്തിയിലൂടെ കുഞ്ഞിന് മാതൃകയായി പകര്‍ന്നു നല്‍കാന്‍ കഴിയണം. കൊച്ചുകൊച്ചു കാര്യങ്ങള്‍ അവര്‍ ചെയ്യുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയും അവരോടൊത്തു ചേരുകയും ചെയ്യുക...


 സ്വാശ്രയ ശീലം വളര്‍ത്തുന്ന തരത്തില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കണം. അതുപോലെ ധൈര്യവും ആത്മവിശ്വാസവും വളര്‍ത്തുന്നതിലും നല്ല മാതൃകയാകാന്‍ മാതാപിതാക്കള്‍ക്കു കഴിയേണ്ടതാണ്. ശരിയായ ലക്ഷ്യബോധവും ആത്മധൈര്യവും അവരില്‍ വളര്‍ത്തിയെടുക്കണം. പരാജയങ്ങളെ അതിജീവിക്കാനവരെ പ്രാപ്തരാക്കണം. ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുത്തതുകൊണ്ടും കുറേ വേദകാര്യങ്ങള്‍ ഉരുവിട്ടതുകൊണ്ടുമായില്ല. അത് പ്രവര്‍ത്തിയിലൂടെ കാണിച്ചുകൊടുക്കണം.




 കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. മതപരവും സാമൂഹികവും വ്യക്തിപരവും ദേശീയവുമായ ഉത്തമമൂല്യങ്ങള്‍ സ്വന്തം പെരുമാറ്റത്തിലൂടെ വേണം മക്കളില്‍ വളര്‍ത്തിയെടുക്കാന്‍. ഓരോ മാതാവും ശരിയായ മാതൃകയുടെയും ശിക്ഷണത്തിന്റെയും മാതൃകയായി സ്വന്തം മക്കളെ കൈപിടിച്ചു നടത്താന്‍ ശ്രദ്ധിക്കുക. കുട്ടികള്‍ നല്ലവരായിത്തീരണമെങ്കില്‍, അവര്‍ സമൂഹത്തിന് കൊള്ളുന്നവരായി വളരണമെങ്കില്‍, അവര്‍ ഉത്തമ വ്യക്തികളായിത്തീരണമെങ്കില്‍ ധാര്‍മ്മികതയുടെയും മൂല്യബോധത്തിന്റെയും നല്ല മാതൃകകള്‍ കാണിച്ചുകൊടുത്തേ മതിയാവൂ.


ദുശ്ശീലങ്ങള്‍ അനുവര്‍ത്തിക്കുന്ന മാതാവോ പിതാവോ സ്വന്തം കുട്ടിയോട് ദുശ്ശീലത്തില്‍ വീണുപോകരുത് എന്നു പറഞ്ഞാല്‍ ഫലമുണ്ടാകുമോ..? ചുരുക്കത്തില്‍ എല്ലാ കാര്യങ്ങളിലും നല്ല മാതൃക കാണിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയുമെങ്കില്‍ കുട്ടികളും ആ മാതൃക സ്വീകരിക്കും. അവര്‍ സമൂഹത്തിന് വേണ്ടപ്പെട്ടവരാകും. മുമ്പ് സൂചിപ്പിച്ചതുപോലെ നല്ല ശീലങ്ങള്‍, നല്ല പെരുമാറ്റങ്ങള്‍, ഉത്തമ മൂല്യങ്ങള്‍, ആധ്യാത്മിക ചിന്ത, സത്യം, ധര്‍മം, നീതി, ദയ, സഹിഷ്ണുത, ക്ഷമ, അച്ചടക്കം, സേവനം, സഹായം, സഹകരണം, പങ്കുവെക്കല്‍, ആചാരോപചാരങ്ങള്‍ തുടങ്ങിയ എല്ലാ നല്ല ഗുണങ്ങളും നല്ല പെരുമാറ്റങ്ങളും കുട്ടിയില്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു യജ്ഞം തന്നെ മാതാപിതാക്കള്‍ സ്വീകരിച്ചേ മതിയാകൂ...

Tuesday, March 15, 2022

ദൗർബല്യമറിഞ്ഞ് കരുതലോടെ കാത്തിരുന്നാൽ

 *ദൗർബല്യമറിഞ്ഞ് കരുതലോടെ കാത്തിരുന്നാൽ...* 


ജിറാഫ് പ്രസവിക്കുന്നൊരു കാഴ്ചയുണ്ട്. ജനിക്കുമ്പോൾ *ആറടിയിലധികം* ഉയരത്തിൽനിന്ന് കുഞ്ഞ് *താഴെവീഴും.* അതിന്റെയാഘാതത്തിൽ *ചലനമറ്റു* കിടക്കും. അപ്പോൾ അമ്മ, തന്റെ നീളമുള്ള കഴുത്തൊന്നു തിരിച്ചുവിട്ടിട്ട്, കുഞ്ഞിനെ *മണപ്പിച്ചുനോക്കും.* പിന്നെ കാലുമടക്കി *ഒറ്റത്തൊഴിയാണ്.* അതിന്റെ ശക്തിയിൽ *കുഞ്ഞ് ദൂരേക്ക് തെറിച്ചുവീഴും.* വേദനയാൽ ശരീരമൊന്നിളക്കാൻ ശ്രമിക്കും. പറ്റാതെ അവിടെത്തന്നെ *നിശ്ചലമായി* കിടക്കും. 


അമ്മ അവിടേക്കെത്തും. കുഞ്ഞിനെ *ഒന്നുകൂടി തൊഴിക്കും.* കുഞ്ഞുജിറാഫ് *എഴുന്നേറ്റു നില്ക്കുന്നതുവരെ* അമ്മയുടെ തൊഴി തുടരും. എഴുന്നേറ്റാലും വെറുതെ വിടില്ല. വിറച്ചുനില്ക്കുന്ന കുഞ്ഞിന്റെ *ദുർബലാവസ്ഥയിലുള്ള കാലിലാണ് പിന്നത്തെ തൊഴി.* ഒടുവിൽ കുഞ്ഞ് അടി ഭയന്ന് തന്റെ വേച്ചുപോകുന്ന കാലുമായി *വേഗത്തിൽ ഓടുന്നതോടെ* ഈ അടിയുത്സവം സമാപിക്കും.


അമ്മജിറാഫിന്റെ ഈ പ്രവൃത്തി വിചിത്രവും ക്രൂരവുമായി തോന്നാം. പക്ഷേ, അമ്മയ്ക്കത് *കുഞ്ഞിനുള്ള സുരക്ഷയാണ്.* വന്യമൃഗങ്ങൾ കഴിയുന്ന കാട്ടിൽ, വേഗത്തിൽ അവയുടെ ഇരയായിത്തീരാതിരിക്കാൻ, ഓടിരക്ഷപ്പെടാൻ *ജനിച്ചയുടൻ കുഞ്ഞിനു നല്കുന്ന പരിശീലനമാണത്.*


 *വേദന ഏറ്റുവാങ്ങാൻ അനുവദിക്കാതെ* വളർത്തിയാൽ *ദുർബലമായ കാലുമായി* ഏതെങ്കിലും ശക്തനായ മൃഗത്തിന്റെ ആഹാരമായി കുഞ്ഞ് മാറാതിരിക്കാനുള്ള *മുൻകരുതൽ.*


 *വിജയിക്കാനാവശ്യമായ* ചേരുവകളോടെ ജനിക്കുന്ന മനുഷ്യനിൽ പരാധീനതകളുടെയും ദൗർബല്യങ്ങളുടെയും ഒട്ടേറെ ഘടകങ്ങളുണ്ട്. ഇത് തിരിച്ചറിയുന്നതും ആ *പരിമിതിയെ മറികടക്കാൻ* ശ്രമിക്കുന്നതുമാണ് *വിജയത്തിലേക്കു* നയിക്കുക. *നമ്മുടെ കഴിവിനൊപ്പം ദൗർബല്യം കൂടി തിരിച്ചറിഞ്ഞാൽ* കരുതലോടെ *മുന്നോട്ടുപോവാനുള്ള ഊർജമാണ് ലഭിക്കുക.*

  

   പലപ്പോഴും തോന്നിയിട്ടുണ്ട് പുതിയ തലമുറ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ വൻ പരാജയമായി തീരുന്നുണ്ട് എന്നത് . അതിന് കാരണം അവർക്ക് വരുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാൻ മാതാപിതാക്കൾ നടത്തുന്ന ഇടപെടലുകൾ തന്നെയാണ്. 'ഞാനനുഭവിച്ച കഷ്ടപാടൊന്നും എൻ്റെ കുട്ടി അറിയരുത് ' എന്നുള്ള സ്നേഹത്തിൽ മുങ്ങിയ ചിന്ത. എന്നാൽ ഈ ചിന്ത നമ്മുടെ കുട്ടികളെ യഥാർത്ഥത്തിൽ രക്ഷിക്കുകയല്ല ശിക്ഷിക്കുകയാണ് ചെയ്യുന്നത്. താണ്ടുന്ന പ്രതിസന്ധികൾ മനുഷ്യനു നൽകുന്ന ശക്തി വലുതാണ്. അത്തരം ശക്തിയാർജ്ജിക്കലുകൾക്കുള്ള അവസരങ്ങൾ മാതാപിതാക്കൾ മക്കൾക്ക് നിഷേധിച്ചതാണ് പുതിയ തലമുറയുടെ ഗതികേടായി തീർന്നത്.

     

    നമുക്ക് നമ്മുടെ മക്കളെ സ്വാഭാവികമായ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ അനുവദിക്കാം. പ്രായത്തിനനുസരിച്ചുള്ള ആവശ്യങ്ങൾ മാത്രം സാധിച്ചു കൊടുക്കാം


അവർ ശക്തരാകട്ടെ.പ്രശ്നങ്ങളെ ആത്മധൈര്യത്തോടെ അഭിമുഖീകരിക്കട്ടെ. അങ്ങനെയവർ നമ്മുടെ നാടിനും , രാജ്യത്തിനും ഊർജ്ജം പ്രദാനം ചെയ്യുന്നവരായി തീരട്ടെ.


കടപ്പാട് 🙏🏻🙏🏻

Thursday, April 29, 2021

റമളാൻ 17: ഭാഷാ സമര രക്തസാക്ഷി ദിനം:

 റമളാൻ 17: ഭാഷാ സമര രക്തസാക്ഷി ദിനം:


ഭാഷാ സമര രക്തസാക്ഷി ദിനത്തിന് ഇന്ന് 42 ചന്ദ്ര വർഷം പൂർത്തിയാവുകയാണ്. സൗരവർഷ പ്രകാരം 40 വർഷവും 273 ദിവസവും പൂർത്തിയാവുന്നു.  1980 ജൂലൈ 30 ( റമളാൻ 17 ) കേരളത്തിലെ മുഴുവൻ കലക്ടറേറ്റിന് മുന്നിലും നടന്ന സമരത്തിൻ്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റിന് മുന്നിൽ നടന്ന സമരത്തിന് നേരെ അന്നത്തെ പെരിന്തൽമണ്ണ DySP വെടിയുതിർക്കുകയായിരുന്നു. അരക്ക് മീതെ വെടിക്കൊണ്ട  മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർ ദാരുണമായി കൊല്ലപ്പെട്ടു. അരക്ക് താഴെ വെടി കൊണ്ട നിരവധി പേർ ജീവിതത്തിലേക്ക് തിരിച്ച് വന്നു.

                സമരത്തിനുള്ള കാരണം അറബി ഭാഷാ പഠനത്തോട് അന്നത്തെ നായനാർ സർക്കാർ കാണിച്ച വിവേചനമായിരുന്നു. 

യഥാർത്തത്തിൽ 1887 മുതൽ ബ്രിട്ടീഷ് ഇന്ത്യയുടെ ചില ഭാഗങ്ങളിലും  1913 മുതൽ തിരുവിതാംകൂറിലും  അറബി പഠിക്കാൻ അവസരമുണ്ടായിരുന്നു. തിരുവിതാംകൂറിൽ 25 കുട്ടികളും ബ്രിട്ടീഷ് ഇന്ത്യയിൽ 100 കുട്ടികളും വേണം എന്നതായിരുന്നു വ്യവസ്ഥ. ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളെ പോലെ  അറബി പഠിപ്പിക്കുന്നത് വ്യാപാര പുരോഗതിക്കും ബ്രിട്ടീഷ് ഭരണത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന മുസ്ലിം സമുദായത്തെ ഭരണാനുകൂലികളാക്കുന്നതിനും ഉപകരിക്കും എന്നത് ബ്രിട്ടീഷ് ഭരണാധികാരികളുടെ ലക്ഷ്യമായിരുന്നു. ഈ കാലയളവിൽ ഇത് ഖുർആൻ പഠനം എന്ന പേരിലാണ് അറിയപ്പെട്ടത്. 

              സ്വാതന്ത്ര്യാനന്തരം മതേതര ഭാരതത്തിൽ പൊതു വിദ്യാലയങ്ങളിലെ മതപഠനം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇത് അറബി ഭാഷാ പഠനമാക്കി. ഐക്യകേരളം രൂപീകരിച്ച ശേഷവും തിരുവിതാംകൂറിൽ 25 മുസ്ലിം കുട്ടികളുള്ള പ്രൈമറി വിദ്യാലയത്തിൽ അറബി പഠിക്കാൻ സൗകര്യമുണ്ടായിരിക്കെ മലബാറിൽ 100 കുട്ടി വേണമെന്ന നിബന്ധന നിലനിന്നു. ഓർക്കുക ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മലബാറിൽ ബ്രിട്ടിഷ് കാലത്തുള്ള നിയമവും തിരുവിതാംകൂർ ഭരണത്തിൽ കീഴിലുണ്ടായിരുന്ന പ്രദേശത്ത് തിരുകൊച്ചി നിയമവും നിലനിന്നതാണതിന് കാരണം. ഐക്യകേരളം രൂപപ്പെട്ട ശേഷം നിരവധി ഓത്തുപള്ളികൾ പൊതുവിദ്യാലങ്ങളാക്കി മാറ്റി മാപ്പിള വിദ്യാലയങ്ങൾ എന്ന പേരിൽ അറിയപ്പെടും വിധം നാടിന് സമർപ്പിച്ചിട്ടും പൊതു വിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടും തിരുവിതാംകൂറിലും മലബാറിലും നിലനിൽക്കുന്ന ഈ വിവേചനം തിരുത്താൻ 1957 മുതൽ 1967 വരെയുള്ള സർക്കാറുകൾ തയ്യാറായില്ല. അതോടൊപ്പം നിലവിലുള്ള അധ്യാപകർക്ക് തന്നെ മറ്റുള്ളവരെ പോലെ വേതനം ലഭിച്ചിരുന്നില്ല. പണിയെടുക്കുക ഫണ്ടുണ്ടെങ്കിൽ മാത്രം ശമ്പളം എന്ന രീതി ആയിരുന്നു. എന്നാൽ നിരന്തര പോരാട്ടത്തിൻ്റെ ഭാഗമായി ജോസഫ് മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് ഗ്രാൻറ് ഒഴിവാക്കി ശമ്പളമാക്കി.

             1967 ൽ സപ്ത കക്ഷി അധികാരത്തിൽ വരികയും മഹാനായ CH മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തപ്പോൾ അതുവരെ ഈ വിവേചനം അവസാനിപ്പിക്കാൻ വേണ്ടി നിരന്തരം പോരാടിയ വ്യക്തി എന്ന നിലയിൽ തിരുവിതാംകൂറിലേയും മലബാറിലേയും ചട്ടം ഏകീകരിച്ച് 28 കുട്ടികൾ ഉണ്ടെങ്കിൽ പ്രൈമറിയിൽ ഭാഷക്ക് അധ്യാപകരെ നിയമിക്കാമെന്നും അവർ സ്പെഷലിസ്റ്റ് അധ്യാപകർ എന്നതിന് പകരം ഭാഷാധ്യാപകർ എന്ന് അറിയപ്പെടുമെന്നും വ്യക്തമാക്കി.

             സ്വാഭാവികമായും ധാരാളം മുസ്ലിം കുട്ടികളുള്ള മലബാറിൽ ആയിരക്കണക്കിന് അറബിക്ക് അധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെട്ടു. അന്നത്തെ നിയമമനുസരിച്ച് ഏഴാം തരം പാസായവരും അറബി ഭാഷയിൽ നൈപുണ്യമുള്ളവരും അധ്യാപകരായി. ഓർക്കുക ഹിന്ദിക്കും സംസ്കൃതത്തിനുമെല്ലാം ഇങ്ങനെ തന്നെയായിരുന്നു. ഏഴാം തരം പാസും ഹിന്ദി നൈപുണ്യവുമുണ്ടെങ്കിൽ ഹിന്ദി അധ്യാപകരാകാം. തൊണ്ണൂറുകളിൽ പിരിഞ്ഞ പല ഹെഡ്മാസ്റ്റർമാരും ഏഴാം ക്ലാസ് യോഗ്യത ഉള്ളവരായിരുന്നു. എന്നിരിക്കെ അറബി അധ്യാപകർ ചെരുപ്പ് കുത്തികളാണ് എന്ന് പറഞ്ഞ് അപമാനിച്ച് കൊണ്ടാണ് ഇടതുപക്ഷം അതിനെതിരെ രംഗത്ത് വന്നത്. തുടർന്ന് വന്ന എല്ലാ ഇടതു സർക്കാറുകളും അറബി അധ്യാപക തസ്തികയെ ഞക്കി കൊല്ലാനുള്ള എല്ലാ ശ്രമവും തുടർന്ന് കൊണ്ടിരുന്നു. ഓർക്കുക അറബി മാത്രമല്ല അന്യ ഭാഷ കേരളത്തിൽ പഠിപ്പിക്കുന്നത്. തമിഴുണ്ട് കന്നടയുണ്ട് ഹിന്ദി ഉറുദു തുടങ്ങി നിരവധി ഭാഷകളുണ്ട്. 

            1980 ലെ നായനാർ സർക്കാർ അറബി പഠനത്തെ ലക്ഷ്യം വച്ച് ക്വാളിഫിക്കേഷൻ, അക്കമഡേഷൻ, ഡിക്ലറേഷൻ എന്നീ മൂന്ന് കരിനിയമങ്ങൾ കൊണ്ട് വന്നു. ഡിക്ലറേഷൻ ആയിരുന്നു ബഹുകേമം. അറബി പഠിക്കേണ്ട കുട്ടി അറബി പഠിക്കണം എന്ന പ്രസ്ഥാവന മാത്രം പോര എൻ്റെ കുട്ടിയെ മലയാളം പഠിപ്പിക്കേണ്ടതില്ല എന്ന ഡിക്ലറേഷൻ കൂടി വേണമെന്ന നിബന്ധന വന്നു. ഭാഷാധ്യാപകരുടെ പ്രതിഷേധം ആളിക്കത്തി. അധ്യാപക നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പഠിക്കൽ സമരം നടന്നു. സമരത്തെ അഭിസംഭോധന ചെയ്ത CH ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്ത ആ പ്രഖ്യാപനം നടത്തി. "അധ്യാപകർ വിദ്യാലയങ്ങളിലേക്ക് തിരിച്ച് പോവുക, ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു." യുത്ത് ലീഗ് സമരം ഏറ്റെടുത്തു. സമരത്തെ പൊളിക്കാൻ ഇടതുപക്ഷം ഭൂരിപക്ഷം വരുന്ന സുന്നികൾക്ക് മുന്നിൽ  അറബി അധ്യാപകർ മുജാഹിദുകളാണ് അവർക്ക് വേണ്ടി വാദിക്കുന്നുവോ എന്ന പ്രചരണം അഴിച്ച് വിട്ടു. അതിനായി അച്ചാരം പറ്റിയ ചില പണ്ഡിതവേശ ധാരികളെ ഇറക്കിവിട്ടു. അങ്ങിനെ പൊതു കാര്യങ്ങളിൽ അന്ന് വരെ സുന്നി മുജാഹിദ് തുടങ്ങിയ വേർതിരിവ് ഇല്ലാതിരുന്ന കേരളത്തിൽ എല്ലാ വിഷയത്തിലും ഉത്തരം ഭിന്നതകൾ കടന്ന് കൂടി. അതിൻ്റെ വളർച്ച 1989 കാല ഘട്ടത്തിൽ കേരളം കണ്ടു.

             ഏതായാലും മലപ്പുറത്ത് നടന്ന കലക്ടറേറ്റ് ധർണ്ണ കലുഷിതമായി. മൂന്ന് വിലപ്പെട്ട ജീവന് മുന്നിൽ പിടിച്ച് നിൽക്കാനാകാത്ത നായനാർ സർക്കാർ കരിനിയമങ്ങൾ സമൂലം പിൻവലിച്ചു. പക്ഷെ മജീദും റഹ്മാനും കുഞ്ഞിപ്പയും സമുദായത്തിൻ്റെ കണ്ണീർ കണക്കണങ്ങൾ ബാക്കിയാക്കി രക്തസാക്ഷികളായി. 

             അവരുടെ ശരീരം വിട്ട് പോയി നമ്മോട്. എന്നാൽ അവർ ജീവിക്കുകയാണ് കേരളത്തിലെ ലക്ഷക്കണക്കിന് ഭാഷാ സ്നേഹികളുടെ ഹൃദയനിൻ്റെ ചില്ല് കൊട്ടാരത്തിൽ. നാഥാ അവർക്ക്  സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണേ.......

                 എം.ടി.എ. നാസർ,

                  ജില്ലാ ജനറൽ സെക്രട്ടറി,

                  KATF, പാലക്കാട്.

Wednesday, April 21, 2021

കഥ

 മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു എന്ന പേരിൽ ടോൾസ്റ്റോയ് എഴുതിയ അതിമനോഹരമായ കഥയുണ്ട്.


 റഷ്യയിലെ ഒരു ഗ്രാമത്തിലുള്ള ചെരുപ്പുകുത്തിയുടെയും കുടുംബത്തിന്റെയും ആ കുടുംബത്തിലേക്ക് അവിചാരിതമായി വന്നെത്തുന്ന ഒരു അപരിചിതന്റെയും കഥ. 


ശൈത്യകാലത്ത് തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ഒരു പുതപ്പ് വാങ്ങാനായി കുറെ നാളായി സ്വരൂപിച്ച കാശുമായി ചെരുപ്പുകുത്തി പുതപ്പ് വിൽപനക്കാരന്റെ അടുത്തേക്ക് പോവുന്നു. പക്ഷേ, കാശ് തികയാത്തതിനാൽ അയാൾ ചെരുപ്പുകുത്തിക്ക് പുതപ്പ് നൽകാൻ തയ്യാറല്ല. ആ നിരാശയിൽ ചെരുപ്പുകുത്തി വരുന്ന വഴിക്ക് കള്ള് ഷാപ്പിൽ കയറി മദ്യപിക്കുന്നു. വോഡ്ക പകർന്നു നൽകിയ ചൂടിൽ വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ വഴിയിലുള്ള ഒരു കപ്പേളയുടെ മുന്നിൽ ചെരുപ്പുകുത്തി ആ വിചിത്ര ദൃശ്യം കാണുന്നു.


ഒരു ചെറുപ്പക്കാരൻ പൂർണ്ണ നഗ്നനായി കപ്പേളയ്ക്ക് മുന്നിൽ കിടക്കുന്നു. പേടി മൂലം ചെരുപ്പുകുത്തി ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് പോയില്ല. അയാൾ വീട്ടിലേക്ക് തിടുക്കത്തിൽ നടന്നു. പക്ഷേ, അപ്പോൾ പൊടുന്നനെ അയാളിൽ ഒരു ചോദ്യമുയർന്നു. ആ ചെറുപ്പക്കാരൻ എങ്ങിനെയാണ് നഗ്നനായത്. അയാൾ ചിലപ്പോൾ വിശപ്പ് മൂലം മരിച്ചു പോയേക്കാം. ദരിദ്രനായ തന്നെ ആ ചെറുപ്പക്കാരൻ എന്തായാലും കൊള്ളയടിക്കാനൊന്നും പോകുന്നില്ല. ചെരുപ്പുകുത്തി തിരിച്ചു നടന്നു. ആ ചെറുപ്പക്കാരന് തന്റെ കോട്ടൂരിക്കൊടുത്തു. എന്നിട്ട് അയാളെയും കൂട്ടി വീട്ടിലേക്ക് നടന്നു.


ഭർത്താവ് പുതപ്പുമായി വരുന്നതും കാത്തിരുന്ന ചെരുപ്പുകുത്തിയുടെ ഭാര്യ കണ്ടത് ഭർത്താവ് വേറൊരു ദാരിദ്ര്യവാസിയെയും കൂട്ടി വരുന്നതാണ്. കൈയ്യിലുണ്ടായ കാശിന് കള്ളും കുടിച്ച് ഒരു അലവലാതിയെയും കൂട്ടി വരുന്ന ഭർത്താവിനോട് അവർക്ക് വല്ലാത്ത വെറുപ്പ് തോന്നി. വീട്ടിൽ ആകെയുള്ള ഒരു കഷ്ണം അപ്പം അവരെടുത്ത് മാറ്റിവെച്ചു. അടുത്ത രണ്ടു ദിവസമെങ്കിലും കുടുംബത്തിന് വിശപ്പടക്കാനുള്ള അപ്പമാണിത്. വഴിയിൽ കിടക്കുന്ന തെണ്ടികളെയൊക്കെ വീട്ടിൽ കൊണ്ടുവന്നാൽ അവർക്കൊന്നും വെച്ച് വിളമ്പിക്കൊടുക്കാൻ ഇവിടെയൊന്നുമില്ലെന്ന് പറഞ്ഞ് അവർ ഭർത്താവിനോട് ചൂടായി.


ചെരുപ്പുകുത്തി ഒന്നും മിണ്ടിയില്ല. കൂടെ വന്ന ചെറുപ്പക്കാരനും ഒന്നും പറഞ്ഞില്ല. പക്ഷേ, അപ്പോൾ ചെരുപ്പുകുത്തിയുടെ ഭാര്യയുടെ ഉള്ളിൽ ആ ചെറുപ്പക്കാരനോട് ദയ തോന്നി. ചിലപ്പോൾ അയാൾ നല്ലവനായിരിക്കും. ദിവസങ്ങളോളം അയാൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. അവർ പെട്ടെന്ന് കുറച്ച് സൂപ്പുണ്ടാക്കി. അപ്പക്കഷ്ണവും സൂപ്പും അവർ വിളമ്പവെ ആ ചെറുപ്പക്കാരൻ അവരുടെ നേർക്ക് നോക്കി പുഞ്ചിരിച്ചു.


ചെറുപ്പക്കാരൻ ചെരുപ്പുകുത്തിയുടെ വീട്ടിൽ തന്നെ താമസം തുടർന്നു. ചെരുപ്പുകുത്തുന്ന പണി അയാൾ വേഗം പഠിച്ചു. അയാൾ തീർക്കുന്ന ചെരുപ്പുകളുടെ ഖ്യാതി ഗ്രാമത്തിനപ്പുറത്തേക്കും പരന്നു. ചെറുപ്പക്കാരൻ പക്ഷേ, വളരെക്കുറച്ചേ സംസാരിക്കുകയുള്ളു. ഏൽപിക്കുന്ന പണി ചെയ്യും . വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത് അപൂർവ്വം.


 അങ്ങിനെയിരിക്കെ ഒരു ദിവസം പുറത്ത് കുതിരകൾ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ചെരുപ്പ്കുത്തി പുറത്തിറങ്ങി. കുതിര വണ്ടിയിൽ നിന്ന് പ്രഭുവിനെപ്പോലെ തോന്നിക്കുന്ന ഒരാൾ പുറത്തിറങ്ങി. അയാളുടെ പിന്നാലെ ഒരു പൊതിയുമായി ഭൃത്യനും. ഭൃത്യൻ പൊതിയഴിച്ച് ചെരുപ്പ്കുത്തിക്ക് മുന്നിൽ വെച്ചു. '' 20 റൂബിൾ വിലയുള്ള തുകലാണിത്. ജർമ്മനിയിൽ നിന്നും കൊണ്ടുവന്നത്. ഇതുകൊണ്ട് എന്റെ കാലുകൾക്ക് പറ്റിയ മനോഹരമായ ബൂട്ടുകൾ പണിയണം. എന്തെങ്കിലും പാകപ്പിഴയുണ്ടായാൽ നിന്റെ ശിഷ്ടജീവിതം ജയിലിലായിരിക്കും. '' പ്രഭു അട്ടഹസിച്ചു.


ചെരുപ്പുകുത്തി പേടിച്ച് വിറച്ച് ചെറുപ്പക്കാരനെ വിളിച്ചു. ചെറുപ്പക്കാരൻ പ്രഭുവിന് മുന്നിൽ വന്ന് നിന്ന് കാലിന്റെ അളവെടുക്കാൻ തുടങ്ങി. അപ്പോൾ അയാൾ പ്രഭുവിന്റെ പിന്നിലേക്ക് നോക്കി. അവിടെ നിൽക്കുന്ന വേറെ ആരെയോ അയാൾ സസൂക്ഷ്മം നോക്കുന്നതുപോലെയാണ് ചെരുപ്പുകുത്തിക്ക് തോന്നിയത്. പൊടുന്നനെ ചെറുപ്പക്കാരൻ പ്രഭുവിന്റെ മുഖത്തുനോക്കി ചിരിച്ചു. '' ബൂട്ടുകൾ നന്നായില്ലെങ്കിൽ നിന്റെ ഈ ചിരി പിന്നെയുണ്ടാവില്ല. '' പ്രഭു ഒന്നുകൂടി അട്ടഹസിച്ചിട്ട് കുതിരവണ്ടിയിൽ കയറിപ്പോയി.


വിശേഷപ്പെട്ട തുകൽ ചെറുപ്പക്കാരൻ എന്താണ് ചെയ്യുന്നതെന്ന് നോക്കിയ ചെരുപ്പുകുത്തി ഞെട്ടിപ്പോയി. ബൂട്ടുണ്ടാക്കുന്നതിനു പകരം സാധാരണ ചെരുപ്പുകളാണ് ചെറുപ്പക്കാരൻ ഉണ്ടാക്കിയിരിക്കുന്നത്. പ്രഭു ബൂട്ടു വാങ്ങാൻ വരുന്നതോടെ തന്റെ കഥ കഴിഞ്ഞെന്ന് ചെരുപ്പുകുത്തി തീർച്ചയാക്കി. നീ എന്തുപണിയാണീ ചെയ്തതെന്ന് ചെരുപ്പുകുത്തി ചോദിച്ചപ്പോൾ ചെറുപ്പക്കാരൻ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ ആരോ മുട്ടുന്നതുപോലെ തോന്നി. ചെരുപ്പുകുത്തി വാതിൽ തുറന്നു. മുന്നിൽ പ്രഭുവിന്റെ ഭൃത്യൻ. '' യജമാനത്തി പറഞ്ഞതനുസരിച്ചാണ് ഞാൻ വന്നിരിക്കുന്നത്. പ്രഭുവിന് ബൂട്ടുകൾ ആവശ്യമില്ല. ഇവിടെ നിന്നും പോകുന്ന വഴി അദ്ദേഹം മരിച്ചുപോയി. ഇനിയിപ്പോൾ മരിച്ചവർ ധരിക്കുന്ന സാധാരണ ചെരുപ്പ് മാത്രം മതി. '' ചെരുപ്പുകുത്തി ചെറുപ്പക്കാരനെ അതിശയത്തോടെ നോക്കി. അയാൾ ആ ചെരുപ്പുകൾ പൊതിഞ്ഞെടുത്ത് ഭൃത്യന് കൈമാറി.


ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും ചെരുപ്പുകുത്തിയെത്തേടി വന്നു. ഇരട്ടക്കുട്ടികൾ. ഒരു പെൺകുട്ടിയുടെ കാലിന് ചെറിയ മുടന്തുണ്ട്. മകളുടെ കാലിനെന്തുപറ്റിയെന്ന് ചെരുപ്പുകുത്തി സ്ത്രീയോട് ചോദിച്ചു. '' എന്റെ മക്കളല്ല ഇവർ. പക്ഷേ, ഇവരെ ഞാനാണ് വളർത്തുന്നത്. ഇവർ എനിക്ക് മക്കളെപ്പോലെ തന്നെയാണ്. '' സ്ത്രീ പറഞ്ഞു. അപ്പോൾ ചെറുപ്പക്കാരൻ അത്യധികം ശ്രദ്ധയോടെ ആ കുട്ടികളെ നോക്കി. ചെരുപ്പുകുത്തി നോക്കുമ്പോൾ ചെറുപ്പക്കാരൻ പുഞ്ചിരിക്കുന്നു.


തന്റെ വീടിനടുത്തുള്ള ഒരു കുടുംബത്തിലേതാണ് ഈ കുട്ടികളെന്നും കുട്ടികളുടെ അമ്മയും പിതാവും മരിച്ചതുകാരണം താനാണ് ഈ കുട്ടികളെ വളർത്തുന്നതെന്നും സ്ത്രീ പറഞ്ഞു. ചെറുപ്പക്കാരൻ കുട്ടികളുടെ കാലിന്റെ അളവെടുത്തു. കുട്ടികളും സ്ത്രീയും തിരിച്ചുപോയി. അടുത്ത ദിവസം ചെറുപ്പക്കാരൻ ചെരുപ്പുകുത്തിയുടെ അടുത്തുവന്നിട്ട് പറഞ്ഞു. '' ദൈവം എന്നാട് ക്ഷമിച്ചിരിക്കുന്നു. ഞാൻ തിരിച്ചുപോവുകയാണ്. ''


ചെരുപ്പുകുത്തി ചെറുപ്പക്കാരനാേട് പറഞ്ഞു. '' നിങ്ങൾ സാധാരണക്കാരനല്ലെന്ന് എനിക്കറിയാം. നിങ്ങളെ ഇവിടെ പിടിച്ചുനിർത്താനാവില്ലെന്നും എനിക്കറിയാം. പക്ഷേ, ഒരു ചോദ്യത്തിന് നിങ്ങൾ മറുപടി പറഞ്ഞാൽ ഉപകാരമാവുമായിരുന്നു. ഇവിടെ വന്ന ശേഷം മൂന്നേ മൂന്നു തവണയേ നിങ്ങൾ ചിരിച്ചിട്ടുള്ളു. ഭക്ഷണം വിളമ്പിതന്നപ്പോൾ എന്റെ ഭാര്യയുടെ നേർക്ക് നോക്കി നിങ്ങൾ ആദ്യം ചിരിച്ചു.


 രണ്ടാമത് നിങ്ങൾ ചിരിച്ചത് ആ പ്രഭു വന്നപ്പോഴാണ്. ആ സ്ത്രീയും കുട്ടികളും വന്നപ്പോൾ നിങ്ങൾ മൂന്നാം വട്ടം ചിരിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ ചിരിച്ചത്. ''


'' നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ സാധാരണക്കാരനല്ല. '' ചെറുപ്പക്കാരൻ പറഞ്ഞു'' ഞാൻ ഒരു മാലാഖയാണ്. ഒരു ദിവസം ദൈവം എന്നോട് ഭൂമിയിൽ പോയി ഒരു സ്ത്രീയുടെ ആത്മാവ് കൊണ്ടുവരാൻ പറഞ്ഞു. ഞാൻ സ്ത്രീയുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. അവർ പ്രസവിച്ചിട്ട് അധികം സമയമായിട്ടുണ്ടായിരുന്നില്ല. രണ്ട് പെൺകുഞ്ഞുങ്ങൾ. എന്നെക്കണ്ടപ്പോൾ അവർക്ക് കാര്യം പിടികിട്ടി. തന്റെ ജിവനെടുക്കരുതെന്നും രണ്ടു ദിവസം മുമ്പാണ് തന്റെ ഭർത്താവ് മരിച്ചതെന്നും ഇപ്പോൾ താൻ കൂടി മരിച്ചാൽ ഈ കുട്ടികൾക്ക് വേറെയാരുമുണ്ടാവില്ലെന്നും പറഞ്ഞ് അവർ കരഞ്ഞു.


അവരുടെ കരച്ചിൽ കേട്ട് ഞാൻ തിരിച്ചുപോയി. സ്ത്രീയുടെ ജീവൻ എടുക്കാതെ വന്നതിന് ദൈവം എന്നെ ശാസിച്ചു. തിരിച്ചുപോയി അവരുടെ ജീവൻ എടുത്തിട്ട് വരാൻ ദൈവം പറഞ്ഞു. എന്നിട്ട് ദൈവം ഒരു കാര്യം കൂടി പറഞ്ഞു. മനുഷ്യർ ജീവിക്കുന്നത് എന്തുകൊണ്ടാണെന്ന് നീ മനസ്സിലാക്കണം. അതിന് നീ കുറച്ചു നാൾ ഭൂമിയിൽ താമസിക്കണം. ഞാൻ ഭൂമിയിലേക്ക് പോയി ആ സ്ത്രീയുടെ ജീവനെടുത്തു. പക്ഷേ, അവരുടെ ജിവനുമായി തിരിച്ച് പറക്കുമ്പോൾ എന്റെ കൈയ്യിൽ നിന്നും അവരുടെ ആത്മാവ് തനിയെ മുകളിലേക്ക് പോയി . ആരോ തള്ളിയിട്ടതുപോലെ ഞാൻ നിങ്ങളുടെ വീടിനടുത്തുള്ള കപ്പേളയുടെ മുന്നിൽ വന്നുവീഴുകയും ചെയ്തു.


അവിടെ ഞാൻ കിടക്കുമ്പോൾ നിങ്ങൾ ദയ തോന്നി എന്ന വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ നിങ്ങളുടെ ഭാര്യ ആദ്യം വഴക്കു പറഞ്ഞെങ്കിലും ദയ തോന്നി ഭക്ഷണം തന്നു. മനുഷ്യർ ജിവിക്കുന്നതിന്റെ ഒരു കാരണം ദയ ആണെന്ന് ദൈവം എന്നെ പഠിപ്പിക്കുകയായിരുന്നു. 


ആ തിരിച്ചറിവിലാണ് ഞാൻ നിങ്ങളുടെ ഭാര്യയുടെ മുഖത്തു നോക്കി ചിരിച്ചത്. പിന്നെ ഞാൻ ചിരിച്ചത് പ്രഭു വന്നപ്പോഴാണ്. പ്രഭു നിങ്ങളോട് അട്ടഹസിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അയാളുടെ പിന്നിലുണ്ടായിരുന്ന മരണത്തിന്റെ മാലാഖയെയാണ്. പ്രഭു മരിക്കാൻ പോവുകയാണെന്ന് എനിക്ക് മനസ്സിലായി. അയാൾക്ക് ശരിക്കും വേണ്ടി വരിക ബൂട്ടുകളെല്ലന്നും മരിക്കുന്നവർ ഇടുന്ന ചെരുപ്പുകളാണെന്നും എനിക്ക് പിടി കിട്ടി. പക്ഷേ, അപ്പോഴും പ്രഭു ബൂട്ടുകളെക്കുറിച്ച് ഒച്ചവെക്കുകയായിരുന്നു. 


മനുഷ്യർക്ക് അവർക്ക് യഥാർത്ഥത്തിൽ വേണ്ടതെന്താണെന്ന് അറിയില്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് പലപ്പോഴും അവർ ബഹളം വെയ്ക്കുന്നതെന്നും എനിക്ക് മനസ്സിലായി.


മൂന്നാമത് ഞാൻ ചിരിച്ചത് ആ പെൺകുട്ടികളെ കണ്ടപ്പോഴാണ്. ഇവരുടെ അമ്മയുടെ ജീവനാണ് ഞാൻ എടുത്തത്. ആ സ്ത്രീ മരിച്ചെങ്കിലും അവരുടെ കുഞ്ഞുങ്ങളെ തൊട്ടടുത്തുള്ള വീട്ടിലെ സ്ത്രീ എടുത്തു വളർത്തി. അവർക്ക് ഈ കുഞ്ഞുങ്ങളോട് കരുണയും സ്നേഹവുമുണ്ടായിരുന്നതുകൊണ്ടാണ് ഈ കുഞ്ഞുങ്ങൾ മരിക്കാതിരുന്നത്. ഒരാൾ മരിക്കുന്നത് കൊണ്ട് ലോകം അവസാനിക്കുന്നില്ലെന്നും ഈ ലോകത്ത് സ്നേഹമുള്ളിടത്തോളം കാലം മനുഷ്യർ ജിവിക്കുമെന്നുമാണ് ദൈവം എന്നെ പഠിപ്പിച്ചത്.


 സ്നേഹമാണ് ആത്യന്തികമായി ഭൂമിയിൽ മനുഷ്യ ജീവിതം സാദ്ധ്യമാക്കുന്നത്. ഇതും പറഞ്ഞ് ആ ചെറുപ്പക്കാരൻ മാലാഖയുടെ രൂപം പൂണ്ട് സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോയി.


ജീവിതത്തിന്റെ പൊരുളിനെക്കുറിച്ച് ഇത്രയും മനോഹരമായും ഹൃദയാവർജ്ജകമായും അധികം പേർ എഴുതിയിട്ടുണ്ടെന്ന് തോന്നുന്നില്ല. 


അനുതാപത്തെക്കറിച്ചും കാരുണ്യത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമാണ് ടോൾസ്റ്റോയ് എഴുതിയത്( കഥയുടെ സൗന്ദര്യം അറിയണമെങ്കിൽ കഥ പൂർണ്ണമായും വായിക്കണം. കഥയുടെ ചുരുക്കം മാത്രമാണിവിടെ കൊടുത്തിരിക്കുന്നത്) .


 ശബ്ദമില്ലാത്തവരുടെ ശബ്ദവും കാഴ്ചയില്ലാത്തവരുടെ കാഴ്ചയുമാവണം നാമോരുത്തരും. ഈ അനുതാപവും കാരുണ്യവും സ്നേഹവും വാക്കുകളിലും പ്രവൃത്തികളിലും നിറയട്ടെ..


ടോൾസ്റ്റോയ് പറഞ്ഞതുപോലെ ഈ ഭൂമിയിൽ നമ്മൾ ജീവിക്കുന്നത് കാരുണ്യവും സ്നേഹവും ഇനിയും ഇവിടെ ഉറവ വറ്റിയിട്ടില്ല എന്നതുകൊണ്ടുതന്നെയാണ്.

Wednesday, October 16, 2019

പഴയകാലം


ഈ ചെറു കഥ എനിക്കിഷ്ടമായി..

വിശേഷാവസരങ്ങളിൽ മാത്രം അതിവിശിഷ്ടമായി കാണപ്പെടുന്ന, ഉണ്ടാക്കിയാൽ നാലുവീടുകൾക്കപ്പുറത്തേക്ക് മണം പരക്കുന്ന,അയല്പക്കങ്ങളിലെല്ലാം ഓരോകോപ്പയിൽ കൊണ്ടുപോയ് കൊടുത്താലും പിറ്റേദിവസത്തേക്കും കൂടെ കുറച്ചു ചാറ് ബാക്കിയുണ്ടാവുമായിരുന്ന ഒരു സംഭവമായിരുന്നു ചെറുപ്പത്തിൽ ഞങ്ങൾകണ്ട കോഴിക്കറി. അതിനുവേണ്ടി ജീവനെടുക്കപ്പെട്ടിരുന്ന കോഴികകൾ വീട്ടുവളപ്പിൽ തന്നെ ചിക്കിചികഞ്ഞു നടക്കുന്നവയായിരുന്നു .

പുഴുങ്ങിയാൽ അകമേ ചുവന്ന നിറമുള്ള മുട്ട ! അത് യഥേഷ്ടമുണ്ടാകുമായിരുന്നു മിക്ക വീടുകളിലും. കുഞ്ഞുങ്ങൾക്ക് കൊടുത്തു ബാക്കി വന്ന, വീടുകളിൽ കൂട്ടിവയ്ക്കപ്പെടുന്ന മുട്ടകൾ വാങ്ങി കച്ചവടം ചെയ്യുന്ന വയസ്സൻ അയ്മൂട്ടിമാപ്പിള വരുമായിരുന്നു ആഴ്ചയിലൊരിക്കൽ.

തെങ്ങുകൾക്കെല്ലാം തടമെടുത്തു വളം ചെയ്യുമായിരുന്നു വർഷാവർഷം. അതിന്റെ നന്ദിയെന്നവണ്ണം തലപ്പിലേക്ക് കയറാൻപോലുമാവാത്തവിധം തിങ്ങിക്കായ്ച്ചു പ്രസാദിക്കുമായിരുന്നു അവ.

പത്തുസെന്റിൽ നിന്ന് കിട്ടിയ തേങ്ങയിൽ വീട്ടാവശ്യത്തിനുള്ളതുമെടുത്ത്‌ ബാക്കി ഉണക്കികൊപ്രയാക്കി ആട്ടിയ വെളിച്ചെണ്ണ കൊണ്ടുവരുമ്പോൾ ആ പ്രദേശം മുഴുവൻ അറിയുമായിരുന്നു നാളികേരസുഗന്ധം.

തൊഴുത്തിലെപ്പോഴും ഒരു പശുവിനെങ്കിലും കറവയുണ്ടാവുമായിരുന്നു. പാലും മോരും തൈരും വെണ്ണയും നെയ്യും അടുക്കളയിലെപ്പോഴും നിറഞ്ഞുനിൽക്കുമായിരുന്നു.

നെല്ലും പയറും മുതിരയും ഉഴുന്നും ഊഴം പോലെ മുറ്റത്തുകിടന്ന് ഉണങ്ങുമായിരുന്നു.

അമ്മ വയലിൽനടുന്ന പച്ചക്കറിക്ക് വെള്ളമൊഴിക്കാനായി ചെറിയ കൂവൽ കൊത്തിക്കുഴിക്കുന്ന അച്ഛൻ. ചെറിയ മൺപാനികളിൽ വെള്ളം തൂക്കി നിരനിരയായി ഞങ്ങൾ കുട്ടികൾ ചീരയെയും കയ്പയെയും വെണ്ടയെയും നനച്ചിരുന്നു. ഇടയ്ക്കൊക്കെ മൂക്കാത്ത വെള്ളരിയും വെണ്ടയും അമ്മ കാണാതെ പൊട്ടിച്ചുവായിലാക്കിയും..

വൈകുന്നേരമൊരു പ്രധാനജോലിയുണ്ട് ! തലേന്ന് കത്തിച്ചുകരിപിടിച്ച കറുത്ത മണ്ണെണ്ണവിളക്ക് തുടച്ചുമിനുക്കി വയ്ക്കണം.

അതുകഴിഞ്ഞു കിണറ്റിൻകരയിൽ ചെന്ന് വെള്ളമെടുത്തു ലൈഫ്ബോയ് സോപ്പും ചകിരിയുമുപയോഗിച്ചുള്ള കുളി. ഇറയത്തു പായവിരിച്ചിരുന്നുള്ള നാമജപം.

സന്ധ്യക്ക് വീട്ടിലേക്ക് വരുന്ന അച്ഛന്റെ ടോർച്ചുവിളക്ക്. കണ്ണിലും മനസ്സിലും അത് തെളിയിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ, ആത്മബന്ധത്തിന്റെ കരുതൽസുഖം .

മണ്ണെണ്ണപ്പുക വലിച്ചുകൊണ്ട് അമ്മ ചോറ് തിന്നാൻ വിളിക്കുംവരെയുള്ള പുസ്തകവായന. കൂട്ടിനു വയലിൽനിന്നുമുള്ള പേക്രോം തവളകളുടെ മേളം. ഉറങ്ങാനുള്ള തിരക്ക്കൂട്ടൽ.

കാലത്തെണീറ്റാലുടനെ ഉണക്കയിലകൾ കൂട്ടിയിട്ടുകത്തിച്ചു വട്ടം കൂടിയിരുന്നു "ശീതംകായും"

ആ സമയത്തു മഞ്ഞുവീണു നനഞ്ഞ വൈക്കോൽക്കൂനയിൽനിന്നും വെളുത്ത പുകയുയരുന്നുണ്ടാകും

കുളീം ചായകുടീം കഴിഞ്ഞു മാധവി ബസ് വടക്കോട്ട് പോയാൽ ഒൻപതു മണി എന്ന കണക്കിൽ പുസ്തകക്കെട്ടിനു ഇലാസ്റ്റികും വലിച്ചിട്ട് ബട്ടൺ പൊട്ടിയ ട്രൗസറും പിടിച്ചു ഒറ്റഓട്ടം സ്കൂളിലേക്ക്.

സ്കൂളീന്ന് തിരിച്ചുവരുമ്പോൾ അടുക്കളയുടെ ഓടിനിടയിൽ നിന്ന് പുകയുയരുന്നത് ദൂരെനിന്ന് കാണുമ്പോഴേ ഉത്സാഹമാണ്. അമ്മ എന്തെങ്കിലും പലഹാരമുണ്ടാക്കുകയോ കൂവയോ ചേമ്പോ പുഴുങ്ങുകയോ ആവും. അതുംകഴിച്ചു കണ്ടത്തിലേക്കൊരോട്ടമാണ് ! ഗോലികളി മുതൽ അങ്ങോട്ട് പലതരം കളികളും അഭ്യാസങ്ങളുമായി നേരമിരുണ്ടു വീട്ടിൽനിന്നു വിളി വരുന്നതുവരെ.

പലതരം കച്ചവടക്കാർ, എല്ലാവരും വർഷങ്ങളായി വീടുകളുമായി ബന്ധമുള്ളവർ. ഓട്ടുപാത്രങ്ങൾ തലയിലേറ്റി കൊണ്ടുവരുന്ന മലപ്പുറക്കാരും, വിഷു ആവുമ്പോഴേക്കും മൺപാത്രങ്ങൾ വലിയ കൊട്ടകളിൽ കൊണ്ടുനടന്ന് വിറ്റ് പകരം നെല്ലോ പയറോ വാങ്ങി പോകുന്ന സ്ത്രീകളും, തഴപ്പായ നെയ്ത് വർഷാവർഷം പറയാതെ തന്നെ വീട്ടിൽ കൊണ്ടുതന്നിരുന്ന പാഞ്ചാലിയമ്മൂമ്മയും, കൂട്ടനിറയെ കുപ്പിവളകളും കണ്മഷിയും മറ്റുമായി പെണ്ണുങ്ങളെ മയക്കാൻ വന്നിരുന്ന വളച്ചെട്ടികളും, കെട്ടുകാരൻ എന്ന് വിളിക്കപ്പെട്ടിരുന്ന ആഴ്ചകൾ തോറും വന്നിരുന്ന തുണിക്കച്ചവടക്കാനും..

അവരൊക്കെ ആ സംസ്കൃതിയുടെ ഓരോ ഭാഗങ്ങളായിരുന്നു.

അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. വീടുകൾക്ക് മതിലുകളില്ലായിരുന്നു. ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു. എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു.

അരിയായാലും തേയിലയായാലും ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലുമുണ്ടായാൽ മതിയായിരുന്നു.

എല്ലാവർക്കുമതിലവകാശമുണ്ടായിരുന്നു. വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു.

എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു. കുരുത്തക്കേട് കണ്ടാൽ മുതിർന്നവർക്ക് തല്ലാനും ശാസിക്കാനും ആരുടെ മക്കളാണെന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു. മക്കൾ എല്ലാവര്ക്കും മക്കളായിരുന്നു.

അടുത്തവർഷംവരെ മനസ്സിൽ തങ്ങിനില്ക്കാൻ പാകത്തിൽ കൊല്ലത്തിലൊന്നോ രണ്ടോ പ്രാവശ്യം മാത്രം ലഭിച്ചിരുന്ന, മാസ്മരികഗന്ധംതീർത്തു മനസ്സിലും ശരീരത്തിലും കുടിയേറിയിരുന്ന കോടിയുടുപ്പുകൾ.

മുറ്റത്തുനിന്നു മുല്ലയും കനകാംബരവും പറിച്ചുകോർത്ത മാലയുടെ ഗന്ധം ഇന്നും മനസ്സിലുണർത്തുന്ന, തൊടികളിൽ നിന്നും ഇടവഴികളിൽ നിന്നും കുന്നിൻപറമ്പുകളിൽ നിന്നും പൂക്കൾ പറിച്ച് താളിലയിൽ പൊതിഞ്ഞുകൊണ്ടുവച്ചു പൂക്കളങ്ങളുണ്ടാക്ക്കിയ, ഞങ്ങൾ ജീവിച്ചിരുന്ന.പിന്നീടെങ്ങോ പൊയ്മറഞ്ഞ മനോഹരമായ കാലം.

ഇടയ്ക്കൊക്കെ വെറുതെയിരിക്കുമ്പോൾ അതിങ്ങനെ മനസ്സിൽവന്ന് പതിയെവിളിക്കും. ഒന്ന് കണ്ണടച്ചുകൊടുത്താൽ മതി ! നമ്മളെയുമെടുത്തങ്ങ് പറക്കും..കാലങ്ങൾക്ക് പിറകിലോട്ട് ...😢

Wednesday, August 28, 2019

മനുഷ്യനെ ഒരു മരത്തോട് ഉപമിച്ചാൽ‌ അത്‌ ഏത്‌ മരമായിരിക്കും?



സതീശ് കുമാർ താണിശ്ശേരി എഴുതിയതാണ്..
എന്ത് തീക്ഷ്ണം!. കൃത്യം!..

...................................

മനുഷ്യനെ ഒരു മരത്തോട് ഉപമിച്ചാൽ‌  അത്‌ ഏത്‌ മരമായിരിക്കും?

അതിബുദ്ധിജീവികളും അമാനുഷജീവിതമുള്ളവരുമായ മനുഷ്യരെക്കുറിച്ചല്ല,
നമ്മേപ്പോലെ അതിസാധാരണക്കാരനായ ഒരുവനെ ഒരു വൃക്ഷത്തോട്‌ ഉപമ ചെയ്താൽ ആ വൃക്ഷം ഏതായിരിക്കും?

കവികളോടും കാമുകരോടും ചോദിക്കരുത്‌.
ഭാവുകത്വത്താൽ അതിവർണന ചെയ്ത്‌ അവരതിനെ വെടക്കാക്കും!

തണുപ്പും തണലും അഭയവും നൽകുന്ന മഹാവൃക്ഷമായ അരയാലെന്നും,
പ്രണയമെന്ന വസന്തത്തെ കാത്തു നിൽക്കുന്ന ചെറിമരമെന്നും,
പെയ്തിട്ടും തോരാത്ത മഴമരമെന്നും,അവരതിനെ വർണിച്ച്‌ കൊല്ലും.

കരിവീട്ടിയെന്നും, മഴുക്കൊല്ലിയെന്നും അവരതിന്റെ കരുത്തിനെ വാഴ്ത്തും!
കാഞ്ഞിരമെന്നും  ചൊറിയൻ ചേരെന്നും അവരതിനെ അപമാനപ്പെടുത്തും!
കൂവളമെന്നും ദേവദാരുവെന്നും അവരതിനെ പുണ്യസ്നാനം ചെയ്യും !

അല്ലെങ്കിലും അവറ്റകൾ അങ്ങനെയാണ്‌ , നേരിനെ നേരിടാൻ കെൽപ്പില്ലാത്ത സ്വപ്നജീവികൾ!

നിങ്ങൾക്കറിയുമോ ശരിക്കും റബ്ബർ മരമാണത്‌..

ഒരു ശരാരി മലയാളിമനുഷ്യനെ മരത്തോട്‌ ഉപമിക്കാമെങ്കിൽ അതിന്‌ ഏറ്റവും ചേരുക റബ്ബർ ആണ്‌.

മുതിർന്ന് നിവർന്ന് നിൽക്കാൻ തുടങ്ങുന്ന അന്നു മുതൽ ഊറ്റിയൂറ്റി  കടും വെട്ടും കഴിഞ്ഞ്‌ ഇനിയൊന്നും ബാക്കിയില്ല എന്ന് ഉറപ്പാവുന്ന നേരം തടിയേയും കശാപ്പ്‌ ചെയ്ത്‌ കാശാക്കുന്ന ആ മരമാകുന്നു ജീവിതംകൊണ്ട്‌ അളക്കുമ്പോൾ മനുഷ്യനും!

കണ്ടിട്ടില്ലേ,
എത്ര ശ്രദ്ധയോടെ ആണവർ ആ മനുഷ്യത്തൈ നടുന്നത്‌!

കളകളൊക്കെ വെട്ടിമാറ്റി കുഴിയെടുത്ത്‌ കണ്ട അണ്ടനോടും അടകോടനോടും ഇടകലരാൻ സമ്മതിക്കാതെ അവനെ/അവളെ ഒറ്റക്ക്‌ നടുകയാണ്‌.

എന്തൊരു ശ്രദ്ധയാണ്‌ ?
ഏതൊക്കെ തരം വളങ്ങളാണ്‌?
എഴുത്തിനിരുത്ത്‌ മുതൽ ഇംഗ്ലീഷ്‌ മീഡിയം, ട്യൂഷൻ ,എന്ററൻസ്‌   പി എസ്‌ സി കോച്ചിങ്ങുകൾ തുടങ്ങിയ പരമ്പരാഗത ജൈവ വളങ്ങൾ തൊട്ട്
ഇപ്പോൾ ബൈജൂസ്‌ ആപ്പ്‌ വരെ ഇട്ടു പോറ്റുന്നുണ്ട്‌ നാം അതിനെ!

ഒന്നരയാൾ പൊക്കം വരെ വശങ്ങളിലേക്ക്‌ ഒരു തളിർപ്പും പൊട്ടാതെ നോക്കണം.
ചിത്രരചന,നൃത്തം ,സിനിമ,കവിതകൾ പ്രണയം...
അപ്പപ്പോൾ നുള്ളിക്കളയണം

തുടക്കത്തിലാണെങ്കിൽ എന്ത്‌ എളുപ്പമാണെന്നോ അവർ പോലുമറിയാതെ നമുക്കത്‌ ചെയ്യാം!

നമുക്ക്‌ വേണ്ടത്‌ പത്തടി ഉയരത്തിൽ ഒറ്റത്തടിയാണ്‌.
കേടുപാടുകളില്ലാത്ത സ്വയമ്പൻ തടി.
ഡോക്ടർ,എഞ്ചിനീയർ ,സർക്കാർ ഉദ്ദ്യോഗസ്ഥൻ അദ്ധ്യാപകൻ...

നല്ല കറയുള്ള മനുഷ്യരെയാണ്‌ നമുക്ക്‌ വേണ്ടത്‌.
നിമിഷങ്ങൾക്കുള്ളിൽ ചിരട്ട നിറഞ്ഞ്‌ കവിയണം.

എത്ര സ്നേഹമാണെന്നോ ‌ അതിനോട്‌.
തൊലിപ്പുറമേ പോലും ഒരു ക്ഷതമേറ്റാൽ സഹിക്കില്ല അവർക്ക്‌.

തോലുരഞ്ഞ്‌ കേടുപറ്റും എന്ന കാരണത്താലാണ്‌ തടിയിൽ പശുവിനെക്കെട്ടിയ അയലത്തെ വൃദ്ധനോട്‌ അയാൾ അരിശപ്പെട്ടത്‌.
"വെട്ടാറായ മരമാണ്‌! ഒരോരുത്തരുടെ തോന്ന്യാസങ്ങൾ!"അയാൾക്ക്‌ അരിശം അടക്കാൻ കഴിയുന്നുണ്ടായില്ല!
ഇറ്റലിയിൽ ജോലിക്ക്‌ പോകേണ്ട പെണ്ണാണ്‌ ,പാട്ടുകാരനെ പ്രേമിച്ചു നടക്കുന്നത്‌!

റബ്ബർ മരത്തോട്‌ ഏറ്റവും കരുണയുള്ളവർ അതിനെ ടാപ്പിംഗ്‌ നടത്തുന്നവരാണ്‌.

എത്ര സൂക്ഷ്മമായും മൃദുവായും ആണ്‌ അവരതു ചെയ്യുക എന്നറിയാമോ?

അതിമൂർച്ചയുള്ള ഒരു കത്തികൊണ്ട്‌
അതികണിശമായാണ്‌ അവരത്‌ ചെയ്യുക.
മുറിവേറ്റു എന്ന് മരത്തിന്‌ തോന്നുക പോലുമില്ലാത്ത വിധം സൂക്ഷ്മത്തിൽ!

അരുത്‌,ആഴത്തിലാവരുത്‌ ..
മരത്തിന്റെ തടിയിൽ തട്ടരുത്‌ ..

അയാളോളം കരുതൽ ആർക്കുണ്ട്‌?

പത്തുമാസം ചുമന്ന അമ്മക്കണക്ക്‌ മുതൽ പലതരമുണ്ട്‌ ടാപ്പിംഗ്‌ കത്തികൾ!
കൃഷി ഓഫീസർക്ക്‌ അറിയാവുന്നതിന്റെ എത്രയോ ഇരട്ടി വരുമത്‌.

നീയെന്റെ ഒരേ‌ ഓരാങ്ങളയല്ലേ ..
നീയല്ലാതെ പിന്നെ എനിക്കാരുണ്ട്‌..
നീ കുരുത്തമുള്ളവനാണ്‌...
ചെറുപ്പത്തിൽ എത്ര എടുത്തുകൊണ്ട്‌ നടന്നതാണ്‌...

സങ്കടങ്ങൾ പറയാൻ നീയല്ലാതെ എനിക്കാരുണ്ട്‌...
പട്ടിണികിടന്നാണ്‌ നിന്നെ പഠിപ്പിച്ചത്‌..
മകളുടെ ആഗ്രഹമല്ലേ..
നിങ്ങൾക്കിപ്പോൾ എന്നോട്‌ പഴയസ്നേഹമൊന്നുമില്ല...

എന്തൊക്കെപ്പറഞ്ഞാലും അവൻ നിന്റെ കൂടപ്പിറപ്പല്ലേ...
ആ പഴയകാലങ്ങൾ നീ മറന്നു അല്ലേ...
നമ്മുടെ തറവട്ടമ്പലമല്ലേ..
നമ്മുടെ ഗ്രാമത്തിന്റെ ഒരു കാര്യത്തിനല്ലേ..
നമ്മുടെ പ്രസ്ഥാനമല്ലേ......

അങ്ങനെയങ്ങനെ മൂർച്ചയുള്ള ഊറ്റുകത്തികൾ എത്രയുണ്ടെന്നാണ്‌?

ഊറ്റുകയാണ്‌ എന്ന് നമുക്ക്‌ തോന്നുകപോലും ചെയ്യാത്തവിധം കൗശലത്തോടെ പ്രയോഗിക്കപ്പെടുന്നവ
അവരവർ വെച്ച ചിരട്ടകൾ എളുപ്പത്തിൽ നിറയുക എന്നതാണ്‌ പ്രധാനം.
അത്‌ അധികകാലത്തേക്ക്‌ വേണമെന്നതും!

അതു മാത്രമോ ..?
അവനവന്റെ മുറിവുണക്കാമെന്ന് കരുതി  കാത്തുവെച്ച ആ ഒരു ഇത്തിരി പശയുണ്ടല്ലോ..
‘ഒട്ടുപാലെന്ന് ‘അതിനേയുംനുള്ളിപ്പറിച്ച്‌ കൊണ്ടുപോകും അവർ!

എന്താ ഒരു ചീത്തമണം എന്ന് സംശയിക്കുന്ന അതിഥിയുടെ മൂക്കിനെ‌ ‘അത്‌ ആ ഒട്ടുപാലിന്റെയാണ്‌ കാര്യമാക്കണ്ട..’  എന്ന് സമാധാനിപ്പിക്കും.

കടും വെട്ടിന്‌ സമയമായി എന്നതും അവർക്കാണ്‌ ആദ്യമറിയുക.
വെട്ടി വെട്ടി തീരാറായി എന്നും ഇനിയധികം  കാർത്തുനിൽക്കുന്നതിൽ അർത്ഥമില്ലെന്നും അവർക്ക്‌ മനസിലാവും.

പഴയ സ്നേഹ,മൃദു സമീപനങ്ങൾ പിന്നെ പ്രതീക്ഷിക്കരുത്‌.

"വയസായില്ലേ, അമ്മക്കെന്തിനാ നാലു വള"?
വടാശേരിയിലെ വീട്‌ വെച്ചപ്പോൾ അച്ഛൻ  അഞ്ച്‌ ലക്ഷം തരാമെന്ന് പറഞ്ഞിരുന്നില്ലേ?
പാറുമോൾക്ക്‌ ഒരു തരി പൊന്നില്ല , അമ്മക്ക്‌ ഗ്രാറ്റുവിറ്റി കിട്ടിയതല്ലേ?

കടും വെട്ട്‌ തുടങ്ങുകയാണ്‌
തലങ്ങും വിലങ്ങും കീറി അവസാനത്തെ തുള്ളിയും ഊറ്റുകയാണ്‌

പെൻഷൻ ,ഗ്രാറ്റുവിറ്റി,വട്ടമെത്തിയ എൽ ഐ സി,അമ്മക്ക്‌ ഭാഗത്തിൽ കിട്ടിയ പണം...
ഇനിയെവിടെ ,ഇനിയെവിടെ എന്ന് ബാക്കിയുള്ള ഇത്തിരി തൊലി തിരയുകയാണ്‌ ടാപ്പിംഗ്‌ കത്തികൾ!

അവസാനത്തെ തുള്ളിയും വറ്റിക്കഴിയുമ്പോഴാണ്‌ റബ്ബർ ഒരു വൃത്തികെട്ട മരമാവുന്നത്‌.

നാലഞ്ചേക്കർ സ്ഥലം അത്‌ വെറുതേ മെനക്കെടുത്തുന്നത്‌.
ഇലപാറി മുറ്റത്ത്‌ വീഴുന്നത്‌..
കോട്ടെരുമ കുട്ടികളുടെ കാതിൽ കയറുന്നത്‌..

“അജിയുടെ ഫ്രന്റ്സ്‌ വരുമ്പോഴെങ്കിലും അച്ഛനൊന്ന് അകത്ത്‌ പോയി ഇരുന്നൂടേ.”
“ആരോടെങ്കിലും ഞാൻ ഒന്നു വർത്തമാനം പറയുന്നത്‌ കേട്ടാൽ മതി അപ്പോ വരും അമ്മ..”

“എവിടെയെങ്കിലും ഒന്ന് പോയിട്ട്‌ എത്ര നാളായി.. ഇവിടെ രവിയുടെ  അച്ഛൻ കിടപ്പിലായിട്ട്‌ രണ്ട്‌ വർഷമായില്ലേ... “

മരങ്ങളോ മനുഷ്യരോ ആവട്ടെ ലോകക്രമം അങ്ങനെയാണ്‌ ഭായ്‌!
ഉപകാരമൊടുങ്ങുമ്പോൾ അവ വലിയ ശല്യമായി പരിണമിക്കും.

“മുതലായിട്ടല്ല, പെരുമ്പാവൂരുകാരൻ ഏജന്റ്‌ വന്ന് ചോദിച്ചപ്പോൾ  ഞാൻ കിട്ടിയ വിലക്ക്‌ മുറിച്ചു‌..”

അവസാനത്തെ ലോഡ്‌ മരവും പോയതിന്റെ ആലസ്യത്തിൽ  രണ്ടെണ്ണം അടിക്കുമ്പോൾ അയാൾ കൂട്ടുകാരനോട്‌ പറഞ്ഞു,

"ഇനി പാഷൻ ഫ്രൂട്ട്‌ വെക്കണം,കൗണ്ട്‌ കൂടാനൊക്കെ ബെസ്റ്റ്‌ ആണത്രേ!"
എന്ത്‌ കൗണ്ട്‌ എന്നൊന്നും ചോദിക്കാൻ മെനക്കെടാതെ മിക്സ്ചർ ചവക്കുന്നതിനിടയിൽ കൂട്ടുകാരൻ അതേ അതേ എന്ന് തലയാട്ടി..

“ആശുപത്രി ,ഐസിയു  ,വീട്‌ ,ഓഫീസ്‌ ഒരാഴ്ചയായി ഞാനൊന്ന് ഉറങ്ങിയിട്ട്‌..”
“നീ രണ്ടെണ്ണം ഒഴിച്ചേ.. “

അച്ഛന്റെ
ശവമടക്ക്‌ കഴിഞ്ഞ്‌ കരി ഓയിൽ റമ്മടിക്കുന്ന സഹായക്കമറ്റിക്കാർക്ക്‌ മുന്നിലേക്ക്‌ അയാൾ ഗ്ലാസ്‌ നീട്ടി.
.
“നല്ലൊരു മനുഷ്യനായിരുന്നു.. “
ഇതിനകം രണ്ടെണ്ണം കൂടുതൽ വിഴുങ്ങിയ ഏതോ ഒരുവനിൽ സ്നേഹവികാരമുണർന്നു!

"പാലുകാച്ച്‌ ,കല്യാണം""കല്യാണം പാലുകാച്ച്‌ എന്ന മട്ടിൽ ഈ സീനുകൾ മാറ്റിമാറ്റി കാണിച്ചുകൊണ്ട്‌ ഈ സിൽമ അവസാനിപ്പിക്കാമെന്ന് എനിക്ക്‌ തോന്നുന്നു.

‘ഊറ്റുന്നവരും ഊറ്റപ്പെടുന്നുണ്ടാവില്ലേ ..?
എന്നൊരു കുനുഷ്ട്‌ ചോദ്യം സ്ക്രോൾ ചെയ്തുകൊണ്ട്‌ നമുക്ക്‌ മറ്റൊരു സിനിമക്കുള്ള സാധ്യത ഒരുക്കി വെക്കുകയും ചെയ്യാം !

അപ്പൊ ശരി ,എല്ലാവർക്കും എന്റെ വിനീത നമസ്കാരം
എന്ന്
കടുംവെട്ട്‌ വെട്ടാറായ ഞാൻ!

Friday, June 28, 2019

മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല

 മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല

            പരിഷ്കൃത സമൂഹം മുന്നോട്ടു വച്ച ഒരു ആശയമായിരുന്നു " മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല"  എന്നത്. അധ്യാപകർ കുട്ടികളെ നോക്കി കണ്ണുരുട്ടാന്‍ പോലും പാടില്ലെന്നും വാശിപിടിച്ചു. അതിന്റെ ദോഷങ്ങൾ യൗവ്വനത്തിലെത്തിയ മക്കളിൽ നിന്നും ഇന്ന് മാതാപിതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു*.....മുൻപ് അദ്ധ്യാപകർ തല്ലിയാൽ വീട്ടിൽ പറയാറില്ല. സ്കൂളിൽ തെറ്റ് ചെയ്തെന്ന കാരണത്താൽ വീട്ടിൽ നിന്നും കിട്ടും അടി. പരീക്ഷക്ക് മാർക്ക് കുറയുകയോ മറ്റോ ചെയ്യുമ്പോൾ സ്കൂളിൽനിന്ന് അടി കിട്ടിയോ എന്നന്യേഷിക്കും. അദ്ധ്യാപകൻ അടിച്ചെന്നറിഞ്ഞാൽ അച്ഛനമ്മമാർക്ക് എന്ത് സന്തോഷമായിരുന്നു. പ്രായം ഏറെ ചെന്നാലും, എത്ര ഉന്നത സ്ഥാനത്തെത്തിയാലും പണ്ട് തല്ലിയ അദ്ധ്യാപകനോട് എന്ത് ബഹുമാനമാണ്..... പ്രോഗ്രസ് കാർഡ് അച്ഛന്റെ ഒപ്പിട്ട് സ്കൂളിൽ കൊടുക്കണം. മാർക്ക് കണ്ടാൽ അച്ഛനടിക്കും. ഒപ്പിട്ട് ഏൽപ്പിച്ചില്ലെങ്കിൽ ക്ലാസ് ടീച്ചർ അടിക്കും. അടുത്ത തവണ ശരിയാക്കാം എന്ന് ഉറപ്പ് നൽകി കരഞ്ഞുവിളിച്ച് ഒപ്പുവാങ്ങും. ഭംഗിയായി പഠിക്കണം എന്ന ചിന്ത ഉണ്ടാകാൻ ഇത് സഹായമാകും. ഇന്ന് തങ്ങളുടെ സ്കൂളിൽ നല്ല അദ്ധ്യയനമാണെന്ന് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്താൻ കുട്ടികൾക്ക് കൂടുതൽ മാർക്ക് നൽകുന്നു..... രക്ഷിതാക്കൾ എത്ര ധനികരായാലും മുൻപ് കുട്ടികൾക്ക് ആവശ്യത്തിന് പണം മാത്രമെ നൽകുകയുള്ളൂ. പൈസ എന്തിനൊക്കെ ചിലവാക്കി എന്ന് ബോദ്ധ്യപ്പെടുത്തുകയും വേണം. പൈസയുടെ വില എന്തെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ന് ആറാം ക്ലാസുകാരന്റെ കൈയ്യിൽ കുറഞ്ഞത് ആറ് നൂറുരൂപ നോട്ടെങ്കിലും കാണും. പണം ദുർവിനിയോഗം ചെയ്യുന്നത് വഴി പല ദുശീലങ്ങളും ഇവരെ തേടി എത്തും.....മക്കളെ പാചകം പഠിപ്പിക്കില്ല. ഭക്ഷണം സ്വന്തമായി വിളമ്പി കഴിക്കാൻ പോലും എന്റെ മകന്(മകൾക്ക്) അറിയില്ലെന്ന് പൊങ്ങച്ചത്തോടെ ചിലർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പഴയ ആളുകളെ നോക്കൂ. അത്യാവശ്യത്തിന് ചോറും കറിയും ഉണ്ടാക്കാൻ എല്ലാവർക്കും അറിയാം.... ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഒന്നിൽ കൂടുതൽ പേരാണ് മുൻപ് പഠിച്ചിരുന്നത്. ഇത്തരത്തിൽ പഠിച്ച് ഐഎഎസ് വരെ എത്തിയ എത്രയോ പേർ. ഒരു ജോലിയും ചെയ്യിക്കാതെ എല്ലാ സുഖസൗകര്യങ്ങളും നൽകിയിട്ടും ഇന്ന്....കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഈ ലോകം അവനു പുതിയതാണ്. തെറ്റേത് ശരിയേത് എന്നറിയാത്ത അവരുടെ വഴികാട്ടികളാണ് മാതാപിതാക്കള്‍. തെറ്റില്‍ നിന്നും മാറി ശരിയുടേയും നന്മയുടെയും ലോകത്തിലൂടെ തന്റെ കുഞ്ഞു വളരണം എന്ന് തന്നെയാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. തെറ്റുകള്‍ കാട്ടുമ്പോള്‍ തിരുത്താന്‍ ശ്രമിക്കണം. വേണ്ടി വന്നാല്‍ ശകാരിക്കണം. ആവർത്തിച്ചാൽ തല്ലു കൊടുക്കുക തന്നെ വേണം. എങ്കില്‍ മാത്രമേ അത് തെറ്റാണെന്ന ബോധം അവന്റെ മനസ്സില്‍ ആഴത്തില്‍ പതിയൂ... മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് മുൻപ് പഠിപ്പിച്ചിരുന്നു. ഇപ്പോൾ അതൊന്നും ഇല്ല. ബസിൽ പോലും വൃദ്ധർക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാത്ത ബാല്യങ്ങൾ....
    മുൻപ് വീടുകളിൽ കൃഷിയും പശുക്കളുമൊക്കെ ഉണ്ടായിരുന്നു. സ്കൂളിൽ പോകും മുൻപും വന്നതിന് ശേഷവും അതിനു വേണ്ട ജോലികൾ ചെയ്യിക്കുമായിരുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യാനും പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇന്ന് യാതൊരു തരത്തിലുള്ള ചുമതലകളും മക്കളെ പഠിപ്പിക്കുന്നില്ല. വീട്ടിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഇല്ലായ്മകളും ബോദ്ധ്യപ്പെടുത്തി തന്നെ മക്കളെ വളർത്തണം. ഇതുമൂലം ഇവർക്ക് ഏത് പ്രതിസന്ധിയും തരണം ചെയ്യാനാകും. ഇല്ലെങ്കിൽ ചെറിയ ദുഖം പോലും താങ്ങാൻ കഴിയാത്ത മനസിന്റെ ഉടമയായി തീരും ഇവർ. നിസാര പ്രശ്നങ്ങൾക്ക് പോലും വിവാഹമോചനത്തിന് എത്തുന്ന യുവതീയുവാക്കളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്.
     കാക്കക്ക് തന്‍ കുഞ്ഞ്  പൊന്‍കുഞ്ഞ് എന്ന  പോലെ എല്ലാവർക്കും മക്കള്‍ പ്രിയപ്പെട്ടവരാണ്. പക്ഷെ അതിരു കടന്ന വാല്‍സല്യത്തിനിടയിലും അവരെ നേര്‍വഴിക്ക് നടത്തേണ്ടത് മാതാപിതാക്കൾ ആണെന്ന കാര്യം മറക്കാതിരിക്കുക...
       കുട്ടിക്കാലത്ത് അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് ഒരുപാട് തല്ല് എനിക്ക് കിട്ടിയിട്ടുണ്ട്. 
      പഴമക്കാർ പറയുന്നത്     
                 ഓർക്കുക....
   തല്ലി വളർത്തിയ മക്കളും
വെട്ടിവളർത്തിയ കാഞ്ഞാവും(മരം)
       നേരേ വളരും...

Wednesday, March 27, 2019

The Role of A Teacher..!!



The Role of A Teacher..!!

ദരിദ്രനായിരുന്നു ഒല്ലി നീൽ. കറുത്ത വർഗ്ഗക്കാരൻ . അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല. നീലുൾപ്പെടെ
14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന കർഷകൻ . എന്നിട്ടും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർഗ്ഗക്കാർക്കായുള്ള സ്കൂളിൽ അദ്ദേഹം നീലിനെ ചേർത്തു. ഒന്നും പഠിയ്ക്കാതെ, അധ്യാപകരെ ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ നടത്തിയും നീൽ നടന്നു . സ്കൂളിൽ ആർക്കുമില്ലാത്ത ഒരു പെരുമയും നീലിനുണ്ടായിരുന്നു . ഇംഗ്ലീഷ് അധ്യാപിക മിൽ ഡ്രഡ് ഗ്രാഡിയെ കരയിച്ച കുട്ടി..!!

 കുട്ടികൾ അധ്യാപകരെ മിസ്സ് എന്നൊ മിസ്റ്റർ എന്നൊ അഭിസംബോധന ചെയ്യുമ്പോൾ നീൽ എല്ലാവരെയും പേരു മാത്രം വിളിച്ചു
 അങ്ങനെ താന്തോന്നിയായി നടന്ന നീൽ ഒരു ദിവസം ക്ലാസ് കട്ട് ചെയ്ത് ചുറ്റിക്കറങ്ങി ലൈബ്രറിയിലെത്തി . കുട്ടികൾക്കായി ഗ്രാഡി ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത് . ലൈബ്രറിയിലെ ഒരു പുസ്തകം നീലിന്റെ ശ്രദ്ധയിൽ പെട്ടു .സിഗരറ്റ് പുകച്ചിരിക്കുന്ന ,
അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ .ആ ചട്ടയാണ് നീലിനെ ആകർഷിച്ചത് .കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർബി എഴുതിയ  'ദ ട്രഷർഓഫ് പ്ലസന്റ് വാലി ' എന്ന നോവലായിരുന്നു അത് .

പക്ഷേ, പുസ്തകം വായിച്ചെന്ന് മറ്റുള്ളവരറിഞ്ഞാൽ നാണക്കേടാണ് . അതുകൊണ്ട് നീൽ ഷർട്ടിനിടയിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി വായിച്ചു . വളരെ ഇഷ്ടപ്പെട്ടു . പിറ്റേയാഴ്ച ആരും കാണാതെ ആ പുസ്തകം ഇരുന്നിടത്ത് കൊണ്ടുപോയി വെച്ചു .  അപ്പോൾ ഫ്രാങ്ക് യെർബിയുടെ മറ്റൊരു പുസ്തകം അവിടിരിക്കുന്നു .അതും കട്ടുകൊണ്ടു പോയി വായിച്ചു .അത് തിരിച്ചു വെക്കാൻ ചെന്നപ്പോൾ യെർ ബിയുടെ തന്നെ മറ്റൊരു പുസ്തകം .  അതും വായിച്ചു .  പിന്നെയും ഇത് ആവർത്തിച്ചു .  നാല് പുസ്തകം വായിച്ചതോടെ വായനയുടെ സുഖം നീലറിഞ്ഞു .  പിന്നെ വായനയോട് വായന തന്നെ . ആൽബെർ കമ്യു ഉൾപ്പെടെ ഗ്രഹിക്കാൻ പ്രയാസമുള്ള എഴുത്തുകാരേയും വായിച്ചു . പത്രങ്ങളും മാസികകളും വായിച്ചു . വായന നീലിനെ വേറൊരാളാക്കി . നീൽ സ്കൂൾ ജയിച്ചു .  കോളേജിലെത്തി .  നിയമത്തിൽ ബിരുദം നേടി .  അഭിഭാഷകനായി 1991 ൽ അർക്കൻ സാസിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി . 
പിന്നെ അവിടെ ജഡ്ജിയായി..!!

ഇവിടെ തീരുന്നില്ല നീലിന്റെ ജീവിത കഥ ...!!

 വർഷങ്ങൾക്കു ശേഷം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാഡി ഒരു വെളിപ്പെടുത്തൽ നടത്തി .  ലൈബ്രറിയിൽ നിന്ന് നീൽ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നതു താൻ കണ്ടിരുന്നുവെന്ന് ......കൈയോടെ പിടികൂടിയാൽ ആത്മാഭിമാനത്തിന് മുറിവേൽക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നുവെന്ന് .... പിറ്റേയാഴ്ച നീലിനായി യെർബിയുടെ പുസ്തകം തേടിപ്പിടിച്ച് ഷെൽഫിൽ വെക്കുകയായിരുന്നുവെന്ന് കൂടി ഗ്രാഡി പറഞ്ഞപ്പോൾ ഞെട്ടിയത് നീലായിരുന്നു..!!

"ദ ട്രഷർ ഓഫ് പ്ലസൻറ്  വാലി" നീൽ മോഷ്ടിക്കുന്നതു കണ്ട ഗ്രാഡി പിറ്റേ
ശനിയാഴ്ച യെർബിയുടെ പുസ്തകത്തിനായി മെംഫിസിലേക്ക് 70 മൈൽ കാറോടിച്ചു പോയി .  വളരെ തിരഞ്ഞാണ് ഒരു പുസ്തകം കിട്ടിയത് .  പിറ്റേയാഴ്ച നീൽ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോൾ അടുത്തയാഴ്ചത്തേക്കുള്ള പുസ്തകം തേടി ഗ്രാഡി മെംഫിസിലേക്ക് പോയി .   സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയായിരുന്നു യാത്രയും പുസ്തകം വാങ്ങലും . തന്നെ അപമാനിച്ച , കരയിച്ച കുട്ടിയെ നേരെയാക്കുന്നതിനായിരുന്നു ഈ യാത്രയും ത്യാഗവുമെല്ലാം .......!!!
The Amazing  Role of a Teacher !!!!! who changed a Naught  Student. And
 the Power of Books and Reading ..which Transformed a Person....


Sunday, December 2, 2018

നെറികേട്

നെറികേട്

വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം തവനൂർ വൃദ്ധസദനത്തിലേക്ക് 2018നവംബർ 14 ന്‌ യാത്ര തിരിച്ചത്.49 വിദ്യാർത്ഥികളും, 4 അധ്യാപകരുമടങ്ങിയ സംഘം.
   കുട്ടികൾക്കായുള്ള ചോദ്യാവലിയും, അന്തേവാസികൾക്കുള്ള സമ്മാനപ്പൊതിയും, മൈക്ക് സെറ്റുമായി ഞങ്ങൾ ഞങ്ങൾ 8.3 0ന് അബ്ദുറഹിമാൻ നഗർ ഗവ:യു .പി സ്കൂളിൽ നിന്നും പുറപ്പെട്ടു.10.30 ന്  വൃദ്ധസദനത്തിലെത്തി.മുൻകൂട്ടി അൻവാദം വാങ്ങിയതിനാൽ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. സൂപ്രണ്ടുമായി സംസാരിച്ച ശേഷം ഞങ്ങൾ ഹാളിൽ കസേര നിരത്തി മൈക്ക് സെറ്റുകൾ അറേഞ്ച് ചെയ്ത് അന്തേവാസികൾ വരുന്നതിനായി കാത്തിരുന്നു.10.40 ന് അധികൃതർ ഒരു ബെല്ലടിച്ചു.10 മിനിറ്റ് കഴിഞ്ഞപ്പോൾ ഏതാനും അന്തേവാസികളെത്തി. എൺപതിലധികം അന്തേവാസികളുണ്ടെന്നാണല്ലോ പറഞ്ഞിരുന്നത്. ഞാൻ വീണ്ടും സൂപ്രണ്ടിനെ സമീപിച്ചു.മാഡം പറഞ്ഞു നിങ്ങൾ എന്തെങ്കിലും പൊടിക്കൈകൾ പ്രയോഗിച്ചു നോക്കൂ.
   പെട്ടന്നു തന്നെ കുട്ടികളെ വിളിച്ചു കൂട്ടി വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു.കുട്ടികൾ റൂമുകളോരോന്നും കയറി അച്ഛാ, അമ്മേ വിളികളോടെയുള്ള അവരുടെ സ്നേഹപ്രകടനത്തിനു മുന്നിൽ അഞ്ചു മിനിറ്റിനകം ഹാൾ നിറഞ്ഞു കവിഞ്ഞു.
   തുടർന്ന്‌ നാട്യകലാ സംഘത്തിന്റെ അരമണിക്കൂർ കലാപ്രകടനം. നിർത്താതെയുളള കൈയടികൾ.
  ശേഷം ഏഴാം ക്ലാസ് വിദ്യാർത്ഥിയുംസ്കൂൾ ലീഡറുമായ മുഹമ്മദ്ഷഹീമിന്റെ ഒരു ചോദ്യം, ഈ ശിശുദിനത്തിൽ എന്തു സന്ദേശമാണീ മക്കൾക്കു നൽകാനുള്ളത്?
  രണ്ടു മിനിറ്റ് തികഞ്ഞ നിശ്ശബ്ദത. ശേഷം സുമാർ70 പത്  വയസ്സുള്ള ഒരച്ഛൻ സദസ്സിൽ നിന്ന് എഴുനേൽക്കാൻ ശ്രമിച്ചു.  ഞാൻ പെട്ടന്നു തന്നെ അദ്ദേഹത്തെ താങ്ങിപ്പിടിച്ച് വേദിയിലെത്തിച്ചു മൈക്ക് നൽകി. രണ്ടു മിനിറ്റ് തികഞ്ഞ നിശ്ശബ്ദത.തുടർന്ന് എന്റെ പ്രിയപ്പെട്ട മക്കളെ,
" ഞങ്ങളുടെ ഗതി ഒരു മാതാപിതാക്കൾക്കും വരാതിരിക്കട്ടെ. നിങ്ങളുടെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുകയെന്നു പറഞ്ഞതും" തേങ്ങിക്കരഞ്ഞതും ഒന്നിച്ചായിരുന്നു. താങ്ങിപ്പിടിച്ച് അദ്ദേഹത്തെ സീറ്റിൽ കൊണ്ടുപോയി ഇരുത്തി.സദസ്സിൽ നിന്നും കുട്ടികളുടെ തേങ്ങൽ കേൾക്കാമായിരുന്നു. തുടർന്ന് അച്ഛനമ്മമാർക്കുള്ള സമ്മാന വിതരണം'
   ശേഷം ഓരോ വിദ്യാർത്ഥിയോടും അച്ഛനമ്മമാരുടെ മനസ്സിലൊരു ഇടം നേടി അവരെങ്ങിനെ അവിടെയെത്തപ്പെട്ടു എന്നും, ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും  മനസ്സിനു  വിഷമം തട്ടാത്ത രീതിയിൽ ചോദിച്ചു മനസ്സിലാക്കാൻ അര മണിക്കൂർ സമയം
   കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് പല വിദ്യാർത്ഥികളും അരമണിക്കൂറിനു ശേഷം വന്നത്.
  ഊരോ, പേരോ ആരു ചോദിച്ചാലും പറയരുതെന്ന് ചട്ടം കെട്ടിയ മകൻ, സ്വത്തു വീതം വെപ്പിനു ശേഷം ചവിട്ടിപ്പുറത്താക്കപ്പെട്ടവർ, മറ്റൊരമ്മ പറഞ്ഞത് മനസ്സിന്റെ നൊമ്പരമായി ഇപ്പോഴും ബാക്കി നിൽക്കുന്നു.
 "മോനെ എനിക്ക് മൂന്നു മക്കൾ.രണ്ടാണും, ഒരു പെണ്ണും ' ഭർത്താവ് ക്യാൻസർ വന്ന് മരിക്കുമ്പോൾ എനിക്ക് 32 വയസ്സ്. പറക്കമുറ്റാത്ത മൂന്നു മക്കളും, ഞാനും ചോർന്നൊലിക്കുന്ന ഒരു കൂരയും ' പകച്ചുപോയ സന്ദർഭം. ആദ്യ ഒരാഴ്ച പല സഹായങ്ങളും കിട്ടി. പിന്നീട് ......
പട്ടിണിയായിരുന്നു മുഴുപ്പട്ടിണി. അഭിമാനമെല്ലാം മാറ്റി വെച്ച് അയൽ വീടുകളിൽ അടിക്കലും, തുടക്കലും
ബാക്കി വരുന്ന ഭക്ഷണം തൂക്കുപാത്രത്തിലാക്കി വീട്ടിലേക്ക് .....
മക്കൾ ആർത്തിയോടെ വാരിത്തിന്നുന്നത് കണ്ണിമവെട്ടാതെ നോക്കി നിന്ന സന്ദർങ്ങൾ' മക്കൾ കഴിച്ചു കഴിയുമ്പോൾ മുണ്ടു മുറുക്കി കിടക്ക പായിലേക്ക് .....മക്കൾ കല്യാണമെല്ലാം കഴിഞ്ഞു പേരക്കുട്ടികളുമായി സുഖമായി കഴിയുന്ന സമയം ' ചില പൊട്ടലും, ചീറ്റലും, അടുത്ത മകന്റെയടുത്ത് കുറച്ചു കാലം, തുടർന്ന്‌ മകളുടെ .....
തുടർന്നൊരു ദിവസം ഗുരുവായൂർ ദർശനത്തിനെന്നു പറഞ്ഞിവിടെയും.
 മക്കൾ വരാറുണ്ടോയെന്നു ചോദിച്ചപ്പോൾ കണ്ണുനീർ ആ ചുക്കിച്ചുളിഞ്ഞ കവിളിലൂടെ ......
  കുട്ടികളും, അച്ഛനമ്മമാരും അത്രക്കടുത്തു പോയിരുന്നു. കെട്ടിപ്പിടിച്ചു ആ കവിളുകളിലുമ്മ വെച്ച്  നിറകണ്ണുകളോടെ .... ഒരു വിധം മനസ്സ് പറിച്ചെടുക്കുകയായിരുന്നു. വർഷങ്ങളോളം ക്ലാസ് മുറിയിലിരുത്തി പഠിപ്പിച്ചാൽ ലഭിക്കാത്ത ...... മണിക്കൂറുകൾക്കകം
  സമയം പോയതറിഞ്ഞില്ല. 12.40 ന് മടക്കയാത്രയിൽ പിന്നിൽ നിന്നൊരു വിളി.തിരിഞ്ഞു നോക്കി വിളിച്ച ഏട്ടന്റ അടുത്തേക്ക് ' സങ്കടമെല്ലാം ഉള്ളിലൊതുക്കിയ ഏട്ടൻ കഴുത്തിലൂടെ കൈയിട്ട് കെട്ടിപ്പിടിച്ച്  കവിളിൽ ഒരു പാട് മുത്തം. ഇനി എന്നാണു വരിക? രണ്ടു പേരും കരഞ്ഞു പോയ ......
യാത്ര പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഈ രംഗം കണ്ടു നിന്ന സഹാധ്യാപികമാർ മുഖം ടവ്വൽ കൊണ്ട് തുടക്കുകയായിരുന്നു.
തിരിച്ച് ബസ്സിൽ ''....
തികഞ്ഞ നിശ്ശബ്ദത ' ഒരു മരണവീട്ടിലാണോയെന്നു സന്ദേഹിച്ച നിമിഷങ്ങൾ, ശേഷം ബസ്സിൽ വെച്ചു തന്നെ ഫീഡ്ബാക്ക് ....
ഓരോ കുട്ടിയും മൈക്ക് കൈയിലേന്തി കരച്ചിലിനിടയിൽ  സംസാരം പൂർത്തിയാക്കാൻ കഴിയാതെ ....

തൊട്ടടുത്ത ദിവസം പല രക്ഷിതാക്കളുടെയും ഫോൺ കോളുകൾ . മാഷേ ഇത്തരം യാത്രകളാണ് വേണ്ടത്‌. കുട്ടികൾ വീട്ടിൽ വന്ന് നേരനുഭവം പറഞ്ഞപ്പോൾ  ഞങ്ങളും.....
  സമയമുള്ളവർ മുൻകൂട്ടി അനുവാദം വാങ്ങി കുടുംബസമേതം പോകാൻ മറക്കരുതെന്ന അഭ്യർത്ഥനയോടെ

കെ.മുഹമ്മദ് മാസ്റ്റർ
ഗവ:യു .പി .സ്കൂൾ അബ്ദുറഹിമാൻ നഗർ
കക്കാടംപുറം
9447279 155/

Sunday, October 14, 2018

ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്

              ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്

         ജോലി കഴിഞ്ഞ് വീട്ടിലെത്തി സോഫയിൽ ഇരുന്ന് തന്റെ മൊബൈൽ നോക്കുന്ന അപ്പന്റെ അടുത്തേക്ക് 5 വയസുകാരൻ മകൻ ഓടിച്ചെന്നു. എന്നിട്ട് ചോദിച്ചു.

അപ്പാ..

അപ്പന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?

നീ പോയേ അപ്പുറത്തെങ്ങാനും പോ. അപ്പന് കുറച്ച് ജോലിയുണ്ട്.

അല്പം കഴിഞ്ഞ് തന്റെ മകന്റെ റൂമിനരികിലൂടെ നടന്നുപോയ അപ്പൻ കണ്ടത് കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന തന്റെ മകനെയാണ്. അപ്പൻ മകന്റെ അടുത്തേക്ക് ചെന്ന് അവനെ തട്ടി വിളിച്ച് അവനോട് ചോദിച്ചു.

നീ നേരത്തേ എന്താ അപ്പനോട് അങ്ങനെ ചോദിച്ചത്?

കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് അവൻ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു

അപ്പന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?

എന്താടാ കാര്യം?

അപ്പൻ പറ.

ഒരു മണിക്കൂർ ജോലി ചെയ്താൽ അപ്പന് 100 രൂപ കിട്ടും.

ഓക്കെ.

അപ്പൻ എനിക്കൊരു 50 രൂപ തരുമോ?

എന്തിനാ നിനക്ക് അൻപത് രൂപ?

അപ്പൻ താ.

അപ്പൻ 50 രൂപയെടുത്ത് അവന് കൊടുത്തു.

അവൻ സന്തോഷത്തോടെ അത് വാങ്ങി. എന്നിട്ട് തന്റെ തലയിണയുടെ കീഴേ നിന്നും അവൻ കൂട്ടി വച്ചുണ്ടാക്കിയ മറ്റൊരു 50 രൂപ എടുത്തു. എന്നിട്ട് അപ്പനിൽ നിന്നും വാങ്ങിയ 50 രൂപയും ചേർത്ത് അപ്പന് കൊടുത്തു.

എനിക്കെന്തിനാടാ ഇത്?

ഇത് അപ്പൻ എടുത്തോ എന്നിട്ട് ഒരു മണിക്കൂർ എന്റെ കൂടെ കളിക്കാൻ വരുമോ?

നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ആ അപ്പൻ അവനേ ചേർത്ത് പിടിച്ചു.

പേരൻ്റൈൻ  സെമിനാറിൽവച്ച് ക്ലാസെടുത്ത മനശ്ശാസ്ത്രജ്ഞൻ ഈ കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ ഒരു മിനിറ്റ് നേരത്തേക്ക് ക്ലാസ് മുഴുവൻ നിശബ്ദമായിരുന്നു. പലരും കണ്ണുകൾ തുടക്കുകയും ചെയ്തു.

തിരക്കിന്റെ ലോകത്ത് ജീവിക്കുന്ന നമുക്ക് ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്.

Wednesday, October 10, 2018

നീയൊരു കറുത്ത പുഷ്പമാവുക

''കാണാനുള്ള സ്വപ്നത്തിലെങ്കിലും
നീയൊരു കറുത്ത പുഷ്പമാവുക.
ഞാനൊരു വെളുത്ത ശലഭമാവാം.
നിനക്കൊട്ടും
പരാതിയോ പരിഭവമോ ഇല്ലെങ്കില്‍
നീ നീയാണെന്ന് ഞാനും
പ്രലോഭനത്തിന്റെ ഒരിലപോലും
ഞാനിളക്കിയില്ലെങ്കില്‍
ഞാന്‍ ഞാനാണെന്നു നീയും
തിരിച്ചറിഞ്ഞേയ്ക്കണം.''

                               (പവിത്രന്‍ തീക്കുനി.)

Monday, September 10, 2018

നല്ല മാഷല്ല ഞാന്‍

*നല്ല മാഷല്ല ഞാന്‍*



           മാഷേ...
     ഏതു തിരക്കിലും ഇങ്ങനെയൊരു വിളികേള്‍ക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുനോക്കിപ്പോയെങ്കില്‍ തീര്‍ച്ചയാക്കാം നിങ്ങള്‍ ഒരധ്യാപകനാണ്. ആ വിളിയില്‍ ആദരവുണ്ട്. ബഹുമാനമുണ്ട്. ചിലപ്പോഴൊക്കെ സഹതാപമുണ്ട്. അപമാനവുമുണ്ട്. അതൊരു തസ്തികപ്പേരാണ്. ഒരു സാമാന്യനാമം. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങുപോലെ സാര്‍വത്രികമായി കാണപ്പെടുന്ന ഒരാളാണ് അയാള്‍.
            നന്നെ ചെറുപ്പത്തില്‍ത്തന്നെ ഞാനും ആ വിളി കേട്ട് തിരിഞ്ഞുനോക്കാന്‍ തുടങ്ങി. മാഷാവുകയല്ലാതെ മറ്റൊന്നുമാകാന്‍ സാധ്യതയില്ലാത്തവിധം സാഹചര്യങ്ങളുടെ ഒഴുക്കുചാലിലൂടെ സ്വാഭാവികമായി ഒലിച്ചുപോവുകയായിരുന്നു അക്കാലം. ഡിഗ്രി പാതിവഴിയില്‍ ഉപേക്ഷിച്ച് ടി.ടി.സിക്കു ചേര്‍ന്നു. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിഗ്രാമമായ ആനക്കരയിലായിരുന്നു അധ്യാപകപരിശീലനം. ബസ് സര്‍വിസില്ല. വീട്ടില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോവണം. കരിങ്കല്‍ച്ചീളുപാകിയ വെട്ടുവഴി. അല്ളെങ്കില്‍ കുന്നിന്‍ചരിവിലൂടെയുള്ള ഊടുവഴി.
പ്രശസ്തമായ വിദ്യാലയമാണ് സ്വാമിനാഥവിലാസം ഗവ. ബേസിക് ട്രെയ്നിങ് സ്കൂള്‍. ആനക്കര വടക്കത്തെ ദേശീയപ്രബുദ്ധരായ കുടുംബം തുടങ്ങിവെച്ചതാണ്. വിദ്യാഭ്യാസം വേലയില്‍ വിളയണം എന്ന ഗാന്ധിയന്‍ ആദര്‍ശമാണ് ബേസിക് സ്കൂളുകളുടെ അടിസ്ഥാനം. ട്രെയ്നിങ് സ്കൂളിന് സ്വന്തമായി ഒരു വയലുണ്ട്. അധ്യാപകവിദ്യാര്‍ഥികള്‍ അതില്‍ കൃഷിചെയ്യണം എന്നാണ് വ്യവസ്ഥ. പേരിന് ഒരു വിള കൃഷിയിറക്കും. പുറത്തുനിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം നിന്നുകൊടുക്കുകയേ പതിവുള്ളൂ.
        വാഹനമത്തൊത്ത കാട്ടുപ്രദേശമായതുകൊണ്ട് ട്രെയ്നിങ് സ്കൂളിലേക്ക് പരിശോധകരാരും വരാറില്ല. അതൊരു സൗകര്യമായി കരുതി അധികൃതരും അലസരായി മാറി. പരിശീലനമെല്ലാം കടലാസിലൊതുങ്ങും. ടീച്ചിങ് എയ്ഡ് നിര്‍മാണമാണ് പ്രധാനജോലി. ചാര്‍ട്ട്, മാപ്പ്, ക്ളോക്ക്, ഗ്ളോബ് തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കണം. അതിന് മാര്‍ക്കുണ്ട്. പലരും അത് പുറംകരാറായി നല്‍കുകയാണ് പതിവ്. അതിനായി ഒരു മാഫിയ തന്നെ പുറത്തുണ്ടായിരുന്നു.
                 പഠിപ്പിക്കാനുള്ള തന്ത്രങ്ങളും തത്ത്വങ്ങളും ഉപദേശിച്ചുതന്നിരുന്ന ഞങ്ങളുടെ അധ്യാപകരിലേറെയും അത് ക്ളാസുമുറിയില്‍ പ്രയോഗിക്കാനറിയാത്ത പാവങ്ങളായിരുന്നു എന്നതാണ് സത്യം. അവരെക്കാള്‍ നന്നായി പഠിപ്പിക്കാന്‍ അറിയുന്ന യുവാക്കളാണ് തങ്ങളുടെ മുന്നിലിരിക്കുന്നത് എന്ന ചമ്മല്‍ അവരുടെ വാക്കുകളെ ഫലസിദ്ധിയില്ലാത്ത മന്ത്രോച്ചാരണങ്ങളാക്കി. ഉദ്ദേശ്യാധിഷ്ഠിതബോധനരീതിയനുസരിച്ച് ടീച്ചിങ്നോട്ടെഴുതലാണ് കാര്യമായ പഠിപ്പ്. അറിഞ്ഞതില്‍നിന്ന് അറിയാത്തതിലേക്ക് എന്ന തത്ത്വമനുസരിച്ച് പാഠ്യവസ്തു അവതരിപ്പിക്കുന്നതിനുമുമ്പ് കുട്ടികളുടെ മുന്നറിവു പരിശോധിക്കണം എന്നാണ് നിയമം. അതിന്‍െറ സ്വാഭാവികമായ തുടര്‍ച്ചയായിരിക്കണം പുതിയ അറിവ്. മുന്നറിവു പരിശോധന ചോദ്യോത്തരങ്ങളായിട്ടാണ് ക്ളാസില്‍ അവതരിപ്പിക്കേണ്ടത്. ഇതുസംബന്ധിച്ച് രസകരമായ ഒരനുഭവകഥ അക്കാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.
പ്രൈമറി ക്ളാസില്‍ കാറ്റിനോട് എന്ന കവിത പഠിപ്പിക്കണം. മാമരം കോച്ചും തണുപ്പത്ത് / താഴ്വരപൂത്തൊരു കുന്നത്ത് / മൂടിപ്പുതച്ചു കിടക്കും കാറ്റേ / മൂളിക്കുതിച്ചു പറന്നാട്ടെ എന്നു തുടങ്ങുന്ന ഇടശ്ശേരിയുടെ മനോഹരമായ വരികള്‍. അധ്യാപകന്‍ കുട്ടികളെ ചോദ്യങ്ങളിലൂടെ നയിച്ച് ഒടുക്കം കാറ്റ് എന്ന വിഷയത്തിലത്തെിക്കുകയാണ് മുന്നറിവുപരിശോധന. അധ്യാപകവിദ്യാര്‍ഥികളുടെ ചടങ്ങും ചിട്ടവട്ടങ്ങളും കണ്ടുപരിചയിച്ച മോഡല്‍സ്കൂളിലെ കുട്ടികള്‍ക്ക് ഇക്കാര്യമറിയാവുന്നതുകൊണ്ട് അവര്‍ കന്നിക്കാരായ മാഷമ്മാരെ പരമാവധി വലയ്ക്കുക പതിവാണ്. കാറ്റ് എന്ന വാക്കു മാത്രം കുട്ടികള്‍ പറയില്ല. എന്നാല്‍ കുട്ടികളുടെ ഈ ‘മുന്നറിവും’ മുന്‍കൂട്ടിക്കണ്ട മാഷ് അവരെ വെട്ടിലാക്കിയത് ഇങ്ങനെയത്രെ:
നിങ്ങളില്‍ ആരുടെയൊക്കെ വീട്ടിലാണ് കൃഷിയുള്ളത്?
ചിലര്‍ കൈ പൊക്കി.
കൃഷിചെയ്തു ലഭിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കും?
പത്തായത്തില്‍.
പത്തായത്തിലെ നെല്ലു തിന്നാനത്തെുന്ന ജീവിയേത്?
എലി.
എലിയെ പിടിക്കാന്‍ വീട്ടില്‍ വളര്‍ത്തുന്ന ജന്തുവേത്?
പൂച്ച.
പൂച്ചക്ക് ഇംഗ്ളീഷില്‍ പറയുന്ന പേര്?
കാറ്റ്.
അതെ, കാറ്റ്. അതിനാല്‍ ഇന്നു നമുക്ക് കാറ്റിനോട് എന്ന കവിത പഠിക്കാം!

      മുന്നറിവ് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ബോധ്യപ്പെടുത്തിയത് നാലാം ക്ളാസില്‍ ലഭിച്ച ഒരു പഠനാനുഭവമാണ്. വട്ടംകുളം സ്കൂളില്‍ ഞങ്ങളെ സയന്‍സ് പഠിപ്പിച്ചിരുന്നത് ഒരു കുഞ്ഞന്നട്ടീച്ചറായിരുന്നു. ഒരുദിവസം ടീച്ചര്‍ ക്ളാസില്‍ വന്ന് രണ്ടു തൂക്കുപാത്രത്തില്‍ വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. ഒരാളെ കടയിലേക്കു പറഞ്ഞയച്ചു, ഉപ്പും പഞ്ചസാരയും വാങ്ങാന്‍. എന്നിട്ട് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഉപ്പും മറ്റേതില്‍ പഞ്ചസാരയും കലര്‍ത്തി. പിന്നീട് കുട്ടികളെ ഓരോരുത്തരെയായി മേശക്കരികിലേക്കു വിളിച്ച് പാത്രത്തിന്‍െറ മൂടിയിലെടുത്ത വെള്ളം രുചിക്കാന്‍ കൊടുത്തു. ഉപ്പുവെള്ളം രുചിച്ചപ്പോള്‍ മുഖം ചുളിഞ്ഞു. മധുരം രുചിച്ചപ്പോള്‍ തെളിഞ്ഞു. ക്ളാസിലാകെ ബഹളം. ചിരിയും പരിഹാസവും. അപ്പോഴേക്കും ബെല്ലടിച്ചു. ടീച്ചര്‍ ഒരക്ഷരം സംസാരിച്ചില്ല. ഒന്നും പഠിപ്പിച്ചതുമില്ല.
പിറ്റേന്ന് ക്ളാസില്‍ വന്ന ടീച്ചര്‍ വെള്ളത്തിന് എങ്ങനെ രുചിഭേദമുണ്ടായി എന്നു ചോദിച്ചു. ഉപ്പും പഞ്ചസാരയും വെള്ളത്തില്‍ ലയിച്ചതുകൊണ്ട് എന്ന് കുട്ടികള്‍. എങ്ങനെയാണ് ലയിക്കുന്നത് എന്നായി അടുത്ത പ്രശ്നം. അതു ടീച്ചര്‍ വിശദീകരിച്ചു. തന്മാത്രകളെപ്പറ്റി പറഞ്ഞു. ലായിനി, ലായകം, ലീനം തുടങ്ങിയ സാങ്കേതികപദങ്ങള്‍ നിര്‍വചിച്ചു. കുട്ടികള്‍ കാതുകൂര്‍പ്പിച്ചിരുന്നു. നാക്കുകൊണ്ട് രുചിച്ചറിഞ്ഞ ആ അറിവ് എഴുതിയെടുക്കാതെയും ഉരുവിടാതെയും കുട്ടികള്‍ ഹൃദിസ്ഥമാക്കി. അറിവിനെ ഇന്ദ്രിയനിഷ്ഠവും ആനുഭവികവുമായി അവതരിപ്പിച്ചുകൊണ്ട് പഠനം രസകരമാക്കുന്ന ഈ കല ഡി.പി.ഇ.പി വരുന്നതിന് എത്രയോ മുമ്പായിരുന്നു എന്നോര്‍ക്കണം.
മൂന്നാംതരത്തില്‍ പഠിപ്പിച്ച കരുണാകരമേനോന്‍ മാസ്റ്ററെയും ഓര്‍മിക്കുന്നു. ഇംഗ്ളീഷു ക്ളാസില്‍ മലയാളം ഉച്ചരിക്കില്ല. ആംഗ്യം കാണിച്ചോ ചിത്രം വരച്ചോ ആശയം മനസ്സിലാക്കിത്തരും. പുള്ളിങ് പുഷിങ് എന്നീ ക്രിയാപദങ്ങളുടെ പ്രയോഗരീതിയാണ് പഠിപ്പിക്കുന്നത്. മാഷ് കല്‍പിച്ചു, സരസ്വതീ, യൂ കം ഹിയര്‍. സരസ്വതി അടുത്തു ചെന്നു. യൂ സിറ്റ് ഓണ്‍ ദിസ് ടേബിള്‍. അവള്‍ മടികൂടാതെ മേശപ്പുറത്തു കയറി ചമ്രം പടിഞ്ഞിരുന്നു. അടുത്ത കല്‍പനക്കായി കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാഷ് എനിക്കു നേരെ വിരല്‍ ചൂണ്ടുന്നു. രാമചന്ദ്രന്‍ യൂ കം ഹിയര്‍. ഞാന്‍ പരിഭ്രമത്തോടെ മുന്നില്‍ ഹാജരായി. യൂ പുള്‍ ദിസ് ടേബിള്‍. സരസ്വതിയിരിക്കുന്ന മേശ വലിച്ചുനടക്കുകയാണ് വേണ്ടതെന്ന് മാഷ് കാണിച്ച കൈയാംഗ്യത്തില്‍നിന്നു മനസ്സിലായി. ചക്രമില്ലാത്ത വണ്ടി. തടിച്ചിയായ സരസ്വതി. ഞാന്‍ സര്‍വശക്തിയുമെടുത്ത് വലി തുടങ്ങി. അപ്പോള്‍ മാഷ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, ലുക്ക് സരസ്വതി ഈസ് സിറ്റിങ് ഓണ്‍ ദ ടേബിള്‍. ആന്‍ഡ് രാമചന്ദ്രന്‍ ഈസ് പുള്ളിങ് ദ ടേബിള്‍. വാട്ട് ഈസ് രാമചന്ദ്രന്‍ ഡൂയിങ്? ഹി ഈസ് പുള്ളിങ് ദ ടേബിള്‍. കുട്ടികള്‍ ആര്‍ത്തുവിളിച്ചു.
എന്‍െറ നെറ്റിയില്‍ വിയര്‍പ്പുപൊടിഞ്ഞിരുന്നു. സരസ്വതി മേശപ്പുറത്തിരുന്നു ചിരിക്കുകയാണ്. എനിക്കു കലിവന്നു. അടുത്ത ഊഴത്തില്‍ മേശപ്പുറത്തിരിക്കാനുള്ള നിയോഗം എനിക്കും വലിക്കാനുള്ളത് അവള്‍ക്കുമായിരിക്കും എന്നാശ്വസിച്ചിരിക്കെ അതാ വരുന്നു വീണ്ടും മാഷുടെ കല്‍പന. നൗ രാമചന്ദ്രന്‍, യൂ പുഷ് ദ ടേബിള്‍. തള്ളിനടക്കണമെന്ന്! സരസ്വതിയോട് ഇറങ്ങാനും പറയുന്നില്ല. വല്ലവിധവും ഉന്തുന്നതിനിടയില്‍ മാഷ് ഡ്രില്ലിങ് ആരംഭിച്ചു. ലുക്ക്, നൗ രാമചന്ദ്രന്‍ ഈസ് പുഷിങ് ദ ടേബിള്‍. വാട്ട് ഈസ് ഹീ ഡൂയിങ്? ഹീ ഈസ് പുഷിങ് ദ ടേബിള്‍. കുട്ടികളുടെ അലര്‍ച്ച ക്ളാസുമുറിയുടെ ഭിത്തികളെ തള്ളിനീക്കുവോളം ഉയര്‍ന്നു.
പുള്ളിങ്ങും പുഷിങ്ങും അന്നത്തെ സഹപാഠികളില്‍ ആരു മറന്നാലും ഞാന്‍ മറക്കില്ല. അത്രക്കു വിയര്‍പ്പൊഴുക്കി നേടിയ അറിവാണ്. വാണീദേവിയായ സരസ്വതി നാത്തുമ്പത്തിരുന്നല്ല മേശപ്പുറത്തിരുന്നാണ് എനിക്കു പ്രത്യക്ഷയായത് എന്നും പറയാം.

ട്രെയ്നിങ് പാസായി പൊന്നാനി എ.വി ഹൈസ്കൂളില്‍ പ്രൈമറി അധ്യാപകനായി ചേരുമ്പോള്‍ എനിക്കു വയസ്സ് ഇരുപത്. മീശ കറുത്തുതുടങ്ങിയിട്ടില്ല. പഠിപ്പിക്കാന്‍ പോകുന്ന എന്നോട് ബസില്‍ അടുത്തിരുന്ന മധ്യവയസ്കന്‍ ഏതു ക്ളാസിലാണ് പഠിക്കുന്നത് എന്നു ചോദിച്ചിട്ടുണ്ട്.
ആദ്യമായി ക്ളാസിലേക്കു പോവുകയാണ്. നല്ല പരിഭ്രമം. മുതിര്‍ന്ന കുട്ടികള്‍. ഹൈസ്കൂള്‍ ക്ളാസിലെ ചില പിള്ളേര്‍ക്ക് എന്നെക്കാളും കറുത്ത മേല്‍മീശയുണ്ട്. വരാന്തയിലൂടെ ഞാന്‍ പോകുമ്പോള്‍ അവര്‍ മൃഗശാലയിലെ സിംഹങ്ങളെപ്പോലെ എന്നെ നിരീക്ഷിക്കുകയും ചില അപശബ്ദങ്ങളുണ്ടാക്കുകയും ചെയ്തു. തലതാഴ്ത്തി നടന്നു. പാര്‍ലമെന്‍റ് ഹാളിലേക്കു കടക്കാന്‍ നേരത്ത് എതിരേ ആജാനബാഹുവായ ഒരാള്‍ വരുന്നു. ഇടതുകൈയില്‍ നീണ്ട ചൂരല്‍. വലങ്കൈയില്‍ ഇളിച്ചുകാട്ടുന്ന ഒരു തലയോട്. ഞാന്‍ ഞെട്ടി. ആരാണ് ഈ കാപാലികന്‍? അയാള്‍ ചോദിച്ചു. പുതിയ മാഷാണല്ളേ? ഞാന്‍ തലയാട്ടി. അയാള്‍ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു.
പിന്നീട് അദ്ദേഹത്തെ മനസ്സിലാക്കി. വറീത് മാഷ്. ബയോളജി പഠിപ്പിക്കുന്നു. മഹാസാധു. അന്നൊക്കെ അധ്യാപകര്‍ വെറുംകൈയോടെ ക്ളാസിലേക്കു പോകുക പതിവില്ല. എന്തെങ്കിലും പഠനോപകരണങ്ങള്‍ കൈയിലുണ്ടാകും. ഗോപിനാഥവാരിയര്‍മാഷ്ക്ക് ഗ്ളോബ്. രവീന്ദ്രന്‍മാഷ്ക്ക് വെള്ളത്തണ്ട്. ശൂലപാണിവാരിയര്‍ക്ക് കോംപസ്. ശംഖുചക്രഗദാപാണികളായ ദേവന്മാരെപ്പോലെയായിരുന്നു അവരുടെ എഴുന്നള്ളത്ത്!
എ.വി ഹൈസ്കൂള്‍ പൊന്നാനിയിലെ പുരാതനമായ വിദ്യാലയമാണ്. പ്രഗല്ഭമതികളായ അധ്യാപകരും പ്രശസ്തരായ പൂര്‍വവിദ്യാര്‍ഥികളുമുള്ള സ്ഥാപനം. എം. ഗോവിന്ദനും കെ.സി.എസ്. പണിക്കരും ടി.കെ. പത്മിനിയും സി. രാധാകൃഷ്ണനും ഇ. ഹരികുമാറും കെ.പി. രാമനുണ്ണിയുമൊക്കെ ഇവിടെ പഠിച്ചിറങ്ങിയവരാണ്. മഹാകവി ഇടശ്ശേരി ദീര്‍ഘകാലം സ്കൂളിന്‍െറ പി.ടി.എ പ്രസിഡന്‍റായിരുന്നു. സ്കൂളിലെ മുത്തശ്ശിമാവിന്‍െറ തണലില്‍ സാഹിത്യചര്‍ച്ചകള്‍ക്കായി വള്ളത്തോളും നാലപ്പാട്ടു നാരായണമേനോനും കുട്ടികൃഷ്ണമാരാരുമൊക്കെ ഒത്തുകൂടുമായിരുന്നുവത്രെ. പൊന്നാനിക്കളരിയുടെ ആസ്ഥാനമായിരുന്നു ഒരുകാലത്ത് ഈ വിദ്യാലയം. മഹാരഥന്മാരുടെ ആ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയായിരുന്ന പ്രഗല്ഭനായ അധ്യാപകന്‍ പി. കൃഷ്ണവാരിയരായിരുന്നു ഹെഡ്മാസ്റ്റര്‍.
ഇടച്ചുവരുകളില്ലാത്ത നീണ്ട രണ്ടു ഹാളുകളും ചുവരുകളുള്ള രണ്ടുമൂന്നു കെട്ടിടങ്ങളും. ഹാളുകളില്‍ ക്ളാസ് തിരിക്കാന്‍ തട്ടികകളാണുള്ളത്. അപ്പുറത്തെ ക്ളാസ് ഇപ്പുറത്തുനിന്നു നിരീക്ഷിക്കാം. ഗോപിനാഥവാരിയരുടെ ഭൂമിശാസ്ത്രം ക്ളാസ് ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. ഭൂമി സ്വയം കറങ്ങിക്കൊണ്ട് സൂര്യനെ ചുറ്റുന്നു. ചന്ദ്രന്‍ ഭൂമിയെ ചുറ്റിക്കൊണ്ട് സൂര്യനെ ചുറ്റുന്നു. ഏതുപോലെ? തൃക്കാവമ്പലത്തില്‍ ഒരമ്മയും കുഞ്ഞും പ്രദക്ഷിണം വെക്കുന്നതുപോലെ. അമ്മ കറങ്ങുന്നു. കുഞ്ഞ് അമ്മയെച്ചുറ്റി അമ്മയോടൊപ്പം വലംവെക്കുകയും ചെയ്യുന്നു. അപ്പോള്‍ ഏതാണു സൂര്യന്‍? കാവിലെ ഭഗവതി. അമ്മയോ? ഭൂമി. കുഞ്ഞ്? ചന്ദ്രന്‍. എത്ര ലളിതമായ ഉദാഹരണം. പഠനോപകരണങ്ങളില്ലാതെ ഭാവനയെ ഉദ്ദീപിപ്പിച്ച് കാര്യം ഗ്രഹിപ്പിക്കാനുള്ള വാഗ്വിലാസം. പക്ഷേ, അമ്പലത്തില്‍ പോകാത്ത അന്യമതസ്ഥരായ കുട്ടികള്‍ക്ക് ഇതു മനസ്സിലാവുമോ? പൊന്നാനിയില്‍ മുസ്ലിം വിദ്യാര്‍ഥികളാണ് ഏറെയും. പള്ളിയിലെ ചടങ്ങുകളില്‍നിന്ന് ഇങ്ങനെയൊരുദാഹരണം കണ്ടത്തൊനാവുമെന്ന് തോന്നുന്നില്ല. എന്‍െറ സംശയം മാഷോട് പറഞ്ഞു.
അങ്ങനെ വളരെക്കാലങ്ങള്‍ക്കുശേഷം ലബോറട്ടറിയിലെ പൊടിയും മാറാലയും മൂടിയ ചില്ലലമാര തുറന്ന് സൗരയൂഥത്തിന്‍െറ ചെറിയൊരു പ്രവര്‍ത്തനമാതൃക പുറത്തെടുത്തു. അപ്പോഴേക്കും കാലപ്പഴക്കംകൊണ്ട് തുരുമ്പിച്ച ആ യന്ത്രത്തില്‍നിന്ന് ആകര്‍ഷണബലം നഷ്ടപ്പെട്ടാലെന്നപോലെ ഭൂമിയും ചന്ദ്രനും മറ്റുചില ഗ്രഹങ്ങളും നിലത്തുവീണു. എന്തൊരു ഗ്രഹപ്പിഴ!

ഹൈസ്കൂള്‍ക്ളാസിലേക്ക് മലയാളാധ്യാപകനായി പ്രമോഷന്‍ ലഭിച്ചശേഷമാണ് ഭാഷാപഠനത്തില്‍ നിലവിലിരുന്ന അസംബന്ധങ്ങളെക്കുറിച്ച് ബോധവാനാവുന്നത്. പഴഞ്ചന്‍ പാഠപുസ്തകം. വ്യാകരണനിയമങ്ങളും വൃത്താലങ്കാരങ്ങളും കാണാപ്പാഠമാക്കലാണ് പഠിപ്പിക്കല്‍. എഴുതിക്കൊടുക്കുന്ന നോട്ട് അതേപടി ഉത്തരക്കടലാസില്‍ പകര്‍ത്തലാണ് സാമര്‍ഥ്യം. കോപ്പിയടി വ്യാപകം. ഗള്‍ഫില്‍നിന്നുവരുന്ന ചിലര്‍ മലദ്വാരത്തില്‍ സ്വര്‍ണം കടത്തുന്നതുപോലെ ശരീരാവയവങ്ങളില്‍ തുണ്ടുകടലാസൊളിപ്പിക്കുന്ന വിരുതന്മാരെ പിടിക്കുന്ന പൊലീസുപണിയാണ് പരീക്ഷാഹാളിലെ അധ്യാപകര്‍ക്ക്. വന്നുവന്ന് ഇപ്പോള്‍ കോപ്പിയടിച്ചതിന് പൊലീസുമേധാവിയെയും പിടികൂടേണ്ട അവസ്ഥയിലായി! ഇതെന്തൊരു പരീക്ഷ. കറന്‍സി നോട്ടു സൂക്ഷിക്കേണ്ട ട്രഷറികളില്‍ എസ്.എസ്.എല്‍.സി ചോദ്യക്കടലാസ് സൂക്ഷിക്കേണ്ട ഗതികേട് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടായിട്ടുണ്ടോ?
പഠനം പരീക്ഷാകേന്ദ്രിതമായിരുന്ന അക്കാലത്തെ അധ്യാപകജീവിതം വിരസവും അപമാനകരവുമായിരുന്നു. സമകാലജീവിതവുമായി ബന്ധമില്ലാത്ത പാഠഭാഗങ്ങള്‍. ക്ളാസുമുറിയിലൊഴിച്ച് ജീവിതത്തില്‍ മറ്റൊരു സന്ദര്‍ഭത്തിലും പ്രയോജനപ്പെടാത്ത ശാര്‍ദ്ദൂലവിക്രീഡിതത്തിന്‍െറ ലക്ഷണം തെറ്റിച്ചതിന് ശിക്ഷിക്കപ്പെട്ട അന്നത്തെ ഏതെങ്കിലും ശിഷ്യനെ കണ്ടുമുട്ടുമോ എന്നു പേടിയാണിപ്പോള്‍. എന്നിട്ടും അധ്യാപകനെ കാണുമ്പോള്‍ മടക്കിക്കുത്തിയ മുണ്ട് തൂക്കിയിട്ട് ബഹുമാനം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതു മലയാളത്തിന്‍െറ സുകൃതമായി കരുതണം.
പത്താംതരത്തില്‍ സാഹിത്യാഭിരുചിയുള്ള ഒരു ശിഷ്യനുണ്ടായിരുന്നു. എല്ലാ വിഷയത്തിലും മിടുക്കനാണ്. എങ്കിലും മലയാളത്തിലാണ് കൂടുതല്‍ താല്‍പര്യം. നന്നായി വായിക്കും. തെളിഞ്ഞ ഭാഷയില്‍ എഴുതും. എന്നോട് വലിയ ബഹുമാനമായിരുന്നു. മികച്ച മാര്‍ക്കു വാങ്ങി ഒന്നാം ക്ളാസില്‍ പാസായി. ഒരുദിവസം ആ കുട്ടിയുടെ അച്ഛന്‍ കാണാന്‍ വന്നു.
മാഷ് എന്‍െറ മോനെ ഒന്ന് ഉപദേശിക്കണം.
എന്തുപറ്റി അവന്? മിടുക്കനാണല്ളോ. പ്രീഡിഗ്രിക്ക് ഏതു കോളജിലാണ് ചേര്‍ക്കാനുദ്ദേശിക്കുന്നത്?
ഏതു കോളജിലും ചേര്‍ത്തുപഠിപ്പിക്കാന്‍ ഞാന്‍ തയാറാണ് മാഷെ.
പിന്നെ എന്താ പ്രശ്നം?
വിഷയമാണ് പ്രശ്നം. അവന് പട്ടാമ്പി കോളജില്‍ പ്രീഡിഗ്രിക്ക് മെയിനായി മലയാളമെടുക്കണമെന്ന് വാശിപിടിക്കുന്നു. മലയാളം പഠിച്ചിട്ട് എന്താവാനാ മാഷെ? കഥേം നോവലും വായിച്ച് അല്ളെങ്കിലേ തല തിരിഞ്ഞിരിക്കുന്നു. ഇനി സാഹിത്യം പഠിച്ചാല്‍ അവന്‍ പിഴച്ചുപോകും.
രക്ഷിതാവിന്‍െറ ആശങ്കയാണ്. ഞാന്‍ തലകുനിച്ച് നിശ്ശബ്ദനായി കേട്ടു.
അവന് മാഷെ വലിയ കാര്യാണ്. മാഷ് പറഞ്ഞാല്‍ അവന്‍ അനുസരിക്കും. പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പെടുത്ത് പാസായാലേ മെഡിസിനോ എന്‍ജിനീയറിങ്ങിനോ പറഞ്ഞയക്കാന്‍ പറ്റൂന്ന് മാഷ്ക്ക് അറിയാലോ.
നെറുകക്ക് ഒരു കിഴുക്കു കിട്ടിയവനെപ്പോലെ ഞാന്‍ ചൂളിപ്പോയി.

ഡി.പി.ഇ.പിയും പുതുക്കിയ പാഠ്യപദ്ധതിയും വന്നപ്പോഴാണ് ഈ ദു$സ്ഥിതിക്ക് ഒരു മാറ്റമുണ്ടാവുന്നത്. പറഞ്ഞതുതന്നെ പറയുന്ന ആവര്‍ത്തനവിരസത ഇല്ലാതായി. പുതിയ വെല്ലുവിളികള്‍ നേരിട്ടു. സമകാലികമായ രചനകള്‍ ഉള്‍ക്കൊള്ളിച്ച പാഠപുസ്തകങ്ങള്‍ ക്ളാസുമുറികളെ സജീവമാക്കി. പഠനം പ്രവര്‍ത്തനകേന്ദ്രിതമായി. കുട്ടികളുടെ സര്‍ഗാത്മകതക്ക് ഊന്നല്‍ കിട്ടി. വിഷയത്തില്‍ സമകാലികരാവാന്‍ അധ്യാപകരും നിര്‍ബന്ധിതരായി. എഴുത്തും വായനയും തകൃതിയായി. സദാ അടഞ്ഞുകിടന്ന ലൈബ്രറിയും ലബോറട്ടറിയും കുട്ടികള്‍ക്കായി തുറക്കപ്പെട്ടു.
പുതിയ പാഠ്യപദ്ധതിക്കനുസരിച്ച് അധ്യാപകപരിശീലന പരിപാടികള്‍ വ്യാപകമായി നടന്നു. ചോംസ്കി, വൈഗോട്സ്കി, പൗലോ ഫ്രെയര്‍ തുടങ്ങിയ പേരുകള്‍ മുഴങ്ങിക്കേട്ടു. ക്രിട്ടിക്കല്‍ പെഡഗോജി, പ്രശ്നാധിഷ്ഠിതം, പ്രവര്‍ത്തനാധിഷ്ഠിതം, ജ്ഞാനനിര്‍മിതിവാദം തുടങ്ങിയ പ്രയോഗരീതികള്‍ ചര്‍ച്ചചെയ്യപ്പെട്ടു. സിദ്ധാന്തങ്ങളൊക്കെ ചര്‍ച്ചയിലൊതുങ്ങി. ക്ളാസ്മുറി പഴയപോലെ തുടരുകയായിരുന്നു. ചില മാറ്റങ്ങളുണ്ടായി എന്നു പറയാതിരുന്നുകൂടാ. ചുവരുകളില്‍ ചാര്‍ട്ടുകളും പോസ്റ്ററുകളും ചിത്രങ്ങളും തൂക്കിയിടപ്പെട്ടു. മഴപ്പതിപ്പും കൃഷിപ്പതിപ്പുമൊക്കെയായി കൈയെഴുത്തു പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായി. എ ഫോര്‍ ഷീറ്റുകള്‍ സാര്‍വത്രികമായി. പ്രോജക്ട് സെമിനാര്‍, അസൈന്‍മെന്‍റ് തുടങ്ങിയ റിപ്പോര്‍ട്ടുകളുടെ പോര്‍ട്ട്ഫോളിയോകൊണ്ട് സ്റ്റാഫ്റൂമിലെ മേശപ്പുറം നിറഞ്ഞു. നിരന്തരമൂല്യനിര്‍ണയം എന്ന ഈ പ്രഹസനം പരീക്ഷയെ വെറും കടലാസുപുലിയാക്കിമാറ്റുകയും ചെയ്തു.
ഭാഷാപഠനത്തിലാണ് പ്രകടമായ വ്യത്യാസമുണ്ടായത്. സാഹിത്യരചനകളുടെ ആസ്വാദനം മാത്രമല്ല ഭാഷാപഠനമെന്നും വ്യത്യസ്ത ഭാഷാവ്യവഹാരങ്ങളിലേര്‍പ്പെടാനുള്ള ശേഷി ആര്‍ജിക്കല്‍കൂടിയാണെന്നും അംഗീകരിക്കപ്പെട്ടു. കത്തെഴുത്ത്, പോസ്റ്റര്‍ നിര്‍മാണം, പരസ്യവാചകമെഴുതല്‍, നോട്ടിസ് തയാറാക്കല്‍, ഫോറം പൂരിപ്പിക്കല്‍, പത്രറിപ്പോര്‍ട്ടിങ്, സിനിമാനിരൂപണം അങ്ങനെ ഒരു പാഠത്തെ അടിസ്ഥാനമാക്കി നിരവധി വ്യവഹാരങ്ങളിലൂടെ കുട്ടികളെ കടത്തിക്കൊണ്ടുപോകലായി മലയാളം മാഷുടെ പണി. ‘‘അതാ കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി വരുന്നു’’ എന്നായിരുന്നു ക്ളാസിലേക്കു വരുന്ന മലയാളം ടീച്ചറെ നോക്കി പണ്ട് കുട്ടികള്‍ കമന്‍റടിച്ചിരുന്നതെങ്കില്‍ പിന്നീടത് ‘‘അതാ, നോട്ടീസുണ്ടാക്കുന്ന ആള്‍ വരുന്നു’’ എന്നായി. ഭാഷാപഠനം ആശയംവിട്ട് വ്യവഹാരത്തില്‍ അമിതമായി ഊന്നുന്നു എന്ന വിമര്‍ശമുയര്‍ന്നതോടെ അടുത്ത പരിഷ്കാരം വന്നു. സമസ്തജീവിതപ്രശ്നങ്ങളെയും എട്ടു മേഖലകളാക്കിത്തിരിച്ച് സമകാലജീവിതവുമായി ബന്ധപ്പെടുത്തുന്നതാണ് പ്രശ്നാധിഷ്ഠിതപഠനം. പ്രശ്നമുന്നയിക്കുന്നതിനുള്ള ഉപായംമാത്രമാണ് പാഠഭാഗം. പരിഹാരം കുട്ടികള്‍ കണ്ടത്തെണം.
പത്താംതരത്തില്‍ ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’യില്‍നിന്ന് ഒരു ഭാഗമുണ്ടായിരുന്നു, നേരായിത്തീര്‍ന്ന കിനാവുകള്‍ എന്ന ശീര്‍ഷകത്തില്‍. വളരെക്കാലത്തിനുശേഷം നന്ദഗോപരും യശോദയും നദീതീരത്തുവെച്ച് കൃഷ്ണനെ കാണുകയാണ്. അപ്പോള്‍ കൃഷ്ണന്‍ മഥുരയിലെ രാജാവാണ്. നന്ദഗോപരും യശോദയും വൃദ്ധരായിക്കഴിഞ്ഞു. അവര്‍ക്ക് കൃഷ്ണനിപ്പോഴും അമ്പാടിയിലെ കുട്ടിയാണ്. കൃഷ്ണനെക്കണ്ടപ്പോള്‍ അവര്‍ക്ക് വാത്സല്യം നിറഞ്ഞുതുളുമ്പി. അവര്‍ ചെറിയ കുട്ടിയോടെന്നപോലെയാണ് കൃഷ്ണനോട് പെരുമാറുന്നത്. വാത്സല്യരസം തുളുമ്പിനില്‍ക്കുന്ന ആ ഈരടികള്‍ കണ്ണുനനയിക്കും. രസിച്ചു പഠിപ്പിച്ചു. എന്നാല്‍, പരീക്ഷക്ക് ചോദ്യം വന്നത് ഇങ്ങനെയായിരുന്നു. കൃഷ്ണനെക്കണ്ട മാതാപിതാക്കളുടെ ചെയ്തികള്‍ ശ്രദ്ധിച്ചല്ളോ. ഇത്തരത്തില്‍ മക്കളുടെ അഭാവംകൊണ്ട് ഒറ്റപ്പെടുന്ന മാതാപിതാക്കള്‍ ഇപ്പോഴുമില്ളേ? നമ്മുടെ നാട്ടില്‍ പ്രചാരം വര്‍ധിച്ചുവരുന്ന വൃദ്ധസദനങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കുറിപ്പായി എഴുതൂ. വൃദ്ധസദനത്തെക്കുറിച്ചുള്ള അഭിപ്രായമാരായാന്‍ ചെറുശ്ശേരിയും കൃഷ്ണഗാഥയുംതന്നെ വേണമായിരുന്നോ എന്ന ചോദ്യം ആരും തിരിച്ചുചോദിച്ചില്ല. അങ്ങനെ മലയാളം സാമൂഹികപാഠമായി മാറുകയായിരുന്നു.

സാഹിത്യരചനകളുടെ ഉള്ളടക്കത്തെ സാമൂഹികപ്രശ്നാവതരണത്തിനായി പ്രയോജനപ്പെടുത്തുന്ന ഈ രീതി കുട്ടികളുടെ ആസ്വാദനശേഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് എന്‍െറ അനുഭവം. ആസ്വാദനമെഴുതാന്‍ കൊടുത്ത ഏതു രചനയിലും കുട്ടികള്‍ പ്രശ്നം കണ്ടത്തൊന്‍ തുടങ്ങി. കാവ്യാസ്വാദനത്തിലാണ് ഇതു പ്രകടമായത്. ഈ ലക്ഷ്യത്തോടെ പാഠപുസ്തകങ്ങളില്‍ ധാരാളമായി സമകാലികരചനകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മുതല്‍ പുതുതലമുറയിലെ റഫീക്ക് അഹമ്മദും മോഹനകൃഷ്ണന്‍ കാലടിയുമെല്ലാം പാഠപുസ്തകക്കവികളായി. ഗദ്യത്തിലും കവിതയാവാമെന്ന് മനമില്ലാമനസ്സോടെ സമ്മതിക്കാന്‍ പഴയ തലമുറയും നിര്‍ബന്ധിതരായി.
മാഷ് പത്താംക്ളാസില്‍ സച്ചിദാനന്ദന്‍െറ മലയാളം എന്ന കവിത പഠിപ്പിക്കുകയാണ്. മുന്‍വരിയിലിരുന്ന ജന്മനാ എ പ്ളസായ ഒരു കുട്ടിക്ക് സംശയം. ഞാറ്റുവേലയില്‍നിന്ന് ഞാറ്റുവേലയിലേക്ക് എങ്ങനെയാണ് കിളിപ്പാട്ടുകൊണ്ട് പാലം കെട്ടുക? മാഷ് വിശദീകരിക്കാന്‍ ശ്രമിച്ചു. ഞാറ്റുവേല പെയ്യുന്ന കര്‍ക്കടകം. മലയാളിയുടെ ദുരിതകാലം. അതു കടക്കാന്‍ എഴുത്തച്ഛന്‍െറ കിളിപ്പാട്ടുപാരായണം. ആ പാട്ടാണ് പാലം. മനസ്സിലായോ? കുട്ടിക്ക് നല്ല ബോധ്യംവന്നില്ളെങ്കിലും തല്‍ക്കാലം ഇരുന്നു. പിന്നെയും സംശയം. ഗര്‍ഭത്തിലിരിക്കുന്ന കുട്ടിക്ക് പൊക്കിള്‍ക്കൊടിയിലൂടെ എങ്ങനെയാണ് മലയാളം കിട്ടുന്നത്? സ്ളേറ്റിലെങ്ങനെയാണ് മലയാളം മഴവില്ലാകുന്നത്? കറുപ്പും വെളുപ്പുമല്ളേ ഉണ്ടാകൂ? മാഷ് വാക്കുമുട്ടി വിയര്‍ത്തു. ഗത്യന്തരമില്ലാതെ ഇങ്ങനെ പറഞ്ഞു: കുട്ടി ഇതൊന്നും അത്ര സീരിയസായി എടുക്കണ്ട. ഇത്തരം നിസ്സാര കാര്യങ്ങള്‍ കുത്തിപ്പൊക്കി പ്രശ്നം വഷളാക്കരുത്. കുട്ടി പിന്നെ എഴുന്നേറ്റില്ല. ശാസ്ത്രത്തിന്‍െറയും ഗണിതത്തിന്‍െറയും യുക്തികൊണ്ട് കവിതയെ വിശകലനംചെയ്യുന്ന മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുത്തതില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. സാഹിത്യപഠനത്തെ നിരന്തരമായി അവഗണിച്ചതിന്‍െറ ഫലംകൂടിയാണത്.
കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്ത പുസ്തകം അവരുടെ പാഠപുസ്തകമാവാനേ വഴിയുള്ളൂ. എത്ര മികച്ച കഥയായാലും കവിതയായാലും പുസ്തകത്തില്‍ ഒരു ‘പാഠ’മായി ഉള്‍പ്പെടുത്തിയാല്‍പ്പിന്നെ അതു കുട്ടികള്‍ക്കു രസിച്ചാസ്വദിക്കാന്‍ കഴിയാറില്ല. ഇതിന് ഒരപവാദമേ എന്‍െറ അധ്യാപനജീവിതത്തില്‍ കണ്ടിട്ടുള്ളൂ. പത്താംതരം അടിസ്ഥാനപാഠാവലിയില്‍ ചേര്‍ത്തിട്ടുള്ള റഫീക്ക് അഹമ്മദിന്‍െറ ‘തോരാമഴ’ എന്ന കവിത. ക്ളാസില്‍ ഞാനത് ഒറ്റത്തവണയേ ചൊല്ലിക്കൊടുത്തുള്ളൂ, പിന്‍ബെഞ്ചിലിരുന്ന ഒരു പോക്കിരി ആരും കാണാതെ കണ്ണുതുടക്കുന്നത് ഞാനൊളികണ്ണിട്ടു കണ്ടു. നമ്മുടെ ഭാഷക്കും സാഹിത്യത്തിനും ഹൃദയദ്രവീകരണശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്നതിന് ഈ കവിത അനുഭവസാക്ഷ്യമായി. നല്ല രചനകള്‍ കുട്ടികളോടും മുതിര്‍ന്നവരോടും സംവദിക്കുന്നു. ‘‘ശിശുര്‍വത്തേി പശുര്‍വത്തേി / വത്തേി ഗാനരസം ഫണീ’’ എന്ന് സംഗീതത്തെക്കുറിച്ചു പറയാറുള്ളത് നല്ല കവിതക്കും ബാധകമാണ്.

ചെഖോവിന്‍െറ നാടകത്തില്‍ അധ്യാപികയായ ഒരു കഥാപാത്രം പറയുന്നുണ്ട്: ഒരു ടീച്ചര്‍ക്ക് താന്‍ വിശ്വസിക്കുന്നത് പറയാന്‍ അനുവാദമില്ല. പറയാന്‍ അനുവദിച്ചതിലാകട്ടെ വിശ്വാസവുമില്ല. ആത്മവഞ്ചനയെ കലയാക്കിമാറ്റാന്‍ വിധിക്കപ്പെട്ട അധ്യാപകധര്‍മസങ്കടത്തെ ഇതില്‍പ്പരം ശക്തമായി ആവിഷ്കരിക്കുന്ന ഉദ്ധരണിയുണ്ടോ?
ആയുസ്സില്‍ പകുതിയിലധികവും സ്കൂള്‍ കോമ്പൗണ്ടില്‍ ചെലവഴിച്ചു. നീണ്ട മുപ്പത്തിമൂന്നു വര്‍ഷം. പക്ഷേ, അപ്പോഴെല്ലാം എന്‍െറ മനസ്സ് ക്ളാസ്മുറിയുടെ ചതുരക്കെട്ടിനു പുറത്ത് മേയുകയായിരുന്നു എന്നതാണ് സത്യം. എന്‍െറ വാക്കുകളിലെ ഭ്രാന്ത് കുട്ടികളെ നിരാശപ്പെടുത്തിയിട്ടുണ്ടാകാം. അവര്‍ പ്രതീക്ഷിക്കുന്നതുപോലെ ഞാന്‍ ഉത്തരം പറഞ്ഞുകൊടുത്തിട്ടില്ല. ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അതുകൊണ്ട് പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, മാപ്പ്. നല്ല മാഷല്ല ഞാന്‍.
                                                                                                             പി.പി. രാമചന്ദ്രന്‍

Tuesday, August 28, 2018

അയ്യങ്കാളി,

അയ്യങ്കാളി, ജാതിക്കോമരങ്ങളെ വില്ലുവണ്ടിയിലെത്തി വിറപ്പിച്ച നവോത്ഥാന നായകന്‍

1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടു വിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്. മനുഷ്യന്‍ എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ് അയ്യങ്കാളി കണ്ടത്. ചുറ്റും നടമാടിയ ഉച്ചനീചത്വത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരെ പോരാടാന്‍ അദ്ദേഹം തീരുമാനിച്ചു. 28-ാം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. അധസ്ഥിത ജന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ക്കൂടീ പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു.

വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാതിരുന്ന ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചു. പുതുവല്‍ വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തി സ്‌കൂളാക്കി ഉയര്‍ത്തുകയും ചെയ്തു. ഐതിഹാസികമായ കാര്‍ഷിക പണിമുടക്ക് സമരം അതിനൊരു നിമിത്തമായി മാറി. 1907 ലാണ് അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി സാധുജനപരിപാലന സംഘം രൂപീകരിച്ചത്. അവര്‍ണരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുമായി ചാവടി നട സ്‌കൂളിലെത്തിയ അയ്യങ്കാളിയും സംഘവും സ്‌കൂള്‍ പ്രവേശനത്തിനെ എതിര്‍ത്തവരെ ശക്തമായി നേരിട്ടു. എങ്ങനെയും അവര്‍ണകുട്ടികളുടെ സ്‌കൂള്‍ പ്രവേശനം സാദ്ധ്യമാക്കുമെന്ന തീരുമാനം അയ്യങ്കാളി എടുത്തത് ഈ സംഭവത്തോടെയാണ്. നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളില്‍ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അയിത്തജന വിഭാഗങ്ങള്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ എതിര്‍ക്കാനെത്തിയത് മുസ്ലിം മാടമ്പികളായിരുന്നു. അവിടെയും അയ്യങ്കാളിയുടെ നിശ്ചയ ദാര്‍ഢ്യം തന്നെ വിജയിച്ചു.

ശ്രീമൂലം പ്രജാ സഭയില്‍ പുലയവിഭാഗത്തിന്റെ പ്രതിനിധിയായി സുഭാഷിണി പത്രാധിപര്‍ പി കെ ഗോവിന്ദപ്പിള്ളയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതോടെ ഒരു ജനതയുടെ സങ്കടങ്ങളും ആവശ്യങ്ങളും പ്രജാസഭയില്‍ മുഴങ്ങിക്കേട്ടു തുടങ്ങി. പി കെ ഗോവിന്ദപ്പിള്ളയുടെ അഭ്യര്‍ത്ഥനയിലൂടെ പ്രജാ സഭയില്‍ പുലയരില്‍ നിന്നു തന്നെ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ ദിവാന്‍ തീരുമാനിച്ചു. അങ്ങനെ 1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 7 ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും മുഹമ്മയിലും പാറായിത്തരകന്റെ നേതൃത്വത്തില്‍ നടന്ന മതപരിവര്‍ത്തന ശ്രമങ്ങളെ അയ്യങ്കാളി എതിര്‍ത്തു. അയ്യങ്കാളിയുടെ സന്തത സഹചാരിയായ വിശാഖം തേവനുമായി പാറായിത്തരകന്‍ പരസ്യ സംവാദം നടത്തുകയും മതപരിവര്‍ത്തന വാദം വിശാഖം തേവനു മുന്നില്‍ പൊളിയുകയും ചെയ്തു. അതോടെ മതം മാറാനെത്തിയ അധസ്ഥിത ജനത അതില്‍ നിന്നും പിന്തിരിയുകയും ചെയ്തു.

1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത്. വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും സന്നിഹിതരായിരുന്നു. സ്വസമുദായത്തില്‍ നിന്നും പത്ത് ബിഎ ക്കാരുണ്ടാകാന്‍ ഗാന്ധിജി സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യര്‍ത്ഥന. പത്തല്ല നൂറു ബിഎ ക്കാര്‍ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അയ്യങ്കാളി ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.



1941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു. നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിയ, അസമത്വത്തിനെതിരെ പോരാടാന്‍ അവര്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു

ചരിത്രത്തിന്റെ വില്ലുവണ്ടിയില്‍ വന്ന അയ്യങ്കാളി


ആരാലും തമസ്കരിക്കാനാവാത്തവിധം ജ്വലിച്ചുയര്‍ന്ന പ്രതിഭാശാലിയായ വിപ്‌ളവകാരിയായിരുന്നു മഹാനായ അയ്യങ്കാളി. ഇന്ത്യയുടെ പ്രഗല്‍ഭയായ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി പറഞ്ഞതുപോലെ 'ഭാരതത്തിന്റെ മഹാനായ പുത്ര'നാണദ്ദേഹം. പ്രകൃതിമനോഹരമായ വെങ്ങാന്നൂര്‍ ഗ്രാമത്തില്‍ 1863 ആഗസ്റ്റ്‌ 28ന്‌ അവിട്ടം നക്ഷത്രത്തില്‍ അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചു.

പതിന്നാലു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും അവരില്‍നിന്ന്‌ തലക്കരവും മുലക്കരവും ഈടാക്കണമെന്നുമുള്ള ശാസനകള്‍ കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്‌. നിസ്സ്വ‍രും നിരാലംബരുമായ മണ്ണിന്റെ മക്കള്‍ക്ക്‌ അന്ന്‌, മരിച്ചാല്‍ സംസ്കരിക്കാന്‍ സ്വന്തമായി മണ്ണുപോലുമില്ലായിരുന്നു.
അന്ന്‌ അധഃസ്ഥിത സ്‌ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനവകാശമുണ്ടായിരുന്നില്ല. സവര്‍ണര്‍ക്കുമുന്‍പില്‍ മാറിലെ വസ്‌ത്രമെടുത്തുമാറ്റി വിനയം കാണിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരായിരുന്നു. കത്തുന്ന കണ്‍മുനകളില്‍നിന്നു രക്ഷനേടാന്‍ കൈകള്‍ കൊണ്ട്‌ മാറിടം മറച്ചുനിന്ന കുറ്റത്തിന്‌ പല സഹോദരിമാരുടെയും മുലയറുത്തെറിഞ്ഞ്‌ വരേണ്യവര്‍ഗ്‌ഗം ജാതി ശാസനകള്‍ നിലനിറുത്തി.

ഇത്തരമൊരു സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടാണ്‌ അയ്യങ്കാളി ഉയര്‍ന്നുവന്നത്‌. നാട്ടില്‍ പ്രഭുക്കള്‍ക്കുമാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത്‌, വില്ലുവണ്ടി വിലയ്ക്കുവാങ്ങി, തങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ട പൊതുനിരത്തിലൂടെ വെള്ളബനിയനും തലയില്‍ വട്ടക്കെട്ടും കെട്ടി വില്ലുവണ്ടിയില്‍ സഞ്ചരിച്ച്‌ നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്‌മണ ശാസനകളെ വെല്ലുവിളിച്ചു. വില്ലുവണ്ടിയിലെ കാളകളുടെ കഴുത്തില്‍ നിന്നുയര്‍ന്ന മണിമുഴക്കം ജാതിവ്യവസ്ഥയുടെ കോട്ടകൊത്തളങ്ങളില്‍ത്തട്ടി പ്രതിധ്വനിച്ചു.

എന്തും നേരിടാനുള്ള കരളുറപ്പോടെയാണ്‌ 1889-ല്‍ തന്റെ അനുയായികളുമൊത്ത്‌ അയ്യങ്കാളി ആറാലുമ്മൂട്‌ ചന്തയിലൂടെ നടത്തിയ കാല്‍നടയാത്ര. ബാലരാമപുരം ചാലിയത്തെരുവില്‍വച്ച്‌ ജാഥയ്ക്കുനേരേ നടത്തിയ ആക്രമണത്തെ വീറോടെ പൊരുതിത്തോല്‌പിച്ച്‌ അയ്യങ്കാളി മുന്നേറി.

അയിത്തത്തിനെതിരായി ആത്‌മീയരംഗത്തു പ്രവര്‍ത്തിച്ച ഉല്‌പതിഷ്‌ണുക്കളുടെ സേവനവും അയ്യങ്കാളി പ്രയോജനപ്പെടുത്തി. ജാതി ചിന്തയ്ക്കെതിരെ ആത്‌മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട്‌ അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്‌ധപ്പെട്ടുകൊണ്ടിരുന്നു. നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക തിന്മകളോട്‌ പ്രതികരിക്കാന്‍ അദ്ദേഹം അനുയായികളോട്‌ ആവശ്യപ്പെട്ടു. അധഃസ്ഥിത വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ അയ്യങ്കാളി നടത്തിയ പ്രക്ഷോഭഫലമായാണ്‌ സര്‍ക്കാര്‍ സ്കൂളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനുവദിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിളംബരമുണ്ടായത്‌.

ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട്‌ അയ്യങ്കാളി പറഞ്ഞു: "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും." ആരും പണിക്കിറങ്ങിയില്ല. ഒട്ടിയവയറും ഉജ്ജ്വല സ്വപ്‌നങ്ങളുമായി ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിനൊടുവില്‍ അയ്യങ്കാളിയുമായുണ്ടാക്കിയ ഒരുടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം സാര്‍ത്ഥകമായി.

1911-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക്‌ നിയമസഭാ സാമാജികനായി അയ്യങ്കാളിയെ നോമിനേറ്റ്‌ ചെയ്തുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവുണ്ടായി. തുടര്‍ന്ന്‌ 25 വര്‍ഷം അദ്ദേഹം നിയമസഭാ സാമാജികനായിരുന്നു. അധഃസ്ഥിതരുടെ ഇടയില്‍ പരിഷ്കരണ പ്രവര്‍ത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തി. ആദിഗോത്രജനതയില്‍പ്പെട്ട സ്‌ത്രീകള്‍ മാറുമറയ്ക്കരുതെന്നും അടിമത്വത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണക്കാര്‍ ഒരു ധിക്കാരമായി അതിനെക്കരുതി. പ്രത്യേകിച്ച്‌ കൊല്ലം പെരിനാട്ടില്‍.

പാവപ്പെട്ടവര്‍ വേട്ടയാടപ്പെട്ടു. സഹോദരിമാര്‍ ധരിച്ചിരുന്ന റൗക്കകള്‍ വലിച്ചുകീറി. പലരുടെയും മുലകള്‍ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മുന്നിലിട്ട്‌ ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിതന്റെ മനോവീര്യം ഉണര്‍ന്നെണീറ്റു. പ്രതിരോധിക്കാനും പ്രത്യാക്രമിക്കാനും അവരും തയ്യാറായി. രക്തരൂഷിത കലാപമായതുമാറി. കലാപത്തെത്തുടര്‍ന്ന്‌ നാടും വീടും വിട്ടവര്‍ കൊല്ലം പീരങ്കി മൈതാനത്ത്‌ എത്തിച്ചേരാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു.
നോട്ടീസോ, മൈക്ക്‌ അനൗണ്‍സ്‌മെന്റോ ഇല്ലാതെ കാതോട്‌ കാതോരം കേട്ടറിഞ്ഞ്‌ പതിനായിരക്കണക്കിന്‌ ആളുകള്‍ കൂലംകുത്തി പതഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മൈതാനത്ത്‌ എത്തിച്ചേര്‍ന്നു. മൈതാനം മനുഷ്യമഹാസമുദ്രമായി മാറി. "നാനാജാതി മതസ്ഥരുടെ സംഗമവേദിയായ ഇവിടെവച്ച്‌ ഈ മുഹൂര്‍ത്തത്തില്‍ കല്ലുമാല അറുത്തുകളയണമെന്നും അതിന്‌ സവര്‍ണര്‍ സഹകരിക്കണമെന്നും" അയ്യങ്കാളി ആവശ്യപ്പെട്ടു. യോഗാദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എഴുന്നേറ്റ്‌ "മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍വച്ച്‌ നമ്മുടെ സഹോദരിമാര്‍ കല്ലുമാല അറുത്തുകളയുന്നതിന്‌ ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ സമ്മതമാണ്‌." എന്നു പറയുകയുണ്ടായി. സദസ്സില്‍ നീണ്ട കരഘോഷമുണ്ടായി. 'അടിമത്വത്തിന്റെ അടയാളം അറുത്തെറിയുവിന്‍' അയ്യങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം പിന്നില്‍ തിരുകിയിരുന്ന കൊയ്ത്തരിവാള്‍ എടുത്ത്‌ സഹോദരിമാര്‍ അവരുടെ കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ അറുത്തെടുത്ത്‌ സ്റ്റേജിലിട്ടു. നാലടി ഉയരത്തില്‍ കല്ലുമാലക്കൂമ്പാരം ദൃഷ്‌ടിഗോചരമായി.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചെങ്കോലും കിരീടവും തെറിപ്പിച്ച മാഹാത്‌മാഗാന്‌ധി വെങ്ങാനൂരിലെത്തി ശ്രീ അയ്യങ്കാളിയെക്കാണുന്നത്‌ 1937 ജനുവരിയിലാണ്‌. 'മിസ്റ്റര്‍ അയ്യങ്കാളി.... ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണം?' എന്ന ഗാന്‌ധിജിയുടെ ചോദ്യത്തിന്‌, അയ്യങ്കാളി പറഞ്ഞ മറുപടിയിതായിരുന്നു: "എന്റെ വര്‍ഗ്‌ഗത്തില്‍നിന്ന്‌ പത്തു ബി.എക്കാരെ കണ്ടിട്ടുവേണം എനിക്ക്‌ മരിക്കാന്‍." ഇത്രയും ആത്‌മാര്‍ത്ഥതയുള്ള മനുഷ്യനുണ്ടോ എന്ന്‌ ഗാന്‌ധിജി അതിശയിക്കുകയായിരുന്നു. അതാണ്‌ അധഃസ്ഥിതരുടെ ആത്‌മാവായ അയ്യങ്കാളി.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ അദ്ദേ ഹം 1941 ജൂണ്‍ 18ന്‌ താന്‍ സ്ഥാപിച്ച സരസ്വതീ മന്ദിരത്തില്‍ വച്ച്‌ ദിവംഗതനായി.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

Saturday, August 4, 2018

എങ്ങനെ പുതിയ മൂന്നാറുണ്ടായി

എങ്ങനെ പുതിയ മൂന്നാറുണ്ടായി. ആലുവ- മൂന്നാർ റോഡെങ്ങനെ ഇല്ലാതായി !!!!!      തൊടുപുഴ::കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയം. കൊല്ലവര്‍ഷം 1099ലെ ആ പ്രളയം പ്രായംചെന്ന പലരുടെയും ഓര്‍മകളില്‍ ഇന്നും പെയ്തിറങ്ങാറുണ്ട്. പലര്‍ക്കും പറയാന്‍ നഷ്ടങ്ങളുടെ നിരവധി കണക്കുകളുമുണ്ട്.

ആയിരക്കണക്കിന് മനുഷ്യജീവന്‍ നഷ്‌ടമായ ആ പ്രളയത്തില്‍ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാന്‍ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ചേതനയറ്റ മനുഷ്യശരീരങ്ങള്‍ പലയിടത്തും ഒഴുകിനടന്നു. ഒട്ടനവധി പേര്‍ക്ക് വീടും, സ്വത്തുവകകളും, വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു; വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തില്‍ ഒഴുകിവന്നു.

പ്രളയത്തിന്‍റെ പ്രധാനകാരണം മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു. തിരുവിതാംകൂറിനെയും മലബാറിന്‍റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു. ചരിത്രരേഖകള്‍ പറയുന്നത്, ആലപ്പുഴ ജില്ല പൂര്‍ണ്ണമായും, എറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായി എന്നാണ്. കോഴിക്കോട് പട്ടണത്തിന്‍റെ പല ഭാഗങ്ങളും മുങ്ങിയിരുന്നു.

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന അക്കാലത്ത് തിരുവനന്തപുരം പട്ടണത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ തെങ്ങിന്‍തലപ്പിനോളം വെള്ളമെത്തി എന്നാണ് പഴമക്കാര്‍ പറയുന്നത്. അന്ന് വെള്ളമുയര്‍ന്ന അളവ് കേരളത്തില്‍ പലയിടത്തും രേഖപ്പെടുത്തിവച്ചത് ഇപ്പോഴും കാണാനുണ്ട്.

ജൂലൈ 17നായിരുന്നു മഴയുടെ തുടക്കം. മൂന്നാഴ്ചയോളം ഇടമുറിയാതെ പെയ്ത മഴ തകര്‍ത്തത് നിരവധി സ്വപ്നങ്ങളായിരുന്നു. നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന റോഡ്‌ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു, റെയില്‍പ്പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങി സര്‍വീസുകള്‍ നിര്‍ത്തിവച്ചു, തപാല്‍ സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. ആളുകളും വളര്‍ത്തുമൃഗങ്ങളും വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്ക്കൂരകളിലും തട്ടിന്‍പുറങ്ങളിലും അഭയം തേടി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടമായി പലായനം ചെയ്തു, ഉയര്‍ന്ന മേഖലകള്‍ അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും കിട്ടാതെ ജനം പട്ടിണിയില്‍ വലഞ്ഞു.

വെള്ളമിറങ്ങിപ്പോകാന്‍ പിന്നെയും ദിവസങ്ങളെടുത്തു. ഓലയും, പനമ്പും, മണ്ണും കൊണ്ടുണ്ടാക്കിയ പല കുടിലുകളും അപ്പോള്‍ സ്വസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. പുഴകളും തോടുകളും വഴിമാറിയൊഴുകി, പാതകള്‍ ഇല്ലാതായി, കിണറുകളും കുളങ്ങളും തൂര്‍ന്നു, വന്മരങ്ങള്‍ കടപുഴകി, പേരിനുണ്ടായിരുന്ന പല കെട്ടിടങ്ങളും തകര്‍ന്നുവീണു. എക്കലും ചെളിയുമടിഞ്ഞ് രൂപം നഷ്ടപ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പൂര്‍വസ്ഥിതിയിലെത്താന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. ചില ഗ്രാമങ്ങള്‍ അങ്ങനെ തന്നെ ഇല്ലാതായി.

മലവെള്ളത്തിന്‍റെ കുത്തൊഴുക്കും കടലാക്രമണവും ഒരുമിച്ചാണ് നാശം വിതച്ചത്.
മധ്യകേരളത്തെ പ്രളയം ഇത്രയ്ക്ക് ആക്രമിക്കാനിടയായതിനു കാരണം പെരിയാറിലുണ്ടായ വെള്ളപ്പൊക്കം കൂടിയായിരുന്നു. പെരിയാറിന്‍റെ കൈവഴികളുടെ വൃഷ്ടിപ്രദേശങ്ങളിലായിരുന്നു മഴ ഏറ്റവുമധികം കോരിച്ചൊരിഞ്ഞത്. അന്ന് പെരിയാറില്‍ ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാര്‍ മാത്രമായിരുന്നുതാനും. കൈവഴികള്‍ പെരിയാറിനെ വെള്ളം കൊണ്ടു നിറച്ചപ്പോള്‍ മധ്യകേരളമാകെ പ്രളയക്കെടുതിയില്‍ അമര്‍ന്നു.

ആ പ്രളയം തകര്‍ത്തുകളഞ്ഞത് ബ്രിട്ടീഷുകാര്‍ പടുത്തുയര്‍ത്തിയ മൂന്നാര്‍ പട്ടണം കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയില്‍ നിര്‍മിച്ച, അവരുടെ അഭിമാനമായിരുന്ന മൂന്നാര്‍ എന്ന സ്വപ്നസാമ്രാജ്യവും അവിടെ അവര്‍ വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാക്കിയെടുത്ത സൌകര്യങ്ങളും ദിവസങ്ങള്‍ കൊണ്ട് ഒലിച്ചുപോയി. മലവെള്ളത്തിനൊപ്പം കുതിച്ചെത്തിയ പാറകളും മരങ്ങളും പട്ടണത്തെ തുടച്ചുനീക്കിയതിനൊപ്പം നൂറില്‍പരം ജീവനുകളുമെടുത്തു.

സമുദ്രനിരപ്പില്‍ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്.
പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞുവീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേര്‍ന്ന് മാട്ടുപ്പെട്ടിയില്‍ രണ്ടു മലകള്‍ക്കിടയില്‍ പ്രകൃത്യാ രൂപംകൊണ്ട അണക്കെട്ടായിരുന്നു വില്ലന്‍. മഴ കടുത്തപ്പോള്‍ സ്വയം തകര്‍ന്ന ഈ അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ നക്കിത്തുടച്ചത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഇത് ആവര്‍ത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലില്‍ പട്ടണം തന്നെ ഇല്ലാതായി.

ആ ജൂലൈമാസത്തില്‍ മാത്രം മൂന്നാര്‍ മേഖലയില്‍ 485 സെന്റിമീറ്റര്‍ മഴ പെയ്തുവെന്നാണ് സായിപ്പിന്‍റെ കണക്കുകള്‍ പറയുന്നത്. മൂന്നാറില്‍ അന്ന്‍ വൈദ്യുതിയും, ടെലിഫോണും, റെയില്‍വേയും, റോപ് വേയും, വീതിയേറിയ റോഡുകളും, വിദ്യാലയങ്ങളും, മികച്ച ആശുപത്രിയും ഉണ്ടായിരുന്നു; പ്രളയം തകര്‍ത്തുകളഞ്ഞത് അതൊക്കെക്കൂടിയായിരുന്നു.

'കുണ്ടളവാലി റെയില്‍വേ' എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയില്‍ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂര്‍ണമായി തുടച്ചുനീക്കിക്കളഞ്ഞു. റെയില്‍പാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എന്‍ജിനുകളും ഒലിച്ചുപോയി, പാലങ്ങള്‍ തകര്‍ന്നു, കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി, തേയില ഫാക്ടറികള്‍ തകര്‍ന്നടിഞ്ഞു. തേയില കൊണ്ടുപോകാനായി 1902ല്‍ സ്ഥാപിച്ച റയില്‍പ്പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്‍റെ അതിര്‍ത്തിയായ ടോപ്‌സ്റ്റേഷന്‍ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്റ്റേഷനില്‍നിന്ന്‍ റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടര്‍ന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പല്‍ കയറ്റുകയുമായിരുന്നു പതിവ്.

പള്ളിവാസല്‍ മലകള്‍ക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്‍റെ നാശത്തെത്തുടര്‍ന്ന് പള്ളിവാസല്‍ പട്ടണവും, മൂന്നാറിലേയ്ക്ക് വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോ-ഇലക്‌ട്രിക് പവര്‍സ്റ്റേഷനും മണ്ണിനടിയിലായി. പള്ളിവാസലിന്‍റെ രൂപം തന്നെ മാറിപ്പോയി.

കുട്ടമ്പുഴ- പൂയംകുട്ടി-  മണികണ്ഡന്‍ചാല്‍- പെരുമ്പന്‍കുത്ത്- മാങ്കുളം- കരിന്തിരിമല- അന്‍പതാംമൈല്‍- ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു.

മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായിത്തന്നെ ഇല്ലാതായി. 'പഴയ ആലുവ- മൂന്നാര്‍ റോഡ്‌' എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്‍റെ കൈവഴിയായ കരിന്തിരി ആറിന്‍റെ കരയില്‍ തലയുയര്‍ത്തിനിന്നിരുന്ന ഈ മലയോരത്തുകൂടിയായിരുന്നു. മലയിടിച്ചില്‍ ആ പാതയുടെ ഒരു പ്രധാനഭാഗത്തെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തവിധം നാമാവശേഷമാക്കി.

ആദ്യകാലത്ത് ആനപ്പാതയായിരുന്ന കോതമംഗലം- നേര്യമംഗലം- അടിമാലി- പള്ളിവാസല്‍ വഴി മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റോഡ്‌ നിര്‍മിച്ചത് ഇതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഈ പാത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് 1931ല്‍ മാത്രമാണ്. പഴയ മൂന്നാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി നിര്‍മ്മിച്ചുതുടങ്ങിയ പുതിയ മൂന്നാര്‍ പട്ടണം പൂര്‍ത്തിയാകാനും രണ്ടു വര്‍ഷത്തിലധികം എടുത്തു. റെയില്‍ സംവിധാനം പിന്നീട് പുനസ്ഥാപിക്കാന്‍ കഴിഞ്ഞതുമില്ല. വെള്ളപ്പൊക്കത്തില്‍ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്, ഒരു ദുരന്തസ്മാരകം പോലെ ചിലതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കാനായി.

മൂന്നാറിന്‍റെ തണുപ്പില്‍ കുളിരുവാനും, തേയിലത്തോട്ടങ്ങളുടെ ഭംഗി നുകരുവാനും ഇനി പോകുമ്പോള്‍ നോക്കുക, മൂന്നാര്‍ ടൌണിലും പരിസരപ്രദേശങ്ങളിലുമുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ പഴയ റെയില്‍പ്പാളങ്ങളാണ്, ടൌണില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിലെ പഴയ റെയില്‍വേസ്റ്റേഷനായ KDHPയുടെ ഹെഡ്ഓഫീസിന്‍റെ ഗേറ്റ് നിര്‍മ്മിച്ചിരിക്കുന്നതും പാളങ്ങള്‍ കൊണ്ടുതന്നെ. പാളങ്ങളുടെയും സ്റ്റേഷന്‍റെയും അവശിഷ്ടങ്ങള്‍ ടോപ്‌സ്റ്റേഷനിലും മറ്റു പലഭാഗങ്ങളിലും ഇപ്പോഴും കാണാം.

പ്രളയം മായ്ച്ചുകളഞ്ഞത് അതിരുകളും അടയാളങ്ങളും മാത്രമല്ല, ചരിത്രത്തെ കൂടിയായിരുന്നു. കേരളത്തിന്‍റെ പല പ്രധാനചരിത്രരേഖകള്‍ നശിച്ചുപോയത് ഈ പ്രളയത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല പുരാതന ക്രിസ്ത്യന്‍പള്ളികളിലും ഇന്നവശേഷിക്കുന്ന ചരിത്രരേഖകള്‍ 1924നു ശേഷമുള്ളത് മാത്രമായത് ഇക്കാരണം കൊണ്ടാണ്.

പ്രളയം മാറ്റിവരച്ച ഭൂപടങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. പ്രകൃതിദുരന്തങ്ങള്‍ അത്ര പതിവില്ലാത്തതുകൊണ്ട് മാത്രമല്ല, ആ പ്രളയം കേരളചരിത്രത്തിലെ ഒരു പ്രധാനഅദ്ധ്യായം ആയതുകൊണ്ടുകൂടിയാണ് '99ലെ വെള്ളപ്പൊക്കം' എന്ന് ഇപ്പോഴും നമ്മള്‍ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നത്."
Related Posts Plugin for WordPress, Blogger...